ADVERTISEMENT

മനസ്സുണ്ടെങ്കിൽ എന്തും നടക്കും. യോഗ അങ്ങനെയാണെന്നു മാത്രമല്ല, യോഗ പറയുന്നതും അതുതന്നെ. മനസ്സിന്റെയും ശരീരത്തിന്റെയും ഒന്നായ പ്രവർത്തനമാണു യോഗ. മനസ്സിന്റെ ഊർജമാണു ശാരീരിക ആരോഗ്യത്തിന്റെ അച്ചുതണ്ട്. മനസ്സുണ്ടെങ്കിൽ ആർക്കും യോഗ ചെയ്യാം, യോഗ ചെയ്താൽ നല്ല മാനസികാരോഗ്യം ഉണ്ടാകുകയും ചെയ്യും. ഇനി സംശയങ്ങളകറ്റി യോഗ ശീലിച്ചു തുടങ്ങാം.

കുട്ടികളെ പരിശീലിപ്പിക്കുമ്പോൾ

ADVERTISEMENT

പത്തുവയസ്സു മുതൽ ശരീരവ്യായാമം എന്ന രീതിയിൽ യോഗാസനങ്ങൾ ചെയ്യാം. ഈ പ്രായത്തിനു മുൻപ് ഒരിടത്തിരുന്നു യോഗ ചെയ്യാനുള്ള സന്നദ്ധത കുട്ടികൾക്ക് ഉണ്ടാകില്ല. ഹൈപ്പർ ആക്ടീവ് കുട്ടികൾക്കു ശാന്തസ്വഭാവം വരുത്താൻ യോഗ ശീലിപ്പിക്കാം. ഉത്സാഹക്കുറവുള്ള കുട്ടിയെ എല്ലാ ദിവസവും ശ്വസനവ്യായാമം ചെയ്യിച്ചാൽ ഉത്സാഹവും സന്തോഷവും കൂടും. തിത്തിലി ആസനം, ഗജാസനം, പാദഹസ്താസനം, പവനമുക്താസനം എന്നിവ ആദ്യം ശീലിപ്പിച്ചു തുടങ്ങാം.  

മാനസിക പിരിമുറുക്കം അകറ്റാൻ  

ADVERTISEMENT

ന്യു മില്ലേനിയം ഡിസീസ് ആണു മാനസികസമ്മർദം. ജോലിത്തിരക്ക്, വീട്ടുകാര്യങ്ങൾ, ഇതിനിടയിൽ നഷ്ടമാകുന്ന വർക്–ലൈഫ് ബാലൻസ്... ഇതെല്ലാം മനസ്സിനെ പിരിമുറുക്കത്തിലാക്കും. ശ്വാസത്തിന്റെ താളത്തിനനുസരിച്ചാണു യോഗ ചെയ്യുന്നത്. ഇതു മനോവ്യാപാരങ്ങളെ നിയന്ത്രിച്ചു സംഘർഷവും പിരിമുറുക്കവും ഇല്ലാതാക്കും. ശ്വസനത്തിലും പോസുകളിലും ശ്രദ്ധ നൽകുമ്പോൾ മറ്റു ചിന്തകൾ കുറയും. ഏകാഗ്രത വർധിക്കും.  

ദേഷ്യം അടക്കാനാകാത്തവരും പെട്ടെന്നു വിഷാദത്തിലേക്കു വീണു പോകുന്നവരും യോഗ ശീലിക്കുന്നത് സന്തോഷം നൽകും.

ADVERTISEMENT

പ്രതിരോധശേഷി കൂട്ടാൻ 

യോഗ സ്വീകരിക്കുന്നതിലൂടെ ശരീരമനസ്സുകൾ തുലനാവസ്ഥയിലെത്തി, ശുദ്ധീകരിക്കപ്പെട്ടു രോഗപ്രതിരോധശേഷിയും ആരോഗ്യവും മെച്ചപ്പെടും.

ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിലേക്ക് ഊർജത്തിന്റെ പ്രവാഹം സുഗമമാകാതെ വരുമ്പോഴാണു രോഗമുണ്ടാകുന്നത് എന്നു യോഗാശാസ്ത്രം പറയുന്നു. ശ്വസനക്രിയയും പ്രാണായാമവും ഉൾപ്പെടെ യോഗ പതിവാക്കിയാൽ ഊർജപ്രവാഹം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കുമുണ്ടാകും. ശരീരത്തിലെ മാലിന്യം കുറയും. ഒപ്പം മിതമായ ആഹാരശീലവും പാലിക്കണം. മാനസിക ഉണർവു കൂടുമ്പോൾ കോശങ്ങളും അവയവങ്ങളും ഊർജസ്വലതയോടെ ജോലി ചെയ്തു തുടങ്ങും. ഇതു പ്രതിരോധശക്തി കൂട്ടും.

ശാരീരിക മാനസിക അസ്വസ്ഥതകൾക്കു യോഗയിലൂടെ പരിഹാരം കണ്ടെത്തുന്നതാണ് യോഗ തെറാപ്പി. ഇതിലൂടെ ഓരോ ശരീരഭാഗത്തിന്റെയും ആരോഗ്യം വർധിപ്പിക്കാനും രോഗസാധ്യത കുറയ്ക്കാനുമാകും. 

ആഹാരത്തിൽ അറിയാൻ

ശുചിത്വം, മിതത്വം, ചിട്ട  എന്നീ മൂന്നു കാര്യങ്ങളാണു പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ശുദ്ധമായ ആഹാരം മിതമായ അളവിൽ ചിട്ടയായ രീതിയിൽ കഴിക്കുക. ഒരു നേരം അര വയർ ആഹാരം മതി. മൂന്നു നേരത്തെ ആഹാരം ആറു നേരമായി കഴിച്ചാൽ ഏറ്റവും നല്ലത്. ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും ഇലക്കറികളും പാലും പാലുൽപ്പന്നങ്ങളും നട്സും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താം. മത്സ്യമാംസാദികൾ വർജിക്കേണ്ടതില്ല. ശരീരത്തിനു വേണ്ട പോഷണം നൽകുന്നതെന്തോ അതു കഴിക്കുക. അധികം കൊഴുപ്പുള്ളതും മധുരമുള്ളതും വറുത്തവയും പൊരിച്ചവയും ഒഴിവാക്കുന്നതു പൊതുവായ ആരോഗ്യത്തിനു നല്ലതാണ്. 

അമിതമായി ഭക്ഷിച്ചതിനു ശേഷമോ പട്ടിണി കിടന്നതിനു ശേഷമോ യോഗ ചെയ്യരുത്. ഭക്ഷണശേഷം ചെയ്യാനാകുന്ന ഏക യോഗാസനമാണ് വജ്രാസനം (കാലുകൾ പിന്നോട്ടു മടക്കി തുടയോടു ചേർത്തു വച്ച്, കൈകൾ കാൽമുട്ടിൽ വച്ച് നട്ടെല്ലു നിവർന്നിരിക്കുക). ദഹനം വർധിപ്പിക്കാൻ നല്ലതാണിത്. ബാക്കി യോഗാസനങ്ങളെല്ലാം പ്രധാന ഭക്ഷണം കഴിഞ്ഞു മൂന്നു മണിക്കൂറിനു ശേഷവും ലഘുഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷവും ചെയ്യാം.

യോഗ ചെയ്യുമ്പോൾ

മനസ്സ് ആഗ്രഹിക്കുന്ന ഏതൊരു സമയത്തും യോഗ ചെയ്യാം. സാധാരണ ഗതിയിൽ രാവിലെ യോഗ പരിശീലിക്കുന്നതിനും വൈകുന്നേരം യോഗ പഠിക്കുന്നതിനും ഉത്തമം. 

അമിതമായി ഉറങ്ങിയതിനു ശേഷം ഉടനെയോ ഉറക്കമിളച്ചതിനു ശേഷമോ യോഗ ചെയ്യരുത്. ശാന്തതയും വൃത്തിയും ശുദ്ധമായ വായു ലഭിക്കുന്നതുമായ സ്ഥലത്ത് അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിച്ച് ഒരു വിരിപ്പിൽ യോഗാ പരിശീലനം നടത്താം.  

ഓരോ യോഗാസനവും ശരീരത്തിന്റെ ഇരുഭാഗത്തിനും (ക്ലോക്ക് വൈസ്– ആന്റി ക്ലോക്ക് വൈസ്, ഇടതു– വലത്) മൂന്നു തവണയെങ്കിലും ആവർത്തിക്കണം. ഓരോ യോഗാസനവും പൂർണമായാൽ ആ പോസിൽ പത്തു സെക്കൻഡ് എങ്കിലും നിൽക്കാൻ ശ്രമിക്കുക. സാവധാനം വേണം സാധാരണ നിലയിലേക്കു വരാൻ.

എല്ലാവർക്കും ഒരേ യോഗയല്ല 

ഓരോരുത്തരും അവരവർക്ക് വേണ്ട ലക്ഷ്യങ്ങൾ അനുസരിച്ച്, ശാരീരിക മാനസിക തലങ്ങൾ മനസ്സിലാക്കി വിദഗ്ധ നിർദേശത്തോടെ യോഗ പരിശീലിക്കുന്നതാണ് നല്ലത്. 

യോഗാസനങ്ങളിൽ സൂര്യനമസ്കാരമാണു മിക്കവർക്കും സുപരിചിതം. അതുപക്ഷേ, എല്ലാവർക്കും ചെയ്യാവുന്ന വ്യായാമമല്ല. പേശീബലക്കുറവ്, സന്ധിവേദന, അമിത ര ക്തസമ്മർദം, കടുത്ത ഹൃദയാരോഗ്യ പ്രശ്നങ്ങൾ,  വെർട്ടിഗോ, കടുത്ത വാതരോഗങ്ങൾ തുടങ്ങിയ അസ്വസ്ഥതകൾ ഉള്ളവർ സൂര്യനമസ്കാരം ചെയ്യാതിരിക്കുന്നതാണു നല്ലത്.

മതവും ആയുർവേദവുമായി ബന്ധമില്ല

ഒരു പ്രത്യേക മതവുമായോ വിശ്വാസവുമായോ ആരോഗ്യശാഖയുമായോ യോഗയ്ക്കു ബന്ധമില്ല. യോഗ ഒരു സ്വതന്ത്ര ജീവിതരീതിയാണ്. മരുന്നുകളെല്ലാം നിർത്തി യോഗ മാത്രം പിന്തുടരൂ എന്നു യോഗശാസ്ത്രവും പറയുന്നില്ല. വ്യക്തികൾക്കു കംഫർട്ടബിളായ രീതിയിൽ ഏതു ജീവിതശൈലിക്കൊപ്പവും യോഗ നിർദേശിക്കുകയാണു ചെയ്യുക. 

ശ്വാസകോശത്തിന്റെ ആരോഗ്യത്തിനു നിർദേശിക്കുന്ന ബ്രീതിങ് എക്സർസൈസും  പ്രാണായാമവും ഒന്നാണ്. ഗ്ലൂട്ടൻ ബ്രിജ് എക്സർസൈസ് എന്ന പേരിലുള്ള വ്യായാമാണു സേതുബന്ധാസനം. കീഗൽ എക്സർസൈസിനു സമാനമാണ് വജ്രോളി മുദ്ര. യോഗാസനങ്ങൾ പലതും ഇംഗ്ലിഷ് പേരുകളിൽ ചികിത്സാർഥം ചെയ്യുന്നുമുണ്ട്. 

സ്ത്രീ രോഗങ്ങൾക്കു യോഗ

യോഗ പരിശീലിക്കുന്ന ആർക്കും ഗുണം ലഭിക്കും. അതിനു സ്ത്രീ പുരുഷ ഭേദമില്ല. ആർത്തവത്തകരാറുകൾ, പിസിഒഡി, ഗർഭാശയം താഴേക്കിറങ്ങുക എന്നിങ്ങനെയുള്ള ഗർഭാശയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു സ്ത്രീകളെ പ്രധാനമായി അലട്ടുന്നത്. തൈറോഡ്, ഹോർമോൺ തകാരാറുകൾ എന്നിവയും ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കുന്നു. ഇവയ്ക്കെല്ലാം യോഗ ഗുണകരമാണ്. 

കടപ്പാട്: ഡോ. ടോംസ് എബ്രഹാം, ഡയറക്ടർ, യുവത സ്കൂൾ ഓഫ് യോഗ. എക്സപർട് കമ്മിറ്റി മെംബർ (യോഗ), DLLE & CYN, MG യൂണിവേഴ്സിറ്റി, കോട്ടയം. സ്മിത സുനിൽകുമാർ, യോഗ ഇൻസ്ട്രക്ടർ, ചെറുവത്തൂർ, കലാക്ഷേത്ര, കാസർകോട്

The Power of Yoga: Mind and Body Connection:

Yoga is a holistic practice that connects the mind and body, promoting overall well-being. By integrating mindful breathing and physical postures, yoga can significantly improve mental clarity, physical strength, and disease resistance.

ADVERTISEMENT