ADVERTISEMENT

ഷുഗർ ഫ്രീ എന്നു കാണുമ്പോൾ ലേബലിൽ അതിലെന്തൊക്കെയുണ്ട് എന്ന് വായിച്ചു നോക്കുന്ന ആളാണോ നിങ്ങൾ? ആണെങ്കിലും അല്ലെങ്കിലും നമുക്ക് അതേക്കുറിച്ചു കൂടുതലറിയാം. എന്താണ് ഷുഗർ ഫ്രീ?

സാധാരണ ഗതിയിൽ കഴിക്കുന്ന ഭക്ഷണത്തിൽ പ്രകൃതിദത്തമായതോ അല്ലാത്തതോ ആയ പഞ്ചസാരയിൽ നിന്നും അരഗ്രാം കുറവ് അളവിൽ മാത്രം മധുരമുണ്ടാകുക എന്നതാണ് ഷുഗർ ഫ്രീ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നൽകുന്ന വിശദീകരണമാണിത്. പ്രകൃതിദത്തമായ മധുരത്തിൽ പഴങ്ങളിലടങ്ങിയ ഫ്രക്ടോസും പാലിലടങ്ങിയ ലാക്ടോസുമെല്ലാം പെടും. ചെടിയിൽ നിന്നു വേർതിരിച്ച ഘടകങ്ങളാണു പൊതുവെ ഭക്ഷണത്തിലും പാനീയങ്ങളിലും ഉപയോഗിച്ചു വരുന്ന കൃത്രിമ മധുരങ്ങൾ.

ADVERTISEMENT

നോൺ ന്യൂട്രിറ്റീവ് സ്വീറ്റ്നേഴ്സ്

മധുരമില്ലാതെ മധുരമുണ്ടാക്കുന്ന ഘടകമാണ് നോൺന്യൂട്രിറ്റീവ് സ്വീറ്റ്നേഴ്സ് അഥവാ എൻഎൻഎസ്. അവയിൽ തന്നെ കൃത്രിമമായും പ്രകൃതിദത്തമായും മധുരം തരുന്ന പദാർഥങ്ങളുണ്ട്.

food2
ADVERTISEMENT

കൃത്രിമ എൻഎൻഎസ്: അസ്പാർടെയിം (Aspartame), സുക്രലോസ് (Sucralose), സാക്കറിൻ (Saccharin), എയ്സൾഫെയിം പൊട്ടാസ്യം (Acesulfame Pottasium), നിയോടെയിം (Neotame), അഡ്‌വാന്റെയിം (Advantame).

പ്രകൃതിദത്തമായവ: സ്റ്റെവിയ (Stevia), മൊങ്ക് ഫ്രൂട്ട് സത്ത് (Monk Fruit Extract/Luo Han Guo), അലുലോസ് (Allulose)

ADVERTISEMENT

ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ?

കൃത്രിമ മധുരത്തിലെ രാസവസ്തുക്കൾ പലരിലും ദഹനവ്യവസ്ഥയിൽ തകരാറുകൾ ഉണ്ടാക്കുന്നുണ്ട്. രുചി രസങ്ങളിലും മാറ്റം വരുന്നു. പലർക്കും ഇത് അലർജിയും ഉപാപചയ പ്രവർത്തനത്തിലെ ഏറ്റക്കുറച്ചിലുകൾക്കും കാരണമാകുന്നു. കൂടാതെ ഇൻസുലിൻ ഉൽപാദനത്തെ ബാധിക്കുന്നതായും കാൻസർ സാധ്യത വർധിപ്പിക്കുന്നതായും പഠനങ്ങളുണ്ട്.

എൻഎൻഎസ് കൊണ്ടുള്ള ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നവരിൽ വീണ്ടും വീണ്ടും കഴിക്കാനുള്ള താൽപര്യവും പതിവിൽ കൂടുതൽ അളവിൽ ഭക്ഷണം കഴിക്കാനുള്ള പ്രേരണയും കൂടി വരുന്നതായുള്ള പഠനങ്ങളുണ്ട്. കാലറി കുറവായിരിക്കുമല്ലോ അതുകൊണ്ട് വലിയ പ്രശ്നമൊന്നും വരില്ല എന്നു കരുതിയാണു കൂടുതൽ കഴിക്കാനുള്ള ഉത്സാഹം വരുന്നത്. ഇങ്ങനെ കഴിക്കുന്ന ഷുഗർ ഫ്രീ ഭക്ഷ്യവസ്തുക്കൾ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ ആകെ ദോഷകരമായി ബാധിക്കും. ഇതുവഴി കൂടുതൽ വിശപ്പനുഭവപ്പെടുകയും ഭക്ഷണക്കൊതി കൂടുകയും ചെയ്യും. കൃത്രിമ മധുരം സ്ഥിരമാക്കുന്നവരിൽ ചിലർക്കു ശരീര ഭാരം വർധിക്കാനും ചിലര്‍ക്കു തീരെ കുറയാനുമുള്ള സാധ്യതയും ഏറെയാണ്. ഇവ പ്രത്യുൽപാദനശേഷിയേയും സാരമായി ബാധിക്കുന്നുണ്ട്.

ബദലായി ആരോഗ്യ മധുരങ്ങൾ ഉണ്ടോ?

പ്രകൃതിദത്തമായി മധുരരസം പകരുന്ന തേൻ, മേപ്പിൾ സിറപ് (Maple Syrup), ഈന്തപ്പഴം, ഈന്തപ്പഴം കൊണ്ടുള്ള പഞ്ചസാര (Date Sugar), തേങ്ങ കൊണ്ടുള്ള പഞ്ചസാര(Coconut Sugar), മൊലാസിസ് (Molasses), പഴങ്ങൾ അരച്ചുണ്ടാക്കുന്ന ഫ്രൂട്ട് പ്യൂരികൾ, ഡ്രൈഫ്രൂട്ട്സ് എന്നിവയും കൃത്രിമ മധുരത്തിനു പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ബദലുകളാണ്.

മധുരക്കൊതി നിയന്ത്രിക്കാം

മധുരക്കൊതി നിയന്ത്രിക്കുക എന്നതു ശാരീരികവും മാനസികവുമായ പ്രക്രിയയാണെന്ന് ആദ്യമേ മനസിലാക്കാം. കൃത്യസമയത്തും കൃത്യമായ അളവിലുമുള്ള പോഷകപ്രദമായ ഭക്ഷണരീതി ശീലിക്കുക.

∙ ഭക്ഷ്യവസ്തുക്കൾ കഴിവതും ജ്യൂസാക്കാതെയും അരയ്ക്കാതെയും മുഴുവനായി കഴിക്കാൻ ശ്രമിക്കുക. നിറവു തോന്നും.

∙ ആവശ്യത്തിന് ഉറക്കം കിട്ടുന്നെന്ന് ഉറപ്പു വരുത്തുക.

∙ വ്യായാമം ജീവിതശൈലിയിൽ ഉൾപ്പെടുത്തുക.

∙ സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും മറ്റുമൊക്കെ അമിതമായി മധുരം കഴിക്കാനുള്ള ആഗ്രഹം വരുന്നതു തിരിച്ചറിഞ്ഞ് അതിനെ ചെറുത്തു നിൽക്കാൻ ശ്രമിക്കാം.

∙ മധുരം കഴിക്കാൻ തോന്നിയാൽ മധുരമോ ഷുഗർഫ്രീ സ്നാക്കുകളോ കഴിക്കുന്നതിനു പകരം പഴങ്ങൾ, നട്സ് തുടങ്ങിയവ തിരഞ്ഞെടുക്കാം.

ഷുഗർ ഫ്രീ ഉൽപ്പന്നങ്ങൾ നിർബന്ധനമായും ഒഴിവാക്കേണ്ടത് ആരൊക്കെ?

∙ ഫെനൽകീറ്റൊനോറിയ (പി.കെ.യു) എന്ന അസുഖ ബാധിതർ. ശരീരത്തില്‍ ഫീനൈലാലിനീൻ എന്ന അമിനോ ആസിഡ് അടിഞ്ഞു കൂടുന്ന അപൂർവ രോഗാവസ്ഥയാണിത്).

∙ ഗർഭം ധരിച്ചിരിക്കുന്നവരും മുലയൂട്ടുന്നവരും

∙ അലർജിയുള്ളവർ

∙ ദഹന പ്രശ്നങ്ങളുള്ളവർ

∙ കുട്ടികൾ

∙ പ്രമേഹരോഗികൾ

∙ വയറു സംബന്ധമായ പ്രശ്നങ്ങളും ഭക്ഷണം ആഗിരണം ചെയ്യുന്നതിൽ പ്രശ്നങ്ങളുള്ളവരും

∙ ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ

ചെയ്തവർ

∙ മൈഗ്രേയ്നുള്ളവർ

∙ അപസ്മാരമുള്ളവർ

വിവരങ്ങൾക്കു കടപ്പാട്:

ഡോ. ജ്യോതിദേവ് കേശവ്ദേവ്,

ചെയർമാൻ & മാനേജിങ് ഡയറക്ടർ,

ജ്യോതിദേവ് ഡയബറ്റിസ് റിസർച്ച് സെന്റർ, കേരള

ADVERTISEMENT