‘കൂവപ്പൊടിയിൽ ഫാറ്റ് തീരെയില്ല, ശരീരഭാരം കുറയ്ക്കും, ദഹനപ്രശ്നങ്ങൾക്കും പരിഹാരം’: കൂവയുടെ ഗുണങ്ങളെപ്പറ്റി അറിയാം Health Benefits of Arrowroot (Koova)
Mail This Article
ഓരോ തിരുവാതിരക്കാലത്തും കൂവ കുറുക്കിയതും കൂവപ്പായസവും കഴിച്ചതിന്റെ ഓർമ നിങ്ങളിൽ പലർക്കും ഉണ്ടാകും. മുലപ്പാലിനോളം ഗുണങ്ങളുണ്ട് കൂവപ്പൊടിക്ക്. ദഹനപ്രശ്നങ്ങൾക്കെല്ലാം പരിഹാരമേകാന്‍ കൂവപ്പൊടിക്ക് കഴിയും. ഏതു പ്രായക്കാർക്കും കഴിക്കാവുന്ന കൂവയുടെ ഗുണങ്ങളെപ്പറ്റി കൂടുതൽ അറിയാം.
കൂവ ദഹനത്തിനു സഹായിക്കുന്നു. ബവൽ മൂവ്മെന്റ് നിയന്ത്രിക്കുന്നു. ഇറിറ്റബിൾ ബവൽ സിൻഡ്രോം മൂലം വിഷമിക്കുന്നവർക്ക് കൂവ നല്ലതാണ്. അതിസാരത്തിനും (Diarrhea) ഉദരസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും കൂവ ഒരു പരിഹാരമാണ്. ഓക്കാനം ഇല്ലാതാക്കാനും ഛർദ്ദി, അതിസാരം ഇവ മൂലം നഷ്ടപ്പെട്ട പോഷകങ്ങൾ ലഭിക്കാനും കൂവ സഹായിക്കും.
∙ ശരീരത്തിലെ ആസിഡ്- ആൽക്കലി ബാലൻസ് നിലനിർത്താൻ സഹായകം.
∙ മറ്റ് സ്റ്റാർച്ചുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ എളുപ്പത്തിൽ ദഹിക്കുന്ന കൂവപ്പൊടി, ശിശുക്കൾക്ക് വളരെ നല്ലതാണ്. കൂവ കുറുക്കി കുഞ്ഞുങ്ങൾക്ക് നൽകാം. എളുപ്പത്തിൽ ദഹിക്കും എന്നതുകൊണ്ടു തന്നെ മുലപ്പാലിനു പകരമായും കൂവ ഉപയോഗിക്കാം.
∙ ഗ്ലൂട്ടൻ, ചോളം മുതലായവയോട് അലർജി ഉള്ളവർക്ക് കൂവ പകരമായി ഉപയോഗിക്കാം.
∙ ഫോളേറ്റുകൾ ധാരാളം ഉള്ളതിനാൽ ഗർഭിണികൾക്ക് ഏറെ നല്ലതാണ്. 100 ഗ്രാം കൂവപ്പൊടിയിൽ ദിവസവും ആവശ്യമുള്ളതിന്റെ 84 ശതമാനം ഫോളേറ്റ് ഉണ്ട്. ഗർഭിണികൾ കൂവ കഴിക്കുന്നത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ സംരക്ഷിക്കും.
∙ ഹോർമോൺ സന്തുലനം നിലനിർത്താനും കൂവ സഹായിക്കും.
∙ കൂവപ്പൊടിയിൽ ഫാറ്റ് തീരെയില്ല. കൂടാതെ കാലറിയും കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
∙ പൊട്ടാസ്യത്തിന്റെ കലവറയാണ് കൂവ. ഇത് ഹൃദയമിടിപ്പും രക്തസമ്മർദവും നിയന്ത്രിക്കാൻ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനുത്തമം.
∙ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
∙ മൂത്രത്തിലെ അണുബാധ ഉള്ളവർ കൂവ കഴിക്കുന്നത് ഗുണം ചെയ്യും.
∙ ചർമത്തിനുണ്ടാകുന്ന നിരവധി പ്രശ്നങ്ങൾക്ക് കൂവ ഒരു പരിഹാരമാണ്. കൂവപ്പൊടിയിലെ സ്റ്റാർച്ച്, ടാൽക്കം പൗഡറുകളിലും മോയ്സ്ചറൈസറുകളിലും ഉപയോഗിക്കാറുണ്ട്. ഈർപ്പം വലിച്ചെടുത്ത് ചർമം മൃദുലമാവാൻ ഇത് സഹായിക്കും.
∙ ആന്റി ബാക്ടീരിയൽ– ആന്റി സെപ്റ്റിക് ഗുണങ്ങൾ ഉള്ളതാണ് കൂവപ്പൊടി. ഇത് വെള്ളത്തിൽ ചാലിച്ച് മുറിവിൽ പുരട്ടിയാൽ എളുപ്പത്തിൽ മുറിവുണങ്ങും.
പോഷകങ്ങൾ
കൂവപ്പൊടിയിൽ കാലറി വളരെ കുറവാണ്. 100 ഗ്രാമിൽ 65 കാലറി മാത്രമേ ഉള്ളൂ. അമിലോപെക്റ്റിൻ (80%), അമിലേസ് (20%) എന്നീ സ്റ്റാർച്ചുകളും കൂവയിൽ ഉണ്ട്. ജീവകം എ, ബി വൈറ്റമിനുകളായ തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ ഇവ കൂവയിൽ ഉണ്ട്. ജീവകം ബി 6, പാന്റോതെനിക് ആസിഡ്, ഫോളേറ്റ് ഇവയുമുണ്ട്. ധാതുക്കളായ കാൽസ്യം, മാംഗനീസ്, പൊട്ടാസ്യം ഇവ ധാരാളം. കൂടാതെ കോപ്പർ, അയൺ, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് ഇവയും ചെറിയ അളവിലുണ്ട്. പ്രോട്ടീൻ, അന്നജം, ഭക്ഷ്യനാരുകൾ എന്നിവയാൽ സമൃദ്ധം.
കൂവപ്പൊടിയും കൂവപ്പായസവും
കൂവ എന്ന ചെടിയെയും കൂവപ്പൊടിയെയും കൂവപ്പായസത്തെയും പറ്റി അറിയാത്ത ധാരാളം പേർ ഇന്നുണ്ടാകാം. പണ്ട് എല്ലാ വീട്ടു പറമ്പുകളിലും കൂവച്ചെടി ഉണ്ടാകും. കൂവക്കിഴങ്ങ് വൃത്തിയാക്കി ചുരണ്ടിയോ അരച്ചോ എടുത്ത് വെള്ളത്തിലിട്ട് ഊറി വരുന്ന പൊടി പലതവണ കഴുകി തെളി ഊറ്റി എടുക്കു ന്നതാണ് കൂവപ്പൊടി. വീടുകളിൽ മുന്‍പ് ഉണ്ടാക്കിയിരുന്ന കൂവപ്പൊടി, ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ അവയെല്ലാം ശുദ്ധമാണ് എന്ന് പറയുക വയ്യ. വെള്ളത്തിലിട്ടാൽ പെട്ടെന്ന് അലിയുന്നതാണ് ശുദ്ധമായ കൂവപ്പൊടി.
കൂവയുടെ ആരോഗ്യഗുണങ്ങൾ മുൻപേ മനസ്സിലാക്കിയവരായിരുന്നു മലയാളികൾ, തിരുവാതിരപോലുള്ള വ്രതാനുഷ്ഠാനങ്ങളിൽ കൂവ കുറുക്കിയതിന് പ്രാധാന്യം ഉണ്ടായത് ഇതു കൊണ്ടാണ്. മുലപ്പാലിനു പകരം കുഞ്ഞുങ്ങള്‍ക്കും കൂവ കുറുക്കി നൽകിയിരുന്നു.
ഇപ്പോൾ ബിസ്ക്കറ്റ്, പുഡ്ഡിങ് മുതലായ നിരവധി വിഭവങ്ങളിൽ കൂവപ്പൊടി ചേർക്കാറുണ്ട്.
കൂവപ്പൊടി വെള്ളം ചേർത്ത് തിളപ്പിച്ച് കുറുക്കി, ശർക്കരയോ പഞ്ചസാരയോ ചേർത്ത് തേങ്ങ വിതറി കൂവപ്പായസം തയാറാക്കാം. വെള്ളത്തിനു പകരം പാലും ചേർക്കാവുന്നതാണ്.