ഫോണും കംപ്യൂട്ടറും ഏറെ നേരം ഉപയോഗിക്കുന്നവരാണോ? ശരീരം വളയുന്നുണ്ടോ? പോസ്ചർ മികച്ചതാക്കാനുള്ള മൂന്ന് ലളിത വ്യായാമങ്ങളിതാ... Three Easy Exercises for Posture Correction
Mail This Article
പല കാരണങ്ങൾ കൊണ്ട് ഒരാളുടെ പോസ്ചർ മോശമാകാം.: മോശം ഇരുപ്പ്, നിൽപ്, നടത്തം, വളഞ്ഞിരുന്നുള്ള ഫോൺ/ലാപ്ടോപ് ഉപയോഗം, നിങ്ങളുടെ ഉയരത്തിനനുസരിച്ചല്ലാത്ത ടേബിളോ, അടുക്കളത്തട്ടുകളോ ഒക്കെ സ്ഥിരമായി ഉപയോഗിക്കേണ്ടി വരിക തുടങ്ങി പലതും. കാരണം കണ്ടുപിടിച്ച് അത് പരിഹരിക്കുക എന്നതാണ് പോസ്ചർ ശരിയാക്കാനുള്ള ആദ്യ പടി. അതിനു ശേഷം കുറച്ചു വ്യായമങ്ങളും കൂടി ജീവിത ശൈലിയുടെ ഭാഗമാക്കിയാൽ ശരീരഘടന കൃത്യമാക്കി വയ്ക്കാം.
കാരണങ്ങൾ പലതുണ്ട്
ജോലിയുടെ ഭാഗമായും അല്ലാതെയും ഇന്നത്തെ കാലത്ത് ഒരുപാട് നേരം നമ്മൾ ഫോണും ലാപ്ടോപ്പും ഒക്കെ ഉപയോഗിക്കാറുണ്ട്. അതേപോലെ ഏറെ നേരം തുടർച്ചയായി നിൽക്കുക, ഇരിക്കുക ഒക്കെ ചെയ്യേണ്ടിയും വരാറുണ്ട്. ഇത്തരത്തിലുള്ള പല കാരണങ്ങൾ കൊണ്ടും നമുക്ക് പോസ്ചർ പ്രശ്നങ്ങൾ വരാം. കഴുത്ത് മുന്നോട്ട് ആയുന്ന അവസ്ഥ, പുറം വളയൽ തുടങ്ങി പല പ്രശ്നങ്ങളും അനുബന്ധമായി വരാം. പോസ്ചർ നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ പല തരത്തിലുള്ള വേദനകളായും മറ്റു ശാരീരിക പ്രശ്നങ്ങളായും നമ്മുടെ സമാധാനം നഷ്ടപ്പുത്താൻ ഈ പ്രശ്നത്തിനാകും.
പോസ്ചർ ശരിപ്പെടുത്തിയെടുക്കനുള്ള മൂന്ന് ലളിതമായ വ്യായാമങ്ങൾ അറിഞ്ഞു വയ്ക്കാം. ഇവ വളരെ കുറഞ്ഞ സ്ഥലത്തു വച്ചും ചെയ്യാം എന്നതാണ് പ്രത്യേകത.
1. വാൾ എയ്ഞ്ചൽസ്
തല കഴുത്തിന്റെ പുറം ഭാഗം എന്നിവ മതിലിലേക്ക് നന്നായി മുട്ടി നിൽക്കുന്ന തരത്തിൽ നിവർന്നു നിൽക്കുക. എന്നിട്ട് കൈകൾ തോളിന്റെ പോക്കമനുസരിച്ച് 90 ഡിഗ്രിയിൽ വശങ്ങളിലേക്ക് മടക്കി വയ്ക്കുക ശേഷം മതിലിനോട് ചേർന്ന നിലയിൽ തന്നെ പതിയെ മുകളിലേക്കും താഴേക്കും ചലിപ്പിക്കുക. ഇത് 10–15 തവണ ചെയ്യാം.
തോളുകളും പുറം ഭാഗവും നന്നായി ശക്തിപ്പെടും കൂടാതെ നെഞ്ച് വിടർന്നിരിക്കാനും ഇത് സഹായിക്കും.. ജോലിക്കിടയിലെ ചെറിയ ഇടവേളയിൽ പോലും ഈ വ്യായാമം ചെയ്യാനാകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത..
2. ചിൻ ടക്സ്
നിന്നും ഇരുന്നും എവിടെ വച്ചും ചെയ്യാൻ സാധിക്കുന്ന ഒരു വ്യായാമമാണിത്. താടി പിന്നിലേക്ക് വലിച്ച് ഇരട്ടത്താടി വരുന്ന പോലെയുള്ള രീതിയിൽ വലിച്ച് അകത്തേക്ക് നിർത്തുക. അങ്ങനെ 5 നിമിഷം വയ്ക്കുക. എന്നിട്ട് പൂർവ്വ സ്ഥിതിയിലേക്കു പോകാം. ഇത് 10–15 തവണ ചെയ്യാം.
കഴുത്തിലേക്കുള്ള പേശികളെ ഇത് ശക്തിപ്പെടുത്തി നല്ലൊരു പോസ്ചർ നിങ്ങൾക്ക് സ്വന്തമാക്കാൻ സഹായിക്കും..
3. ക്യാറ്റ് ആന്റ് കൗ പോസ്
പലർക്കും സുപരിചിതമായൊരു വ്യായാം. ശരീരത്തിന്റെ പിൻ ഭാഗത്തെ ശക്തിപ്പെടുത്താനുള്ളൊരു സ്ട്രെച്ച് ആണിത്.
രണ്ടു മുട്ടുകാലും കുത്തി കൈ മുന്നിൽ കുത്തി പൂച്ചയൊക്കെ നിൽക്കുന്ന മട്ടിൽ നിലത്തു നിൽക്കുക. എന്നിട്ട് ശ്വാസം നന്നായി അകത്തേക്ക് എടുത്ത് പുറം ഭാഗം നന്നായി വളയ്ക്കാം, വില്ലു പോലെ വളഞ്ഞു നിൽക്കാൻ ശ്രമിക്കുക. . ഏതാനും നിമിഷങ്ങൾക്കു ശേഷം ശ്വാസം വിട്ടു കൊണ്ട് നെഞ്ചിന്റെ ഭാഗം താഴേക്ക് കൊണ്ടുവരിക.. ഇത് 10–12 തവണ ചെയ്യാം. നട്ടെല്ലിന് വഴക്കവും ശക്തിയും ലഭിക്കാൻ ഈ വ്യായാമം ഗുണകരമാണ്.
പോസ്ചർ മികച്ചതാക്കാനായിട്ടാണ് ഈ വ്യായാമങ്ങളൊക്കെ ചെയ്യുന്നത്. എന്നിരുന്നാലും ഇതു മാത്രം മതിയാകില്ല എന്ന് ഓർക്കാം. ആവശ്യത്തിനനുസരിച്ചുള്ള എറഗ്നോമിക് മാറ്റങ്ങൾ കൃത്യമായി വരുത്തുക. തുടർച്ചയായി ഇരിക്കാതെ ഒരു മണിക്കൂർ ഇടവിട്ടെങ്കിലും ഒന്നണീറ്റ് നടക്കുക. മൊബൈലും പാപ്ടോപ്പും ഐ–ലെവലിൽ തന്നെ വയ്ക്കുക. ദിവസവും മുഖം നോക്കുന്നതു പോലെ തന്നെ കണ്ണാടി നോക്കുമ്പോൾ പോസ്ചർ കൂടി പരിശോധിക്കുക.
വിവരങ്ങൾക്കു കടപ്പാട്: പോൾസൺ ബേസിൽ, ഫിറ്റ്നസ് കോച്ച്, കൊച്ചി.
