ഗർഭധാരണത്തിന് ഏറ്റവും ഉചിതമായ പ്രായം ഇരുപതിനും മുപ്പതിനും ഇടയിലാണ്. മാറിവരുന്ന ജീവിതസാഹചര്യങ്ങൾക്കനുസരിച്ച് 35നു മേൽ പ്രായമുള്ളവരിലെ ഗർഭധാരണം ഇപ്പോൾ കൂടിയിട്ടുണ്ട്. 35 വയസ്സിനു മുകളിലുള്ള ഗർഭധാരണത്തിനും പ്രസവത്തിനും സങ്കീർണതകൾ വരാനുള്ള സാധ്യത കൂടുതലാണ്.
∙ രക്താതിമർദം, പ്രമേഹം എന്നിവ വരാം. പ്രത്യേകിച്ചു ഫാമിലി ഹിസ്റ്ററി ഉള്ളവരിലും കഴിഞ്ഞ ഗർഭകാലത്ത് ഇവ ഉണ്ടായിരുന്നവർക്കും. ∙ ഗർഭം അലസാനുള്ള സാധ്യത. ∙ സിസേറിയൻ വേണ്ടിവന്നേക്കാം.∙ കുഞ്ഞിനു ക്രോമസോം തകരാറുകൾ പ്രത്യേകിച്ച് ഡൗൺ സിൻഡ്രം (ട്രൈസോമി 21), ട്രൈസോമി 13, 18 എന്നിവയുടെ സാധ്യത. ∙ ഒന്നിലധികം കുഞ്ഞുങ്ങളെ ഗർഭം ധരിക്കാനും സാധ്യത.
35 വയസ്സിനും മുകളിലുള്ളവരിലെ ഗർഭധാരണത്തിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
∙ ഡോക്ടറെ കണ്ട് ആരോഗ്യസ്ഥിതി വിലയിരുത്തുക. പ്രമേഹം, രക്താതിമർദം എന്നിവയുണ്ടെങ്കിൽ ഇവ നിയന്ത്രണവിധേയമാക്കിയശേഷം ഗർഭധാരണത്തിനൊരുങ്ങുക.
∙ ഹീമോഗ്ലോബിൻ, തൈറോയ്ഡ് എന്നിവ പരിശോധിച്ച് പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കുക.
∙ സമീകൃതാഹാരം, വ്യായാമം, ഏഴ് - എട്ടു മണിക്കൂർ ഉറക്കം എന്നിവ ജീവിതശൈലിയുടെ ഭാഗമാക്കുക.
∙ പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ വേണ്ട.
∙ ഗർഭിണിയാകാൻ പ്ലാൻ ചെയ്യുമ്പോൾ മുതൽ ഫോളിക് ആസിഡ് ഗുളികകൾ കഴിച്ചു തുടങ്ങണം. ഗർഭധാരണത്തിനു മൂന്നു മാസം മുൻപേ തന്നെ കഴിക്കാനായാൽ ഏറ്റവും നല്ലത്. കുഞ്ഞിനു ന്യൂറൽ ട്യൂബ് ഡിഫക്ട് വരുന്നതു തടയാൻ ഇതുവഴി കഴിയും.
ഗർഭിണിയായ ശേഷം ഡോക്ടർ നിർദേശിക്കുന്ന പരിശോധനകൾ കൃത്യമായി ചെയ്യുക. മൂന്നു മാസമാകുമ്പോൾ എൻടി സ്കാൻ, Aneuploidy markers (PAPP-A, Beta hCG) തുടങ്ങിയ സ്ക്രീനിങ് ടെസ്റ്റ് ചെയ്യുക. കുഞ്ഞിന്റെ വളർച്ചയും കുഞ്ഞിന് വൈകല്യങ്ങൾ ഇല്ലെന്നും ഉറപ്പാക്കുക.
അമ്മയുടെ പ്രായം കൂടുന്തോറും അണ്ഡത്തിന്റെ ഗുണനിലവാരം കുറയുന്നതിനാൽ ഗർഭധാരണത്തിനു സമയമെടുത്തേക്കാം. ആറു മാസമായി ശ്രമിച്ചിട്ടും ഗർഭധാരണം നടന്നില്ലെങ്കിൽ എഎംഎച്ച് ടെസ്റ്റ് (ഫോളിക്കിൾ റിസർവ് പരിശോധന) പോലുള്ള പരിശോധനകൾ ഡോക്ടറുടെ നിർദേശത്തോടെ ചെയ്യാം.
സെപ്റ്റംബർ രണ്ടാം ലക്കം (സെപ്റ്റംബർ 13–26, 2025) വനിതയിൽ കൂടുതൽ വായിക്കാം.
വിവരങ്ങൾക്കു കടപ്പാട് : ഡോ. റിങ്കു ജി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഗവ.മെഡിക്കൽ കോളജ്, കൊല്ലം