‘സ്ലീവ്ലെസ് വസ്ത്രം ധരിക്കാന്‍ മടിയാണോ?’; 7 ദിവസം കൊണ്ട് കൈവണ്ണം കുറയ്ക്കാൻ ഏറ്റവും മികച്ച വഴികൾ Best Exercises to Tone Your Arms
Mail This Article
മെലിഞ്ഞ ശരീരമാണെങ്കിലും കൈകള്‍ക്ക് മാത്രം അമിതവണ്ണം ഉള്ളവരുണ്ട്. കൈകള്‍ തടിച്ചതാണെങ്കില്‍ കാഴ്ചയില്‍ ശരീരഭാരം കൂടുതലുള്ളതായി തോന്നിക്കും. സ്ലീവ്ലെസ് ധരിക്കാന്‍ താല്‍പ്പര്യമുള്ളവരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട... സങ്കടത്തോടെ ഇഷ്ടവസ്ത്രം ഉപേക്ഷിക്കേണ്ടി വരും.
ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രം കൊഴുപ്പ് കേന്ദ്രീകരിച്ചിരിക്കുന്നതു കൊണ്ടാണ് ചില ഭാഗങ്ങളില്‍ മാത്രം അമിതവണ്ണം തോന്നുന്നത്. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം തന്നെ കൈകളിലെ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കും. ചില വ്യായാമങ്ങൾ നിങ്ങളുടെ കൈ പേശികളുടെ ശക്തി, വലുപ്പം, ആകൃതി എന്നിവ വർധിപ്പിച്ച് ശരീരഘടന മെച്ചപ്പെടുത്താൻ സഹായിക്കും. കൈയിലെ കൊഴുപ്പ് കുറയ്ക്കാനും മൊത്തത്തിലുള്ള ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന വഴികൾ ഇതാ...
ഭക്ഷണത്തിൽ വേണം ശ്രദ്ധ
ഭക്ഷണത്തിൽ അധിക ഫൈബർ ചേർക്കുന്നത് വണ്ണം കുറയ്ക്കാന്‍ ഫലപ്രദമാണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പരിപ്പ്, വിത്തുകൾ, പയർവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കാം. മാംസം, കോഴിയിറച്ചി, കടൽ വിഭവങ്ങൾ, പയർവർഗ്ഗങ്ങൾ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങളാണ്. ഇത് ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാൻ സഹായിക്കും. പ്രോട്ടീൻ ഉപയോഗം വർധിപ്പിക്കുന്നത് വഴി വിശപ്പ് നിയന്ത്രിക്കാന്‍ സാധിക്കും.
പാസ്ത, വൈറ്റ് ബ്രെഡ്, അരി, ഗോതമ്പ് തുടങ്ങി കാർബോഹൈഡ്രേറ്റുകള്‍ കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി പകരം ക്വിൻവ, ബാർലി, ഓട്സ് പോലുള്ള ധാന്യങ്ങൾ തിരഞ്ഞെടുക്കുക. മധുരമുള്ള പാനീയങ്ങളായ സോഡ അല്ലെങ്കിൽ ജ്യൂസ് എന്നിവയ്ക്ക് പകരം വെള്ളമോ മറ്റ് മധുരമില്ലാത്ത പാനീയങ്ങളോ കുടിക്കാം. പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
നിങ്ങളുടെ ഭക്ഷണത്തിൽ അണ്ടിപ്പരിപ്പ്, സീഡ്സ്, ഒലിവ് ഓയിൽ എന്നിവ ചേർക്കുക. ആരോഗ്യകരമായ കൊഴുപ്പുകൾ മെറ്റബോളിസത്തെ വര്‍ധിപ്പിക്കും. അമിതഭക്ഷണം ഒഴിവാക്കാൻ ചെറിയ പ്ലേറ്റുകൾ ഉപയോഗിക്കുകയും സാവധാനം ഭക്ഷണം കഴിക്കുകയും ചെയ്യുക. ദിവസവും കുറഞ്ഞത് 2- 3 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ജലാംശം മെറ്റബോളിസത്തിന് സഹായിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
കൈകൾക്ക് ടോൺ നല്‍കാന്‍ വ്യായാമം
ഹൃദയമിടിപ്പ് ഉയർത്തി കലോറി കത്തിക്കുന്ന തരം വ്യായാമമാണ് കാർഡിയോ. കൊഴുപ്പ് കുറയ്ക്കാൻ ശ്രമിക്കുമ്പോൾ, വ്യായാമ ദിനചര്യയിൽ കാർഡിയോ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഭാരോദ്വഹനം കൈകളിലെ കൊഴുപ്പ് കുറയ്ക്കാൻ ഇടയാക്കില്ല. എന്നാല്‍ ചില അപ്പർ ബോഡി വെയ്റ്റ് ലിഫ്റ്റിങ് വ്യായാമങ്ങള്‍ കൈവണ്ണം കുറയ്ക്കാന്‍ നല്ലതാണ്.
ട്രൈസെപ്സ് ഡിപ്സ്, പ്ലാങ്ക്സ്, പുഷ്അപ്പുകൾ തുടങ്ങിയ വ്യായാമങ്ങൾ പേശികളുടെ ശക്തി വർധിപ്പിക്കാനും കൈകൾക്ക് ടോൺ നൽകാനും സഹായിക്കും.
ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഒരൊറ്റ വ്യായാമവും പെട്ടെന്ന് കൈയിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഫലപ്രദമല്ല. സ്പോട്ട് റിഡക്ഷൻ എന്നത് മിഥ്യയാണ്. മൊത്തത്തിലുള്ള കൊഴുപ്പ് കത്തിക്കാൻ പൂർണ്ണമായ ശരീര ചലനം ആവശ്യമാണ്. കലോറി കുറഞ്ഞ ഭക്ഷണം, പതിവായി വ്യായാമം, 8 മണിക്കൂര്‍ നല്ല ഉറക്കം എന്നിവ പിന്തുടര്‍ന്നാലെ കൈത്തണ്ടയിലെ കൊഴുപ്പ് ഉൾപ്പെടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കൂ...
മികച്ച വ്യായാമങ്ങൾ
ആം സര്‍ക്കിള്‍സ്: 30 സെക്കൻഡ് വീതം മുന്നോട്ടും പിന്നോട്ടും കറക്കുക.
ട്രൈസെപ് ഡിപ്സ്: ഒരു ബെഞ്ചില്‍ ഇരിക്കുക. കൈകള്‍ പുറകില്‍ കുത്തി പതിയെ ഇരുന്നുകൊണ്ട് താഴെ ഇറങ്ങുക. 15 തവണ ഇങ്ങനെ ചെയ്യാം.
പുഷ്-അപ്പുകൾ: കൈയിലെ കൊഴുപ്പ് കത്തിക്കുന്നതിന് ദിവസവും 10 മുതൽ 15 വരെ പുഷ്-അപ്പുകൾ വരെ ചെയ്യുക.
റിവേഴ്സ് പ്ലാങ്ക് ലെഗ് ലിഫ്റ്റുകൾ: തറയിൽ ഇരിക്കുക, നിങ്ങളുടെ ഇടുപ്പ് ഉയർത്തുക, ഓരോ കാലും മാറിമാറി ഉയർത്തുക. ഓരോ വശത്തും 10 തവണ ആവർത്തിക്കുക.
വാൾ പുഷ്-അപ്പുകൾ: പതിവ് പുഷ്-അപ്പുകൾ ബുദ്ധിമുട്ടാണെങ്കിൽ, 20 തവണ വാൾ പുഷ്-അപ്പുകൾ പരീക്ഷിക്കുക. ഇവ കൈ പേശികളെ ഉറച്ചതാക്കുന്നു.
7 ദിവസത്തിനുള്ളിൽ കൈകളുടെ കൊഴുപ്പ് കുറയ്ക്കാന്‍ ഈ വ്യായാമങ്ങൾ നിങ്ങളെ സഹായിക്കും.
