ADVERTISEMENT

നമുക്ക് എല്ലാക്കാലവും പനിക്കാലമാണല്ലോ. സാധാരണ വൈറൽ പനി മുതൽ ഡെങ്കിപ്പനിയും എലിപ്പനിയും പുതിയ പനികളായ നിപ്പയും മങ്കിപോക്സുമൊക്കെ ആശങ്കയുണ്ടാക്കാറുണ്ട്. പനി വന്നാലുടൻ ആന്റിബയോട്ടിക്കുകൾ കഴിക്കണമെന്നാണ് പലരുടെയും ധാരണ. ഡോക്ടർമാരോട് ആന്റിബയോട്ടിക്കുകൾ ആവശ്യപ്പെടുന്നവരുമുണ്ട്. കൂടാതെ മരുന്നു കടയിൽ പോയി ആന്റിബയോട്ടിക്കുകൾ വാങ്ങി  സ്വയം ചികിത്സ നടത്തുന്നവരും കുറവല്ല.

എന്നാൽ ആന്റിബയോട്ടിക്കുകൾ പനി കുറയ്ക്കാനുള്ള മരുന്നുകളല്ല. പാരസിറ്റമോൾ പോലെ കഴിക്കാവുന്ന പനി മരുന്നുകളല്ല ഇവ. മറിച്ച് ഗുരുതരമായ രോഗാണുബാധയിൽ നിന്നു ശരീരത്തെ സംരക്ഷിച്ചു നിർത്തുന്ന ജീവൻ രക്ഷാമരുന്നുകളാണ് ആന്റിബയോട്ടിക്കുകൾ. ആന്റിബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗവും ദുരുപയോഗവും മൂലം മരുന്നുകളേൽക്കാത്ത രോഗാണുക്കളുടെ ആവിർഭാവം വ്യാപകമായിരിക്കുന്നു. കരുതലോടെയുള്ള ആന്റിബയോട്ടിക് ഉപയോഗമാണ് മരുന്നു പ്രതിരോധത്തെ മറികടക്കാനുള്ള പ്രായോഗിക മാർഗം. 

ADVERTISEMENT

ഇപ്പോൾ കണ്ടു വരുന്ന പനികളിലേറെയും വൈറൽ പനികളാണ്. ജലദോഷപ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയവയൊക്കെ വിവിധ തരം ൈവറസ് മൂലമുണ്ടാകുന്ന പനികളാണ്. ഇവയ്ക്കൊന്നും ആന്റിബയോട്ടിക് ചികിത്സ വേണ്ട. പനി കുറയാനായി പാരസിറ്റമോളും കഴിച്ച് വിശ്രമമെടുത്താൽ മാറുന്ന പനികളാണിവ. ഡോക്ടറുടെ നിർദേശാനുസരണം മാത്രമായിരിക്കണം പനി ചികിത്സ.

എന്നാൽ ദിവസങ്ങളോളം പനി നീണ്ടു നിൽക്കുക, ചുമച്ച് മഞ്ഞ നിറത്തിൽ കഫം തുപ്പുക, മൂക്കിൽ നിന്ന് മഞ്ഞ നിറത്തിലുള്ള സ്രവം തുടങ്ങിയവയൊക്കെ ബാക്ടീരിയൽ ഇൻഫക്‌ഷന്റെ  ലക്ഷണങ്ങളാണ്.  ഇത്തരം അവസരങ്ങളിൽ ആന്റിബയോട്ടിക്കുകൾ വേണ്ടി വരും. കൂടാതെ പ്രായമേറിയവർക്കും പ്രമേഹം പോലുള്ള പ്രശ്നങ്ങളെ തുടർന്ന് ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവർക്കും തുടക്കത്തിൽത്തന്നെ ആന്റിബയോട്ടിക്കുകൾ വേണ്ടി വരാം. 

ADVERTISEMENT

പാർശ്വഫലങ്ങളെ കരുതിയിരിക്കണം

ഉദരപ്രശ്നങ്ങളാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്ന പാർശ്വഫലം. ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയവയാണ് സാധാരണയായി കണ്ടു വരുന്നത്. കുടലിലെ സ്ഥിരം ബാക്ടീരിയകൾക്കുണ്ടാകുന്ന മാറ്റമാണ് വയറിളക്കത്തിനു കാരണം. ആശങ്കപ്പെടാനില്ല. രണ്ടോ മൂന്നോ ദിവസം കൊണ്ടു മാറിക്കൊള്ളും.   

ADVERTISEMENT

മരുന്ന് അലർജിയാണ് മറ്റൊരു പ്രശ്നം. ശരീരം ചൊറിഞ്ഞു തടിക്കുന്നതു മുതൽ ശ്വാസതടസ്സമുണ്ടാക്കുന്ന ഗുരുതരാവസ്ഥയായ  അനാഫിലാക്സിസ് വരെ അലർജി മൂല മുണ്ടാകാം. ആന്റിബയോട്ടിക് അലർജിയുള്ളവർ തുടർ ചികിത്സയ്ക്കു  പോകുമ്പോൾ ഡോക്ടർമാരോട് അലർജിയുടെ വിവരം വെളിപ്പെടുത്താൻ മറക്കരുത്.

ഉപയോഗം കരുതലോടെ

ഡോക്ടർ നിർദേശിക്കുന്ന ഡോസിലും  കാലയളവിലും ആന്റിബയോട്ടിക്കുകൾ കഴിക്കണം. രോഗലക്ഷണങ്ങൾ അപ്രത്യക്ഷമായെന്നു കരുതി മരുന്നിന്റെ കോഴ്സ് ഇടയ്ക്കു വച്ച് നിർത്തരുത്.  കോഴ്സ് പൂർത്തിയാക്കിയില്ലെങ്കിൽ  മരുന്ന് പ്രതിരോധമാർജിച്ച ബാക്ടീരിയകളുടെ ആവിർഭാവത്തിനു കാരണമാകും.  

പഴയ കുറിപ്പടി വച്ച് മരുന്നുകൾ വീണ്ടും വാങ്ങിക്കഴിക്കരുത്. മറ്റുള്ളവർക്ക് നിർദ്ദേശിച്ച മരുന്നുകളും ഉപയോഗിക്കരുത്. ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ മറ്റു മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തണം.

ADVERTISEMENT