ADVERTISEMENT

കറുപ്പും വെളുപ്പും അതിർത്തികൾ വെട്ടിപ്പിടിച്ചു യുദ്ധം ചെയ്യുന്നതുപോലെയാണ് തൊലിപ്പുറത്തെ വെള്ളപ്പാണ്ട് രോഗം. പ്രാരംഭഘട്ടത്തിലെ പാടുകൾക്കു ചിലപ്പോൾ കുഷ്ഠം, ചുണങ്ങ് തുടങ്ങിയ രോഗങ്ങളോടു സാദൃശ്യം തോന്നാം. അതുകൊണ്ടു തന്നെ വെള്ളപ്പാണ്ടു ബാധിച്ചവരെ സ്പർശിക്കാനോ അടുത്തിടപഴകാനോ പലരും പേടിക്കാറുണ്ട്. എന്നാല്‍ ഒന്നറിയുക, ഈ രോഗം പകരുകയേയില്ല.

ലൂക്കോഡെർമ, വൈറ്റ് ലെപ്രസി, വിറ്റിലൈഗോ എന്നീ പേരുകളിലും വെള്ളപ്പാണ്ട് അറിയപ്പെടുന്നു. സോഷ്യൽ മീഡിയയിലൂടെ നടി മംമ്ത മോഹൻദാസ് വിറ്റിലൈഗോ ബാധിച്ച ചർമം ആത്മവിശ്വാസത്തോടെ കാണിച്ചതോർമയില്ലേ. പ്രാരംഭഘട്ടത്തിലേ ചികിത്സിച്ചാൽ പൂർണമായി പരിഹരിക്കാവുന്ന സൗന്ദര്യപ്രശ്നമാണിത്.

ADVERTISEMENT

ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം തന്നെ ശ രീരത്തെ ആക്രമിക്കുന്ന (ഒാട്ടോ ഇമ്യൂണ്‍) അവസ്ഥയാണ് വിറ്റിലൈഗോ. ചർമത്തിനും മുടിക്കും ഇരുണ്ടനിറം നല്‍കുന്ന മെലനോസൈറ്റുകൾ നശിക്കുമ്പോഴാണ് യഥാർഥ നിറം നഷ്ടമായി പാണ്ട് രൂപപ്പെടുന്നത്. പുറത്തു കാണുന്ന പാണ്ടുകളേക്കാൾ പ്രശ്നം മനസ്സിനുള്ളിൽ പടരുന്ന അപകർഷതാബോധമാണ്. മാറാവ്യാധി വന്നെന്ന തോന്നലിൽ പലരും സന്തോഷത്തിന്റെ വാതിലുകൾ കൊട്ടിയടയ്ക്കും.

വെള്ളപ്പാണ്ടു ബാധിച്ച ചർമത്തിൽ ചൊറിച്ചിലോ വേദനയോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാകുമോ?

ADVERTISEMENT

പ്രമേഹം, അലോപേഷ്യ, ഓട്ടോ ഇമ്യൂൺ തൈറോയ്ഡ് രോഗങ്ങൾ തുടങ്ങി നിരവധി ഓട്ടോ ഇമ്യൂൺ രോഗാവസ്ഥകളും വിറ്റിലൈഗോ ഉള്ളവരിൽ കാണാൻ  സാധ്യതയുണ്ട്. സാധരണ ഗതിയിൽ വേദന ഉണ്ടാകാറില്ല. നിറവ്യത്യാസം മാത്രമാണു ചിലരുടെ ചർമത്തിലുണ്ടാകുക. മറ്റു ചിലരിൽ ആദ്യം ചൊറിച്ചിൽ അനുഭവപ്പെടുകയും ക്രമേണ നിറവ്യത്യാസമുണ്ടാകുകയും ചെയ്യും.

ഇത് ആന്തരിക അവയവങ്ങളെ ബാധിക്കുകയോ മറ്റു സങ്കീർണതകളിലേക്കു നയിക്കുകയോ ചെയ്യില്ല. വെള്ളപ്പാണ്ടു ബാധിച്ച ചർമത്തിൽ അമിതമായി സൂര്യപ്രകാശമേറ്റാൽ ചുവന്നു തടിപ്പും ചൊറിച്ചിലും ഉണ്ടാകാം. അൾട്രാവയലറ്റ് രശ്മികളോടുള്ള പ്രതിരോധം പാണ്ടുള്ള ചർമത്തിനു കുറവായിരിക്കും. ഈ ഭാഗങ്ങളിൽ സൺസ്ക്രീൻ നിർബന്ധമായും ഉപയോഗിക്കണം.

ADVERTISEMENT

വിറ്റിലൈഗോ പൂർണമായും ഭേദമാക്കാനാകുമോ?

90 ശതമാനത്തിനു മേൽ ചർമത്തിലേക്കു വിറ്റിലൈഗോ പടർന്നിട്ടില്ലെങ്കിൽ, രോഗാവസ്ഥ പ്രാരംഭഘട്ടത്തിലാണെങ്കിൽ, മറ്റ് ഓട്ടോ ഇമ്യൂൺ രോഗങ്ങളില്ലെങ്കിൽ തീർച്ചയായും പൂർണമായി രോഗമുക്തി നേടാം. ലേപനങ്ങള്‍, ലേസർ ചികിത്സ, ഫോട്ടോ തെറപ്പി, ശസ്ത്രക്രിയ എന്നിവയെല്ലാം പരിഹാരമാർഗങ്ങളാണ്.

അൽപം വിലയേറുമെങ്കിലും ടൊഫാസിറ്റിൻ ഗുളികകളും ലേപനങ്ങളും എക്സൈമർ ലേസർ ചികിത്സയും ഏ റെ ഫലപ്രദമാണെന്ന് അനുഭവത്തിൽ തെളിഞ്ഞിട്ടുണ്ട്. സ്റ്റിറോയ്ഡും ടാക്രോലിമസ് ലേപനങ്ങളും ചികിത്സയി ൽ ഉപയോഗിക്കാറുണ്ട്.

കാലപ്പഴക്കം ചെന്ന രോഗം, രോമങ്ങൾ വരെ നിറം മാറിയ അവസ്ഥ എന്നിവയിൽ ദീർഘകാല ചികിത്സ ആവശ്യമാണ്. അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സയാണ് ഫോട്ടോ തെറപ്പി. സൂര്യപ്രകാശം ഉപയോഗിച്ചോ പ്രത്യേകതരം ഉപകരണങ്ങളുടെ സഹായത്തോടെയോ ഈ ചികിത്സ ചെയ്യാം. അൾട്രാവയലറ്റ് രശ്മികളോടുള്ള ചർമത്തിന്റെ പ്രതികരണശേഷി കൂട്ടാനുള്ള മരുന്നുകളും ഇതോടൊപ്പം ഉപയോഗിക്കേണ്ടി വരാറുണ്ട്. പാടുകൾ മറയ്ക്കാൻ ഓരോരുത്തരുടെയും ചർമത്തിന്റെ സ്വാഭാവിക നിറത്തിനോടു യോജിച്ച കാമഫ്ലാജിങ് ലേപനങ്ങളും നൽകാറുണ്ട്.

എപ്പോഴാണ് ശസ്ത്രക്രിയ ആവശ്യമായി വരുന്നത്?

വുഡ്സ് ലാംപ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ വെള്ളപ്പാണ്ട് സ്ഥിരീകരിക്കാനാകും. സ്കിൻ ബയോപ്സി എടുത്താല്‍ പാടുള്ള ഭാഗങ്ങളിൽ മെലനോസൈറ്റ് ഇല്ലെന്നും വ്യക്തമാകും. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞ്, വെള്ളപ്പാണ്ടിനുള്ള കോസ്മറ്റോളജി ചികിത്സയിൽ മരുന്നുകളും ലേപനങ്ങളും ലേസർ ചികിത്സയും പൂർണമായ ഫലം നൽകാതെ വന്നാൽ ശസ്ത്രക്രിയ ആവശ്യമായി വരും.

രോഗമില്ലാത്ത ഭാഗത്തെ ചർമം വെള്ളപ്പാണ്ടുള്ള സ്ഥലത്തു വച്ചുപിടിപ്പിക്കുന്ന ഈ ശസ്ത്രക്രിയയ്ക്കു ഗ്രാഫ്റ്റിങ് എന്നാണു പേര്. പഞ്ച് ഗ്രാഫ്റ്റിങ്, ബ്ലിസ്റ്റർ ഗ്രാഫ്റ്റിങ്, മെലനോസൈറ്റ് ട്രാൻസ്ഫർ എന്നിങ്ങനെ വ്യത്യസ്ത ശസ്ത്രക്രിയാരീതികളുണ്ട്. ചിലരിൽ വെള്ളപ്പാണ്ട് വളരെ വേഗം കൂടുതൽ ഭാഗങ്ങളിലേക്കു പടരും. ഇതു നിയന്ത്രിക്കാൻ ആഴ്ചയിൽ രണ്ടു ദിവസം ഓറൽ സ്റ്റിറോയ്ഡുകളും ഉപയോഗിക്കേണ്ടി വരും. രോഗവ്യാപനം നിയന്ത്രിച്ച ശേഷമാണ് മറ്റു ചികിത്സകൾ. വ്യാപനം തടഞ്ഞ് രോഗം നിയന്ത്രണത്തിലാകുന്ന സ്റ്റേബിൾ വിറ്റിലൈഗോ ഘട്ടമെത്തിയാൽ മാത്രമേ ശസ്ത്രക്രിയ ചെയ്യാനാകൂ.

ഭക്ഷണരീതികളും ജീവിതശൈലിയും വിറ്റിലൈഗോയ്ക്കു കാരണമാകുമോ?

ഏതു പ്രായക്കാരിലും വർഗ, വർണ, ലിംഗ വ്യത്യാസങ്ങളില്ലാതെ വിറ്റിലൈഗോ കണ്ടുവരുന്നുണ്ട്. രോഗബാധിതരിൽ മുപ്പതു ശതമാനം പേരിലും അടുത്ത ബന്ധുക്കളിലും ഇതേ രോഗാവസ്ഥ കാണപ്പെടാറുണ്ട്. അതുകൊണ്ടു തന്നെ ജനിതക കാരണങ്ങൾ ഈ അവസ്ഥയെ ബാധിക്കുന്നുവെന്ന് കരുതുന്നു.

ചിലരിൽ ഹെയർ ഡൈയുടെ ഉപയോഗവും പ്ലാസ്റ്റിക് അല്ലെങ്കിൽ റബ്ബർ ചെരുപ്പിന്റെ ഉപയോഗവും വെളുത്ത പാടുകൾക്കു കാരണമാകും. ഇതു മാറ്റുന്നതോടെ പാടും മാഞ്ഞുപോകും. വൈറ്റമിൻ സി, സിങ്ക്, കോപ്പർ എന്നിവയ്ക്ക് മെലനോസൈറ്റ് ഉൽപാദനവുമായി ബന്ധമുണ്ട്. ഭക്ഷണവുമായി നേരിട്ടു ബന്ധം ഈ രോഗത്തിനുള്ളതായി പഠനങ്ങളിൽ പറയുന്നില്ല. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കണമെന്നു പറയാറുണ്ട്. മെലനോസൈറ്റ് ഉ ൽപാദനം വർധിപ്പിക്കാനാണിത്. കോപ്പറിന്റെ സാന്നിധ്യം മെലനോസൈറ്റ് ഉൽപാദനത്തെ പിന്തുണയ്ക്കും.

വിറ്റിലൈഗോ പല തരത്തിലുണ്ടോ?

ഏതൊക്കെ ശരീരഭാഗങ്ങളെ ബാധിക്കുന്നു എന്നതനുസരിച്ച് പലതരം വിറ്റിലൈഗോ കാണാറുണ്ട്. വിരലുകളുടെ അറ്റത്തും ചുണ്ടിലും കാണപ്പെടുന്നത് ലിപ്– ടിപ് വിറ്റിലൈഗോയാണ്. മുഖത്തും കൈകാൽ മുട്ടുകളുടെ താഴെയായും കാണപ്പെടുന്ന വെള്ളപ്പാണ്ട് ഏക്രോ ഫേഷ്യൽ വിറ്റിലൈഗോയായും അറിയപ്പെടുന്നുണ്ട്.

ബാൻഡ് പോലെ ഏതെങ്കിലും വശത്തായി കാണപ്പെടുന്ന സെഗ്‌മെന്റൽ വിറ്റിലൈഗോ, ചെറിയ പാടുകൾ മാത്രമായ ഫോക്കൽ വിറ്റിലൈഗോ, വായയിലും ജനനേന്ദ്രിയങ്ങളിലും കാണപ്പെടുന്ന മ്യൂക്കോസൽ വിറ്റിലൈഗോ, ശരീരത്തെ ഏകദേശം പൂർണമായും ബാധിക്കുന്ന യൂണിവേഴ്സൽ വിറ്റിലൈഗോ ഇങ്ങനെ പലതരം വെള്ളപ്പാണ്ടുണ്ട്.

ചെറിയ ഭാഗങ്ങളെ മാത്രമാണു ബാധിച്ചതെങ്കിൽ സ്റ്റിറോയ്ഡ് ലേപനങ്ങളും ടാക്രോലിമസ്, പിമിക്രോലിമസ് എന്നിങ്ങനെയുള്ള ലേപനങ്ങളും ഉപയോഗിച്ച് പൂർണമായും ഭേദമാക്കാം. വളരെ വേഗം കൂടുതൽ ഭാഗങ്ങളിലേക്കു പടരുന്ന വിറ്റിലൈഗോ നിയന്ത്രണവിധേയമാക്കാൻ ആഴ്ചയിൽ രണ്ടു ദിവസം ഓറൽ സ്റ്റിറോയ്ഡുകളും ഉപയോഗിക്കേണ്ടി വരും.

രോഗവ്യാപനം നിയന്ത്രണവിധേയമാക്കിയ ശേഷമാണ് മറ്റു ചികിത്സകളിലേക്കു കടക്കുന്നത്.

വെള്ളപ്പാണ്ട് ബാധിച്ചു കഴിഞ്ഞാൽ ബാക്കിയുള്ള സ്വാഭ്വാവിക ചർമവും ബ്ലീച്ച് ചെയ്തു വെളുപ്പിക്കാനും ശരീരം മുഴുവൻ വെളുത്ത നിറമാക്കാനും സാധിക്കുമോ?

ഇത്തരത്തിൽ ഡീ പിഗ്‌മെന്റിങ് ലേപനങ്ങളുപയോഗിച്ച് ബാക്കിയുള്ള സ്വാഭാവിക നിറം ഇല്ലാതാക്കാനാകും. അപൂർവമായേ ഇതു ചെയ്യാറുള്ളൂ. സൂര്യപ്രകാശമേൽക്കുമ്പോഴുള്ള സെൻസിറ്റിവിറ്റി വിറ്റിലൈഗോ ബാധിച്ച ചർമത്തിലേതുപോലെ ഡീ പിഗ്‌മെന്റിങ് ചെയ്യുന്ന ഭാഗങ്ങളിലും കൂടുതലുണ്ടാകാനിടയുണ്ട്.

Credit: ഡോ. ദീപ അഗസ്റ്റിൻ, അസോഷ്യേറ്റ് പ്രഫസർ, ഡെർമറ്റോളജി ഗവ. മെഡിക്കൽ കോളജ്, എറണാകുളം

ആയുർവേദം പറയുന്നത്

ഏറെക്കാലം നീണ്ടുനിൽക്കാൻ സാധ്യതയുള്ള ത്വക് രോഗങ്ങളുടെ കൂട്ടത്തിലാണ് ആയുർവേദം വെള്ളപ്പാണ്ടിനെ (ശ്വിത്രം) പരിഗണിക്കുന്നത്. പാരമ്പര്യ കാരണങ്ങൾ, തെറ്റായ ആഹാരരീതി, മാനസിക സംഘർഷം എന്നിവയാണ് പൊതുവെ ഇതിന് കാരണങ്ങളായി കരുതുന്നത്. ഈ കാരണങ്ങൾ മൂലം ശരീരത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധ സംവിധാനത്തിന് പറ്റുന്ന തകരാറാണ് തൊലിക്ക് നിറം പകരുന്ന മെലാനിൻ കോശങ്ങളെ നശിപ്പിച്ചു കളയുന്നത്.

ചുറ്റും അവശേഷിക്കുന്ന കോശങ്ങളെ ഉത്തേജിപ്പിച്ചെടുത്താണ് നിറം പുനഃസ്ഥാപിക്കേണ്ടത്. രോഗം ആവർത്തിക്കാതിരിക്കാൻ ആയുർവേദത്തിൽ ആദ്യം ആന്തരിക ശുദ്ധീകരണ ചികിത്സകളാണ് ചെയ്യുന്നത്. അതിനുശേഷം പുറമേ ഔഷധങ്ങൾ പുരട്ടി വെയിൽ കൊള്ളിച്ചു കോശങ്ങളെ ഉത്തേജിപ്പിക്കാൻ ശ്രമിക്കുന്നു. കാർകോകിലരി എന്ന ഔഷധത്തിന് വെള്ളപ്പാണ്ടിൽ മികച്ച ഫലം തരാൻ കഴിയാറുണ്ട്.

ഡോ. പി എം മധു, പ്രഫസർ, ഗവ. ആയുർവേദ കോളജ്, കണ്ണൂർ

Understanding Vitiligo: Causes, Symptoms, and Diagnosis:

Vitiligo is a skin condition characterized by loss of skin color, resulting in white patches. It is not contagious and can be treated with various methods, including topical treatments, phototherapy, and surgery, especially when diagnosed early.

ADVERTISEMENT