‘ചെവിക്കരികിൽ മണിമുഴങ്ങുന്നതു പോലെ...’; ശബ്ദം കൂടുന്തോറും കേൾവിശക്തിക്ക് അതേൽപ്പിക്കുന്ന ക്ഷതവും കൂടും! അറിയാം ഇക്കാര്യങ്ങള്‍ The Silent Threat: Understanding Hearing Loss
Mail This Article
അപ്പു. വയസ്സ് 15. ഉറക്കത്തിൽ പോലും ചെവിയിൽ ഹെഡ്ഫോൺ ഉണ്ടാകും. അടുത്തിടെ ചെവിയിൽ ഇരപ്പു കൂടുന്നതിനാൽ ഇഎൻടി ഡോക്ടറെ ഗൂഗിളിൽ തിരയുമ്പോഴാണ് അപ്പുവിന്റെ മുത്തച്ഛന്റെ എന്‍ട്രി.
മുത്തച്ഛൻ അപ്പുവിനെയും കൂട്ടി വീടിന്റെ കോണിലുള്ള മുറിയിൽ പോയി വാതിലടച്ചു. ചെവിയിൽ നിന്നു ഹെഡ്ഫോൺ മാറ്റി അൽപനേരം കണ്ണടച്ചിരിക്കാൻ പറഞ്ഞു. രണ്ടു മിനിറ്റ് കഴിഞ്ഞതും മുത്തച്ഛൻ ചോദിച്ചു, ‘എന്താ അപ്പൂ ഇപ്പോൾ കേൾക്കുന്നത്?’ അപ്പുവിന്റെ ചിരി കലർന്ന മറുപടി വന്നു ‘ഒന്നുമില്ല. ’
‘കണ്ണു തുറക്കൂ’ മുത്തച്ഛൻ അപ്പുവിനോടു പറഞ്ഞു, ‘ഇതാണ് സൈലൻസ്... നിശബ്ദത. ഇതിന്റെ വിലയാണ് നീ ഇത്രയും നാൾ മനസ്സിലാക്കാതെ പോയത്, ഇതുതന്നെയാണു നിന്റെ പ്രശ്നങ്ങൾക്കുള്ള പരിഹാരവും.’
കാതടപ്പിക്കുന്ന ശബ്ദങ്ങൾ
ഇവിടെ അത്ര വലിയ ശബ്ദമില്ലല്ലോ എന്നു തോന്നുമ്പോഴും ഉച്ചത്തിലെവിടെയോ ഫാൻ കറങ്ങുന്നുണ്ടാകാം, ഫാക്ടറിയിലെ മെഷീനുകൾ മുരളുന്നുണ്ടാകാം. വീടുപണിക്കായി സിമന്റും ചരലും കുഴയ്ക്കുന്ന ശബ്ദം, ആരോ ഉച്ചത്തില്‍ പാട്ടു വച്ചിരിക്കുന്ന ശബ്ദം, ആ ഘോഷങ്ങൾ പ്രമാണിച്ചുള്ള വെടിക്കെട്ടിന്റെ ശബ്ദം...
ശബ്ദം അരോചകമാകുന്നതു പലപ്പോഴും ആളുകളുടെ മനഃസ്ഥിതിയനുസരിച്ചാണ്. 1000 രൂപ മുടക്കി ടിക്കറ്റെടുത്ത് ഇഷ്ടപ്പെട്ട ബാൻഡിന്റെ പെർഫോമൻസ് കാണാൻ മുൻനിരയിൽ നിൽക്കുന്നയാൾക്കും പരീക്ഷയ്ക്കു വേണ്ടി തയാറെടുക്കുന്നയാൾക്കും ഒരേ ശബ്ദം തന്നെ രണ്ടു രീതിയിലുള്ള അനുഭവമുണ്ടാക്കും.
നിങ്ങൾക്ക് അരോചകമായി തോന്നുന്ന ശബ്ദങ്ങളെ ‘അൺവാൺഡ്ഡ് സൗണ്ട്സ്’ എന്നു വിളിക്കാം. സന്തോഷത്തോടെ കേട്ടാലും സങ്കടത്തോടെ കേട്ടാലും 85 ഡെസിബലിനു മുകളിലുള്ള ശബ്ദം തുടർച്ചയായി കേട്ടാൽ അതു കേൾവിശക്തിയെ സാരമായി ബാധിക്കും.
റോക്ക് ബാൻഡുകൾ ശരാശരിയുണ്ടാക്കുന്ന ശബ്ദം ഏകദേശം 110 ഡെസിബലാണെന്നും ഒരു സാധാരണ സംഭാഷണം 50 – 60 ഡെസിബലാണെന്നും ഓർക്കാം.
85 ഡെസിബൽ വരെയുള്ള ശബ്ദങ്ങൾ എട്ടു മണിക്കൂർ തുടർച്ചയായി കേട്ടാൽ ഉണ്ടാക്കുന്ന കേൾവി തകരാറുകൾ 90 – 95 ഡെഡിബൽ ഉള്ള ശബ്ദം രണ്ടു മണിക്കൂർ തുടർച്ചയായി കേട്ടാൽ ഉണ്ടാകും. ശബ്ദം കൂടുന്തോറും കേൾവിശക്തിക്ക് അതേൽപ്പിക്കുന്ന ക്ഷതവും കൂടും. കേൾക്കുന്ന ശബ്ദങ്ങൾക്കനുസരിച്ചും ദൈർഘ്യമനുസരിച്ചും കേൾവിക്കുറവോ, കേൾവി നഷ്ടപ്പെടുകയോ സംഭവിക്കാം.
സാധ്യത ആർക്കൊക്കെ?
ഉയർന്ന ശബ്ദമുണ്ടാക്കുന്ന ഡ്രമ്മുകളും വാദ്യങ്ങളും ഉപയോഗിക്കുന്നവർക്ക്, വളരെ വലിയ ശബ്ദം പുറപ്പെടുവിക്കുന്ന ഫാക്ടറികളിൽ ജോലി ചെയ്യുന്നവർക്ക്, വലിയ ട്രാഫിക്കും ഹോണടിയും ഒക്കെയുള്ള സിറ്റികളിലൂടെ മണിക്കൂറുകളോളം സ്ഥിരം യാത്ര ചെയ്യുന്നവർക്ക്. തുടങ്ങി ഉച്ചത്തിലുള്ള ശബ്ദം സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്നവർക്കൊക്കെ കേൾവി പ്രശ്നങ്ങൾക്കു സാധ്യത കൂടും.
മണിക്കൂറുകളോളം സ്ഥിരമായി ഹെഡ്ഫോണിൽ ഉ ച്ചത്തിൽ പാട്ടുകളും മറ്റും കേൾക്കുന്നവർക്കും കേൾവിത്തകരാറുകൾ വരാനുള്ള സാധ്യത കൂടുതലാണ്. ഇയർഫോൺ വച്ചു പാട്ടു കേട്ടുറങ്ങുന്ന ശീലം ഒഴിവാക്കണം. ശരീരം മുഴുവൻ വിശ്രമിക്കുന്ന സമയത്തു തലച്ചോറിലേക്കെത്തുന്ന ഈ ശബ്ദം കാരണം മിക്കയാളുകളുടേയും ‘ഗാഢനിദ്ര’യ്ക്കു പ്രശ്നം വരാറുണ്ട്.
ഉറങ്ങി എഴുന്നേറ്റാലും തളർച്ചയും ക്ഷീണവും മാറാതിരിക്കുക, സ്ട്രെസ് കൂടുക, അടിക്കടി തലവേദന വരിക, ഫോക്കസ് കുറയുക ഇങ്ങനെ പല വിധ പ്രശ്നങ്ങൾ ഉറക്കത്തിനു തടസ്സമുണ്ടായാൽ വരാമെന്നു മനസ്സിലാക്കുക.
തുടക്കത്തിലേ അറിയാം, തടുക്കാം
അമിത ശബ്ദം കൊണ്ടുണ്ടാകുന്ന പ്രധാന ആപത്തു കേൾവിക്കുറവും കേൾവി നഷ്ടപ്പെടലുമാണ്. അതിനു മുന്നോടിയായി വരുന്ന ലക്ഷണങ്ങൾ തിരിച്ചറിയാം.
∙ കാതുകളിൽ ഇരപ്പും അസ്വസ്ഥതയും.
∙ ചെവിക്കരികിൽ മണിമുഴങ്ങുന്നതു പോലെ തോന്നാം.
∙ വലിയ ശബ്ദമില്ലാത്തപ്പോഴും ശബ്ദം കേൾക്കുന്നതു പോലെ തോന്നുക.
∙ തമ്മിൽ സംസാരിക്കുമ്പോൾ പതിവിലും കൂടുതൽ ഉച്ചത്തിൽ സംസാരിക്കുക.
∙ പതിഞ്ഞ ശബ്ദങ്ങൾ, ചില ഹൈ പിച്ച് ശബ്ദങ്ങൾ കേൾക്കാനുള്ള ബുദ്ധിമുട്ട്.
∙ ഫോൺ സംഭാഷണം കേൾക്കാൻ പ്രയാസമായി വരിക.
∙ ഉച്ചത്തിലുള്ള ശബ്ദം ചിലർക്ക് മൈഗ്രേൻ തലവേദന കൂട്ടാൻ കാരണമാകും.
∙ ഉച്ചത്തിലുള്ള ശബ്ദം കൂടുതൽ േനരം കേൾക്കേണ്ടി വരുന്ന സാഹചര്യം കഴിവതും കുറയ്ക്കുക. അതു പറ്റാത്തവർ ശബ്ദം കടക്കാനനുവദിക്കാത്ത ഇയർ പ്ലഗ്ഗുകൾ, വോയിസ് കാൻസലിങ് ഹെഡ്ഫോൺ എന്നിവ ഉപയോഗിക്കുന്നതാണ് നല്ലത്.
∙ ഉറങ്ങുന്ന സമയത്ത് ഉച്ചത്തിലുള്ള പാട്ടും മറ്റും കേട്ടുറങ്ങുന്നതും ഹെഡ്ഫോൺ വച്ചു കിടക്കുന്നതും ഒഴിവാക്കുക.
∙ വളരെയധികം ശബ്ദത്തിൽ ജോലി ചെയ്യേണ്ടി വരുന്നവർ വീട്ടിൽ വന്നാൽ വീണ്ടും ടിവിയും കംപ്യൂട്ടറും ഉറക്കെ വയ്ക്കാതെ ശബ്ദം കുറച്ചു വച്ച് കാതിനു വിശ്രമം നൽകാൻ ശ്രദ്ധിക്കണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. പുഷ്പകുമാരി, അഡീഷനൽ പ്രഫസർ, ഇഎൻടി, ഗവൺമെന്റ് മെഡിക്കൽ കോളജ്, തിരുവനന്തപുരം
