ADVERTISEMENT

ഭക്ഷണം മരുന്നു പോലെ പ്രധാനമാണ്. മനുഷ്യ ശരീരത്തിന്റെ ആരോഗ്യവും അനാരോഗ്യവും കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ച് ഇരിക്കുന്നു. കൊഴുപ്പുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണക്രമം ചർമ്മത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്നാല്‍ പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതു അമിതവണ്ണം, പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമാകുന്നു.

ആരോഗ്യത്തിന് പോഷകാഹാരം പ്രധാനമാണ്. അനാരോഗ്യകരമായ ഭക്ഷണക്രമം മെറ്റബോളിസത്തെ നശിപ്പിക്കുകയും ശരീരഭാരം വർധിപ്പിക്കുകയും, ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളെ പോലും നശിപ്പിക്കുകയും ചെയ്യും. ഇത് ചർമത്തിന്റെ ആരോഗ്യത്തെയും വാർധക്യത്തെയും സാരമായി ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. 

ADVERTISEMENT

ചർമത്തിന്റെ ആരോഗ്യം നിലനിർത്താന്‍ മികച്ച 11 ഭക്ഷണങ്ങള്‍

1. കടല്‍ മത്സ്യങ്ങള്‍

ADVERTISEMENT

സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് മികച്ച ഭക്ഷണമാണ്. ഒമേഗ- 3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടങ്ങളാണ് ഇവ. ചർമം വരണ്ടു പോകാതെ ഈർപ്പമുള്ളതുമായി നിലനിർത്താൻ ഒമേഗ-3 ഫാറ്റി ആസിഡുകൾ ആവശ്യമാണ്. സോറിയാസിസ്, ല്യൂപ്പസ് തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പോരാടാൻ ഫിഷ് ഓയിൽ സപ്ലിമെന്റുകൾ സഹായിക്കുന്നു. ചർമ സംരക്ഷണത്തിന് സഹായിക്കുന്ന വിറ്റാമിൻ ഇയുടെ ഉറവിടം കൂടിയാണ് കൊഴുപ്പുള്ള മത്സ്യം.  

2. അവോക്കാഡോ

ADVERTISEMENT

അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ കൊഴുപ്പുകൾ നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം ഉൾപ്പെടെ ശരീരത്തിലെ നിരവധി പ്രവർത്തനങ്ങൾക്ക് ഗുണം ചെയ്യുന്നു. ദിവസേന അവോക്കാഡോ കഴിക്കുന്നത് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതെ സംരക്ഷിക്കും. അവോക്കാഡോയില്‍ ധാരാളം വിറ്റാമിൻ ഇ, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. ഒപ്പം പ്രോട്ടീനായ കൊളാജന്റെ ഉത്പാദനവും കൂട്ടുന്നു.

3. വോള്‍നട്ടുകൾ

ശരീരത്തിന് സ്വയം നിർമ്മിക്കാൻ കഴിയാത്ത കൊഴുപ്പുകളായ അവശ്യ ഫാറ്റി ആസിഡുകളുടെ നല്ല ഉറവിടമാണ് വോള്‍നട്ടുകൾ. ദിവസവും നിശ്ചിത അളവില്‍ ഇവ കഴിക്കുന്നത് ചര്‍മ്മത്തെ സുന്ദരമാക്കും. 

4. സൂര്യകാന്തി വിത്തുകൾ 

സൂര്യകാന്തി വിത്തുകളില്‍ കൂടിയ അളവിൽ മോണോസാച്ചുറേറ്റഡ്, ഒമേഗ- 6 കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് നീര്‍ക്കെട്ട്, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ സഹായിക്കും. സസ്യങ്ങളിൽ കാണപ്പെടുന്ന ഒരു പോഷകമാണ് ബീറ്റാ കരോട്ടിൻ.  ഇത് പ്രോവിറ്റമിൻ എ ആയി പ്രവർത്തിക്കുന്നു, അതായത് ഇവയ്ക്ക് വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യാൻ സാധിക്കും. ആരോഗ്യം മെച്ചപ്പെടുത്താന്‍ സൂര്യകാന്തി വിത്തുകൾ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. 

5. മധുരക്കിഴങ്ങ്

ആരോഗ്യ സംരക്ഷണത്തിന് ബെസ്റ്റാണ് മധുരക്കിഴങ്ങ്. ഒരു 1/2 കപ്പ് (100 ഗ്രാം) ചുട്ടുപഴുപ്പിച്ച മധുരക്കിഴങ്ങിൽ ആവശ്യമായ ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്നു. ബീറ്റാ കരോട്ടിൻ പോലുള്ള കരോട്ടിനോയിഡുകൾ സ്വാഭാവിക സൺ ബ്ലോക്കായി പ്രവർത്തിച്ച് ചർമത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. സൂര്യപ്രകാശത്തിൽ നിന്ന് ചർമകോശങ്ങളെ സംരക്ഷിക്കാൻ ഇവയിലെ ആന്റിഓക്സിഡന്റ് സഹായിക്കുന്നു.  

6. മഞ്ഞ/ചുവപ്പ് കാപ്സിക്കം

മധുരക്കിഴങ്ങ് പോലെ, ബീറ്റാ കരോട്ടിന്റെ മികച്ച ഉറവിടമാണ് മഞ്ഞ/ചുവപ്പ് കാപ്സിക്കം. ഒപ്പം വിറ്റാമിൻ സിയും ധാരാളമായി അടങ്ങിയിരിക്കുന്നു. കൊളാജൻ ഉത്പാദിപ്പിക്കാൻ വിറ്റാമിൻ സി ആവശ്യമാണ്.

7. ബ്രോക്കോളി

സിങ്ക്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയുൾപ്പെടെ നിരവധി വിറ്റാമിനുകളും ധാതുക്കളും ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്. ബീറ്റാ കരോട്ടിൻ പോലെ പ്രവർത്തിക്കുന്ന കരോട്ടിനോയിഡായ ല്യൂട്ടിൻ ഇതിൽ അടങ്ങിയിരിക്കുന്നു. ചർമത്തിലെ ചുളിവുകള്‍ അകറ്റാന്‍ ബ്രോക്കോളി സഹായിക്കുന്നു. കാൻസറിനെ പ്രതിരോധിക്കാനും ബ്രോക്കോളിക്ക് കഴിയും.

8. തക്കാളി

വിറ്റാമിൻ സിയുടെ മികച്ച ഉറവിടമായ തക്കാളിയില്‍ ലൈക്കോപീൻ ഉൾപ്പെടെ എല്ലാ പ്രധാന കരോട്ടിനോയിഡുകളും അടങ്ങിയിരിക്കുന്നു. ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവ സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. ചുളിവുകൾ തടയാനും ഇവ സഹായിച്ചേക്കാം.

9. ഡാര്‍ക്ക് ചോക്ലേറ്റ്

ഡയറ്റിലാണെങ്കിലും ഡാര്‍ക്ക് ചോക്ലേറ്റിനോട് ഇനി നോ പറയേണ്ട. കാരണം കൊക്കോയുടെ ആരോഗ്യ ഫലങ്ങൾ അത്രയ്ക്കുണ്ട്. ആന്റിഓക്സിഡന്റുകൾ കൂടുതലുള്ള കൊക്കോ കഴിക്കുന്നത് ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ഇവയുടെ ഗുണങ്ങൾ പരമാവധി വർധിപ്പിക്കുന്നതിന് പഞ്ചസാര കുറഞ്ഞ 70 ശതമാനം കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുക്കുക.

10. ഗ്രീൻ ടീ

ഗ്രീൻ ടീ നിങ്ങളുടെ ചർമ്മത്തെ വാർധക്യത്തിൽ നിന്നും സംരക്ഷിക്കും. ഗ്രീൻ ടീയിൽ കാണപ്പെടുന്ന ആന്റിഓക്സിഡന്റ് ചർമ്മത്തിന്റെ ആരോഗ്യം  മെച്ചപ്പെടുത്തുന്നു. ഗ്രീൻ ടീയിലെ ആന്റിഓക്സിഡന്റുകളുടെ പ്രഭാവം കുറയ്ക്കാൻ പാലിന് കഴിയുമെന്നതിനാല്‍ പാലൊഴിച്ച ചായ കുടിക്കുന്നത് ഒഴിവാക്കണം.

11. ചുവന്ന മുന്തിരി

ചുവന്ന മുന്തിരിപ്പഴത്തിൽ റെസ്വെറട്രോൾ (Resveratrol)  എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. റെസ്വെറട്രോളിന് വിവിധ ആരോഗ്യ ഗുണങ്ങൾ ഉണ്ട്, അവ വാർധക്യത്തെ തടയുന്നു. വാർധക്യത്തിന്റെ ലക്ഷണങ്ങൾക്ക് കാരണമാകുന്ന ദോഷകരമായ ഫ്രീ റാഡിക്കലുകളുടെ ഉത്പാദനം മന്ദഗതിയിലാക്കാനും ഇത് സഹായിക്കും. 

സ്കിൻ ഗ്ലോ ഡയറ്റ്: ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

. ചര്‍മം തിളങ്ങാന്‍ ഓറഞ്ച്, നാരങ്ങ, ഗ്രേപ്ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങൾ നല്ലതാണ്. കൊളാജൻ ഉൽപാദനത്തിന് ആവശ്യമായ വിറ്റാമിൻ സി ഇവ നൽകുന്നു.

. പയർ, ബീൻസ് തുടങ്ങിയ പയർവർഗ്ഗങ്ങൾ രോഗശമനത്തിനും മുഖക്കുരു തടയുന്നതിനും അത്യന്താപേക്ഷിതമായ പ്രോട്ടീനും സിങ്കും നൽകുന്നു.

. തിളങ്ങുന്ന ചർമത്തിന് മികച്ച ഭക്ഷണക്രമം തിരഞ്ഞെടുക്കുക

. ദിവസവും കുറഞ്ഞത് 7-8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

. സംസ്കരിച്ച ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക- പഞ്ചസാരയും വറുത്ത ഭക്ഷണങ്ങളും കുറയ്ക്കുക.

. ആന്റിഓക്സിഡന്റുകൾക്കായി നിറമുള്ള പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉൾപ്പെടുത്തുക.

. ചർമത്തിൽ ഈർപ്പം നിലനിർത്താൻ മത്സ്യം, അണ്ടിപ്പരിപ്പ് അല്ലെങ്കിൽ ഫ്ളാക്സ് സീഡുകൾ എന്നിവ കഴിക്കുക.

. ചർമ കോശങ്ങളുടെ ആരോഗ്യത്തിന് മാംസം, മുട്ട അല്ലെങ്കിൽ സസ്യ പ്രോട്ടീനുകൾ ഭക്ഷണത്തില്‍ ഉൾപ്പെടുത്തുക.

Nourish Your Skin from Within: Top 11 Foods:

Skin health is directly linked to diet, with nutrient-rich foods promoting a radiant complexion and preventing premature aging. Incorporating specific fruits, vegetables, and healthy fats can significantly improve skin's appearance and resilience.

ADVERTISEMENT