കുട്ടികളിലുണ്ടാവുന്ന മിക്ക കാൻസറുകൾക്കും ഫലപ്രദമായ ചികിത്സയുണ്ട്; പ്രതിരോധത്തിനും ലക്ഷണങ്ങൾ തിരിച്ചറിയാനുമുള്ള വഴികൾ പറയുന്നു, ഡോ.സുരേഷ് അദ്വാനി പറയുന്നു Dr. Suresh Advani on Cancer Prevention and Treatment
Mail This Article
കേരളത്തിൽ ഒരു ലക്ഷത്തിൽ നൂറ്റി മുപ്പതു പേർക്ക് കാൻസർ കണ്ടെത്തുന്നുണ്ടെന്ന് ഇന്ത്യയിൽ ആദ്യമായി മജ്ജമാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ.സുരേഷ് എച്ച് അദ്വാനി പറയുന്നു. തൊടുപുഴയിലെ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ ചെയർമാൻ കൂടിയാണ് ഡോ.എസ് എച്ച് അദ്വാനി. കാൻസര്‍ ഭയക്കേണ്ട രോഗമല്ലെന്നും എത്രയും പെട്ടെന്ന് രോഗം കണ്ടെത്തിയാൽ ചികിത്സിച്ചു ഭേദമാക്കാനുള്ള സാദ്ധ്യതകൾ കൂടുതലാണെന്നും അദ്ദേഹം പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ നിന്ന്...
ഇപ്പോഴും കാൻസർ ഭയപ്പെടുത്തുന്ന രോഗം തന്നെയാണ്. എന്തൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട്?
ഭയക്കേണ്ട. കാൻസർ പണ്ടു മാറാരോഗമായിരുന്നു. ഇ പ്പോൾ പല കാൻസറുകളും ഭേദമാക്കാം. കുട്ടികളിലുണ്ടാവുന്ന മിക്ക കാൻസറുകൾക്കും ഫലപ്രദമായചികിത്സയുണ്ട്. കീമോ തെറപ്പിയിൽ ടാർഗറ്റ് തെറപ്പി വ ന്നു. മരുന്നുകൾ ട്യൂമർസെല്ലുകളെ തിരഞ്ഞുപിടിച്ചു നശിപ്പിക്കും. മരുന്നു കൊണ്ട് ആറുമാസം അതിജീവിച്ചിരുന്നത് എട്ടു വർഷം വരെയായി. ഇമ്യൂണോ തെറപ്പി, ജീൻ തെറപ്പി കാർ ടി സെൽ തെറപ്പി തുടങ്ങി ഒട്ടേറെ ചികിത്സാരീതികൾ സാധാരണമായിക്കഴിഞ്ഞു.
കേരളത്തിൽ കാൻസർ രോഗികളുടെ എണ്ണത്തിൽ വർധ നയുണ്ടോ?
കേരളത്തിൽ കാൻസർ രോഗകളുടെ എണ്ണം കൂടുതലാണ്. മഹാരാഷ്ട്രയിൽ ഒരു ലക്ഷം ആളുകളിൽ നൂറു പേര്‍ക്കു കാൻസർ സ്ഥിരീകരിക്കുന്നുണ്ടെങ്കിൽ കേരളത്തിൽ അത് ഒരു ലക്ഷത്തിൽ നൂറ്റിമുപ്പതു പേരാണ്. പുകവലിയും മദ്യപാനവും തെറ്റായ ജീവിതശൈലികളുമാണു പ്രധാന വില്ലന്മാർ. സെർവിക്കൽ കാൻസറും സ്തനാർബുദവും കേരളത്തിൽ കൂടുതലാണ്.
രോഗത്തെ പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യാം?
വ്യായാമവും ചിട്ടയായ ജീവിതശൈലിയും ശീലമാക്കണം. പുകവലിയും മദ്യപാനവും ജീവിതത്തിൽ നിന്ന് എത്രയും വേഗം മായ്ചുകളയണം. രോഗപരിശോധനകൾ കൃത്യമായി ചെയ്യണം. ആദ്യ ഘട്ടത്തിൽ തന്നെ രോ ഗം കണ്ടെത്തിയാൽ ചികിത്സ അത്രയും ലളിതമാവും. കാൻസർ ചികിത്സയുടെ വിജയം തന്നെ രോഗം മുൻകൂട്ടി കണ്ടെത്തുകയാണ്. അതിനായി പൊതുജനങ്ങൾക്കു ബോധവൽക്കരണം നടത്തണം. ഇന്ത്യയിൽ 20 ശതമാനം പേരിൽ മാത്രമാണ് രോഗം മുൻകൂട്ടി കണ്ടെത്താനാവുന്നുള്ളൂ.
സ്മിത ഹോസ്പിറ്റലും ഹെൽപിങ് ഹാൻഡ് ഫോർ കാൻസർ കെയറും ചേർന്നു കാൻസർ രോഗ ബോധവൽക്കരണം നടത്തുന്നുണ്ട്. ഒപ്പം രോഗികൾക്കു ചികിത്സയും കൗൺസിലിങ്ങും നൽകുന്നു. മാമോഗ്രാം ഉൾപ്പടെയുള്ള ലാബ് സൗകര്യളുള്ള വാഹനം നാട്ടിൻപുറങ്ങളിലേക്ക് എത്തും. റസിഡൻസ് അസോസിയേഷൻ വഴിയും സന്നദ്ധ സംഘടനകൾ വഴിയുമാണ് ഇതെല്ലാം നടത്തുന്നത്.
