ഭക്ഷണത്തിന് രുചിയും മണവും പകരാൻ ചേർക്കുന്ന കറിവേപ്പില നാം പൊതുവേ കഴിക്കാറില്ല, ആവശ്യം കഴിഞ്ഞാൽ എടുത്തുകളയാറാണ് പതിവ്. എന്നാൽ നമ്മളൊക്കെ ഉപേക്ഷിച്ചു കളയുന്ന കറിവേപ്പിലയ്ക്ക് എത്രത്തോളം ആരോഗ്യ ഗുണങ്ങളുണ്ടെന്ന് നമുക്കെത്ര പേർക്ക് അറിയാം? നിരവധി അസുഖങ്ങളെ ചെറുക്കാനുള്ള കഴിവ് ഇതിനുണ്ട്.
കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ
∙ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ കറിവേപ്പില ഉൾപ്പെടുത്തുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കാരണം വിറ്റാമിൻ 'എ' യുടെ ഒരു കലവറയാണ് കറിവേപ്പില.
∙ കൃമിശല്യത്തിനും ദഹനത്തിനും മൂലക്കുരുവിനും വയറുകടിക്കും കറിവേപ്പില വളരെ നല്ലൊരു ഔഷധമാണ്. വെറുതെ ചവച്ചരച്ചു കഴിച്ചാൽ മതിയാകും. വെറുംവയറ്റില്‍ കറിവേപ്പില ചവയ്ക്കുന്നത് വയറു വീർക്കൽ, ഗ്യാസ് അല്ലെങ്കിൽ മലബന്ധം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുകയും, ദഹനം കൂട്ടാന്‍ സഹായിക്കുകയും ചെയ്യും. ഇതിലുള്ള നാരുകളും ആൽക്കലോയിഡുകളും ശരീരത്തെ ശുദ്ധീകരിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. അവ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും കാലക്രമേണ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും.
∙ കറിവേപ്പില അരച്ച് പുരട്ടുന്നത് ചർമ്മ രോഗങ്ങൾക്ക് വളരെ നല്ലതാണ്. കറിവേപ്പിലയും മഞ്ഞളും അരച്ചുപുരട്ടുന്നത് പുഴുക്കടി ശമിപ്പിക്കും. കൂടാതെ കാൽപാദം വിണ്ടു കീറുന്നതിനും കുഴിനഖം തടയുന്നതിനും അത്യുത്തമം. കറിവേപ്പില ചവച്ചു വെള്ളം കൊണ്ടു വായ കഴുകുന്നത് ഒന്നാന്തരം മൗത്ത് വാഷിന്റെ ഗുണം ചെയ്യും. ഇലകൾ അരച്ചു കഴിക്കുന്നത് ഛർദി മാറാൻ സഹായിക്കും. നീരെടുത്തു കഴിക്കുകയുമാവാം.
∙ കറിവേപ്പില, പച്ചമഞ്ഞൾ, നെല്ലിക്ക ഇവ അരച്ച് ദിവസവും ഓരോ സ്പൂൺ വീതം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം കുറയ്ക്കാൻ ഫലപ്രദമാണ്. കൂടാതെ അമിതഭാരം കുറയ്ക്കുന്നതിനും കറിവേപ്പില വെറുതെ ചവച്ചരച്ചു കഴിക്കുന്നത് വളരെ നല്ലതാണ്.
∙ കറിവേപ്പിലയിട്ടു കാച്ചിയ എണ്ണ മുടിയുടെ ആരോഗ്യത്തിനും സ്വാഭാവിക നിറം നിലനിർത്താനും നല്ലതാണ്.
∙ കറിവേപ്പില, കാന്താരി എന്നിവ അരച്ചു ചേർത്ത മോര് കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കും. ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും വാർധക്യം മന്ദഗതിയിലാക്കാനും സഹായിക്കുന്ന ല്യൂട്ടിൻ, വിറ്റാമിൻ സി, എ, ഇ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഈ ഗുണങ്ങള്‍ കിട്ടാന്‍ രാവിലെ തന്നെ കറിവേപ്പില ഇലകൾ വെള്ളത്തിൽ തിളപ്പിച്ച് കുടിക്കാം. 7-8 കറിവേപ്പില കഴുകി തിളച്ച വെള്ളത്തില്‍ ഇട്ടു വയ്ക്കുക. 15 മിനിട്ടിനു ശേഷം ഈ വെള്ളം കുടിക്കാം.