‘38 വയസ്, ഒരു കുഞ്ഞു കൂടി വേണമെന്ന് ആഗ്രഹം’; എന്തെല്ലാം പരിശോധനകൾക്കു ശേഷം ഗർഭം ധരിക്കാം? Preparing for Pregnancy After 38
Mail This Article
എനിക്കു 38 വയസ്സായി. ഒരു കുഞ്ഞു കൂടി വേണമെന്ന് ആഗ്രഹമുണ്ട്. എന്തെല്ലാം പരിശോധനകൾക്കു ശേഷം ഗർഭം ധരിക്കാം?
ഇന്ദുമതി, കുറ്റ്യാടി
ഗർഭധാരണത്തിന് ഏറ്റവും ഉചിതമായ പ്രായം ഇരുപതിനും മുപ്പതിനും ഇടയിലാണ്. മാറിവരുന്ന ജീവിതസാഹചര്യങ്ങൾക്കനുസരിച്ച് 35നു മേൽ പ്രായമുള്ളവരിലെ ഗർഭധാരണം ഇപ്പോൾ കൂടിയിട്ടുണ്ട്. 35 വയസ്സിനു മുകളിലുള്ള ഗർഭധാരണത്തിനും പ്രസവത്തിനും സങ്കീർണതകൾ വരാനുള്ള സാധ്യത കൂടുതലാണ്.
∙ രക്താതിമർദം, പ്രമേഹം എന്നിവ വരാം. പ്രത്യേകിച്ചു ഫാമിലി ഹിസ്റ്ററി ഉള്ളവരിലും കഴിഞ്ഞ ഗർഭകാലത്ത് ഇവ ഉണ്ടായിരുന്നവർക്കും. ∙ ഗർഭം അലസാനുള്ള സാധ്യത. ∙ സിസേറിയൻ വേണ്ടിവന്നേക്കാം.∙ കുഞ്ഞിനു ക്രോമസോം തകരാറുകൾ പ്രത്യേകിച്ച് ഡൗൺ സിൻഡ്രം (ട്രൈസോമി 21), ട്രൈസോമി 13, 18 എന്നിവയുടെ സാധ്യത. ∙ ഒന്നിലധികം കുഞ്ഞുങ്ങളെ ഗർഭം ധരിക്കാനും സാധ്യത.
35 വയസ്സിനും മുകളിലുള്ളവരിലെ ഗർഭധാരണത്തിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
∙ ഡോക്ടറെ കണ്ട് ആരോഗ്യസ്ഥിതി വിലയിരുത്തുക. പ്രമേഹം, രക്താതിമർദം എന്നിവയുണ്ടെങ്കിൽ ഇവ നിയന്ത്രണവിധേയമാക്കിയശേഷം ഗർഭധാരണത്തിനൊരുങ്ങുക.
∙ ഹീമോഗ്ലോബിൻ, തൈറോയ്ഡ് എന്നിവ പരിശോധിച്ച് പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കുക.
∙ സമീകൃതാഹാരം, വ്യായാമം, ഏഴ് – എട്ടു മണിക്കൂർ ഉറക്കം എന്നിവ ജീവിതശൈലിയുടെ ഭാഗമാക്കുക.
∙ പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ വേണ്ട.
∙ ഗർഭിണിയാകാൻ പ്ലാൻ ചെയ്യുമ്പോൾ മുതൽ ഫോളിക് ആസിഡ് ഗുളികകൾ കഴിച്ചു തുടങ്ങണം. ഗർഭധാരണത്തിനു മൂന്നു മാസം മുൻപേ തന്നെ കഴിക്കാനായാൽ ഏറ്റവും നല്ലത്. കുഞ്ഞിനു ന്യൂറൽ ട്യൂബ് ഡിഫക്ട് വരുന്നതു തടയാൻ ഇതുവഴി കഴിയും.
ഗർഭിണിയായ ശേഷം ഡോക്ടർ നിർദേശിക്കുന്ന പരിശോധനകൾ കൃത്യമായി ചെയ്യുക. മൂന്നു മാസമാകുമ്പോ ൾ എൻടി സ്കാൻ, Aneuploidy markers (PAPP-A, Beta hCG) തുടങ്ങിയ സ്ക്രീനിങ് ടെസ്റ്റ് ചെയ്യുക. കുഞ്ഞിന്റെ വളർച്ചയും കുഞ്ഞിന് വൈകല്യങ്ങൾ ഇല്ലെന്നും ഉറപ്പാക്കുക.
അമ്മയുടെ പ്രായം കൂടുന്തോറും അണ്ഡത്തിന്റെ ഗുണനിലവാരം കുറയുന്നതിനാൽ ഗർഭധാരണത്തിനും സമയമെടുത്തേക്കാം. ആറു മാസമായി ശ്രമിച്ചിട്ടും ഗർഭധാരണം നടന്നില്ലെങ്കിൽ എഎംഎച്ച് ടെസ്റ്റ് (ഫോളിക്കിൾ റിസർവ് പരിശോധന) പോലുള്ള പരിശോധനകൾ ഡോക്ടറുടെ നിർദേശത്തോടെ ചെയ്യാം.
45 വയസ്സ്. മൂന്നു മാസമായി മെൻസസ് വന്നില്ല. ആർത്തവവിരാമം ആയിരിക്കും എന്നാണു കരുതിയത്. എന്നാൽ, ഈ മാസം പിരീയഡ്സ് ആയി. രക്തസ്രാവം വളരെ കൂടുതലാണ്. മെനോപോസ് അടുക്കുന്നതു കൊണ്ടാണോ ഇങ്ങനെ?
രാധിക, എഴുപുന്ന
ഓരോരുത്തർക്കും ആർത്തവിരാമം ഓരോ രീതിയിലാകാം. മിക്കവരിലും ഓരോ മാസവും രക്തസ്രാവം കുറഞ്ഞു കുറഞ്ഞു വന്ന് ആർത്തവം നിൽക്കുകയാണ് ചെയ്യുന്നത്. ചിലരിൽ രണ്ടു മാസത്തിലൊരിക്കൽ, മൂന്നു മാസത്തില്‍ ഒരിക്കൽ എന്ന രീതിയിൽ മെൻസസിന്റെ ഇടവേള കൂടിക്കൂടി വന്നു മെനോപോസിൽ എത്താം. ചിലരിൽ പ്രത്യേകിച്ച് അമിതവണ്ണവും മറ്റും ഉള്ളവരിൽ രക്തസ്രാവം കൂടുതലായി വന്നശേഷം ആർത്തവവിരാമമാകാം.
40 വയസ്സു കഴിയുന്നതോടെ മാസമുറയിൽ വ്യതിയാനം കണ്ടുതുടങ്ങാം. ഓവറിയിലുള്ള ഫോളിക്കിൾസിന്റെ എണ്ണം കുറഞ്ഞു വരുന്നതും അതോടൊപ്പം അണ്ഡോൽപാദനം നടക്കാതെ വരുന്നതും കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കൂടാതെ തൈറോയ്ഡ് ഹോർമോണിന്റെ കുറവ്, മാനസിക സമ്മർദം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയും മാസമുറ ചക്രത്തെ സ്വാധീനിക്കാം.
മൂന്നു മാസം ആർത്തവം വരാതെയിരുന്നശേഷം പിന്നീട് അമിത രക്തസ്രാവം ഉണ്ടാകുന്നത് അണ്ഡോൽപാദനം നടക്കാത്തതിനാൽ പ്രൊജസ്ട്രോൺ ഹോർമോണിന്റെ അ ഭാവവും ഈസ്ട്രജൻ ഹോർമോണിന്റെ മാത്രം പ്രവർത്തനം ഗർഭപാത്രത്തിൽ പ്രവർത്തിക്കുന്നതും കൊണ്ടാണ്. ഗർഭപാത്രത്തിലെ എൻഡോമെട്രിയം ഈസ്ട്രജന്റെ അമിതപ്രഭാവം മൂലം വളർന്നു കട്ടി കൂടാനിടയുണ്ട്. അതിനാൽ എൻഡോമെട്രിയൽ സാംപ്ലിങ് നടത്തി പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കണം. 40 കഴിഞ്ഞ സ്ത്രീകളിൽ മെൻസസ് വരാതിരുന്നശേഷം അമിത രക്തസ്രാവമുണ്ടാകുന്നുവെങ്കിൽ ഡോക്ടറെ കണ്ട് എൻഡോമെട്രിയൽ ഹൈപ്പർപ്ലേസിയ എന്ന രോഗാവസ്ഥയല്ല എന്നുറപ്പാക്കണം.