ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി, പാലിനേക്കാൾ കൂടുതൽ കാൽഷ്യം ചീരയെക്കാൾ കൂടുതൽ ഇരുമ്പ്: അറിയാം മരുങ്ങയില എന്ന അത്ഭുത ഭക്ഷണത്തെ Moringa Leaves: A Natural Solution for Skin, Hair, and Overall Wellness
Mail This Article
പണ്ട് വീട്ടിൽ പരിപ്പും മുരിങ്ങയിലയും കുത്തിക്കാച്ചിയതും മുരങ്ങയില തോരനുമൊക്കെ വയ്ക്കുമ്പോൾ പരമപുച്ഛം മാത്രം കൊടുത്ത് അതിനെ അവഗണിച്ചവരൊക്കെ ഇന്ന് മുരിങ്ങയിലയുടെ ‘കൊടും ഫാൻസ്’ ആണ്. തൊടിയിലും പറമ്പിലും മുരിങ്ങയില കണ്ടാൽ ഒരു തണ്ട് ഒടിച്ചെടുക്കാതെ മടങ്ങാത്തവരായി പലരും. ‘സൂപ്പർ ഫൂഡ്’ എന്ന് ലോകം മൊത്തം ഓമനിച്ചു വിളിക്കുന്ന മുരിങ്ങയുടെ ഇല ഇന്ന് ഇലകളായും ഉണക്കിപ്പൊടിച്ച പൊടിയായും അവകൊണ്ടുള്ള ടാബ്‌ലെറ്റുകളായും ഇന്ന് മിക്ക വീടുകളിലും സ്ഥാനം പിടിച്ചിരിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതു മുതൽ പ്രമേഹ നിയന്ത്രണം വരെ മുരിങ്ങയിലകൾക്ക് ‘നിസ്സാര’മായി ചെയ്യാവുന്ന കാര്യങ്ങളാണ്. കൂടുതൽ മുരിങ്ങ വിശേഷങ്ങൾ അറിയാം:
∙ മുരിങ്ങയിൽ പ്രോട്ടീൻ, കാൽഷ്യം, ഇരുമ്പ്, വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ബി1, ബി2, ബി3 മുതലായവ മഗ്നീഷ്യം, പൊട്ടാഷ്യം, ഫോസ്‍ഫറസ്, നാരുകൾ, ആന്റീഓക്സിഡന്റുകൾ എന്നിവയുടെ കലവറയാണ്.
∙ ചർമത്തേയും മുടിയേയും ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ചർമത്തിലെ മുറിവുകൾ വേഗമുണക്കാനുള്ള ശേഷി മുരിങ്ങയിലയ്ക്കുണ്ട്. തലമുടി തഴച്ചു വളരാനും മുരിങ്ങ സഹായിക്കും.
∙ ഇവയിലുള്ള വൈറ്റമിൻ സിയും ആന്റീ ഓക്സിഡന്റുകളും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
∙ കൊളസ്ട്രോൾ, പ്രമേഹം, ഹൃദ്രോഗസാധ്യത എന്നിവ കുറയ്ക്കാൻ ഇവ ഉപകരിക്കും.
∙ നാരുകൾ ധാരാളം അടങ്ങിയതു കൊണ്ട് തന്നെ ദഹനത്തെ മെച്ചപ്പെടുത്തും. കൂടാതെ ബലബന്ധം ഒഴിവാക്കാനും നല്ലതാണ്.
∙ തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിച്ച് മാനസിക പിരിമുറുക്കം കുറയ്ക്കാനും മുരിങ്ങ കഴിച്ചു ശീലിക്കാം.
∙ കരളിൽ നിന്നും വിഷവസ്തുക്കളെ കൂടുതൽ ഫലപ്രദമായി അരിച്ചു കളയാൻ മുരിങ്ങ സഹായിക്കും.
∙ മുരിങ്ങയിലെ കാൽഷ്യവും ഫോസ്ഫറസും നമ്മുടെ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യം വർദ്ധിപ്പിക്കും.
∙ ഇലകളിലടങ്ങിയ വൈറ്റമിൻ എ, ബീറ്റാ കരോട്ടിൻ മുതലായവ കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതു കൂടാതെ കാഴ്ച്ച പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യും.
മുരങ്ങയില തനിച്ച് കഴിക്കാൻ ഇഷ്ടമല്ലാത്തവർക്ക് ഓംലെറ്റിനൊപ്പമോ മറ്റെന്തെങ്കിലും പച്ചക്കറികൾ മെഴുക്കുപുരട്ടുന്നതിനൊപ്പമോ ഇവ ചേർക്കാം. സാമ്പാറിലും തേങ്ങായരച്ച കറികളിലും തീയലിലും മുരിങ്ങയില ഇടാം. ചപ്പാത്തിയോ പുട്ടോ ഇടിയപ്പമോ ഒക്കെയുണ്ടാക്കുമ്പോൾ അൽപം മുരിങ്ങയിലപ്പൊടിയോ ഇലയുടെ നീരോ ഒക്കെ ചേർക്കാം. സൂപ്പ്, സ്റ്റൂ, സാലഡ്, കട്ട്ലെറ്റ് എന്നിവയിലും മുരിങ്ങയിലെ ഒപ്പം കൂട്ടാം.