എന്താണ് മോഡി ഡയബറ്റിസ്? മധുരം ഇനി നുകരാമോ? അറിയേണ്ടതെല്ലാം Understanding Diabetes: Symptoms and Causes
Mail This Article
ലോകത്തെ തന്നെ പ്രമേഹത്തിന്റെ തലസ്ഥാനമെന്നാണ് ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. നമ്മുടെ രാജ്യത്തു പത്തു കോടിയിലേറെ പേർ പ്രമേഹബാധിതരെന്നു കണക്കുകൾ പറയുന്നു. പ്രമേഹസാധ്യതയുള്ള പ്രിഡയബറ്റിസ് ഉള്ളവർ 13 കോടിയിലേറെ. ജീവിതശൈലിയിൽ ശ്രദ്ധ നൽകിയില്ലെങ്കിൽ വരുംവർഷങ്ങളിൽ ഈ സംഖ്യ ഇനിയും ഉയരും. പ്രമേഹം തടയാനും നിയന്ത്രിക്കാനും വിദഗ്ധർ നൽകുന്ന മാർഗനിർദേശങ്ങൾ അറിയാം.
എന്താണു പ്രമേഹം ?
രക്തത്തിലെ പഞ്ചസാരയുടെ ( ഗ്ലൂക്കോസ് ) അളവ് അമിതമാകുന്ന അവസ്ഥയാണു പ്രമേഹം. ഭക്ഷണത്തിലടങ്ങിയ അന്നജം ദഹിക്കുമ്പോൾ ഗ്ലൂക്കോസ് ആയി മാറും. ഇതിലൂടെയാണു ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കുക. ഹോർമോണായ ഇൻസുലിനാണ് ഗ്ലൂക്കോസ് നില നിയന്ത്രിക്കുന്നത്. ഈ ഇൻസുലിൻ തീരെ ഇല്ലാതാകുന്ന സാഹചര്യത്തിലാണു കുഞ്ഞുങ്ങളിൽ കണ്ടു വരുന്ന പ്രമേഹം ടൈപ്പ് 1 ഉണ്ടാകുന്നത്.
ശരീരത്തിലെ ഇൻസുലിന്റെ അളവ് കുറയുന്നതോ പ്രവർത്തനക്ഷമത കുറയുന്നതോ ആണ് മുതിർന്നവരിൽ കണ്ടു വരുന്ന പ്രമേഹം ടൈപ്പ് 2 വിലേക്കു നയിക്കുക. പാരമ്പര്യം, അമിതവണ്ണം, അലസ ജീവിതശൈലി, അമിത സമ്മർദം, ചില മരുന്നുകളുടെ അമിത ഉപയോഗം ഇവ പ്രമേഹത്തിനിടയാക്കും.
പെട്ടെന്ന് ശരീരഭാരം കുറയുക, ഇടയ്ക്കിടെ ദാഹം, ചർമത്തിൽ െചാറിച്ചിൽ, വിശപ്പ്, മുറിവുകൾ ഉണങ്ങാൻ താമസം തുടങ്ങിയവ ലക്ഷണങ്ങളാണ്.
പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹം തടയാമെന്ന ധാരണ ശരിയാണോ ?
പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹം തടയാം എന്നതു മിഥ്യാധാരണയാണ്. പഞ്ചസാര കഴിക്കുന്നതു കൊണ്ടു മാത്രമല്ല ഒരു വ്യക്തിക്കു പ്രമേഹമുണ്ടാകുന്നത്. ഭക്ഷണത്തിലടങ്ങിയ അന്നജം ഗ്ലൂക്കോസായി രക്തത്തിൽ കലരുകയാണല്ലോ ചെയ്യുന്നത്. ഇൻസുലിന്റെ ഉൽപാദനം കുറയുകയോ പ്രവർത്തനക്ഷമത കുറയുകയോ ചെയ്യുന്ന അവസ്ഥയിൽ രക്തത്തിലെ ഗ്ലൂക്കോസ് നില കൃത്യമായി നിയന്ത്രിക്കാനാകില്ല. പഞ്ചസാരയിൽ (ടേബിൾ ഷുഗർ) മാത്രമല്ല, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങി മിക്ക ഭക്ഷണത്തിലും അന്നജം അടങ്ങിയിട്ടുണ്ട്.
പ്രമേഹരോഗിയിലെ അമിതവണ്ണം, പഞ്ചസാരയും പ ഞ്ചസാര അടങ്ങിയ ഭക്ഷണവും അമിതമായി കഴിക്കുന്നതിനാലാണെങ്കിൽ പഞ്ചസാര ഒഴിവാക്കാം. ഈ രീതിയിൽ വണ്ണം കുറച്ചാൽ പ്രമേഹം പിടിപെടുന്നതു കുറേനാളത്തേക്കു മാറ്റി വയ്ക്കാൻ സാധിച്ചേക്കാം. പക്ഷേ, പാരമ്പര്യം, അധ്വാനമില്ലാത്ത ജീവിതശൈലി ഇവയുള്ളവരിൽ പ്രമേഹ സാധ്യത നിലനിൽക്കും.
എന്താണ് എബിസിഡി ?
കുറച്ചുകാലം മുൻപു വരെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നതിനു മാത്രമാണ് പ്രമേഹചികിത്സയിൽ പ്രധാനമായും ശ്രദ്ധ നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ പ്രമേഹം ഒരു കൂട്ടം അസുഖങ്ങളിൽ ഒന്നു മാത്രമായാണു കണക്കാക്കുന്നത്.
പ്രമേഹത്തിനൊപ്പം പിടിപെടാൻ സാധ്യതയുള്ള രോ ഗങ്ങൾ എബിസിഡി രോഗം (അഡോപോസിറ്റി ബേസ്ഡ് ക്രോണിക് ഡിസീസ്) എന്നാണ് അറിയപ്പെടുന്നത്. അമിതവണ്ണം മൂലമുണ്ടാകുന്ന രോഗങ്ങളാണിവ.
പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഹൈപ്പർടെൻഷൻ, ഫാറ്റി ലിവർ, ഹൃദ്രോഗം, രക്തത്തിലെ യൂറിക് ആസിഡ് കൂടിയുണ്ടാകുന്ന ഹൈപ്പർ യൂറിസിമിയ, പിസിഒഡി തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
പ്രമേഹമുണ്ടെന്നു കണ്ടെത്തിയാൽ ഉടൻ തന്നെ ഈ കൂട്ടത്തിൽ ഏതെങ്കിലും രോഗങ്ങൾ ഉണ്ടോയെന്നു തിരിച്ചറിയാനുള്ള പരിശോധനകൾ നടത്തുക. ഉണ്ടെങ്കി ൽ ഇവ കൃത്യമായി ചികിത്സിക്കണം. ഈ രോഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയാൽ ഭാവിയിൽ ഇവ പിടിപെടാതിരിക്കാൻ വേണ്ട നടപടികൾ എടുക്കണം.
ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തേണ്ടതു വളരെ പ്രധാനമാണ്. ഉയരത്തിനനുസരിച്ചു ഭാരം ക്രമീകരിക്കണം. ആഹാരത്തിന്റെ അളവ് കുറയ്ക്കുക പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക. ഭക്ഷണത്തിൽ കൊഴുപ്പിന്റെ അളവ് കുറയ്ക്കണം. നാരുകൾ സമൃദ്ധമായടങ്ങിയ ഭക്ഷണം പതിവാക്കുക.
ദിവസവും കുറഞ്ഞതു മുക്കാൽ മണിക്കൂറെങ്കിലും വ്യായാമം ശീലിക്കുക. പുകവലിയും മദ്യപാനവും ഒഴിവാക്കണം. വിദഗ്ധ നിർദേശത്തോടെയല്ലാതെ അനാവശ്യമായി മരുന്നുകൾ ഉപയോഗിക്കരുത്.
മുന്നറിയിപ്പാണോ പ്രിഡയബറ്റിസ്?
ലക്ഷണങ്ങളൊന്നും പ്രകടമാകില്ലെന്നതിനാൽ രക്തപരിശോധനയിലൂടെ മാത്രമേ പ്രിഡയബറ്റിസ് കണ്ടെത്താനാകൂ. രക്തത്തിലെ പഞ്ചസാരയുടെ മൂന്നു മാസത്തെ ശരാശരിയായ എച്ച്ബിഎ1സി പരിശോധിക്കുന്നതാണ് ഉത്തമം. 5.7 ശതമാനത്തിൽ താഴെ വരെ സാധാരണ നിലയും 5.7 മുതൽ 6.4 വരെ പ്രിഡയബറ്റിസും 6.5 ആയാൽ പ്രമേഹമായും കണക്കാക്കും.
രാവിലെ വെറുംവയറ്റിലെ രക്തപരിശോധനയിൽ പഞ്ചസാരനില 100 mg/dl ലേറെയെങ്കിൽ പ്രിഡയബറ്റിസ് ആണെന്നർഥം. 126 mg/dl പ്രമേഹമായും കണക്കാക്കും. ഭക്ഷണം കഴിച്ചു രണ്ടു മണിക്കൂറിനു ശേഷമോ ഇടവേളകളിലോ ഉള്ള രക്തപരിശോധനയിൽ പഞ്ചസാരയുടെ അളവ് 140 mg/dl ൽ കൂടുതലാണെങ്കിൽ പ്രിഡയബറ്റിസ് ആണെന്നർഥം.
75 ഗ്രാം ഗ്ലൂക്കോസ് കഴിച്ചു രണ്ടു മണിക്കൂറിനു ശേ ഷം രക്തപരിശോധന നടത്തുമ്പോഴാണ് കൃത്യമായി അളക്കാൻ കഴിയുന്നത്. അത് 200ൽ എത്തിയാൽ പ്ര മേഹം സ്ഥിരീകരിക്കും.
പ്രിഡയബറ്റിസ് ഘട്ടത്തിൽ ശ്രദ്ധ നൽകിയാൽ പ്രമേഹം പിടിപെടുന്നതു നീട്ടി വയ്ക്കാനാകും. ഈ ഘട്ടം ഗോൾഡൻ പിരീയഡ് എന്നാണു വിശേഷിപ്പിക്കപ്പെടുന്നത്. അമിതവണ്ണമുള്ളവർക്കു ഭാരം കുറച്ചു പ്രമേഹം പൂർണമായി തടയാൻ കഴിയും.
പ്രമേഹം രൂക്ഷമായാല്‍ ?
പ്രമേഹരോഗികളിൽ അനുബന്ധരോഗങ്ങളുണ്ടാകാനുള്ള സാധ്യതയേറെയാണ്. പ്രമേഹം രൂക്ഷമായാൽ ഹൃദ്രോഗവും ഹൃദയത്തിന്റെ പ്രവർത്തനവും നിലയ്ക്കുന്ന അവസ്ഥയുമുണ്ടാകാം. പ്രമേഹരോഗികളിൽ പലതരം അണുബാധകളുണ്ടാകാനുള്ള സാധ്യത നാലുമടങ്ങാണ്. ന്യുമോണിയ, മൂത്രത്തിൽ പഴുപ്പ്, ചർമത്തിൽ അണുബാധ ഇവയുണ്ടാകാം. പലതരം കാൻസർ ബാധിക്കാനുമുള്ള സാധ്യതയുമുണ്ട്.
രക്തത്തിലെ പഞ്ചസാര വളരെ കൂടുതലായാൽ ഡ യബറ്റിസ് കീറ്റോ അസിഡോസിസ്, ഹൈപ്പറോസ്മോളാർ ഹൈപ്പർ ഗ്ലൈസീമിക് സ്റ്റേറ്റ് തുടങ്ങിയ അവസ്ഥകളിലേക്കു നീങ്ങാം. ഇത്തരം അവസ്ഥയിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വരും.
കൃത്യമായി ചികിത്സിക്കാതിരുന്നാൽ പ്രമേഹം രൂക്ഷമായി കണ്ണുകൾ, ഞരമ്പുകൾ, വൃക്കകൾ, കാലു കൾ തുടങ്ങിയ ഇടങ്ങളിലെ രക്തയോട്ടത്തെ ബാധിക്കാൻ സാധ്യതയുണ്ട്. കണ്ണുകളിലെ ഞരമ്പുകളെ ബാധിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി എന്ന അവസ്ഥ കാഴ്ച നഷ്ടപ്പെടാൻ വരെ ഇടയാക്കും. പ്രമേഹമുള്ളവരിൽ കേൾവിപ്രശ്നങ്ങളുണ്ടാകുന്നതും സാധാരണയാണ്. വൃക്കകളെ ബാധിച്ചാൽ വൃക്കയുടെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയുണ്ടാകാം. പ്രമേഹം രൂക്ഷമായാൽ കാലിലെ രക്തയോട്ടം കുറഞ്ഞു കാൽ മുറിക്കേണ്ട അവസ്ഥ വരെ ഉണ്ടാകാം.
പ്രമേഹം കൃത്യമായി ചികിത്സിച്ചു, രക്തത്തിലെ പഞ്ചസാരയുടെ അളവ്, സാധാരണ നിലയിൽ നിർത്തുകയാണെങ്കിൽ അപകടസാധ്യതയെക്കുറിച്ച് ആ ശങ്കപ്പെടേണ്ടതില്ലെന്നോർക്കുക.
എന്താണ് മോഡി ഡയബറ്റിസ്?
ടൈപ്പ് 2 , ടൈപ്പ് 1 തുടങ്ങിയവ കൂടാതെയുള്ള അനേകം പ്രമേഹരോഗങ്ങളിലൊന്നാണ് മെച്യൂരിറ്റി ഓൺസെറ്റ് ഡയബറ്റിസ് ഓഫ് ദ് യങ് (മോഡി). അപൂർവമായി കാണപ്പെടുന്ന അവസ്ഥയാണിത്. ഒരു ശതമാനം മാത്രം പേരിൽ മാത്രമാണു മോഡി ഡയബറ്റിസ് കണ്ടുവരാറുള്ളത്.
പാരമ്പര്യമായി കുടുംബത്തിൽ ചെറുപ്പത്തിലേ പ്രമേഹമുണ്ടാകാറുണ്ടെങ്കിൽ 25 വയസ്സിൽ താഴെ പ്രായമുള്ളപ്പോൾ മോഡി ഡയബറ്റിസ് പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. തുടക്കത്തിൽ ലക്ഷണങ്ങളൊന്നും കണ്ടെന്നുവരില്ല. മറ്റു പ്രമേഹങ്ങളിൽ കാണുന്നത് േപാലെ രക്തത്തിലെ ഗ്ലൂക്കോസ് നില അധികം ഉയരാറുമില്ല.
രക്തത്തിലെ പഞ്ചസാരനില 200–250 അളവിലാകും കാണുക. 20– 25 വയസ്സിൽ പ്രമേഹം പിടിപെടുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ളവർ ജനിതകപരമായ പരിശോധനയിലൂടെ കൃത്യമായി ഏതു തരം പ്രമേഹമാണെന്നു തിരിച്ചറിയാൻ ശ്രദ്ധിക്കണം. പലപ്പോഴും മോഡി ഡയബറ്റിസ് ചികിത്സിക്കാൻ ഇൻസുലിൻ വേണ്ടിവരും.
പ്രമേഹചികിത്സയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
ജീവിതശൈലിയിലുള്ള മാറ്റങ്ങൾ, മരുന്നുകൾ എന്നി വയാണു പ്രമേഹചികിത്സയിൽ പ്രധാനം. രക്തത്തിലെ പഞ്ചസാര നില പരിശോധിച്ച ശേഷം ഏതു തരം മരുന്നുകൾ എപ്പോൾ കഴിക്കണമെന്നു േഡാക്ടർ നിർദേശിക്കും. ഗുളികകൾ കൊണ്ടു മാത്രം പ്രമേഹം നിയന്ത്രണത്തിലാകുന്നില്ലെങ്കിൽ ഇൻസുലിൻ കൂടി പ്രയോജനപ്പെടുത്തേണ്ടി വരും.
ജീവിതശൈലി ചിട്ടപ്പെടുത്തുക വളരെ പ്രധാനമാണ്. പ്രമേഹം ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകാൻ ഇടയുണ്ട്. അതുകൊണ്ടു തന്നെ ആരോഗ്യകരമായ ജീ വിതശൈലിയും എക്കാലവും പിന്തുടരണം.
ഇതിനു ക്ഷമയും മാറ്റങ്ങൾ വരുത്താനുള്ള ദൃഢനിശ്ചയവും അത്യാവശ്യമാണ്. പലർക്കും ജീവിതകാലം മുഴുവൻ ആഹാരനിയന്ത്രണവും വ്യായാമവും ചെയ്യാ ൻ മടിയുണ്ടായേക്കാം. ഇക്കാര്യം ബോധ്യപ്പെടുത്താൻ ചിലർക്ക് കൗൺസലിങ് ആവശ്യമായി വരാം.
അമിതവണ്ണമുള്ളവർ പത്തു ശതമാനം ഭാരം കുറയ്ക്കുകയാണെങ്കിൽ പ്രമേഹം ശരിയായി നിയന്ത്രിക്കാൻ കഴിയും. ഇതുകൊണ്ടു തന്നെ ഡോക്ടർ, ഡയറ്റീഷൻ ഇവരുടെ നിർദേശങ്ങൾ സ്വീകരിച്ചു ശരിയായ ഭക്ഷണക്രമവും വ്യായാമവും ശീലിക്കണം.
പ്രതിരോധമേകും സാങ്കേതികവിദ്യ
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ ഏറെ മാറ്റങ്ങളാ ണു പ്രമേഹചികിത്സയിലുണ്ടായത്. ഗവേഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും പുതിയ ചികിത്സാമാ ർഗങ്ങളും സാങ്കേതികവിദ്യയും രൂപപ്പെടുത്തുന്നു.
ചികിത്സയുടെ ഭാഗമായി മാത്രമല്ല പ്രതിരോധമാർഗമെന്ന നിലയിലും ഇവ പ്രയോജനപ്പെടുത്താം. പ്രമേഹത്തോടനുബന്ധിച്ചുണ്ടാകുന്ന രോഗങ്ങൾ തടയാനും രോഗികൾക്കു സ്വയം പ്രയോജനപ്പെടുത്താവുന്ന ഇത്തരം സാങ്കേതികവിദ്യ ഉപകരിക്കും.
വലിയ പണച്ചെലവില്ലാതെ ഉപയോഗിക്കാവുന്ന സാ ങ്കേതികവിദ്യയാണു രക്തത്തിലെ പഞ്ചസാരയുടെ നി ല അറിയാൻ സഹായിക്കുന്ന ഗ്ലൂക്കോമീറ്റർ. പലതരം ഗ്ലൂക്കോമീറ്റർ വിപണിയിലുണ്ട്. ബ്ലൂടൂത് വഴി ഫോണിൽ കണക്ട് ചെയ്യാൻ കഴിയുന്ന ഗ്ലൂക്കോമീറ്ററിലൂടെ ര ക്തത്തിലെ ഗ്ലൂക്കോസ് നില ഫോണിൽ അറിയാനാകും. ഗ്ലൂക്കോസ് നിലയുടെ ശരാശരിയും അറിയാം.
എപ്പോഴൊക്കെ രക്തത്തിലെ പഞ്ചസാരയുടെ നില നോക്കണമെന്ന് ഓർമപ്പെടുത്തുക, ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കാനുള്ള നിർദേശങ്ങൾ നൽകുക തുടങ്ങിയ സേവനങ്ങളും ഈ ആപ്പിൽ ലഭിക്കും.
ഇൻസുലിൻ കുത്തിവയ്പിലും മാറ്റങ്ങളുണ്ട്. ഇൻസുലിൻ പെൻ, ഇൻസുലിൻ പമ്പ് ഇവയും പ്രയോജനപ്പെടുത്താനാകും. ദിവസം പല തവണ ഇൻസുലിൻ കുത്തി വയ്ക്കേണ്ടി വരുന്ന ടൈപ്പ് 1 പ്രമേഹരോഗികൾക്ക് എെഎ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഇൻസുലിൻ പമ്പ് ഉപകാരപ്പെടും.
ഗർഭകാലപ്രമേഹം പിന്നീട് ടൈപ്പ് 2 പ്രമേഹമായി മാറുമോ ?
പാരമ്പര്യം, അമിതവണ്ണം തുടങ്ങിയവ ഗർഭകാല പ്രമേഹത്തിലേക്കു നയിക്കാം. ഗർഭകാലത്തു പ്രമേഹം ഉണ്ടോയെന്നു പരിശോധന നടത്തേണ്ടതു വളരെ പ്രധാനമാണ്. ഗർഭകാലപ്രമേഹമുണ്ടെങ്കിൽ അമ്മയ്ക്കും കുഞ്ഞിനും ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഗർഭസ്ഥ ശിശുവിന്റെ വലുപ്പം കൂടാനും പ്രസവത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാനും സാധ്യതയേറെയാണ്. നവജാതശിശുക്കളിൽ രക്തത്തിലെ പഞ്ചസാര, കാൽസ്യം ഇവ കുറയാൻ ഇടയുണ്ട്.
ഗർഭകാലപ്രമേഹത്തിന് ഇൻസുലിൻ ആണു ഫലപ്രദം. ചില തരം ഗുളികകളും പ്രയോജനപ്പെടുത്താറുണ്ട്. ഗർഭകാല പ്രമേഹമുണ്ടെങ്കിൽ ഭക്ഷണത്തിലും ചിട്ടകളിലും ക ർശനനിയന്ത്രണം ആവശ്യമാണ്. ഗർഭകാലപ്രമേഹം പ്രസവശേഷം അപ്രത്യക്ഷമാകുമെങ്കിലും പിന്നീട് പ്രമേഹം പിടിപെടാൻ സാധ്യതയേറെയാണ്. ചിട്ടയായ വ്യായാമം, ഭക്ഷണം ഇവ പിന്തുടർന്നാൽ പ്രമേഹം പിടിപെടുന്നതു നീട്ടിവയ്ക്കാൻ കഴിയും. വർഷത്തിലൊരിക്കലെങ്കിലും രക്തത്തിലെ പഞ്ചസാര നില പരിശോധിക്കാൻ മറക്കരുത്.
കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിങ് (സിജിഎം) പ്രയോജനപ്രദമാണോ?
ശരീരത്തിൽ ഘടിപ്പിക്കാവുന്ന ചെറിയ സെൻസറാണു സിജിഎം. ഈ ഉപകരണം രക്തത്തിലെ പഞ്ചസാരനില തുടർച്ചയായി അളക്കും. തുടർന്നു രോഗിക്കു റീഡറിലോ മൊബൈൽ ഫോൺ ആപ്പിലോ രക്തത്തിലെ പഞ്ചസാരനില അറിയാനാകും. ഒരു സെൻസറിന് 14 ദിവസമാണു കാലാവധി.
ഗ്ലൂക്കോസ് നില കൂടുന്നതിനും കുറയുന്നതിനും അരമണിക്കൂർ മുൻപ് കൃത്യമായ മുന്നറിയിപ്പ് ലഭിക്കും. അതനുസരിച്ചു ഭക്ഷണം, വ്യായാമം, മരുന്നുകൾ ഇവ ചിട്ടപ്പെടുത്താമെന്ന മേന്മയുണ്ട്. ഗ്ലൂക്കോസിന്റെ നില കൂടി നിൽക്കുന്നതിനേക്കാൾ അപകടകാരിയാണ് ഈ നിലയിലെ ഏറ്റക്കുറച്ചിൽ. ഇതു കൃത്യമായി അളന്നു തിട്ടപ്പെടുത്തുന്നതിലൂടെ ആവശ്യമായ മുൻകരുതലെടുക്കാനും അപകടമൊഴിവാക്കാനും കഴിയും.
ചികിത്സിക്കുന്ന േഡാക്ടറുടെ കംപ്യൂട്ടറിൽ ഗ്ലൂക്കോസ് നില സംബന്ധിച്ച വിവരങ്ങൾ എത്തിക്കാനും സൗകര്യമുണ്ട്. ഏതൊക്കെ ഭക്ഷണമാണു കഴിക്കേണ്ടത്, ഏതു തരം വ്യായാമമാണു വേണ്ടത് തുടങ്ങി നാൽപതോളം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഈ വിവരങ്ങൾ ഉപകരിക്കും. ഈ ഡേറ്റ പ്രയോജനപ്പെടുത്തി േഡാക്ടർ, ഡയറ്റീഷൻ ഇവരോടു ചർച്ച ചെയ്ത് ജീവിതശൈലിയിൽ വേണ്ട മാറ്റം വരുത്താനും കഴിയും.
Information Credits: ഡോ. ആർ. വി. ജയകുമാർ, സീനിയർ കൺസൽറ്റന്റ് എൻഡോക്രൈനോളജി, ആസ്റ്റർ മെഡ്‌സിറ്റി കൊച്ചി. ഡോ. ജ്യോതിദേവ് കേശവദേവ്, കൺസൽറ്റന്റ് ഡയബറ്റോളജിസ്റ്റ് & ചെയർമാൻ, ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച് സെന്റേഴ്സ്. ഡോ. പി. കെ. ജബ്ബാർ, ഡയറക്ടർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ്, തിരുവനന്തപുരം
