എന്താണ് ഓയിൽ പുള്ളിങ്? പല്ലും മോണയും വൃത്തിയാക്കാന്‍ ഈ രീതി നല്ലതാണോ? Benefits of Oil Pulling for Oral Health
Mail This Article
ദന്താരോഗ്യത്തിന് ഓയിൽ പുള്ളിങ്
എണ്ണയുപയോഗിച്ചു വായ വൃത്തിയാക്കുന്നത് പണ്ടുമുതലേ ഉണ്ടായിരുന്ന ഒരു നാട്ടുരീതിയാണ് ഓയിൽ പുള്ളിങ്. ഇപ്പോൾ അതിനു വീണ്ടും പ്രചാരമായി എന്നു മാത്രം. വായിലെ ബാക്ടീരിയകളുടെ അളവ് കുറയ്ക്കുന്നതിനും, മോണയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, വായ്‌നാറ്റം പോലുള്ള പ്രശ്‌നങ്ങൾ തടയുന്നതിനും ഓയിൽ പുള്ളിങ് ഗുണം ചെയ്യും.
രാവിലെ ബ്രഷ് ചെയ്യുന്നതിനു മുൻപ് ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ വായിലൊഴിച്ച് നന്നായി ചുറ്റിച്ചെടുക്കുക. വായിലാകെ എണ്ണയെത്തണം. ഒരു മിനിറ്റോളം ഇങ്ങനെ ചുറ്റിച്ചശേഷം തുപ്പിക്കളയാം. ഇനി ബ്രഷ് ചെയ്യാം.
വായിലെ ദോഷകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കാനും മോണയും പല്ലും വൃത്തിയാക്കി മോണരോഗങ്ങളിൽ നിന്നും ദന്തപ്രശ്നങ്ങളിൽ നിന്നും തടയാനും ഓയിൽ പുള്ളിങ് സഹായിക്കും. വായ്നാറ്റം അകറ്റാനും നല്ലതാണിത്. പരിശുദ്ധമായ വെർജിൻ കോക്കനട്ട് ഓയിൽ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
ഓയിൽ പുള്ളിങ്ങിന്റെ 4 ഗുണങ്ങൾ
1. വായിലെ ദോഷകരമായ ബാക്ടീരിയകളെ കുറയ്ക്കും
നിങ്ങളുടെ വായിൽ 700ല്‍ പരം ബാക്ടീരിയകൾ വസിക്കുന്നുണ്ട്. ചിലതരം ദോഷകരമായ ബാക്ടീരിയകൾ ദന്തക്ഷയം, വായ്‌നാറ്റം, മോണരോഗം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഓയിൽ പുള്ളിങ് വായിലെ ദോഷകരമായ ബാക്ടീരിയകളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
2. വായ്‌നാറ്റം കുറയ്ക്കും
ആരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വായ്‌നാറ്റം. അണുബാധ, മോണരോഗം, ശുചിത്വക്കുറവ്, ബാക്ടീരിയകൾ തുടങ്ങി
വായ്‌നാറ്റത്തിന് നിരവധി കാരണങ്ങളുണ്ട്. ബാക്ടീരിയകളെ നീക്കം ചെയ്യാന്‍ ഓയിൽ പുള്ളിങ് വഴി സാധിക്കും. ഇത് വായ്നാറ്റം കുറയ്ക്കും.
3. ദ്വാരങ്ങൾ ഇല്ലാതാക്കും
ദന്തക്ഷയം മൂലമുണ്ടാകുന്ന പ്രശ്നമാണ് പല്ലിലുണ്ടാകുന്ന ദ്വാരങ്ങൾ. ശുചിത്വക്കുറവ് , അമിതമായി പഞ്ചസാര കഴിക്കുന്നത് , ബാക്ടീരിയകൾ അടിഞ്ഞു കൂടുന്നത് എന്നിവയെല്ലാം ദന്തക്ഷയത്തിന് കാരണമാകും. ഇത് പല്ലുകളിൽ കാവിറ്റികൾ എന്നറിയപ്പെടുന്ന ദ്വാരങ്ങൾ രൂപപ്പെടുന്നതിലേക്ക് നയിക്കുന്നു.
പല്ലിലുണ്ടാകുന്ന പ്ലാക്ക് ദ്വാരങ്ങൾ ഉണ്ടാക്കും. പ്ലാക്ക് പല്ലുകളിൽ ഒരു ആവരണം ഉണ്ടാക്കുന്നു. അതിൽ ബാക്ടീരിയ, ഉമിനീർ, ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ എന്നിവ തങ്ങിനില്‍ക്കാന്‍ കാരണമാകും. ബാക്ടീരിയകൾ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതോടെ പല്ലിന്റെ ഇനാമലിന് നാശം സംഭവിക്കുകയും ദന്തക്ഷയത്തിന് കാരണമാവുകയും ചെയ്യും.
ഓയിൽ പുള്ളിങ് വായിലെ ബാക്ടീരിയകളുടെ എണ്ണം കുറയ്ക്കാനും അതുവഴി പല്ല് നശിക്കുന്നത് തടയാനും സഹായിക്കും. ഓയിൽ പുള്ളിങ് മൗത്ത് വാഷ് പോലെ ഫലപ്രദമായി പ്രവര്‍ത്തിച്ച് ഉമിനീരിലും പ്ലാക്കിലും കാണപ്പെടുന്ന ദോഷകരമായ ബാക്ടീരിയകളുടെ എണ്ണം കുറയ്ക്കും.
4. മോണവീക്കം കുറയ്ക്കും
പ്ലാക്കിൽ കാണപ്പെടുന്ന ബാക്ടീരിയകൾ മോണവീക്കത്തിന് ഒരു പ്രധാന കാരണമാണ്. അവ മോണയിൽ രക്തസ്രാവത്തിനും വീക്കത്തിനും കാരണമാകും. മോണയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനും ഓയിൽ പുള്ളിങ് ഫലപ്രദമാണ്. വെളിച്ചെണ്ണ പോലുള്ള ആന്റി- ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള എണ്ണയാണ് ഉപയോഗിക്കേണ്ടത്.