ADVERTISEMENT

35 വയസായ വീട്ടമ്മയാണ് ഞാൻ. അടുത്തിടയായി ഒരു സ്തനത്തിൽ തൊടുമ്പോൾ ചെറിയ  തടിപ്പും മുഴയും ഉള്ള പോലെ തോന്നുന്നു. ഇത് കാൻസർ ആയിരിക്കുമോ?

30 വയസിനു ശേഷമുള്ള മിക്ക സ്ത്രീകളിലും സ്തനാർബുദത്തിനുള്ള  സാധ്യത നിലനിൽക്കുന്നുണ്ട്. ബ്രസ്റ്റിൽ ചെറിയ തടിപ്പായോ, കുഞ്ഞ് മുഴകളായോ എല്ലാം അർബുദ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. എന്നാൽ എല്ലാ തടിപ്പുകളും അർബുദങ്ങളല്ല. പക്ഷേ, നിസ്സാരമെന്ന് കരുതി നമ്മൾ അവഗണിക്കുന്ന ചെറിയ കാര്യങ്ങൾ പിന്നീട് ഗുരുതര പ്രശ്നങ്ങളിലേക്കായിരിക്കും ചെന്നെത്തുന്നത്.

ADVERTISEMENT

സ്തനത്തില്‍ കാണുന്ന മുഴകളും തടിപ്പുകളും ഒളിപ്പിച്ചു വെക്കുന്നതിന് പ്രധാന കാരണം കാന്‍സറിനെക്കുറിച്ചുള്ള പേടി തന്നെയാണ്. എന്നാല്‍ തുടക്കത്തില്‍ കണ്ടത്തിയാല്‍ പൂര്‍ണമായും സുഖപ്പെടുത്താവുന്ന അസുഖമാണ് സ്തനാര്‍ബുദം. പ്രശസ്ത നടി ഗൗതമി തന്നെ ഉദാഹരണം. വര്‍ഷങ്ങള്‍ക്കു മുന്‍പാണു അവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടത്. തുടക്കത്തില്‍ തന്നെ ചികിത്സയ്ക്കു തയാറായി. ഇപ്പോഴും വളരെ ചുറുചുറുക്കോടെ ജീവിതത്തില്‍ മുന്നേറുന്നു, സിനിമകളില്‍ അഭിനയിക്കുന്നു.

ചികിത്സയുടെ ഭാഗമായി സ്തനങ്ങൾ എടുത്തു കളയേണ്ടി വരുമോയെന്ന അപക്വമായ പേടിയും സ്ത്രീകള്‍ക്കുണ്ട്. ബ്രസ്റ്റ് ഇല്ലാത്ത തങ്ങളെ പങ്കാളിക്ക് സ്നേഹിക്കാൻ കഴിയുമോ എന്ന ആശങ്കയും ഉണ്ട്. ഈ ചിന്തയാണ് ആദ്യം മാറേണ്ടത്. സ്തനാർബുദത്തെ നീക്കം ചെയ്യാനുള്ള നിരവധി സംവിധാനങ്ങൾ ഇന്ന് ലഭ്യമാണ്.

ADVERTISEMENT

അർബുദത്തിന്റെ ആദ്യഘട്ടങ്ങളിൽ സ്തനങ്ങൾ നീക്കം ചെയ്യാതെ മരുന്നു ചികിത്സ, റേഡിയേഷന്‍ എന്നിവയിലൂടെ അസുഖത്തെ മാറ്റാൻ കഴിയും. അർബുദാവസ്ഥ അറിയാതെ അവസാന ഘട്ടങ്ങളിലേയ്ക്ക് എത്തുമ്പോൾ മാത്രമാണ് സ്തനം പൂർണമായി നീക്കം ചെയ്യേണ്ടി വരുന്നത്. എന്നാൽ സിലിക്കോൺ ഇംപ്ലാൻസ് ഉപയോഗിച്ച് സ്തനങ്ങൾ പൂർവസ്ഥിതിയിലാക്കാനുള്ള സംവിധാനങ്ങളും ലഭ്യമാണ്.

എന്റെ കുഞ്ഞിന് എട്ട് മാസമായി. ഇപ്പോഴും മുല കുടിക്കുന്നുണ്ട്. സ്ഥിരമായി മുലയൂട്ടുന്നത് ഏതെങ്കിലും രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമോ ?

ADVERTISEMENT

എത്രയും കൂടുതൽ മുലയൂട്ടുന്നുവോ അത്രയും ആരോഗ്യം സ്ത്രീകൾക്ക് കൂടുകയാണ് ചെയ്യുക. കുഞ്ഞുങ്ങൾക്ക് രണ്ടു വയസ് വരെ നിര്‍ബന്ധമായും  മുലപ്പാൽ നൽകണം. അമ്മയുടെ ആരോഗ്യം മെച്ചപ്പെടുമെന്നു മാത്രമല്ല, അഴകു വർദ്ധിക്കാനും ഇതു സഹായിക്കും. കൂടുതൽ മുലയൂട്ടുന്ന അമ്മമാരിൽ ബ്രസ്റ്റ് കാൻസർ വരാനുള്ള സാധ്യതയും കുറവാണ്. 

ചില അമ്മമാർ സ്തനത്തിന്റെ ആകൃതി നഷ്ടമാകും എന്ന പേടിയോടെയും  മുലപ്പാൽ നിഷേധിക്കാറുണ്ട്. പക്ഷേ, കുഞ്ഞുങ്ങളുടെ ജീവിതാവസാനം വരെയുള്ള ആരോഗ്യത്തിൽ ഏറ്റവും പ്രധാനമാണ് മുലപ്പാലെന്ന് പല പഠനങ്ങളും പറയുന്നു. സ്തനാകൃതി നഷ്ടമാകാതിരിക്കാന്‍ കൃത്യമായ അളവിലുള്ള ബ്രേസിയേഴ്സ് ധരിച്ചാല്‍ മതി. ഇത്തരം ബ്രാകൾ ഇന്ന് വിപണികളിൽ ലഭ്യമാണ്. ഗൈനക്കാളജിസ്റ്റിന്റെ ഉപദേശാനുസരണം ഇവ തിരഞ്ഞെടുക്കുക.

ആർത്തവ സമയത്ത് നിർത്താതെയുള്ള രക്തസ്രാവമാണ് എന്റെ പ്രശ്നം. നാല്‍പത്തിയെട്ടു വയസ്സായതിനാല്‍, ആർത്തവ വിരാമത്തോട് അടുക്കുന്നതിന്റെ ലക്ഷണമെന്നാണ് ഒരു കൂട്ടുകാരി പറഞ്ഞത്. ഇതു ശരിയാണോ? അതോ രോഗാവസ്ഥയാണോ ?

മധ്യ വയസ്സിൽ സ്ത്രീകൾ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളില്‍ ഒന്ന്, ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ടുള്ളതാണ്. ചില സ്ത്രീകൾ ഈ സമയങ്ങളിൽ ബുദ്ധിപൂർവമല്ലാതെ പെരുമാറുകയും പരസ്പര ബന്ധമില്ലാതെ സംസാരിക്കുക പോലും  ചെയ്യും. ചിലർ പകൽ സമയങ്ങളിൽ ഉറങ്ങി പോകും. ചിലർക്ക് ഓർമക്കുറവ് ഉണ്ടാവുകയും ജോലി ചെയ്യുന്നതിൽ താൽപര്യക്കുറവ് അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ആർത്തവ വിരാമ സമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. 

മധ്യവയസ്സില്‍ ആർത്തവം തുടങ്ങുന്ന ദിവസങ്ങളില്‍ നിർത്താതെയുള്ള രക്തസ്രാവം കൂടി കണ്ട് തുടങ്ങിയാൽ ആർത്തവ വിരാമത്തിന്റെ പ്രാരംഭ ഘട്ടങ്ങളാണെന്ന് തിരിച്ചറിയണം. ഈ അവസ്ഥയില്‍ ആദ്യം ചെയ്യേണ്ടത് തൈറോയ്ഡ് പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന് കണ്ടെത്തുകയാണ്. രക്തസ്രാവത്തെ തുടർന്ന് അമിത വിളർച്ച, ക്ഷീണം, നിയന്ത്രണാതീതമായി രക്തം പോവുക ഇവ കണ്ടാല്‍ ഡോക്ടറുടെ ഉപദേശം തേടണം.

സ്തനാർബുദ ടെസ്റ്റ് എങ്ങനെ സ്വന്തമായി നടത്താം?

സ്തനാർബുദം  കണ്ടെത്താന്‍ വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ഒരു മാര്‍ഗമുണ്ട്. കുളിക്കുന്ന സമയത്ത് കൈവെള്ള ഉപയോഗിച്ച് മാറിടത്തിൽ തടവി നോക്കുക. ചർമം നനഞ്ഞിരിക്കുമ്പോള്‍ തടിപ്പുകളും മുഴകളുമുണ്ടെങ്കിൽ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. മാറിടത്തിന്റെ ഇരുവശങ്ങളിലും തടവുന്നതിനൊപ്പം തന്നെ കൈകൾ ഉയർത്തി പിടിച്ച്  കക്ഷങ്ങളിലും നന്നായി അമർത്തി നോക്കണം. തൊടുന്ന ഭാഗത്ത് കല്ലിപ്പോ, കട്ടിയോ തോന്നുന്നുണ്ടെങ്കിൽ മാമോഗ്രഫി പരിശോധനയ്ക്ക് വിധേയമാകാം. എല്ലാ തടിപ്പുകളും കല്ലിപ്പും കാൻസറിന്റെ ഭാഗമാകണമെന്ന് നിർബന്ധമില്ല. എന്നാൽ 35 വയസിന് ശേഷമുള്ള സ്ത്രീകളിൽ കാൻസർ സാധ്യത നിലനിൽക്കുന്നതു കൊണ്ട് ഇത്തരമൊരു ടെസ്റ്റ് നടത്തി നോക്കണം.  അകാരണമായി പഴുപ്പോ, ദ്രാവകങ്ങളോ മുലക്കണ്ണിലൂടെ പുറത്തേയ്ക്ക് വന്നാലും നിർബന്ധമായും മാമോഗ്രഫി ചെയ്യണം.

ഒരു വര്‍ഷം മുന്‍പ്, 23 ാം വയസിലായിരുന്നു എന്‍റെ ആദ്യ പ്രസവം. അതിനു ശേഷം സ്തനങ്ങൾ  ഇടിഞ്ഞു തൂങ്ങിയ നിലയിലാണ്. ഇത് എന്റെ ആത്മവിശ്വാസത്തെ തന്നെ ത കർക്കുന്നു. എന്താണ് പ്രതിവിധി?

ഗർഭകാലം മുതൽ തന്നെ മുന്നൊരുക്കങ്ങൾ നടത്താത്തതു മൂലമുണ്ടാകുന്ന പ്രശ്നമാണിത്. ഗര്‍ഭകാലം ഓരോ മാസവും കഴിയുന്നതിനനുസരിച്ച് സ്തനവലുപ്പത്തിലും മാറ്റം വരും. ഇതിന് അനുയോജ്യമായ ബ്രാകൾ ഓരോ തവണയും തിരഞ്ഞെടുക്കണം.

പ്രസവശേഷം കുഞ്ഞിന് പാലു കൂടി നൽകുമ്പോൾ സ്തനങ്ങളുടെ വലുപ്പത്തിൽ കാര്യമായ വ്യത്യാസം ഉ ണ്ടാകും. ഇതു മനസിലാക്കി ഇണങ്ങുന്ന ബ്രാകൾ വാങ്ങുക. സ്തനങ്ങളെ മുഴുവനായി ഒതുക്കുന്ന രീതിയിലുള്ള കട്ടിയുള്ളതും ചെറിയ പാഡോടു കൂടിയതുമായ ബ്രാകളും ധരിക്കാം. വ്യായാമത്തിലൂടെ തടി കുറച്ചാൽ തന്നെ ഒരു പരിധിവരെ സ്തന വലുപ്പവും കുറയ്ക്കാം.  നാണക്കേട് വിചാരിച്ച് അശ്രദ്ധമായി കൈകാര്യം ചെയ്താൽ തിരിച്ചു പിടിയ്ക്കാൻ കഴിയാത്തവിധം ശരീരത്തിന് മാറ്റങ്ങൾ സംഭവിക്കും.

സ്കൂള്‍ അദ്ധ്യാപികയാണു ഞാന്‍. കൂടുത ല്‍ സമയം നിന്നു െകാണ്ടു പഠിപ്പിക്കേണ്ടി വരാറുണ്ട്. പകൽ സമയത്ത് പലപ്പോഴും മൂത്രം അറിയാതെ പോകുന്നത് പോലെ തോ ന്നുന്നു.  ആർത്തവ വിരാമത്തോട് അടുക്കുന്നത് കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്? ഇത്  മറ്റ് എ ന്തെങ്കിലും അസുഖത്തിന്‍റെ തുടക്കമാണോ..?

ആർത്തവ വിരാമ സമയത്തു  മാത്രമല്ല ഒരു പ്രായം കഴിഞ്ഞാൽ മിക്ക സ്ത്രീകളിലും ചിരിക്കുമ്പോഴും ചുമക്കുമ്പോഴും മറ്റും അറിയാതെ മൂത്രം പോകുന്ന അവസ്ഥ കാണാറുണ്ട്. ചിലർക്ക്് സാധാരണയിൽ കൂടുതലായി മൂത്രശങ്ക അനുഭവപ്പെടും. ഗർഭധാരണവും  പ്രസവവും കഴിയുന്നതോടെ ഗർഭപാത്രത്തെയും മൂത്രസഞ്ചിയിലെ വെള്ളത്തേയും താങ്ങിയിരിക്കുന്ന മസിലുകളുടെ ശേഷി നഷ്ടപ്പെടുമ്പോഴും ഇങ്ങനെ  സംഭവിക്കും.

ചില അവസരങ്ങളിൽ യൂറിനറി ഇൻഫക്‌ഷൻ വില്ലനായി മാറാം. ഗർഭപാത്രത്തിലോ അണ്ഡാശയത്തിലോ എന്തെങ്കിലും മുഴകൾ ഉണ്ടായാലും മൂത്രം നിയന്ത്രിക്കാൻ കഴിയാതെ വരും. വ്യക്തമായ കാരണം കണ്ടെത്താൻ സ്കാനിങ്ങ് നടത്തി നോക്കിയാൽ മതി. എത്രയും പെട്ടെന്നു നിർബന്ധമായും സ്കാനിങ്ങിന് വിധേയരാവണം. മൂത്രസഞ്ചിക്കും മൂത്രനാളിയ്ക്കും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടോയെന്ന് അറിയാനും ഗര്‍ഭപാത്രത്തിലോ അണ്ഡാശയത്തിലോ ഉള്ള മുഴകളുെട സാന്നിധ്യം അറിയാനും സ്കാനിങ് സഹായിക്കും.

സാധാരണ ഗതിയിൽ രാവിലെ മുതൽ രാത്രി വരെയുള്ള സമയത്തിൽ എട്ട് തവണയെങ്കിലും മൂത്രമൊഴിക്കാം. രാത്രിയിൽ മൂന്ന് തവണ വരെയും പോകാം. ഇതിലും കൂടുതൽ തവണ മൂത്രം പോകേണ്ടി വരുമ്പോഴാണ് ഇതൊരു രോഗാവസ്ഥയായി മാറുന്നത്.  വണ്ണം കൂടുതലുള്ളവരിലും തൈറോയ്ഡിന്റെ പ്രശ്നമുള്ളവരിലും പ്രമേഹ രോഗികളിലും  ഈ പ്രശ്നം കൂടുതല്‍ കാണാറുണ്ട്.

വിവരങ്ങൾക്കുള്ള കടപ്പാട്: ഡോ ലളിത പി.എ,

മാനേജിങ് ഡയറക്ടർ, മലബാർ ഹോസ്പിറ്റൽ, കോഴിക്കോട്

ഡോ മിലി മാണി, ലാപ്രോസ്കോപ്പിക്ക്  സർജൻ &

യൂറോ ഗൈനക്കോളജി സ്പെഷ്യലിസ്റ്റ്, മലബാർ ഹോസ്പിറ്റൽ കോഴിക്കോട്

ഡോ ആഷാ റാണി ടി.കെ, കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, ജനറൽ‌ ഹോസ്പിറ്റൽ, കോട്ടയം

Understanding Breast Lumps and Cancer Risks:

Breast cancer awareness is crucial for women's health. Early detection and proper care can lead to better outcomes for conditions such as breast cancer and menopause-related issues.

ADVERTISEMENT