വയറിന്റെ പ്രശ്നങ്ങൾക്കു ചികിത്സ തേടിയെത്തുന്നവരിൽ പകുതിയിലേറെ പേരും പരാതിപ്പെടുന്നത് ഗ്യാസ്ട്രബിളിനെക്കുറിച്ചായിരിക്കും. ശല്യപ്പെടുത്തുന്ന ഗ്യാസിന്റെ പ്രശ്നങ്ങളെ ഡോക്ടർ കാര്യമായി മൈൻഡ് ചെയ്യുന്നില്ലെന്നു പലരും പറയാറുണ്ട്. എന്നാൽ ഉദരപ്രശ്നങ്ങളെല്ലാം ഗ്യാസാണെന്നു പറഞ്ഞ് അവഗണിക്കരുത്. കാരണം കുടലിനെയും മറ്റും ബാധിക്കുന്ന ഗൗരവമേറിയ പല രോഗങ്ങളും ഗ്യാസ്ട്രബിളാണെന്നു തെറ്റിധരിക്കാനിടയുണ്ട്. ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തിയാൽ ഗ്യാസ്ട്രബിളിന്റെ അസ്വസ്ഥതകൾ പരിഹരിക്കാനാകും.
എങ്ങനെ ഉണ്ടാകുന്നു?
വെള്ളം കുടിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ചെറിയൊരളവിൽ വായു നാം ഉള്ളിലാക്കുന്നുണ്ട്. ധൃതി പിടിച്ചു ഭക്ഷണം വാരി വലിച്ചു വിഴുങ്ങുമ്പോഴും ടെൻഷനുണ്ടാകുമ്പോഴുമൊക്കെ ഇതുണ്ടാകാം. ബവൽ ഗ്യാസ് എന്നറിയപ്പെടുന്ന ഈ വായു 50 – 150 മില്ലി വരെ ഉണ്ടാകും.
കൂടാതെ പയറു വർഗങ്ങൾ, കടല, പരിപ്പ് തുടങ്ങിയവ കഴിക്കുമ്പോൾ കുടലിലെ ബാക്ടീരിയകൾ പയറുവർഗത്തിലെ ഷുഗറുമായി പ്രതിപ്രവർത്തിക്കുന്നതിന്റെ ഫലമായും നൈട്രജൻ, മീഥേൻ, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ വാതകങ്ങൾ ഉണ്ടാകാം. കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സും ഗ്യാസ്ട്രബിളുണ്ടാക്കാം.
ഇവയിലടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ് കുടലിലെ ബാക്ടീരിയയുമായി പ്രവർത്തിച്ചാണ് ഗ്യാസ് ഉണ്ടാകുന്നത്. കുട്ടികളുടെ ഇഷ്ടഭക്ഷണമാണല്ലോ പാക്കറ്റിൽ വരുന്ന പൊട്ടറ്റോ ചിപ്സ്. കിഴങ്ങുകളിലെ സ്റ്റാർച്ചും പുളിപ്പിക്കലിനു വിധേയമാകുന്നതുകൊണ്ടു കൂടുതലായി ഗ്യാസുണ്ടാകും.
പാൽ, പാൽ ഉൽപന്നങ്ങൾ തുടങ്ങിയവ ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാക്കാനിടയുണ്ട്. കൂടാതെ ചായ, കാപ്പി, ചോക്‌ലെറ്റ് തുടങ്ങിയവയും നിയന്ത്രിക്കണം
വയറു കമ്പിക്കലും ഏമ്പക്കവും
ഭക്ഷണം കഴിച്ചാലുടൻ ഗ്യാസ് നിറഞ്ഞ് വയറു വീർത്തു കെട്ടുകയാണു പ്രധാന ലക്ഷണം. വൻകുടലിലുണ്ടാകുന്ന വാതകങ്ങൾ പുറത്തു പോകാതെ കുടലിൽ തന്നെ കെട്ടി നിൽക്കുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്. ഭക്ഷണം കഴിക്കുമ്പോഴും മറ്റും നാം ഉള്ളിലാക്കുന്ന വായു ആമാശയത്തിൽ നിന്നു സ്വാഭാവികമായി പുറത്തേക്കു പോകുന്നതാണ് ഏമ്പക്കം. അല്ലാതെ ആമാശയത്തിൽ ഗ്യാസ് ഉണ്ടാകുന്നതല്ല.
വയറ്റിലുണ്ടാകുന്ന അൾസർ, ആമാശയഭിത്തിക്കുണ്ടാകുന്ന നീർക്കെട്ടായ ഗ്യാസ്ട്രൈറ്റിസ്, ഹെർണിയ തുടങ്ങിയ പ്രശ്നങ്ങളും ഗ്യാസ് ട്രബിളിന്റെ ലക്ഷണങ്ങൾ കാണിക്കാം. നീണ്ടു നിൽക്കുന്ന ഉദരപ്രശ്നങ്ങൾ, അന്റാസിഡ് മരുന്നുകളും മറ്റും വാങ്ങിക്കഴിച്ചു സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറുടെ ഉപദേശം തേടുകയാണു ചെയ്യേണ്ടത്.
ഗ്യാസ്ട്രബിൾ പരിഹരിക്കാം
ആഹാരത്തിനു കൃത്യമായ സമയക്രമം പാലിക്കണം. ശാന്തമായി ഭക്ഷണം ചവച്ചരച്ചു കഴിക്കണം. ഭക്ഷണത്തിനിടയിൽ ഇടയ്ക്കിടയ്ക്കു വെള്ളം കുടിക്കലും സംസാരവുമൊന്നും വേണ്ട. ഇത് ആമാശയത്തിലേക്കു കൂടുതൽ വായു കടന്നെത്താൻ കാരണമാകും.
ഭക്ഷണ സാധനങ്ങൾ നന്നായി വേവിച്ചു കഴിക്കണം. രാത്രി കിടക്കുന്നതിനു രണ്ടു മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കണം. ദീർഘനേരം കുത്തിയിരുന്നു ജോലി ചെയ്യുന്നവർക്കും ഗ്യാസിന്റെ പ്രശ്നമുണ്ടാകാം.
ഇടയ്ക്കിടെ കസേരയിൽ നിന്ന് എഴുന്നേറ്റു നടക്കുകയും ലഘു വ്യായാമങ്ങളിൽ ഏർപ്പെടുകയും വേണം. ദാഹം ശമിപ്പിക്കാൻ കാർബണേറ്റഡ് പാനീയങ്ങൾ കുടിക്കാതെ കരിക്കിൻ വെള്ളം, സംഭാരം പോലെയുള്ള പാനീയങ്ങൾ ഉപയോഗിക്കുക.