ലക്ഷണങ്ങള്‍ ശരീരം മുന്‍പേ കാണിക്കും, കൗമാരക്കാരില്‍ വ്യാപകമായി പ്രമേഹം; ജീവിതശൈലിയില്‍ വരുത്താം ചില മാറ്റങ്ങള്‍
Mail This Article
മാറിയ ജീവിതശൈലിയും നമ്മുടെ ആഹാരക്രമവും കാരണം പ്രമേഹം ഏത് പ്രായക്കാർക്കും വരുന്ന അവസ്ഥയാണ്. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന പ്രമേഹം ഇന്ന് കൗമാരക്കാരിലും യുവാക്കളിലും വ്യാപകമായി കണ്ടു വരുന്നു.
ജീവിതശൈലിയില്‍ വരുത്താം ചില മാറ്റങ്ങള്‍
പരിശോധന - പ്രമേഹസാധ്യത ഉള്ളവര്‍ക്ക് അതിനുള്ള ലക്ഷണങ്ങള്‍ ശരീരം വളരെ മുന്‍പേ കാണിക്കാറുണ്ട്. അതിനാല്‍ നേരത്തെതന്നെ പരിശോധനകള്‍ നടത്തിയാല്‍ പ്രമേഹസാധ്യത ഉണ്ടോ എന്നറിയുകയും ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യാം.
ആഹാരക്രമീകരണമാണ് പ്രമേഹനിയന്ത്രണത്തിലെ പ്രധാന ഘടകം. ഭക്ഷണക്രമീകരണം എന്നാൽ ആരോഗ്യകരമായ ഭക്ഷണം ചിട്ടപ്പെടുത്തി കഴിക്കുക എന്നതാണ്.
ഭക്ഷണത്തിനു മുന്‍പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് 100 വരെയാകുന്നതാണ് സുരക്ഷിതം. ഇത് 100 മുതല്‍ 126 വരെയാണെങ്കില്‍ രോഗത്തിന് തൊട്ടുമുമ്പുള്ള അവസ്ഥയായും 126ന് മുകളിലാണെങ്കില്‍ പ്രമേഹാവസ്ഥയായും കണക്കാക്കാം.
മദ്യം - മദ്യത്തിന്റെ ഉപയോഗം നന്നേ കുറയ്ക്കുക. അമിതമായ മദ്യപാനം രക്തത്തിലെ ഷുഗര്‍ നില ഉയര്‍ത്തും.
പുകവലി - 30- 40% പുകവലിക്കാര്‍ക്കും പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുപോലെ ഇവരില്‍ ടൈപ്പ് രണ്ട് ഡയബറ്റിസ് സാധ്യത കൂടുതലാണ്. പുകവലി ഗ്ലക്കോസ് ഇൻടോളറൻസ് കൂട്ടും. ഒപ്പം കുടവയറിനും കാരണമാകും.
വെള്ളം കുടിക്കുക - കൂടുതല്‍ വെള്ളം കുടിക്കുന്നത് പ്രമേഹത്തില്‍ നിന്നു രക്ഷിക്കും. മെറ്റബോളിസവും ദഹനവും കൂട്ടാന്‍ വെള്ളത്തിനു സാധിക്കും.
വ്യായാമം - പ്രമേഹത്തില്‍ നിന്നും രക്ഷ നേടാന്‍ വ്യായാമം അത്യാവശ്യം തന്നെ. നല്ല വ്യായാമം ചെയ്യുന്ന ഒരാള്‍ക്ക് പ്രമേഹസാധ്യത കുറവാണ്. ശരിയായ ഭക്ഷണക്രമവും വ്യായാമവും ഉണ്ടെങ്കില്‍ പ്രീഡയബറ്റിസ് രോഗിക്കു പ്രമേഹം വരാതെ നോക്കാം. പ്രമേഹരോഗികള്‍ക്ക് വ്യായമത്തിലൂടെ ഇൻസുലിന്റെ സഹായമില്ലാതെ തന്നെ രക്തത്തിലെ ഗ്ലൂക്കോസ് കോശങ്ങൾ ഉപയോഗിക്കാനുള്ള കഴിവു ലഭിക്കുന്നു.
വ്യായാമം പാൻക്രിയാസിലെ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിച്ചു റെസിസ്റ്റൻസ് കുറഞ്ഞ കഴിവുള്ള ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു. ഇതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാര കുറയാൻ സഹായിക്കുന്നു. വയറിനു ചുറ്റും കൊഴുപ്പ് അടിയുന്നത് പ്രമേഹം വേഗത്തില്‍ വരാന്‍ കാരണമാകും.
മധുരവും കാര്‍ബോഹൈഡ്രേറ്റും കുറയ്ക്കാം - മധുരവും കാര്‍ബ് അടങ്ങിയ ആഹാരവും കുറയ്ക്കുന്നത് പ്രമേഹത്തെ തടയും. പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ബാലന്‍സ് ഡയറ്റ് ശീലിക്കുക.