ഗർഭിണികളിലെ ഓക്കാനവും ഛർദിയും; ജാഗ്രത പുലർത്തേണ്ടത് എപ്പോൾ ? When Vomiting in Pregnancy Becomes a Cause for Concern
Mail This Article
70 % ഗർഭിണികളിലും ആദ്യ അഞ്ചു മാസം പ്രത്യേകിച്ചു മൂന്നു മാസം വരെ ഓക്കാനവും ഛർദിയും കണ്ടുവരാറുണ്ട്. എച്ച്സിജി ഹോർമോണിന്റെ പ്രവർത്തനം മൂലമാണിത്. ചിലരിൽ ഛർദി ഗർഭാവസാനം വരെയും കാണും. ഇതു നേരിയ തോതിലാണെങ്കിൽ പേടിക്കേണ്ടതില്ല. ഒന്നിലധികം കുഞ്ഞുങ്ങളെ ഗർഭം ധരിക്കുന്നവരിലും ആദ്യ ഗർഭത്തിലും സാധാരണയിലും കൂടുതല്‍ ഛർദി ഉണ്ടാകാം.
ഭക്ഷണം കഴിച്ചയുടനേ കിടക്കാതിരിക്കുക, അമിതമായി എരിവും പുളിയുമുള്ള ആഹാരം ഒഴിവാക്കുക, ഛർദിൽ ട്രിഗർ ചെയ്യുന്ന മണങ്ങൾ ഒഴിവാക്കുക, ചെറിയ അളവിൽ ഭക്ഷണം കഴിക്കുക, ബി 6 അടങ്ങിയ ഗുളികകൾ കഴിക്കുക എന്നിവ ആശ്വാസം നൽകും.
ഓക്കാനവും ഛർദിയും തീവ്രമായാൽ ഗർഭിണിയുടെ ശരീരത്തില്‍ ആഹാരമോ, ജലാംശമോ നിലനിർത്താൻ കഴിയാതെ വരും. ഇതു ശരീരരഭാരം നഷ്ടമാകുക, നിർജലീകരണം, വൈറ്റമിൻ അപര്യാപ്തത, കരളിന്റെ ആരോഗ്യം നശിക്കുക, തലച്ചോറിൽ മാറ്റങ്ങളുണ്ടാകുക, കുഞ്ഞിനു വളർച്ചക്കുറവ് എന്നിങ്ങനെ അടിയന്തിരമായി വൈദ്യസഹായം തേടേണ്ട അവസ്ഥയിലേക്ക് എത്താം.
എന്നാൽ, അഞ്ചു മാസത്തിനു ശേഷം ഒരിക്കൽ നിന്ന ഛർദി വീണ്ടും വരിക, കൂടുതലായി ഛർദിക്കുക എന്നിവ കണ്ടാൽ ശ്രദ്ധിക്കണം. തലവേദനയോടൊപ്പമാണു ഛർദിയെങ്കിൽ രക്താതിമർദം ഉയരുന്നതാകാം കാരണം. ഗർഭകാലത്ത് ഉണ്ടാകാവുന്ന ഒബ്സ്ടെട്രിക് കൊളസ്റ്റേസിസ്, എഎഫ്എൽപി, എക്ലാപ്സിയ തുടങ്ങിയ ഗുരുതര സങ്കീർണതകളുടെ ലക്ഷണമായും ഛർദി ഉണ്ടാകാം. അമ്മയ്ക്കും കുഞ്ഞിനും ദോഷകരമാണ് ഈ അവസ്ഥകൾ. പിത്താശയക്കല്ല്, അപ്പെൻഡിസൈറ്റിസ്, പാൻക്രിയാറ്റിറ്റിസ്, അസിഡിറ്റി, കുടൽ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയും അഞ്ചു മാസത്തിനു ശേഷമുള്ള ഛർദിക്കു കാരണമാകാം. നിർത്താതെയുള്ള ഛർദിക്കൊപ്പം നീരു വയ്ക്കുക, ഛർദിയിൽ രക്തത്തിന്റെ അംശം, മൂത്രത്തിന്റെ അളവു കുറയുക, കണ്ണിൽ മഞ്ഞനിറം ഉണ്ടാകുക തുടങ്ങിയവയും അടിയന്തിര സാഹചര്യങ്ങളാണ്.
ഛർദിലിന് ഡോക്ടറെ കണ്ട് ആവശ്യമെങ്കിൽ മരുന്നു കഴിക്കാം. സങ്കീർണതകളുണ്ടോയെന്നു പരിശോധിക്കാം.
വിവരങ്ങൾക്കു കടപ്പാട് : ഡോ. റിങ്കു ജി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഗവ.മെഡിക്കൽ കോളജ്, കൊല്ലം
