‘നീരു വന്നു വീർത്ത മുഖം, പരുപരുത്ത ചർമം, 10 മണിക്കൂറോളം ഉറങ്ങിയിട്ടും വീണ്ടും ക്ഷീണം’; തൈറോയ്ഡ് രോഗം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
Mail This Article
നീരു വന്നു വീർത്ത മുഖം, കൺപോളകൾ, ആരോഗ്യമില്ലാത്ത, എളുപ്പത്തിൽ കൊഴിയുന്ന തിളക്കമില്ലാത്ത മുടി, വരണ്ട, പരുപരുത്ത ചർമം, ഊർജ്ജം ഒട്ടും ഇല്ലാത്ത മുഖം... ഇത്തരത്തിൽ ഒരാൾ നിങ്ങളോടു പരുപരുത്ത, ശബ്ദത്തിൽ പതിയെ സാവധാനം സംസാരിക്കുന്നുണ്ടോ? ഉറപ്പായും അയാളുടെ തൈറോയ്ഡ് പരിശോധിച്ചിരിക്കണം. വിവിധ തൈറോയ്‌ഡ് രോഗങ്ങളെ മുമ്പേ പ്രവചിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ നമ്മുടെ നിത്യജീവിതത്തിൽ പ്രകടമാകുന്നവയും. അവയെ കണ്ടിട്ടും കാണാത്ത മട്ടിൽ പോകരുത്.
രാത്രി എട്ടു- പത്തു മണിക്കൂറോളം ഉറങ്ങിയിട്ടും വീണ്ടും ക്ഷീണം തോന്നുകയാണെങ്കില്‍ ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണമാകാം. തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ഒരുപോലെ ശരീരത്തിന് ക്ഷീണം അനുഭവപ്പെടാം. ഉറക്കം കൂടുതൽ, തടി കൂടൽ, കാലിൽ നീര്, ഹൃദയത്തിലും ശ്വാസകോശത്തിലും നീര്, മലബന്ധം, ആർത്തവ ക്രമക്കേടുകൾ, വന്ധ്യത, ചില പേശികൾ അസാധാരണമാം വിധം വലുതാവൽ, രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയവ വർധിക്കൽ എന്നിവയും ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളാണ്.
ലക്ഷണങ്ങള്‍
ക്ഷീണം
നല്ല ഉറക്കം കിട്ടിയിട്ടും ദൈനംദിന പ്രവൃത്തികൾ ചെയ്യുന്നതിനുള്ള ഉന്മേഷം ചോർന്നു പോകുന്നു. ഇത് തൈറോയ്‌ഡ് രോഗങ്ങളുടെ സൂചനയാണ്. തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ഹൈപ്പർതൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയിൽ ഉറക്കം കിട്ടാതെയും വരാറുണ്ട്. പകൽ മുഴുവൻ അവർ തളർന്നു കാണപ്പെടുന്നു. ഹൈപ്പർതൈറോയിഡിസം ഉള്ള ചിലർ പതിവിലേറെ ഉർജസ്വലരായി കാണപ്പെടാറുമുണ്ട്.
ഭാരവ്യതിയാനങ്ങൾ
നന്നായി വ്യായാമം ചെയ്യുന്നുണ്ട്. കൊഴുപ്പും കാലറിയും കുറഞ്ഞ ആഹാരമാണ് കഴിക്കുന്നത് എന്നിട്ടും ഭാരം കുറയുന്നതേയില്ല. ഇത് ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണമാണ്. തൈറോയ്‌ഡ് ഹോർമോണുകൾ കൂടിയാൽ ശരീരഭാരം കുറയും. ഹോർമോൺ കുറഞ്ഞാൽ ശരീരഭാരം കൂടും. അതിനാൽ ഭാരവ്യതിയാനങ്ങൾ ഹൈപ്പോതൈറോയിഡിസത്തിന്റെയും ഹൈപ്പർതൈറോയിഡിസത്തിന്റെയും ലക്ഷണങ്ങളാണ്.
ഉത്‌കണ്‌ഠയും വിഷാദവും
മനസ്സ് പെട്ടെന്നു വിഷാദമൂകമാകുന്നു. വല്ലാത്ത ഉത്‌കണ്‌ഠയും. മൂഡ്‌മാറ്റം എന്നു പറഞ്ഞു തള്ളാൻ വരട്ടെ. ഡിപ്രഷനു പിന്നിൽ ഹൈപ്പോതൈറോയിഡിസമാകാം. ഉത്‌കണ്‌ഠയ്‌ക്കു കാരണമാകുന്നത് ഹൈപ്പർതൈറോയിഡിസവും. തൈറോയ്‌ഡ് പ്രശ്‌നം മൂലമുള്ള വിഷാദത്തിന് ആന്റിഡിപ്രസീവുകൾ കൊണ്ടു പ്രയോജനമുണ്ടാകില്ല.
കൊളസ്‌ട്രോൾ
ആഹാരത്തിലും വ്യായാമത്തിലും ശ്രദ്ധിക്കുന്നു. കൊളസ്‌ട്രോൾ കുറയ്‌ക്കുന്ന മരുന്നും കഴിക്കുന്നുണ്ട്. എന്നിട്ടും കൊളസ്‌ട്രോൾ ലെവൽ ഉയരുന്നു. സൂക്ഷിക്കുക. ഇത് ഹൈപ്പോതൈറോയിഡിസമാകാം. കൊളസ്‌ട്രോൾ ലെവൽ കുറയുന്നുണ്ടെങ്കിൽ അത് ഹൈപ്പർതൈറോയിഡിസത്തിന്റെ ലക്ഷണമാകാം.
ഹൈപ്പോതൈറോയിഡിസത്തിൽ ചീത്ത കൊളസ്‌ട്രോളായ എൽഡിഎല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎൽ കുറയുകയും ചെയ്യും. ചിലരിൽ ട്രൈഗ്ലിസറൈഡ് വളരെ ഉയർന്ന അളവിൽ കാണപ്പെടാറുണ്ട്. കുടുംബപാരമ്പര്യത്തിൽ കോളസ്‌ട്രോൾ ഇല്ലാതിരിക്കെ ചെറുപ്രായത്തിൽ കൊളസ്‌ട്രോൾ വർധന കണ്ടാൽ തൈറോയ്‌ഡ് ഹോർമോൺ പരിശോധന ചെയ്യണം.
കുടുംബപാരമ്പര്യം
അച്‌ഛൻ, അമ്മ, സഹോദരങ്ങൾ ഇവരിലാർക്കെങ്കിലും തൈറോയ്‌ഡ് രോഗങ്ങളുണ്ടെങ്കിൽ നിങ്ങൾക്കും വരാൻ ഉയർന്ന സാധ്യതയുണ്ട്. അതിനാൽ തൈറോയ്‌ഡ് രോഗങ്ങളെക്കുറിച്ച് സ്വയം ബോധവാന്മാരായിരിക്കണം.
ആർത്തവക്രമക്കേടുകളും വന്ധ്യതയും
അമിത രക്‌തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആർത്തവം. ഇവ ആർത്തവപ്രശ്‌നങ്ങൾ മാത്രമാണെന്നു കരുതിയെങ്കിൽ തെറ്റി. ഹൈപ്പോതൈറോയിഡിസമുള്ളവരിൽ ഈ ലക്ഷണങ്ങൾ വരാം. സമയം തെറ്റി വരുന്ന ആർത്തവം, ശുഷ്‌കമായ ആർത്തവദിനങ്ങൾ, നേരിയ രക്‌തസ്രാവം എന്നിവ ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈറോയ്‌ഡ് രോഗം വന്ധ്യതയ്‌ക്കു കാരണമാകാം. തൈറോയ്‌ഡ് ഹോർമോൺ കൂടിയാൽ ഗർഭം അലസുന്നതിനുള്ള സാധ്യത കൂടുതലാണ്. ഭ്രൂണത്തിനു വളർച്ചക്കുറവും വരാം.
ഉദരപ്രശ്‌നങ്ങൾ
നിങ്ങൾക്കു ദീർഘകാലമായി നീണ്ടു നിൽക്കുന്ന, കടുത്ത മലബന്ധപ്രശ്‌നമുണ്ടോ? അത് ഹൈപ്പോതൈറോയിഡിസം കൊണ്ടാകാം. വയറിളക്കം, ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നിവയും ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു.
മുടി-ചർമ വ്യതിയാനങ്ങൾ
മുടിയുടെയും ചർമത്തിന്റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്‌ഡ് ഹോർമോൺ ആവശ്യമാണ്. ഹൈപ്പോതൈറോയിഡിസമുള്ളവരിൽ മുടി കൂടെക്കൂടെ പൊട്ടിപ്പോവുക, വരണ്ടതാകുക എന്നീ പ്രശ്‌നങ്ങൾ കാണാറുണ്ട്. ചർമം കട്ടിയുള്ളതും വരണ്ടതുമാകുന്നു. ഹൈപ്പർ തൈറോയിഡിസത്തിൽ കനത്ത മുടി കൊഴിച്ചിലുണ്ടാകുന്നു. ചർമം നേർത്തു ദുർബലമാകുന്നു.
കഴുത്തിന്റെ അസ്വാസ്‌ഥ്യം
കഴുത്തിൽ നീർക്കെട്ടുപോലെ തോന്നുക, ടൈയും മറ്റും കെട്ടുമ്പോൾ അസ്വാസ്‌ഥ്യം, കാഴ്‌ചയിൽ കഴുത്തിൽ മുഴപോലെ വീർപ്പു കാണുക, അടഞ്ഞ ശബ്‌ദം എന്നിവയെല്ലാം തൈറോയ്‌ഡ് പ്രശ്‌നങ്ങളുടെ സൂചനകളാണ്. തൈറോയ്‌ഡ് ഹോർമോൺ കൂടിയാലും കുറഞ്ഞാലും ഈ ലക്ഷണങ്ങളുണ്ടാകാം.
പേശീസന്ധിവേദനകൾ
പേശികൾക്കും സന്ധികൾക്കും വേദന, ബലക്ഷയം, ഇവ തൈറോയ്‌ഡ് രോഗ സുചനകളാണ്. തൈറോയ്‌ഡ് ഹോർമോൺ കൂടുന്നതിന്റെയും കുറയുന്നതിന്റെയും ഭാഗമായി ഇവ പ്രത്യക്ഷപ്പെടാം.
മേൽപ്പറഞ്ഞ എല്ലാ ലക്ഷണങ്ങളും എല്ലാ രോഗികളിലും ഉണ്ടാവണം എന്നില്ല. ചിലരിൽ വളരെ നേരിയ തോതിലുള്ള ലക്ഷണങ്ങൾ മാത്രമേ കാണൂ.. അതുകൊണ്ടു തന്നെ തൈറോയ്ഡ് പ്രശ്നങ്ങൾ കൊണ്ടുവരാൻ സാധ്യതയുള്ള എന്തു ലക്ഷണങ്ങളുമായി വന്നാലും സംശയം തീർക്കാൻ തൈറോയ്ഡ് പരിശോധിക്കാൻ ഡോക്ടർമാർ ആവശ്യപ്പെടാറുണ്ട്.