ADVERTISEMENT

ചുമച്ച് ചുമച്ച് ശ്വാസം മുട്ടുന്ന അവസ്ഥ, ഇടയ്ക്കിടെ വരുന്ന പനിയും മൂക്കടപ്പും തണുപ്പുകാലമായതോടെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് ഭീതിയുടെ ദിനങ്ങൾ കൂടി വരുന്നു. തണുപ്പിനൊപ്പം അന്തരീക്ഷവായുവിന്റെ ഗുണനിലവാരം കൂടി താഴുന്നതോടെ കാര്യങ്ങൾ പലപ്പോഴും പിടിവിട്ടു പോകുന്നു. മുൻപ് ചുടുവെള്ളം കുടിയിലും വിശ്രമത്തിലും തീർന്നിരുന്ന ആരോഗ്യപ്രശ്നങ്ങൾ ഇന്ന് പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലാണ്.

കാലം മാറി കാരണങ്ങളും

ADVERTISEMENT

ശൈത്യ കാലമാകുമ്പോഴേക്കും ശ്വാസന പ്രശ്നങ്ങൾ ഉണ്ടായിരുന്നവർക്കും അല്ലാത്തവർക്കും ശ്വസനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ കൂടുന്നതായി കാണാം. മഞ്ഞും പുകയും വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നുമുള്ള മലിനീകരണവും കൂടി വരുന്നതും അത് നിരന്തരമായി ശ്വസിക്കാനിടവരുന്നതും ശ്വസന പ്രശ്നങ്ങളുണ്ടാക്കും. ശൈത്യത്തിൽ തണുത്തതും വരണ്ടതുമായ വായു അകത്തേക്ക് എടുക്കുമ്പോൾ അത് ശ്വാസകോശത്തെ ചെറുതായി ചുരുക്കിക്കളയുന്നുണ്ട്. അതോടെ ശ്വാസം വലിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കും.. ഈ തണുത്ത വായു ശ്വാസനാളിയിൽ നീർക്കെട്ടുണ്ടാക്കി ചുമ, ശ്വാസതടസം തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്.

ഇതിൽ തന്നെ ആസ്മ, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി.) പോലുള്ള അലർജി പ്രശനങ്ങൾ ഉള്ളവർക്ക് തണുപ്പുകാലത്ത് അസുഖത്തിന്റെ ലക്ഷണങ്ങൾ വഷളാകുന്നതും കണ്ടുവരുന്നുണ്ട്.

ADVERTISEMENT

തണുപ്പുകാലത്ത് വൈറൽ അണുബാധകൾക്ക് സാധ്യത കൂടുതലാണ്. ഇതുമൂലം ജലദോഷപ്പനി, റെസ്പിറേറ്ററി സിൻസീഷ്യൽ വൈറസ് (ആർ.എസ്.വി.), അഡിനോ വൈറസുകളുടെ വരവോടു കൂടിയുണ്ടാകുന്ന ശ്വാസനാളികളിലെ നീർക്കെട്ടുകൾ ഒക്കെ നിലവിൽ ധാരാളം പേർക്ക് കണ്ടുവരുന്നുണ്ട്.

തടയിടാൻ ശീലിക്കാം

ADVERTISEMENT

–നേരത്ത അലർജി പ്രശ്നങ്ങൾ കഴിച്ചിരുന്നവർ/കഴിക്കുന്നവർ മരുന്നുകൾ മുടങ്ങാതെ കൃത്യമായി കഴിക്കണം. എന്നിട്ടും എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ വന്നാൽ ഉടനെ തന്നെ ഡോക്ടറെ കാണണം..

– കഴിവതും അതിരാവിലെ സ്ഥിരമായി പുറത്തേക്ക് ഇറങ്ങാതിരിക്കുക. പറ്റുന്നവരൊക്കെ അന്തരീക്ഷമൊന്ന് ചൂടുപിടിച്ച് വരുമ്പോഴേക്കും മാത്രം ഇറങ്ങാൻ ശ്രമിക്കുക.

– പുറത്തേക്ക് പോകുമ്പോൾ മാസ്ക്/സ്കാർഫ് എന്നിവ കൊണ്ട് മൂടുക. ഇത് ശ്വാസനാളത്തിലേക്ക് തണുത്ത വായു വല്ലാതെ കയറുന്നത് തടയും. അകത്തേക്കെത്തുന്ന വായുവിനെ ഒന്ന് ചൂടാക്കാനും സഹായിക്കും.. ഇത് ശ്വാസകോശ പ്രശ്നങ്ങൾ കുറയ്ക്കും.

– ധാരാളം വെള്ളം കുടിക്കുക. ഇത് കഫത്തെ നേർപ്പിച്ച് പുറന്തള്ളാൻ സഹായിക്കും.

– മലിനീകരണം കൂടുന്ന സമയത്ത് (ഫോണിലും മറ്റും ഇതിന്റെ അലേർട്ടുകൾ വരുന്നത് ശ്രദ്ധിക്കാം) കഴിവതും പുറത്തേക്ക് പോകാതിരിക്കാൻ ശ്രമിക്കുക.

– വാക്സീനുകൾ കൃത്യമായി എടുക്കുക. ന്യുമോണിയ, ഇൻഫ്ലുവെൻസാ, ന്യൂമോക്കോക്കൽ മുതലായ വാക്സീനുകൾ ഡോക്ടറുടെ നിർദേശമനുസരിച്ച് എടുക്കുക. നേരത്തേ മുതൽ തന്നെ ശ്വസകോശ പ്രശ്നങ്ങളുള്ളവർ, സി.ഒ.പി.ഡി., ആസ്മ, മറ്റ് അലർജി ഒക്കെയുള്ളവർ പ്രത്യേകിച്ചും ഇവ എടുക്കാൻ ശ്രമിക്കുക.

തുടർച്ചയുള്ള ശ്വാസതടസം, നെഞ്ചിലെ നീർക്കെട്ട്, സാധാരണ മരുന്നുകൾ കഴിച്ചിട്ടും ഫലമില്ലാത്ത അവസ്ഥ, ആവർത്തിച്ചുണ്ടാകുന്ന അണുബാധകൾ, ഒന്നു നടക്കുമ്പോൾ തന്നെ ശ്വാസം മുട്ടുക തുടങ്ങിയവയുണ്ടെങ്കിൽ വച്ചു താമസിപ്പിക്കാതെ വീട്ടുചികിത്സയും മറ്റും ചെയ്തിരിക്കാതെ ഉടനെ ഡോക്ടറെ കാണുക.

വിവരങ്ങൾക്കു കടപ്പാട്: ഡോ. പി.എസ്. ഷാജഹാൻ, ശ്വാസകോശ വിഭാഗം പ്രഫസർ, കൊല്ലം മെഡിക്കൽ കോളജ്.

ADVERTISEMENT