ഒരാഴ്ച കൊണ്ടു വണ്ണം കുറച്ചാൽ ആരോഗ്യം വഷളാകും: പൊടുന്നനെ വ്യായാമം നിർത്തുന്നതും ദോഷം suddenly stopping gym workouts leads to rapid detraining
Mail This Article
ആഴ്ചയിൽ നാലു ദിവസവും മോണിക്കയുടെ ഉച്ചഭക്ഷണം ബർഗറായിരുന്നു. ഓഫിസിൽ നിന്നിറങ്ങുമ്പോൾ ക്ഷീണം മാറ്റാൻ ഒരു സാൻവിച്ചും കൂടെയൊരു മിൽക്ക് ഷെയ്ക്കും കഴിക്കും.
ശനി, ഞായർ ദിവസങ്ങളിൽ ഊണിനൊപ്പം തേങ്ങാക്കൊത്ത് വറുത്തിട്ട ബീഫ് നിർബന്ധം. അങ്ങനെ നാലഞ്ചു വർഷത്തെ കൊഴുപ്പടയാളങ്ങൾ വയറിന്റെ ഇരുവശത്തും കനം കൂട്ടിയപ്പോൾ മോണിക്ക കടുത്ത തീരുമാനമെടുത്തു. ജിമ്മിൽ ചേർന്ന് 15 കിലോ കുറയ്ക്കും!
ജിംനേഷ്യത്തിലെ ഇൻസ്ട്രക്ടർ അതു കേട്ടു ഞെട്ടിയില്ല. ‘പതുക്കെ എല്ലാം റെഡിയാക്കാം’ എന്ന മറുപടി മാത്രമേ അദ്ദേഹം പറഞ്ഞുള്ളൂ. വ്യായാമം ചെയ്തു മസിലുകൾ ബലപ്പെടുത്തിയ ശേഷമാണു കനമുള്ള ഐറ്റംസ് എടുക്കേണ്ടത്.
എന്നാൽ, നാലാഴ്ച കൊണ്ടു സൈസ് സീറോ യിലേക്കു മാറാനുള്ള ലക്ഷ്യത്തിനു മുന്നിൽ മോണിക്ക യാതൊരു കോംപ്രമൈസിനും തയാറായില്ല. യുട്യൂബ് വിഡിയോസ് നോക്കി സ്വയം പഠനം നടത്തി ജിംനേഷ്യത്തിലെ എല്ലാ ഉപകരണങ്ങളിലും കസർത്ത് തുടങ്ങി.
മൂന്നാമത്തെ ആഴ്ച ഓർത്തോ വിഭാഗം ഡോക്ടറുടെ മുറിയുടെ മുന്നിൽ കാത്തിരിക്കുകയാണു മോണിക്ക. ടൂത്ത് ബ്രഷ് പിടിക്കാൻ പോലും വയ്യാത്ത വിധം കൈമുട്ടിനു വേദന. രണ്ടു ദിവസമായി തലമുടി തോർത്തുന്നതു പോലും ഭർത്താവിന്റെ സഹായാത്താലാണ്.
ഈ സംഭവങ്ങളെല്ലാം കേട്ടു കഴിഞ്ഞ് ഡോക്ടർ കുറച്ചു കാര്യങ്ങൾ മോണിക്കയുടെ ശ്രദ്ധയ്ക്കായി വിശദീകരിച്ചു. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ പുതുവർഷത്തിൽ ജിമ്മിൽ പോകാൻ തുടങ്ങിയ എല്ലാവർക്കും മാർഗനിർദേശമാകും. അത് എന്തൊക്കെയെന്നു നോക്കാം.
ജിമ്മിൽ പോകുന്നതിനു മുൻപ്
∙പ്രായത്തിന് അനുസരിച്ചു വ്യായാമം ചെയ്യണം. രോഗങ്ങൾക്കു മരുന്നു കഴിക്കുന്നവർ ഡോക്ടറുടെ നിർദേശം തേടണം.
∙ജിംനേഷ്യത്തിൽ പോകുന്നതിനു മുൻപു ശരീരഭാരം നോക്കണം.
∙ഹൃദയാരോഗ്യം ഉറപ്പാക്കാൻ ട്രെഡ്‌മിൽ ടെസ്റ്റ് നടത്തണം.
∙ജിം ട്രെയിനിങ്ങിൽ സർട്ടിഫിക്കറ്റ് നേടിയ ഇൻസ്ട്രക്ടറുടെ കീഴിൽ പരിശീലനം നേടണം.
∙മസിൽ ബിൽഡിങ് / ഫിസിക്കൽ ഫിറ്റ്നസ് Ð ഇതിലേതാണു ഗോൾ എന്നു ഇൻസ്ട്രക്ടറോടു പറയണം. ഡയറ്റ് കൃത്യമായി മനസ്സിലാക്കണം.
∙പൊടുന്നനെ വണ്ണം കുറയ്ക്കാനുള്ള ശ്രമവും ഒരാഴ്ചയ്ക്കുള്ളിൽ മസിൽ ശക്തിപ്പെടുത്താനുള്ള കഠിന പരിശീലനങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു വഴിയൊരുക്കും.
∙കൂടുതൽ ഭക്ഷണം കഴിച്ചാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. അതുപോലെ അമിതവ്യായാമവും ആരോഗ്യത്തെ ദുർബലമാക്കും.
∙ആരോഗ്യ പരിപാലനത്തിനും രോഗശമനത്തിനും വെവ്വേറെ വ്യായാമങ്ങളുണ്ട്. അതിന് അനുസരിച്ച് വേണം വ്യായാമം തിരഞ്ഞെടുക്കാൻ.
സമയമെടുക്കും, ക്ഷമ വേണം
രോഗം വരാതിരിക്കാനുള്ള ഏറ്റവും എളുപ്പമാർഗമാണ് ആരോഗ്യ സന്തുലനം. നല്ല ഭക്ഷണ ശീലം, വിശ്രമം എന്നിവ സന്തുലനത്തിന്റെ ഭാഗമാണ്. വ്യായാമം വ്യക്തി അധിഷ്ഠിതമാണ്. പ്രായം, ആരോഗ്യം, പുരുഷൻ - സ്ത്രീ എന്നിങ്ങനെ വ്യായാമ മുറകളിൽ വേർ തിരിവു വേണം.
∙ ആരോഗ്യം നിലനിർത്തുന്നതിൽ 35 ശതമാനം പങ്ക് വ്യായാമത്തിനാണ്. അത്രമാത്രം വ്യായാമം ചെയ്താൽ മതി എന്നുകൂടിയാണ് ഇത് അർഥമാക്കുന്നത്.
∙മാനസിക പിരിമുറുക്കം കുറയ്ക്കാനും വ്യായാമം സഹായകമാണ്. ബൗദ്ധികവ്യായാമവും ശീലമാക്കണം. വായന, മെഡിറ്റേഷൻ, യോഗ, പാട്ടു കേൾക്കുക, കലാപരമായ പ്രവർത്തനങ്ങൾ എന്നിവ ബൗദ്ധിക വ്യായാമങ്ങളാണ്.
∙ മികച്ച ആരോഗ്യ പരിപാലനത്തിന് കുറേശെയായിട്ടാണ് വ്യായാമത്തിന്റെ അളവും കാഠിന്യവും കൂട്ടേണ്ടത്. ദുഃശീലങ്ങൾ ഉള്ളവരാണെങ്കിൽ (പുകവലി, മദ്യപാനം) നിശ്ചിത സമയത്തിനുള്ളിൽ കുറേശെയായി കുറച്ച് ആ ശീലം പാടേ ഉപേക്ഷിക്കണം.
∙പുതിയ കാലഘട്ടത്തിൽ എല്ലാം പെട്ടെന്നു നേടിയെടുക്കാനാണു പലരും ആഗ്രഹിക്കുന്നത്. ആരോഗ്യ കാര്യത്തിൽ പൊടുന്നനെയുള്ള നേട്ടം നേരായ വഴിക്ക് പ്രായോഗികമല്ല. കഠിന വ്യായാമം പെട്ടെന്ന് തുടങ്ങുക, പെട്ടെന്ന് അവസാനിപ്പിക്കുക Ð ഇതു രണ്ടും പ്രത്യാഘാതമുണ്ടാക്കും. ഇത്തരം സാഹചര്യത്തിൽ ശരീരത്തിന്റെയും മനസ്സിന്റെയും സന്തുലനം നഷ്ടപ്പെടുന്നു.
∙അമിത വ്യായാമം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കും മരണത്തിനു വരെയും കാരണമാകും. വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുന്നതും ക്രിക്കറ്റ് കളിക്കിടെ ഹൃദയസ്തംഭനവുമൊക്കെ നിരവധി പേർക്കു നേരിടേണ്ടി വന്നിട്ടുള്ള ദാരുണ അനുഭവങ്ങളാണ്. രക്തക്കുഴലുകളിൽ ഉണ്ടാകുന്ന തകരാറുകളാണ് ഇത്തരം സാഹചര്യങ്ങൾക്കു വഴിയൊരുക്കുന്നത്. പ്രശ്നങ്ങൾ തിരിച്ചറിയാതെ കഠിന വ്യായാമം തുടരുന്നത് കുഴഞ്ഞു വീണു മരങ്ങൾക്കു കാരണമായേക്കാം.
(കടപ്പാട്: ഡോ. ജിക്കു ഏലിയാസ് ബെന്നി, ചീഫ് കൺസൽറ്റന്റ്, സികെയർ ആയുർവേദ ഹോസ്പിറ്റൽ, മൂവാറ്റുപുഴ)
