ADVERTISEMENT

കാഴ്ചക്കുറവോ മറ്റു പ്രശ്നങ്ങളോ ഉണ്ടായാല്‍ പോലും കണ്ണട വയ്ക്കാന്‍ മടിയുള്ളവരാണ് ഏറെയും. കണ്ണട അഭംഗിയോ അസൗകര്യമോ അല്ല, എങ്കിലും ഉപയോഗിക്കാന്‍ പലര്‍ക്കും മടിയാണ്. കണ്ണടകൾ കൊണ്ടു പരിഹരിക്കാവുന്ന നാലുതരം നേത്രവൈകല്യങ്ങളുണ്ട്. കണ്ണിന്റെ ആരോഗ്യത്തെയും അതിനു പിന്തുണയേകുന്ന കണ്ണടകളെയും കുറിച്ച് അറിയാം. 

ഹ്രസ്വദൃഷ്ടി അഥവാ മയോപ്പിയ 

ADVERTISEMENT

സാധാരണ 8 മുതൽ 10 വയസ്സു വരെയുള്ള കുട്ടികളിലാണ് ഇത് ആദ്യമായി കണ്ടുപിടിക്കപ്പെടുന്നത്. ഇവരുടെ നേത്രഗോളങ്ങളുടെ വലുപ്പം സാധാരണയിലും കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ പ്രകാശരശ്മികൾ റെറ്റിനയുടെ മുന്നിൽ കേന്ദ്രീകരിച്ച് മങ്ങിയ കാഴ്ചയ്ക്ക് കാരണമാകുന്നു.

സാധാരണയായി ഹ്രസ്വദൃഷ്ടിയുള്ള കുട്ടിക്കു കണ്ണടയുടെ സഹായത്തോടെ മാത്രമേ ദൂരെയുള്ള വസ്തുക്കളെ കാണാനാകൂ. കുട്ടിക്കു വ്യക്തമായ കാഴ്ച കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഹ്രസ്വദൃഷ്ടി കണ്ടെത്തുമ്പോൾ തന്നെ കണ്ണടകൾ ധരിക്കണം. കുട്ടി വളരുന്തോറും നേത്രഗോളത്തിന്റെ വലുപ്പം വർധിക്കുകയും കണ്ണടയുടെ പവറിൽ വർധനവ് ഉണ്ടാവുകയും ചെയ്യുന്നു. ദീർഘദൃഷ്ടിയിൽ നേത്രഗോളത്തിന്റെ വലുപ്പം കുറവായതിനാൽ പ്രായം കൂടുന്തോറും പവർ കുറയുന്നു.

ADVERTISEMENT

ദീർഘദൃഷ്ടി അഥവാ ഹൈപ്പെറോപ്പിയ 

നേത്രഗ്രോളം സാധാരണയെക്കാൾ ചെറുതായിരിക്കുകയും പ്രകാശരശ്മികൾ റെറ്റിനയുടെ പുറകിൽ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിനാൽ കാഴ്ച മങ്ങൽ ഉണ്ടാകുന്നു. സാധാരണഗതിയിൽ കുട്ടികളിൽ ചെറിയ തോതിൽ ദീർഘദൃഷ്ടി കണ്ടുവരാറുണ്ട്. കോങ്കണ്ണുമായോ കാഴ്ചക്കുറവുമായി ബന്ധപ്പെട്ടോ കാണുന്ന ദീർഘദൃഷ്ടി പരിഹരിക്കേണ്ടതാണ്.

ADVERTISEMENT

വെള്ളെഴുത്ത് അഥവാ പ്രസ്ബയോപ്പിയ 

40 വയസ്സാകുമ്പോൾ വളരെ അടുത്തുള്ള വസ്തുക്കളെ കാണാനുള്ള കാഴ്ചക്കുറവ് ഉണ്ടാകുന്നു. മരുന്നുകുപ്പികളിലെയോ ആധികാരിക രേഖകളിലെയോ ചെറിയ പ്രിന്റുകൾ വായിക്കാനുള്ള ബുദ്ധിമുട്ടായിട്ടാണ് ഇത് സാധാരണ ആദ്യമായി അനുഭവപ്പെടുന്നത്. പ്രായം കൂടുന്തോറും അടുത്ത കാഴ്ച ക്രമേണ കുറഞ്ഞുവരുന്നു. ദൂരക്കാഴ്ചയെ ഇതു സ്വാധീനിക്കുന്നില്ല.

വെള്ളെഴുത്ത് കണ്ണുകൾക്ക് കാഴ്ച മങ്ങലല്ലാതെ മറ്റു പ്രശ്നങ്ങളുണ്ടാക്കുന്നില്ല. എന്നാൽ പ്രായം കൂടുന്തോറും വായിക്കാനുള്ള പവർ കൂടുന്നു. കണ്ണട ഉപയോഗിക്കാതെ വായിക്കാൻ ശ്രമിക്കും തോറും കണ്ണിന് ആയാസം കൂടി അടുത്ത കാഴ്ചയ്ക്കു മങ്ങലും കണ്ണിനു കടച്ചിലും അനുഭവപ്പെടുന്നു.

വെള്ളെഴുത്ത് ഒരിക്കലും ഇല്ലാതാകുകയോ തനിയെ ശരിയാക്കപ്പെടുകയോ ചെയ്യുന്നില്ല. ചില അവസരങ്ങളിൽ 60 വയസ് കഴിയുമ്പോൾ ചിലർക്ക് 40 വയസ്സിൽ നഷ്‌ടപ്പെട്ട, അടുത്തു കാണാനുള്ള കഴിവു തിരികെ കിട്ടിയതായി പറയുന്നു. ഇതു സെക്കൻഡ് സൈറ്റ് (second sight) എന്നറിയപ്പെടുന്നു. കണ്ണിനുള്ളിലെ സുതാര്യമായ ലെൻസിന്റെ ന്യൂക്ലിയസിൽ ഉണ്ടാകുന്ന റിഫ്രാക്ഷന്റെ വർധനവാണ് ഇതിനു കാരണം. ഇത്തരത്തിൽ പവറിലുണ്ടാകുന്ന വർധനവാണ് അടുത്തുളള കാഴ്ചയ്ക്കു കാരണം. അടുത്തുള്ള കാഴ്ച തെളിയുന്നുവെങ്കിലും ലെൻസ് അതാര്യമാകുന്നതിനാൽ തിമിര ശസ്ത്രക്രിയ കുറച്ചുനാൾ കഴിയുമ്പോൾ ചെയ്യേണ്ടി വരുന്നു.

മിശ്രദൃഷ്ടി അഥവാ അസ്റ്റിഗ്മാറ്റിസം 

മിശ്രദൃഷ്ടിയിൽ പ്രകാശരശ്മികൾ റെറ്റിനയിലെ വ്യത്യസ്ത ഭാഗങ്ങളിൽ കേന്ദ്രീകരിക്കുന്നു. ഇവ ദൂരക്കാഴ്ചയെയും അടുത്ത കാഴചയെയും ബാധിക്കുന്നു.

ഫ്രെയിം, ലെൻസ് എന്നിവയിൽ ശ്രദ്ധിക്കേണ്ടത്...

ഫ്രെയിമുകൾ ഏറെ ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. കാഴ്ചയിലെ ഭംഗി മാത്രം നോക്കി ഫ്രെയിമുകൾ തിരഞ്ഞെടുക്കാതിരിക്കുക. മൂക്കിനു മുകളിലേക്ക് ഇടയ്ക്കിടയ്ക്കു തള്ളി തിരിച്ചുവയ്ക്കേണ്ട തരം ഫ്രെയിമികൾ തിരഞ്ഞെടുക്കരുത്. മൂക്കിന്റെ പാലത്തിൽ നിന്നും താഴോട്ടു വഴുതിവീഴാത്ത ഫ്രെയിമുകളാണ് നല്ലത്. 

ലെൻസുകൾ പിടിപ്പിക്കുമ്പോൾ ഫ്രെയിമുകൾ കൂടുതൽ ഭാരമുള്ളതായി താഴേക്ക് വഴുതാനുള്ള പ്രവണത കൂടും. ഫ്രെയിം നിങ്ങളുടെ കവിളുകളിൽ തട്ടാതിരിക്കാൻ ശ്രദ്ധിക്കുക. (ഫ്രെയിമുകൾ മുഖത്തുവച്ചു ചിരിക്കുമ്പോൾ കവിളിൽ തട്ടരുത്.) ജീവിതശൈലിക്കനുസൃതമായ ഫ്രെയിമുകൾ തിരഞ്ഞെടുക്കുക. വ്യായാമം ചെയ്യുമ്പോൾ ഉപയോഗിക്കാൻ ചെറിയ ഫ്രെയിമുകളാണ് നല്ലത്.

കോൺടാക്റ്റ് ലെൻസ് ഉപയോഗിക്കുമ്പോൾ 

കണ്ണിലെ കോർണിയയുടെ മുൻഭാഗത്തു നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് ഫിലിമാണ് കോണ്ടാക്റ്റ് ലെൻസുകൾ. ഇവ കാഴ്ച വൈകല്യങ്ങളെ പരിഹരിക്കുന്നു.

∙ കോൺടാക്റ്റ് ലെൻസുകൾ വയ്ക്കുന്നതിനു മുന്‍പും ഊരി മാറ്റുന്നതിനു മുന്‍പും കൈകൾ വൃത്തിയായി കഴുകുക.

∙ കോൺടാക്റ്റ് ലെൻസുകളും സൊല്യൂഷനിൽ കഴുകണം.

∙ കണ്ണുകളിൽ കോൺടാക്ട് ലെൻസുള്ളപ്പോൾ കണ്ണുകൾ തിരുമ്മാതിരിക്കുക.

∙ സൗന്ദര്യലേപനങ്ങളോ ഷേവിങ് ക്രീമുകളോ ഉപയോഗിക്കുന്നതിനു മുന്‍പ് കോൺടാക്റ്റ് ലെൻസുകൾ നിക്ഷേപിക്കുക.

∙ മേക്കപ്പ് മാറ്റുന്നതിനു മുന്‍പ് കോൺ‌ടാക്ട് ലെൻസുകൾ ഊരിമാറ്റുക.

കണ്ണടകളുടെ ഉപയോഗവും വ്യത്തിയാക്കലും

കണ്ണടകൾ ഉപയോഗിക്കാത്ത സമയത്ത് ബോക്സിൽ സൂക്ഷിച്ചാൽ പോറൽ (Scratch) വീഴാതെ സംരക്ഷിക്കാം.

∙ പരുപരുത്തതോ ദൃഢമോ ആയ പ്രതലത്തിൽ കണ്ണടകൾ വയ്ക്കരുത്.

∙ കണ്ണടകൾ വയ്ക്കുമ്പോഴും ഊരി മാറ്റുമ്പോഴും രണ്ടുകൈകളും ഉപയോഗിച്ചാൽ ഫ്രെയിം വളയാതിരിക്കും.

∙ കണ്ണടകൾ മറ്റുള്ളവർക്ക് പര‍ീക്ഷ‍ിക്കാൻ നൽകരുത്, കണ്ണടയുടെ ഘടനയിൽ മാറ്റങ്ങളോ പോറലോ ഉണ്ടാകാം.

∙ കൃത്യമായ രീതിയിൽ ഫ്രെയിമുകൾ വൃത്തിയാക്കുക. ചെറ‍ുചൂടുവെള്ളമോ ലെൻസ് ക്ലീനിങ് സൊല്യൂഷനോ ഉപയോഗിച്ചു ലെൻസ് തുടയ്ക്കുക. വരണ്ടിരിക്കുന്ന ലെൻസുകൾ തുടയ്ക്കാതിരിക്കുക. ഇവ പോറൽ സൃഷ്ടിക്കാം.

∙ എല്ലാ മൂന്നു മുതൽ നാലു മാസത്തിനുമിടയ്ക്ക് കണ്ണടകൾ ചെക്ക് ചെയ്യുക. സ്ക്രൂ അയഞ്ഞതോ മറ്റു പ്രശ്നങ്ങളോ പരിഹരിക്കാം. കണ്ണടകൾ പൊട്ടിയാൽ ഒപ്റ്റീഷ്യനെ കാണിക്കുക.

ഓൺലൈൻ സൈറ്റുകളിൽ നിന്ന് കണ്ണടകൾ വാങ്ങുമ്പോൾ... 

കണ്ണടകൾ ഓൺലൈനിൽ വാങ്ങുന്നതിനു മുന്‍പ് ഡോക്ടറിന്റെ ഉപദേശം തേടണം. വളരെ ചെറിയ പവറുള്ള കണ്ണടകൾ ഇങ്ങനെ വാങ്ങുന്നതിനു പ്രശ്നമില്ല. എങ്കിലും കൂടിയ പവറുള്ള കണ്ണട ഈ രീതിയിൽ വാങ്ങുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ഫിറ്റിങ് കൃത്യമായിരിക്കാൻ ഫ്രെയിമുകൾ മുഖത്തുവച്ചു നോക്കി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. ഓൺലൈനിലൂടെ വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ കൃഷ്ണമണികൾ തമ്മിലുള്ള അകലം (Inter pupillary distance) അയച്ചുകൊടുക്കുക.

Understanding Common Vision Problems:

Spectacles enhance eye health and address various vision problems. This article discusses different eye conditions like myopia, hyperopia, presbyopia, and astigmatism, along with tips on choosing and maintaining spectacles and contact lenses.

ADVERTISEMENT