‘ഇരിപ്പ്’ ശരിയായില്ലെങ്കില്‍ പണിയാകും; നടുവേദനയെ അകറ്റി നിര്‍ത്താന്‍ നാലു കാര്യങ്ങള്‍
Mail This Article
തണുപ്പുകാലമാകുന്നതോടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുവേ മന്ദഗതിയിലാകും. ശരീരത്തിന്റെ ചലനങ്ങള്‍ പരിമിതപ്പെടുകയും നട്ടെല്ലിലേക്കുള്ള പേശികളുടെ ശക്തി ക്ഷയിക്കുകയും ചെയ്യും. ഈ പേശികളാണ് നട്ടെല്ലിനാവശ്യമായ കരുത്ത് പകരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
നട്ടെല്ലിന് വരുന്ന ചെറിയ വേദനകളെ പോലും അവഗണിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. നട്ടെല്ല് പണിമുടക്കുന്നതോടെ ദൈനംദിന പ്രവര്‍ത്തനങ്ങളും താളം തെറ്റും. നടുവേദനയെ ഗൗനിക്കാതിരുന്നാല്‍ വിട്ടുമാറാത്ത വേദനയാകും ഫലം. പിന്നാലെ ചലനശേഷി കുറയുകയും ദീര്‍ഘകാല പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.
നടുവേദനയെ അകറ്റി നിര്‍ത്താം
'ഇരുത്തം' ശരിയാക്കാം : ഇരിക്കുന്നത് നേരെയല്ലെങ്കില്‍ നട്ടെല്ല് അതിവേഗം പണിമുടക്കും. കഠിനമായ വേദനയും പരുക്കുമാകും ഫലം. ചാഞ്ഞും ചരിഞ്ഞുമുള്ള ഇരിപ്പ് ഒഴിവാക്കണം. തോളുകള്‍ക്ക് അയവ് ലഭിക്കുന്ന രീതിയില്‍ പുറം നിവര്‍ന്ന് വേണം ഇരിക്കാന്‍. കസേരകളും ശ്രദ്ധിക്കണം.
ശരീരം 'അനക്കാന്‍' മടിക്കേണ്ട : തണുപ്പാണല്ലോ എന്നുകരുതി കൂനിക്കൂടി വീട്ടിലിരിക്കേണ്ട. ശരീരത്തിന് ആവശ്യമായ ചലനമില്ലാതെ വരുന്നതോടെ പിന്‍വശത്തെ പേശികള്‍ ബലഹീനമാകും. സ്ട്രെച്ചിങ്, കാര്‍ഡിയോ, നടത്തം, യോഗ തുടങ്ങിയ ചെറു വ്യായാമങ്ങള്‍ ശരീരത്തെ ഉഷാറാക്കി നിര്‍ത്താന്‍ സഹായിക്കും.
കോര്‍ മസിലുകളെ മറക്കരുത് : ശരീരത്തിന്‍റെ മുകള്‍ഭാഗത്തെയും താഴ്ഭാഗത്തെയും ബന്ധിപ്പിക്കുന്ന വയറിലെയും പിന്‍ഭാഗത്തെയും മസിലുകളാണ് കോര്‍ മസിലുകള്‍. ഇവ ദുര്‍ബലമാണെങ്കിലും നട്ടെല്ലിന് അതിവേഗം ക്ഷതമേല്‍ക്കും. ദിവസവുമുള്ള വ്യായാമത്തില്‍ കോര്‍ മസിലുകളെ കൂടി ശക്തിപ്പെടുത്താന്‍ ശ്രദ്ധിച്ചാല്‍ ഇത് ഒഴിവാക്കാം.
ദീര്‍ഘ നേരത്തെ ഇരുത്തം വേണ്ട : ഒരു സ്ഥലത്ത് തന്നെ ദീര്‍ഘനേരം ഒരേയിരിപ്പ് ഇരിക്കുന്നത് നട്ടെല്ലിന് അധിക സമ്മര്‍ദം ഉണ്ടാക്കും. ദീര്‍ഘനേരം ഇരിക്കുന്ന ജോലികള്‍ ചെയ്യുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ എഴുന്നേറ്റ് ചെറുതായി നടക്കാനും ശരീരം സ്ട്രെച്ച് ചെയ്യാനും മറക്കരുത്.