സ്കൂളില്‍ പോകുന്ന കുട്ടികളുടെ അമ്മമാർക്ക് ഏറ്റവും വലിയ പേടിസ്വപ്നം എന്താണെന്നോ? തുടരെ എത്തുന്ന അസുഖങ്ങൾ. പനിപിടിച്ച് ഒരാഴ്ചയോളം വീട്ടിൽ നിർത്തി മരുന്നുകളും പൊടിക്കൈകളും ആരോഗ്യവും സ്നേഹവും നിറച്ച ഭക്ഷണവും കൊടുക്കും. വീണ്ടും സ്കൂളിലെത്തുന്നതിന്റെ അടുത്ത ദിവസം തന്നെ പലപ്പോഴും പനിയുമായി കുട്ടി വീട്ടിലെത്തും.
ഡോക്ടറുടെ അടുത്തെത്തുമ്പോഴാണ് മനസ്സിലാകുക. ഇതൊന്നും നമ്മുടെ വീട്ടിൽ മാത്രമല്ല, മിക്ക കുട്ടികളെയും ഇത്തരം ചെറിയ അസുഖങ്ങൾ തുടർച്ചയായി ബാധിക്കുന്നുണ്ടെന്ന്. ഇങ്ങനെ പല പ്രതിസന്ധികളെ അതിജീവിച്ചാണു കുഞ്ഞിന്റെ ശരീരത്തിലെ പ്രതിരോധസംവിധാനം ശക്തിപ്പെടുന്നത്.
പടയൊരുക്കത്തിൽ പങ്കുചേരാം
പ്രതിരോധ സംവിധാനം രൂപപ്പെടുത്തുന്ന ഈ പടയൊരുക്കത്തിനു പിന്തുണ നൽകാൻ മാതാപിതാക്കൾക്കു ചില കാര്യങ്ങ ൾ മുൻകൂട്ടി ചെയ്യാനാകും. കുട്ടികളുടെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ എന്തെല്ലാമെന്നു മനസ്സിലാക്കാം. നല്ല ആരോഗ്യത്തോടെയും രോഗപ്രതിരോധശേഷിയോടെയും നമ്മുടെ മക്കൾ വളരട്ടെ.
∙ പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തിനു രോഗപ്രതിരോധ ശക്തിയുണ്ട്. ഭക്ഷണക്രമത്തിൽ പ്രോട്ടീനു പ്രാധാന്യം നൽകണം.
∙ സ്കൂളിലേക്കു തിരക്കിട്ടു പോകാനൊരുങ്ങുന്നതിനിടയിൽ പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കാൻ ശ്രദ്ധിക്കാം. കുട്ടികളുടെ കൂടി താൽപര്യം പരിഗണിച്ച് ആരോഗ്യകരമായ വിഭവങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
∙ ആന്റി ഓക്സിഡന്റുകൾ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നിത്യേന കഴിപ്പിക്കണം. രോഗാണുക്കളെ ചെറുക്കാനും ഉണർവു കിട്ടാനും ഇതു സഹായിക്കും.
വൈറ്റമിൻ സി സമ്പുഷ്ടമായ നാരങ്ങ വർഗത്തിൽപ്പെട്ട ഓറഞ്ച്, മുസമ്പി, ചെറുനാരങ്ങ എന്നിവ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
∙ നെല്ലിക്കയും കാരറ്റും പ്രതിരോധശേഷിക്കു നല്ലതാണ്. കാബേജ്, ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികൾ കുട്ടികളിലെ അണുബാധ തടയാൻ സഹായിക്കും.
ഇവ ചോറിനൊപ്പം കഴിക്കാൻ ഇഷ്ടമില്ലെങ്കിൽ ചീസിനൊപ്പം സാൻവിച് രൂപത്തിൽ നൽകാം. ചപ്പാത്തിക്കു കുഴയ്ക്കുന്ന മാവിനൊപ്പം ചേർത്തു കുട്ടികളറിയാതെ കഴിപ്പിക്കുകയുമാകാം.
ശുദ്ധമാകട്ടെ ശരീരം
∙ വിഷാംശമുള്ള ഘടകങ്ങൾ പുറന്തള്ളാൻ ധാരാളം വെള്ളം കുടിച്ചേ മതിയാകൂ. ഒരു വയസ്സു മുതൽ മൂന്നു വയസ്സു വരെയുള്ളവർ ദിവസേന ചുരുങ്ങിയത് നാല് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. നാലു മുതൽ എട്ടുവയസ്സു വരെയുള്ളവർ അഞ്ചു ഗ്ലാസ് വെള്ളം കുടിക്കണം. ഒൻപതു മുതൽ 13 വയസു വരെ ആറു ഗ്ലാസ് വെള്ളം കൂടിയേ തീരൂ.
∙ മാംസവും മത്സ്യവും പ്രോട്ടീൻ, അയൺ സമ്പുഷ്ടമാണ്. മുട്ട, ചെറുപയർ, പനീർ എന്നിവയിലും പ്രോട്ടീൻ ധാരാളമുണ്ട്.
∙ വൈറ്റമിൻ സി അയൺ ആഗിരണം ചെയ്യാൻ സഹായകമാണ്. ഭക്ഷണം കഴിച്ച ശേഷം ഓറഞ്ച്, നാരങ്ങ എന്നിവയിലേതെങ്കിലും ജ്യൂസായി കഴിക്കുന്നത് അയൺ ആഗിരണം സുഗമമാക്കും. അയണിന്റെ കുറവ് രോഗപ്രതിരോധശക്തി കുറയ്ക്കുമെന്നു മാത്രമല്ല, പഠനവൈകല്യങ്ങൾക്കും കാരണമാകാം.
∙ ആരോഗ്യം നിലനിർത്താൻ ഭക്ഷണം പോഷക സമൃദ്ധമാക്കുന്നതിനൊപ്പം ക്യത്യമായ വ്യായാമവും ഉറപ്പാക്കണം. ശരീരമനങ്ങിയുള്ള കളികളിൽ ഏർപ്പെടാനുള്ള അവസരം കുട്ടിക്കു നൽകണം. അതല്ലെങ്കിൽ ലഘുവായ വ്യായാമത്തിനു പ്രത്യേക സമയം കണ്ടെത്തണം.

രോഗങ്ങളും പ്രതിരോധ മാർഗങ്ങളും
∙ തിക്കിനിറച്ചു കുട്ടികളെ കൊണ്ടു പോകുന്ന സ്കൂൾ വാഹനങ്ങളും വളരെ ഇടുങ്ങിയ ക്ലാസ് മുറികളും പകർച്ചവ്യാധികൾക്കു കാരണമായ രോഗാണുക്കൾ അതിവേഗം കുട്ടികളിലേക്കു പടരാൻ കാരണമാകും.
∙ ടൈഫോയ്ഡ്, ക്ഷയം, മലേറിയ, ന്യുമോണിയ തുടങ്ങിയ നിരവധി രോഗങ്ങൾ മുൻകാലങ്ങളിൽ കുട്ടികളുടെ മരണകാരണമായി മുൻപന്തിയിലുണ്ടായിരുന്നു. പ്രതിരോധകുത്തിവയ്പ്പുകളിലൂടെ ഇവയെ നിർമാർജനം ചെയ്യാൻ സാധിച്ചിട്ടുണ്ട്.
പൂർണമായി അപ്രത്യക്ഷമായില്ലെങ്കിലും കോളറ പോലുള്ള രോഗങ്ങൾ അപൂർവമായേ നമ്മുടെ നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളൂ. എന്നാൽ പുതിയ പകർച്ചവ്യാധികൾക്കു കുറവേയില്ല. അതുകൊണ്ടു ജാഗ്രത കൈവിടരുത്.
∙ പ്രതിരോധ കുത്തിവയ്പ്പുകൾക്കും വേണ്ടത്ര ശ്രദ്ധ കൊടുക്കേണ്ടതു പ്രധാനമാണ്. നാഷനൽ ഇമ്മ്യുണൈസേഷൻ ഷെഡ്യൂൾ അനുസരിച്ചു പ്രതിരോധ വാക്സീനുകൾ കൃത്യമായ സമയത്ത് എടുക്കണം. അഞ്ചു വയസ്സുവരെ പോളിയോ മരുന്നും വൈറ്റമിൻ എയും ഉറപ്പുവരുത്തുകയും വേണം. കുത്തിവയ്പ്പ് വൈകിപ്പോയാൽ തുടർന്നു കൊടുത്താൽ മതിയാകും.
∙ ടോൺസിലൈറ്റിസ് രോഗബാധയുണ്ടായാൽ കൃത്യമായ ചികിത്സ ആദ്യഘട്ടത്തിലേ ഉറപ്പുവരുത്തണം. തൊണ്ടവേദനയും പനിയുമാണു ലക്ഷണങ്ങൾ. നീണ്ടുനിൽക്കുന്ന തൊണ്ടവേദന നിസ്സാരമായി കാണുകയോ വീട്ടിൽത്തന്നെ ചികിത്സിക്കുകയോ ചെയ്യരുത്.
കൃത്യമായ ചികിത്സ നൽകാതിരുന്നാൽ, ഗുരുതര പ്രത്യാഘാതങ്ങളായി ഹൃദയത്തെ ബാധിക്കുന്ന റുമാറ്റിക് ഫീവർ, കിഡ്നിയെ ബാധിക്കുന്ന ഗ്ലോമെറുലോ നെഫ്രൈറ്റിസ് എന്നീ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്.
∙ യാത്രകളിൽ തിളപ്പിച്ചാറിയ ശുദ്ധമായ കുടിവെള്ളം കയ്യിൽ കരുതുക.
മാനസിക ഉല്ലാസം പ്രധാനം
∙ കുട്ടികളുടെ മാനസികാരോഗ്യവും സന്തോഷവും രോഗപ്രതിരോധ സംവിധാനത്തിൽ ഗണ്യമായ പങ്കുവഹിക്കുന്നു. വല്ലാതെ വഴക്കു കേൾക്കുകയോ മാനസിക സമ്മർദം അനുഭവിക്കുകയോ ചെയ്താൽ കുട്ടികളിൽ അതു പനിയായോ തലവേദനയായോ മറ്റു രോഗലക്ഷണങ്ങളായോ പരിണമിക്കാറുണ്ടെന്നു പല മാതാപിതാക്കളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
∙ പഠനത്തിനും ആരോഗ്യകരമായ ഭക്ഷണത്തിനുമൊപ്പം കുട്ടികൾക്കു സന്തോഷവും മറ്റു കുട്ടികൾക്കൊപ്പമുള്ള ക ളികളും ആവശ്യമാണ്. അനാവശ്യ പ്രതീക്ഷകളും നിയന്ത്രണങ്ങളും കുട്ടിക്കാലത്തു തന്നെ അവർക്കുമേല്‍ അടിച്ചേൽപ്പിക്കാതിരിക്കാം.
∙ മാനസിക സമ്മർദം കുറയ്ക്കാൻ വീട്ടിലെ പഠനം രസകരമായ കളികളിലൂടെയും ലളിതമായ പരീക്ഷണങ്ങളിലൂടെയുമാക്കാം. അറിവു പകർന്നു നൽകുന്ന വിഡിയോകളിലൂടെയും കുട്ടികളുടെ പഠനം കൂടുതൽ എളുപ്പമാക്കാം.
ആരോഗ്യത്തോടെ അവർ വളർന്നു വരാൻ മനസ്സിന്റെ വികാസവും ഏറ്റവും പ്രാധാന്യത്തോടെ കണക്കാക്കണം. ∙ കുട്ടികളുടെ സന്തോഷം നിലനിർത്താൻ മാതാപിതാ ക്കളുടെ മനസ്സും സന്തോഷം നിറഞ്ഞതാക്കാം. എല്ലാ ദിനസവും കുട്ടികൾക്കൊപ്പം ക്വാളിറ്റി ടൈം പങ്കിടുന്നതിനു പ്രാധാന്യം നൽകണം. ചിരിച്ചുല്ലസിച്ച് കുട്ടികൾ രോഗങ്ങളെ ദൂരെ നിർത്തട്ടെ.

ആയുർവേദ പരിഹാരങ്ങൾ
കുട്ടികളിൽ സാധാരണ ഏറ്റവും കൂടുതൽ കണ്ടുവരുന്ന പനിക്കും ജലദോഷത്തിനും വീട്ടുമുറ്റത്തുനിന്നു തന്നെ പരിഹാരം കാണാം.
∙ തുളസിയിലയോ പനിക്കൂർക്കയോ വാട്ടിപ്പിഴിഞ്ഞ് തേൻ ചേർത്തു കൊടുക്കാം.
∙ എള്ളും കുരുമുളകും പൊടിച്ചു തേനിൽ ചാലിച്ചു കഴിക്കുന്നതും രോഗപ്രതിരോധത്തിനു നല്ലതാണ്.
∙ മഴക്കാലത്ത് എണ്ണതേച്ചു കുളി കുറയ്ക്കണം.
∙ ചുക്കിട്ടു തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കുടിക്കുന്നതു പ്രതിരോധശക്തിക്കു പിന്തുണ നൽകും.
∙ മാതളനാരങ്ങയുടെ ജ്യൂസ് പതിവായി കുടിക്കുന്നത് കുട്ടികളിൽ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഉത്തമമാണ്. പപ്പായ പതിവായി കഴിക്കുന്നത് വിശപ്പില്ലായ്മയെ നേരിടാൻ നല്ല മാർഗമാണ്.
∙ ബാർലി വെള്ളം കുടിക്കുന്നതു നല്ലതാണ്.
∙ പുളിയാറില ചേർത്ത് ചമ്മന്തി ഉണ്ടാക്കി കഴിക്കുന്നത് ദഹനക്കേടു മാറാൻ സഹായിക്കും.
∙ രാത്രി തല നനച്ചു കുളിപ്പിക്കുകയോ അമിതമായി ഭക്ഷണം കഴിപ്പിക്കുകയോ ചെയ്യാതിരിക്കാം.
വിവരങ്ങൾക്ക് കടപ്പാട് : ഡോ. നീതു സി, ആരോഗ്യനികേതനം, വാളകം