ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അടുക്കളയിൽ നിന്നും പുറത്താക്കേണ്ട 4 വസ്തുക്കളുണ്ട്.... Simple Kitchen Swaps for Better Cardiovascular Health
Mail This Article
ഹൃദയാരോഗ്യത്തിനായി നമ്മൾ പല കാര്യങ്ങളും ശ്രദ്ധിച്ചു പോരാറുണ്ട്– നല്ല ആഹാരം കഴിക്കുക, നന്നായി വ്യായാമം ചെയ്യുക, മരുന്നുകൾ കഴിക്കുന്നെങ്കിൽ അതു കൃത്യമായി ചെയ്യുക, മുടങ്ങാതെയുള്ള വൈദ്യപരിശോധനകൾ അങ്ങനെ പലതും... പക്ഷേ, അതിനിടയിലും എന്നും ചെയ്യുന്നൊരു കാര്യം അനാരോഗ്യകരമായി തുടർന്നാൽ എന്തു ഗുണം? അടുക്കളയിലെ രോഗവിതരണക്കാരായ ചിലതൊക്കെ മാറ്റാതെ അവിടെ തുടരാൻ അനുവദിക്കുന്നതാണ് പ്രശ്നം.
അത്തരം നാല് അപകടകാരികളെ അറിയാം... അവയെ മാറ്റി ആരോഗ്യകരമായതിനെ സ്വീകരിക്കാം....
1. പ്ലാസിറ്റിക് പാത്രങ്ങൾ
ഒന്നിനുമില്ലാതെ ഒരു മൂലയ്ക്കിരുന്നോളും എന്നു കരുതി നമ്മൾ സാധനങ്ങളിട്ടു വയ്ക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ പലതിൽ നിന്നും മൈക്രോ പ്ലാസ്റ്റിക്കുകൾ ആഹാരത്തിലൂടെ ശരീരത്തിലേക്ക് കയറാൻ ഇടയുണ്ട്. ചൂടുള്ള സാധനങ്ങൾ ഇവയിലിട്ടു വയ്ക്കുന്നത് അപകട സാധ്യത കൂട്ടുന്നുണ്ട്.
പ്ലാസ്റ്റിക് പാത്രത്തിൽ ഏത് നല്ലത് ഏത് ചീത്ത എന്നു ചികയുന്നതിലും എളുപ്പം അവ മാറ്റുന്നതു തന്നെയാണ്. ആഹാരസാധനങ്ങൾ സുരക്ഷിതമായി ഇട്ടു വയ്ക്കാൻ ഗ്ലാസ് പാത്രങ്ങൾ, സെറാമിക് പാത്രങ്ങൾ എന്നിവ തിരഞ്ഞെടുക്കാം..
2. ടെഫ്ലോൺ–പിഎഫ്ഒഎ കോട്ട് ഉള്ള പാനുകൾ
ടെഫ്ലോൺ–പിഎഫ്ഒഎ തുടങ്ങിയ രാസ പദാർഥങ്ങൾ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് പല പഠനങ്ങളും പറയുന്നു. ഇവ കൊണ്ട് കോട്ട് ചെയ്ത പാനുകളിൽ ആഹാരം പാകം ചെയ്യുന്നതു വഴി അപകടകരമായ പല രാസവസ്തുക്കളും ശരീരത്തിലേക്ക് കടക്കാനുള്ള വഴി കൂടിയാണ് നിങ്ങൾ തുറന്നു കൊടുക്കുന്നതെന്ന് ഓർക്കാം.
ഇവയ്ക്കു പകരം കാസ്റ്റ് അയൺ, സ്റ്റെയിൻലെസ് സ്റ്റീൽ പാനുകളും പാത്രങ്ങളും ഉപയോഗിക്കാം. ഇത്തരം പാത്രങ്ങളിൽ ആഹാരം പാകം ചെയ്തെടുക്കുന്നതിന് ആരോഗ്യവശങ്ങളുമുണ്ട്.
3. പ്ലാസ്റ്റിക് കട്ടിങ്ങ് ബോഡുകൾ
പ്ലാസ്റ്റിക് കട്ടിങ്ങ് ബോഡുകളിൽ വച്ച് ആഹാരപദാർഥങ്ങൾ മുറിക്കുമ്പോൾ നിങ്ങൾ തന്നെ പ്ലാസ്റ്റിക്കിന്റെ തരികളും കൂടി ചേർത്ത് ആഹാരം പാകം ചെയ്യുന്നതു പോലയാകുമത്.. എത്ര ശ്രദ്ധിച്ചാലും പ്ലാസ്റ്റിക് ബോഡുകളിൽ നിന്നും ചെറിയ അളവിലെങ്കിലും അടർന്നു വരുന്ന പ്ലാസ്റ്റിക്കിന്റെ അംശം ഒഴിവാക്കാൻ സാധിക്കില്ല. അത്തരം സൂക്ഷ്മ പ്ലാസ്റ്റിക് കഷ്ണങ്ങൾ ദിനം പ്രതി വയറ്റിലെത്തുന്നതൊന്ന് ആലോചിച്ചു നോക്കൂ...
പ്ലാസ്റ്റിക് കട്ടിങ്ങ് ബോഡുകൾക്ക് പകരം തടിയുടെ ബോഡുകൾ സധൈര്യം തിരഞ്ഞെടുക്കാം.. ഇവ നന്നായി കഴുകി ഇടയ്ക്കൊക്കെ വെയിലത്തു വച്ച് ഉണക്കിയെടുക്കാനും ശ്രദ്ധിക്കണം.
4. പ്ലാസ്റ്റിക് തവികളും ഉപകരണങ്ങളും
മസാല തനിയെ പൊടിച്ചു തരുന്ന തരം അടപ്പുള്ള പ്ലാസ്റ്റിക് കുപ്പികൾ ആകർഷകരവും അനായാസവുമായി തോന്നാം. എന്നിരുന്നാലും അവയിലൂടെ മൈക്രോ പ്ലാസ്റ്റിക് നിങ്ങൾക്കുള്ളിൽ കടക്കാനുള്ള സാധ്യത ഏറെയാണ്.
ചൂടുള്ള കഞ്ഞി കോരിക്കുടിക്കാനും കറികൾ ഇളക്കി ഒഴിക്കാനും പ്ലാസ്റ്റിക് കൈലും തവിയും ഉപയോഗിക്കുന്നതിലും അപകടം പതിയിരിപ്പുണ്ട്.
പകരം സ്റ്റീൽ, സെറാമിക്, ചിരട്ട കൈലുകളും തവികളും പേടി കൂടാതെ ഉപയോഗിക്കാം..