സേമിയ കൊണ്ട് ഇനി ദോശയും; അമിതവണ്ണം കുറയ്ക്കാന് കാലറി കുറഞ്ഞ പ്രാതൽ Healthy & Easy: Learn to Make Semiya Dosa
Mail This Article
സേമിയ കൊണ്ട് എന്തെല്ലാം വിഭവങ്ങൾ തയാറാക്കാറുണ്ട് ? പായസം, ഉപ്പുമാവ്, പുലാവ്... എന്നിവയൊക്കെയാണോ പതിവ് ? എന്നാലിനി ദോശ കൂടി ഉണ്ടാക്കാൻ പഠിക്കാം. കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ.
എല്ലാം ഒരുക്കി വയ്ക്കാനും പാകം ചെയ്യാനും കൂടി 20 മിനിറ്റ് തന്നെ ധാരാളം. ഒപ്പം വിളമ്പാൻ ചട്നി തന്നെയാണ് ബെസ്റ്റ് കോംബിനേഷൻ. തക്കാളി ചട്നിയോ മുളകും ചുവന്നുള്ളിയും വാളൻപുളിയും ചേർന്ന മുളകുചമ്മന്തിയോ തമിഴ് സ്റ്റൈൽ കാരൈ ചട്നിയോ ആയാൽ രുചി പൊളിക്കും. അപ്പോ ഉണ്ടാക്കിയാലോ?
ഇൻസ്റ്റന്റ് സേമിയ ദോശ
അരിപ്പൊടി – ഒരു കപ്പ്, സേമിയ – അരക്കപ്പ്, റവ – കാൽ കപ്പ്, ജീരകം – ഒരു ചെറിയ സ്പൂൺ, ചതച്ചത്, ഉപ്പ് – പാകത്തിന്, വെള്ളം – അഞ്ചു കപ്പ്, കാരറ്റ് ഗ്രേറ്റ് ചെയ്തത് – രണ്ടു വലിയ സ്പൂൺ, സവാള പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ, മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ, കറിവേപ്പില പൊടിയായി അരിഞ്ഞത് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ സേമിയ ഒരു പാനിലാക്കി ഇളം ബ്രൗൺ നിറമാകും വ രെ വറുക്കുക.
∙ ചൂടാറിയ സേമിയ ഒരു ബൗളിലാക്കി അരിപ്പൊടി, റവ, ഉപ്പ്, ജീരകം എന്നിവ ചേർത്തു യോജിപ്പിക്കുക.
∙ ഇതിലേക്ക് വെള്ളമൊഴിച്ചു മാവു തയാറാക്കുക. അധികം കട്ടിയാകരുത്. കോരിയൊഴിക്കാൻ പാകത്തിനായിരിക്കണം. 10 മിനിറ്റ് അടച്ചു വയ്ക്കുക.
∙ പിന്നീട് ഈ മാവിലേക്ക് കാരറ്റ്, സവാള, മല്ലിയില, കറിവേപ്പില എന്നിവ ചേർത്തിളക്കുക.
∙ ഇനി ദോശ ചുട്ടെടുക്കാം.
കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ, പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ്