‘ഉള്ളം തണുപ്പിക്കാൻ ഉലുവ, ചൂടകറ്റാൻ കഞ്ഞിവെള്ളം..’; ദാഹമകറ്റാൻ എന്തു കുടിക്കാം? അറിയാം ഇക്കാര്യങ്ങള്‍
Mail This Article
വെയിലിന്റെ കാഠിന്യം കൂടുമ്പോള്‍ വെള്ളവും മറ്റ് പാനീയങ്ങളും കുടിക്കാതിരിക്കുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. താപനില നിയന്ത്രിക്കാനും ദഹനം ശരിക്ക് നടക്കാനും പോഷണങ്ങള്‍ വിവിധ അവയവങ്ങളിലേക്ക് എത്തിക്കാനും ജലാംശം ശരീരത്തില്‍ അത്യാവശ്യമാണ്. നിര്‍ജലീകരണം സംഭവിച്ചാല്‍ ഇത്തരത്തില്‍ പല തരത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ ബാധിക്കപ്പെടും. ദാഹമകറ്റാൻ എന്തു കുടിക്കാം? അറിയാം ഇക്കാര്യങ്ങള്‍.
∙ ദാഹമില്ലെങ്കിൽ കൂടി അര മണിക്കൂർ കൂടുമ്പോൾ ഒരു കവിൾ വെള്ളമെങ്കിലും കുടിക്കണം. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ആണിത്.
∙ വേനലിൽ കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളമേ ഉപയോഗിക്കാവൂ... ചൂടു മാത്രമല്ല, ജലസാംക്രമിക രോഗങ്ങളും അധികരിക്കുന്ന കാലമാണു വേനൽ. 15 മിനിറ്റ് അടുപ്പത്തു വച്ചു വെട്ടിത്തിളപ്പിച്ച വെള്ളം ചൂടാറ്റിയ ശേഷം കുടിക്കുക.
∙ ഉള്ളം തണുപ്പിക്കാൻ ഉലുവ സഹായിക്കും. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കാം. അതെല്ലെങ്കില്‍ തലേദിവസം ഉലുവയിട്ടു വച്ച വെള്ളം രാവിലെ കുടിച്ചാലും മതി.
∙ പച്ചമാങ്ങയും ചുവന്നുള്ളിയും കാന്താരിമുളകും ഉപ്പും ചതച്ചു കഞ്ഞിവെള്ളത്തിൽ ചേർത്തു കുടിക്കാം. വേനൽച്ചൂടകറ്റാൻ നല്ലതാണിത്.
∙ ചൂടു പ്രതിരോധിക്കാന്‍ മികച്ചതാണു കരിക്കിൻ വെള്ളം. ദിവസവും കുടിക്കാൻ കഴിഞ്ഞാൽ അത്രയും നല്ലതാണ്.
∙ ഒരു ഗ്ലാസ് കരിമ്പിൻ നീരിൽ ഒരു വലിയ സ്പൂൺ നാരങ്ങാനീര് ചേർത്തു കുടിക്കാം. വെയിലത്തു പുറത്തു പോയി വരുമ്പോൾ ഇതു കുടിച്ചാൽ ഉള്ളം തണുക്കും.
∙ തണ്ണിമത്തൻ, മാതളനാരങ്ങ പോലുള്ള പുളിപ്പ് കുറവും ജലാംശം കൂടുതലുമുള്ള പഴങ്ങൾ കഴിക്കുന്നതും ജ്യൂസ് ആക്കി കുടിക്കുന്നതും നല്ലതാണ്. വെള്ളരിക്ക, കുമ്പളങ്ങ എന്നിവയുടെ ജ്യൂസും കുടിക്കാം.