ADVERTISEMENT

സെർവിക്കൽ കാൻസർ / ഗർഭാശയഗള കാൻസർ കണ്ടുപിടിക്കാനുള്ള സ്ക്രീനിങ് ടെസ്റ്റ് ആണ് പാപ് സ്മിയർ. ഗർഭാശയമുഖം /ഗളത്തിലെ കോശങ്ങളിൽ ഉണ്ടാകുന്ന അസ്വാഭാവികമായ മാറ്റങ്ങൾ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തി സെർവിക്കൽ കാൻസർ തടയാമെന്നതാണ് ഈ ടെസ്റ്റ് കൊണ്ടുള്ള പ്രധാന ഗുണം. എല്ലാ സ്ത്രീകളും 21 വയസ്സ് മുതൽ പാപ് സ്മിയർ ടെസ്റ്റ് ചെയ്യേണ്ടതാണ്.

സെർവിക്കൽ കാൻസറിന്റെ മുഖ്യ കാരണം എച്ച്പിവി (ഹ്യൂമൻ പാപിലോമ വൈറസ്) ആണ്. വൈറസ് ബാധിച്ചു 10 -12 വർഷത്തിനുള്ളിലാണ് കാൻസറായി മാറുക. അതുകൊണ്ട് എച്ച്പിവി വൈറസിനെതിരായുള്ള വാക്സിനേഷൻ വളരെ പ്രധാനമാണ്.

ADVERTISEMENT

പല തരം എച്ച്പിവി ഉണ്ട്. ഇതിൽ 90 % സെർവിക്കൽ കാൻസറിനും കാരണമാകുന്നത് 16,18 സബ് ടൈപുകളാണ്. ഈ വൈറസുകളെയാണ് വാക്സീൻ ടാർഗറ്റ് ചെയ്യുന്നതും. കൂടാതെ ജനൈറ്റൽ വാർട്സിന് കാരണമാകുന്ന സബ് ടൈപ്പുകൾക്കെതിരെയും സംരക്ഷണം ലഭിക്കും.

എച്ച്പിവി ലൈംഗികബന്ധത്തിലൂടെ പകരുന്ന വൈറസാണ്. അതുകൊണ്ട് ലൈംഗികജീവിതം ആരംഭിക്കുന്നതിനു മുൻപേ തന്നെ എച്ച്പിവി വാക്സീൻ എടുക്കുന്നതാണ് അഭികാമ്യം.

ADVERTISEMENT

∙ 9 -14 വയസ്സു വരെ രണ്ടു ‍ഡോസ്

∙ 15 -26 വയസ്സു വരെ മൂന്നു ഡോസ്

ADVERTISEMENT

ഹൈ റിസ്ക് ഗ്രൂപ്പിലുള്ളവർക്ക് 45 വയസ്സു വരെ വാക്സീൻ സ്വീകരിക്കാവുന്നതാണ്. രോഗപ്രതിരോധ ശക്തി വളരെ കുറവുള്ളവർ, എയ്ഡ്സ് അല്ലെങ്കിൽ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന മറ്റു രോഗങ്ങളുള്ളവർ, ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉള്ളവർ തുടങ്ങിയവരാണ് ഹൈ റിസ്ക് ഗ്രൂപ്പിൽ പെടുന്നവർ.

എല്ലാ സ്ത്രീകളും 21 വയസ്സ് മുതൽ പാപ് സ്മിയർ ചെയ്യേണ്ടതാണെന്നു പറഞ്ഞല്ലോ. ടെസ്റ്റ് 65 വയസ്സുവരെ തുടരണം.

∙ 21-29 വയസ്സുവരെ മൂന്നു വർഷം കൂടുമ്പോൾ.

∙ 30-65 വയസ്സു വരെ മൂന്നു വർഷത്തിലൊരിക്കൽ പാപ് സ്മിയർ ടെസ്റ്റ് അല്ലെങ്കിൽ അഞ്ചു വർഷം കൂടുമ്പോൾ പാപ് സ്മിയറും എച്ച്പിവി ടെസ്റ്റിങ്ങും ഒന്നിച്ച്.

മുൻപുള്ള ടെസ്റ്റുകൾ നോർമലാണെങ്കിൽ 65 വയസ്സിനു ശേഷം ടെസ്റ്റ് വേണ്ട. പരിശോധനകളിൽ ഫലം നോർമലല്ലാത്തവരും ഹൈ റിസ്ക് ഗ്രൂപ്പിലുള്ളവരും ഡോക്ടര്‍ നിർദേശിക്കുന്ന ഇടവേളയിൽ ടെസ്റ്റ് തുടരണം.

സ്ക്രീനിങ് വഴി പ്രശ്നങ്ങൾ കണ്ടെത്തിയാൽ കോൾപോസ്കോപി, ബയോപ്സി പോലുള്ള പരിശോധനകളും ചികിത്സയും വേണ്ടിവരും.

papsmear2

എച്ച്പിവി വാക്സീൻ എടുത്തവരും കൃത്യമായ ഇടവേളയിൽ പാപ് സ്മിയർ ടെസ്റ്റ് ചെയ്യുന്നതാണ് നല്ലത്. കാരണം വാക്സീൻ സംരക്ഷണം നൽകാത്ത മറ്റ് എച്ച്പിവി സബ് ടൈപ്പുകള്‍ മൂലവും അണുബാധയുണ്ടാകാം. കൂടാതെ സെർവിക്സിൽ ഉള്ള മറ്റു മാറ്റങ്ങൾ കണ്ടെത്താനും ടെസ്റ്റിലൂടെ കഴിയും.

വിവരങ്ങൾക്കു കടപ്പാട് : ഡോ. റിങ്കു ജി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഗവ.മെഡിക്കൽ കോളജ്, കൊല്ലം

Understanding Cervical Cancer and Pap Smear Tests:

Cervical cancer is preventable with early screening and vaccination. Pap smear tests and HPV vaccinations are crucial for women's health, especially starting at age 21 and before sexual activity, respectively.

ADVERTISEMENT