‘കുടിച്ചാല്‍ അലർജിയും വയറുവേദനയും, എല്ലാവര്‍ക്കും പറ്റിയതല്ല പശുവിന്‍ പാൽ’; പകരം കുടിക്കാം ഈ പാലുകൾ
Mail This Article
രാവിലെ എഴുന്നേറ്റ ശേഷം ഒരു കപ്പ് ചായ കുടിക്കുന്നതും, ഉറങ്ങും മുൻപ് ഒരു ഗ്ലാസ് ചൂടു പാൽ കുടിക്കുന്നതും മിക്കവരുടെയും ശീലമാണ്. സമ്പൂർണാഹാരം എന്നറിയപ്പെടുന്ന പാലിൽ പ്രോട്ടീൻ, വൈറ്റമിൻ എ, ബി1, ബി2, ബി12, ഡി ഇവയും പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.
എന്നാല്‍ എല്ലാവര്‍ക്കും പറ്റിയതല്ല പശുവിന്‍ പാൽ. ചിലർക്ക് പാൽ കുടിച്ചാൽ തലവേദന, വയറുവേദന, വയറിളക്കം, ഗ്യാസ്, അലർജി എന്നിവയുണ്ടാകാം. ലാക്ടോസ് ഇൻടോളറൻസ് ഉള്ള ആളാണ് നിങ്ങളെങ്കിൽ പാലിനു പകരം വയ്ക്കാവുന്ന നിരവധി നോൺ- ഡയറി ഉൽപന്നങ്ങൾ ഇപ്പോൾ ലഭ്യമാണ്. സസ്യങ്ങളിൽനിന്നു ലഭിക്കുന്ന ബദാം, തേങ്ങ, വാഴക്ക, അരി, സോയ, ഓട്സ് ഇവയുടെയൊക്കെ പാൽ ആരോഗ്യകരവും പാലിനു പകരം നിൽക്കുന്നവയുമാണ്.
ബദാം മിൽക്ക്
മൃഗപ്പാലു പോലെ തന്നെ ആരോഗ്യകരമാണ് ബദാം മിൽക്കും. കുതിർത്ത ബദാം വെള്ളം ചേർത്ത് അരച്ചാൽ ബദാം മിൽക്ക് ആയി കാലറി വളരെ കുറഞ്ഞ ബദാം മിൽക്കിൽ പൂരിത കൊഴുപ്പും കൊളസ്ട്രോളും ഒട്ടുമില്ല. ദിവസവും ആവശ്യമായതിന്റെ 25 ശതമാനം ജീവകം ഡിയും ബദാം മിൽക്കിലുണ്ട്. ശരീരഭാരം കുറയ്ക്കാനും കാലറി കുറയ്ക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും ബദാം മിൽക്ക് മികച്ച ഒരു ഓപ്ഷൻ ആണ്. പ്രോട്ടീൻ താരതമ്യേന കുറവാണ് എന്നതിനാൽ ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണമെന്നു മാത്രം.
തേങ്ങാപ്പാൽ
ചിരകിയ തേങ്ങ പിഴിഞ്ഞെടുക്കുന്നതാണ് തേങ്ങാപ്പാൽ. അന്നജത്തിന്റെ അളവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നാണ് തേങ്ങാപ്പാൽ, കാരണം തേങ്ങാപ്പാലിൽ അന്നജം ഒട്ടുമില്ല. എന്നാൽ പ്രോട്ടീൻ വളരെ കുറഞ്ഞതും പൂരിത കൊഴുപ്പ് കൂടിയതുമാണ് തേങ്ങാപ്പാൽ.
ഓട്സ് മിൽക്ക്
ഓട്സ് വെള്ളത്തിൽ കുതിർത്ത് അരച്ച് എടുത്ത് അരിച്ചാൽ ഓട്സ് മിൽക്ക് ആക്കാം. ക്രീം പോലുള്ള ഓട്സ് മിൽക്കിന് ഊറിയ മധുരവുമുണ്ട്. നാരുകൾ ധാരാളം അടങ്ങിയ ഇതിൽ പ്രോട്ടീനും കാർബോഹൈഡ്രേറ്റും ധാരാളം ഉണ്ട്. ഊർജ്ജമേകാനും ഓട്സ് മിൽക്ക് സഹായിക്കും.
സോയമിൽക്ക്
പശുവിൻ പാലിനു പകരം വയ്ക്കാവുന്ന ഒന്നാണ് സോയമിൽക്ക്. ജീവകം ബി ധാരാളം അടങ്ങിയ ഇതിൽ പ്രോട്ടീനും ധാരാളമുണ്ട്. സോയാബീനിൽ നിന്ന് ഉണ്ടാക്കുന്ന സോയ മിൽക്കിൽ പൊട്ടാസ്യം, അയൺ, ബി വൈറ്റമിനുകൾ തുടങ്ങി നിരവധി പോഷകങ്ങളുണ്ട്. ദിവസവും ആവശ്യമായതിന്റെ 10 ശതമാനം ഫോളിക് ആസിഡും ഇതിലുണ്ട്. മൃഗപ്പാലിനു പകരം വയ്ക്കാനാവുന്നവയിൽ ഏറ്റവും മികച്ചത് സോയാമിൽക്ക് ആണ്. 100 ഗ്രാം സോയയിൽ 3.3 ഗ്രാം പ്രോട്ടീനുണ്ട്. നോൺ–ഡയറി പാലുകളിൽ ഏറ്റവും ആരോഗ്യകരം സോയാമിൽക്ക് ആണ് എന്ന് നിസ്സംശയം പറയാം.