ADVERTISEMENT

യൂട്യൂബ് വിഡിയോ കണ്ട് അമിതവണ്ണം കുറയ്ക്കാന്‍ ബോറാക്സ് പൗഡര്‍ കഴിച്ച പത്തൊമ്പതുകാരി മരണപ്പെട്ടത് തമിഴ്നാട്ടിലാണ്. മരുന്നുകടയില്‍ നിന്ന് വാങ്ങിയ ബോറാക്സ് കഴിച്ചതിനെ തുടർന്ന് കടുത്ത ഛർദ്ദിയും വയറിളക്കവും ഉണ്ടായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. യഥാര്‍ത്ഥത്തില്‍ എന്താണ് ബോറാക്സ്? ബോറാക്സ് കഴിക്കുന്നത് സുരക്ഷിതമാണോ? അറിയാം ഇക്കാര്യങ്ങള്‍

എന്താണ് ബോറാക്സ്? 

ADVERTISEMENT

സോഡിയം ടെട്രാബോറേറ്റ് എന്ന രാസവസ്തുവിന്റെ പൊതുവായ പേരാണ് ബോറാക്സ്. ഇത് ബോറിക് ആസിഡിന്റെ ഉപ്പാണ്. വെളുത്ത പരലുകൾ പോലെ കാണുന്ന പൊടിച്ച ബോറാക്സ് വെള്ളത്തിൽ ലയിക്കുന്നവയാണ്. പല ഗാർഹിക ശുചീകരണ ഉൽപ്പന്നങ്ങളിലും ബോറാക്സ് ഒരു ഘടകമായി ചേര്‍ക്കുന്നുണ്ട്. പല ഗാർഹിക ഉൽപ്പന്നങ്ങളിലും സോപ്പുകളിലും ഡിറ്റർജന്റുകളിലുമെല്ലാം ബോറാക്സ് അടങ്ങിയിട്ടുണ്ട്.

ദുര്‍ഗന്ധം ഇല്ലാതാക്കാനും പ്രാണികളെ കൊല്ലാനും കഠിനമായ വെള്ളം മൃദുവാക്കാനും പായലും പൂപ്പലും വൃത്തിയാക്കാനും ബോറാക്സ് ഉപയോഗിക്കുന്നു. തീപിടുത്തം തടയുന്ന കെമിക്കലായും ബോറാക്സ് പ്രവർത്തിക്കുന്നു. ഷാംപൂ, മേക്കപ്പ് സാധനങ്ങള്‍, ബോഡി സോപ്പുകൾ തുടങ്ങിയ സൗന്ദര്യവർധക ഉൽപ്പന്നങ്ങളിലെ ബാക്ടീരിയയുടെ വളർച്ച തടയാനും ബോറാക്സ് ഉപയോഗിക്കുന്നു.

ADVERTISEMENT

വൃത്തിയാക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഈ വസ്തു ഭക്ഷ്യയോഗ്യമല്ല. ശാരീരികമായ ചില അപകടസാധ്യതകൾ ഇവ ഉണ്ടാക്കുന്നു. ബോറാക്സ് ശരീരത്തിനുള്ളില്‍ എത്തുമ്പോള്‍ ചർമം, കണ്ണ് സംബന്ധമായി അലര്‍ജി, ശ്വാസതടസ്സം, ദഹന പ്രശ്നങ്ങൾ, വന്ധ്യത, വൃക്ക തകരാർ, മരണം എന്നിവ സംഭവിക്കാം. സുരക്ഷിതമല്ലാത്തതിനാല്‍ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ബോറാക്സിനെ ഭക്ഷ്യ വസ്തുവായി നിരോധിച്ചിട്ടുണ്ട്.

ബോറാക്സ് ശ്വസിക്കുമ്പോഴോ, വിഴുങ്ങുമ്പോഴോ ഗുരുതരമായ വിഷബാധയ്ക്കും അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും കാരണമാകും. ബോറാക്സ് കഴിക്കുന്നത് മൂലം വൃഷണങ്ങൾ, പ്രത്യുൽപാദനക്ഷമത, ഗര്‍ഭസ്ഥ ശിശു എന്നിവയെ ബാധിക്കാം. കുട്ടികൾക്ക് കളിക്കാൻ തയാറാക്കുന്ന കളിമണ്ണ് പോലുള്ളവയിലും ബോറാക്സ് ഉപയോഗിച്ചിരുന്നു. ബോറാക്സുമായും ബോറാക്സ് അടങ്ങിയ ഉൽപ്പന്നങ്ങളുമായുള്ള സമ്പർക്കം കുട്ടികൾ ഒഴിവാക്കണം. ഇതിലെ വിഷാംശം മൂലം കുട്ടികൾക്ക് അപകടസാധ്യതയുണ്ട്.

ADVERTISEMENT

ഒരു കുട്ടി 5 ഗ്രാം വരെ ബോറാക്സ് കഴിച്ചാല്‍ അങ്ങേയറ്റം ദോഷവും മാരകവുമാണ്. വയറിളക്കം, ഛർദ്ദിയെ തുടര്‍ന്ന് പെട്ടെന്ന് മരണം സംഭവിക്കും. മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ അപകടകരമാണ് ബോറാക്സ്. വളർത്തുമൃഗങ്ങളുണ്ടെങ്കിലും ബോറാക്സ് അടങ്ങിയ കീടനാശിനികൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. 

ബോറാക്സ് ഉപയോഗത്തില്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

. ശുചീകരണ ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ റബ്ബർ കയ്യുറകൾ ധരിക്കുക.

. ഒരു ബോറാക്സ് ഉൽപ്പന്നം കൈകാര്യം ചെയ്യുന്നതിന് മുന്‍പ് മൂക്ക്, വായ, കണ്ണുകൾ എന്നിവയുമായി സമ്പർക്കം ഒഴിവാക്കുക. 

. ബോറാക്സ് അടങ്ങിയ ഉൽപ്പന്നങ്ങൾ കുട്ടികൾക്കോ വളർത്തുമൃഗങ്ങൾക്കോ എത്തിപ്പെടാൻ കഴിയാത്തവിധം സൂക്ഷിക്കുക

. ബോറാക്സ് ഇല്ലാതെ കുട്ടികൾക്കായി വീട്ടിലുണ്ടാക്കുന്ന കളിമണ്ണും സ്ലൈമുകളും ഉണ്ടാക്കി നല്‍കാം.

. ബോറാക്സിന്റെ പൊടി ശ്വസിക്കുന്നത് ഒഴിവാക്കുക.

. ബോറാക്സ് പൊടി കഴിക്കുകയോ, കൈകാര്യം ചെയ്യുകയോ ചെയ്യരുത്.

What is Borax?:

Borax: Understanding the Risks. Borax, a common ingredient in cleaning products, can be harmful if ingested, leading to severe health issues and potential fatalities, as highlighted by a recent incident in Tamil Nadu.

ADVERTISEMENT