ഗർഭിണികളുടെ കാലിലെ നീര് അപകടമാകുന്നത് എപ്പോൾ Understanding Leg Swelling During Pregnancy
Mail This Article
മിക്ക ഗർഭിണികളെയും അലട്ടുന്ന പ്രശ്നമാണ് കാലിലെ നീര്. ഇതു സാധാരണമാണെങ്കിലും ജാഗ്രത പുലർത്തേണ്ടത് എപ്പോഴെന്നും അറിഞ്ഞിരിക്കണം.
ഗർഭകാലത്തു കുഞ്ഞിന്റെ വളർച്ചയ്ക്കും പ്രസവസമയത്തെ രക്തസ്രാവം നേരിടാനുള്ള ഒരുക്കത്തിന്റെ ഭാഗമായും 40 -50 ശതമാനം വരെ രക്തത്തിന്റെ അളവു കൂടാറുണ്ട്. ഇതിന്റെ ഭാഗമായി കൂടിയാണു ഗർഭിണിക്ക് 8 -12 കിലോഗ്രാം തൂക്കം കൂടുന്നത്.
ഗർഭകാലം മുന്നോട്ടു പോകുന്നതിന് അനുസരിച്ചു കാലുകളിൽ നിന്നു ഹൃദയത്തിലേക്കു രക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകളിൽ കംപ്രഷൻ ഉണ്ടാകും. ഇതിനാൽ അവസാന മാസങ്ങളിൽ (ഏഴാം മാസം മുതൽ) കാൽപാദങ്ങളിൽ മിക്കവരിലും നീര് വരാം. ഇതു സാധാരണമാണ്. വിശ്രമത്തിലൂടെ മാറും.
മിക്കവർക്കും രാവിലെ എഴുന്നേക്കുമ്പോൾ നീരുണ്ടാകില്ല. എന്നാൽ കുറച്ചു കഴിയുമ്പോൾ നീരു വന്നുതുടങ്ങും. കാൽപാദങ്ങൾ പൊക്കി വച്ച് ഇരിക്കുക, കിടക്കുക. വേണ്ടത്ര വെള്ളം (ദിവസം രണ്ടു ലീറ്റർ) കുടിക്കുക. ഏറെ സമയം തുടർച്ചയായി നിൽക്കുന്നതും കാലു തൂക്കിയിട്ടിരിക്കുന്നതും ഒഴിവാക്കണം. ഇടയ്ക്കു നടക്കാനും കാൽ വിരലുകൾ അനക്കാനും ശ്രദ്ധിക്കുക.
ക്രമാതീതമായി നീര് കൂടുക, ശരീരഭാരം പെട്ടെന്നു വർധിക്കുക (ഒരാഴ്ചയിൽ 500 ഗ്രാമിൽ കൂടുതൽ), കയ്യിലും മുഖത്തും നീര് കാണപ്പെടുക എന്നിവ രക്തസമ്മർദം ഉയരുന്നതു (pre eclampsia) മൂലമാകാം. ഇവരിൽ തലവേദന, നെഞ്ചെരിച്ചിൽ, കാഴ്ച മങ്ങൽ, മൂത്രത്തിന്റെ അളവു കുറയുക, വയറിനു മുകളിൽ വലതു വശത്തായി വേദന അനുഭവപ്പെടുക എന്നിവയുണ്ടെങ്കിൽ ജന്നി(Eclampsia)യുടെ മുന്നോടിയാകാം. അതിനാൽ അടിയന്തിര സഹായം തേടാൻ വൈകരുത്.
ഒരു കാലിൽ മാത്രം വേദന, വിങ്ങൽ, നീര്, ചുവപ്പ് എന്നിവ രക്തക്കുഴലിൽ രക്തം കട്ട പിടിക്കുന്നതിന്റെ (Deep Vein Thrombosis) ലക്ഷണമാകാം. കട്ടപിടിച്ച രക്തം ശ്വാസകോശത്തിലേക്കു പോയാൽ മരണം വരെ സംഭവിക്കാവുന്ന പൾമനറി എംബോളിസത്തിലേക്കു നീങ്ങാമെന്നതിനാൽ അടിയന്തിര സഹായം തേടണം.
വിവരങ്ങൾക്കു കടപ്പാട് : ഡോ. റിങ്കു ജി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഗവ.മെഡിക്കൽ കോളജ്, കൊല്ലം
