തണുപ്പ് രാജ്യങ്ങളിലുള്ള പ്രവാസികൾക്ക് ശരീരം ചൂടായി നിലനിർത്താൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതെന്തെല്ലാം? അറിഞ്ഞു വയ്ക്കാം ഈ ടിപ്സ് Smart Eating Habits for Cold Weather
Mail This Article
പഠനത്തിനും ജോലിക്കും ഒക്കെയായി അന്യനാട്ടിൽ ജീവിക്കുന്നവർക്ക് പരീക്ഷണ കാലഘട്ടമാണ് തണുപ്പുകാലം. നവംബറോടു കൂടി പല രാജ്യങ്ങളിലും താപനില താഴാനും ചിലയിടങ്ങളിൽ മഞ്ഞു പെയ്യാനുമൊക്കെ തുടങ്ങിയിരിക്കുന്നു. ഈ സമയത്ത് ആരോഗ്യകരമായി തന്നെ ശരീരത്തിലെ ചൂടു നിലനിർത്താൻ ഡയറ്റിൽ ചേർക്കാവുന്നതും ഒഴിവാക്കേണ്ടതുമായ കുറച്ചു കാര്യങ്ങൾ മനസിലാക്കി വയ്ക്കാം.
∙ സാധാരണ ഗതിയിൽ പ്രാതൽ, ഉച്ച ഭക്ഷണം, അത്താഴം എന്നിങ്ങനെയൊരു രീതിയിൽ ഭക്ഷണം കഴിക്കുന്നതാണല്ലോ മിക്കവരുടേയും പതിവ്. അതിനു പകരം ആഹാരം കഴിക്കുന്ന തവണകൾ കൂട്ടാം. മിഡ് മോർണിങ്ങ് ഫൂഡ്: അതായത് പ്രാതലിനും ഊണിനും ഇടയ്ക്കുള്ള ഭക്ഷണം. ഏകദേശം 11 മണിയൊക്കെ ആകുമ്പോൾ നട്സോ ഡ്രൈഫ്രൂട്ട്സോ ഒക്കെ കഴിക്കാം. അതേപോലെ മിഡ് നൂൺ ഫൂഡ്: ഉച്ച ഭക്ഷണത്തിന് ശേഷം കഴിക്കുന്ന ആഹാരം. ഏകദേശം 3 മണിയാകുമ്പോഴേക്കും ഓലീവ് ഓയിലൊഴിച്ചുണ്ടാക്കുന്ന സാലഡുകളോ, ചിക്കൻ സാൻവിച്ചോ, നഗെറ്റ്സോ, ഉരുളക്കിങ്ങു കൊണ്ടുള്ള ഫ്രഞ്ച് ഫ്രൈസോ മറ്റോ കഴിക്കാം. ശേഷം പതിവു പോലെ അത്താഴം. വണ്ണം കൂടാതിരിക്കാൻ ചെറിയ അളവ് പാലിച്ച് വേണം ഇവ കഴിക്കാൻ. ദീർഘനേരത്തേക്കുള്ള ഒറ്റയിരിപ്പ് ഒഴിവാക്കി ചെറിയ ദൂരമെങ്കിലും നടക്കുന്നതും ഗുണം ചെയ്യും.
∙ കിഴങ്ങു വർഗങ്ങൾ അഥവാ റൂട്ട് വെജിറ്റബിൾസ് തണുപ്പുകാലത്ത് ഡയറ്റിൽ ഉൾപ്പെടുത്താം. പ്രകൃതിദത്തമായി തന്നെ ഇവ ശരീരത്ത ചൂടാക്കി വയ്ക്കാൻ സഹായിക്കും. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ടേണിപ്സ്, കാരറ്റ്, മഞ്ഞൾ, കാരറ്റ്, ഇഞ്ചി... പോലുള്ള അതാത് നാട്ടിൽ കിട്ടുന്നവ ഡയറ്റിൽ ചേർക്കാം.
∙ ഈന്തപ്പഴം, നട്സ് എന്നിവ ഒരു കൈപ്പിടിയോളം എടുത്ത് എന്നും കഴിക്കുന്നത് നല്ലതാണ്. ശരീരം ചൂടാനാവും ദൈനംദിന ക്രിയകൾക്കുള്ള ഊർജ്ജവും ഇതിൽ നിന്നും കിട്ടും.
∙ ശരീരത്തിനാവശ്യമായ വൈറ്റമിൻ ഡി ലഭിക്കാൻ മുട്ടയുടെ മഞ്ഞക്കരു, ചീസ്, മത്തി പോലുള്ള മത്സ്യങ്ങൾ, ഫോർട്ടിഫൈഡായ പാൽ ഉൽപ്പന്നങ്ങളോ പ്ലാന്റ് ബെയ്സ്ഡ് മിൽക്കോ പഴച്ചാറുകളോ ഡയറ്റിൽ ഉൾപ്പെടുത്താം.
∙ പാനീയങ്ങളിൽ ഗ്രീൻ ടീ, കട്ടൻ ചായ, ഇഞ്ചിച്ചായ മുതലായ ചൂടായ പാനീയങ്ങൾ കുടിക്കുന്നതാണ് ആരോഗ്യകരം.
∙ പല തരം സൂപ്പുകളും ഈ സമയത്ത് കുടിക്കുന്നത് നല്ലതാണ്. ബ്രോക്കോളി, ചിക്കൻ, കാരറ്റ്, കോളിഫ്ലവർ ഒക്കെ നല്ല ഹെർബ്സും മസാലകളും ഇട്ട് സൂപ്പാക്കാം.
∙ ഈന്തപ്പഴം പോല തന്നെ ഡേയ്റ്റ്സ് സിറപ്പും ഡയറ്റിൽ ചേർക്കാം. നെല്ലിക്ക, അവൽ, മാതളനാരങ്ങ പോലുള്ളവയും ഡയറ്റിൽ ഉൾപ്പെടുത്തിയാൽ അത് രക്തത്തിലെ ഹീമോബ്ലോബിൻ(എച്ച്.ബി.) കൂട്ടാൻ സഹായിക്കും. എച്ച്.ബി. കുറഞ്ഞാൽ ശരീരം ചൂടായിരിക്കാൻ ബുദ്ധിമുട്ടാകും.
∙ മറ്റേത് ഇറച്ചിയേക്കാളുമേറെ ഈ സമയത്ത് കോഴിയിറച്ചി കഴിക്കാം. അധികമായി കഴിച്ച് മലബന്ധം പോലുള്ള പ്രശ്നങ്ങൾ വരാതിരിരിക്കാൻ നാരുകളടങ്ങിയ ധാരാളം സാലഡുകളും ചിക്കന്റെ ഒപ്പം കഴിക്കാം.
∙ സാലഡുകളിൽ മയോണെസ് ഒഴിവാക്കി പകരം വേറെ വിനാഗിരിയോ നാരങ്ങാ നീരോ തേനോ യോഗർട്ടോ പോലുള്ള ഏതെലും ഡ്രസ്സിങ്ങുകൾ ഉപയോഗിക്കുന്നതാകും നല്ലത്.
∙ മുളപ്പിച്ച പയറു വർഗങ്ങൾ കഴിക്കുന്നത് നല്ലതാണ്.
∙ സോയ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും വളരെ ഗുണം ചെയ്യും.
∙ ഇലക്കറികളും ധാരാളം കഴിക്കുന്നത് നല്ലതാണ്.
∙ ഗട്ടിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദഹനം എളുപ്പമാക്കാനും പ്രോബയോട്ടിക് ഭക്ഷണങ്ങളായ യോഗർട്ടും കിംചിയും കഴിക്കാം.
∙ ഓട്സ്, മില്ലറ്റസ്, കീൻവ എന്നിവയും ഡയറ്റിൽ ഉൾപ്പെടുത്താം.
∙ വൈറ്റമിൻ സി കിട്ടുന്ന ഓറഞ്ച്, കിവി, നാരങ്ങ മുതലായ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷ്യവസ്തുകൾ ധാരാളം കഴിക്കാം.
∙ ദാഹിച്ചില്ലെങ്കിലും പ്രത്യേകിച്ചും പകൽ സമയത്ത് ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. 6–8 ഗ്ലാസെങ്കിലും കുടിക്കാം.
ഇവ വേണ്ടേ വേണ്ട
∙ സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് കഴിവതും ഒഴിവാക്കുക.
∙ തണുപ്പുകാലത്ത് പന്നിയിറച്ചി കഴിക്കുന്നതും കുറയ്ക്കാം.
∙ ഐസ്ക്രീമുകളും വേണ്ട.
∙ പാലും അധികം കുടിക്കേണ്ടതില്ല. അത് ശരീരത്തെ തണുപ്പിക്കും.
∙ പനീറും ഒഴിവാക്കാം.
കടപ്പാട്: അൽഫോൺസ പ്രഭ സോളമൻ, സീനിയർ ഡയറ്റീഷ്യൻ, ഇന്ദിരാ ഗാന്ധി സഹകരണാശുപത്രി, എറണാകുളം.
