രക്തസ്രാവത്തിന് പൈൽസ് മാത്രമല്ല കാരണം; മറ്റു പല രോഗങ്ങളുടെയും ലക്ഷണമാകാം അത്..! Understanding Piles: More Than Just Bleeding
Mail This Article
ഏറെ തെറ്റിധരിക്കപ്പെടുന്ന രോഗമാണ് പൈൽസ്. മലദ്വാരത്തിലൂടെയുള്ള രക്തസ്രാവവും മറ്റു മലദ്വാര പ്രശ്നങ്ങളും കണ്ടാൽ പൈൽസ് ആണെന്നു സ്വയം ഉറപ്പിക്കുന്നവരും കുറവല്ല.
എന്നാൽ മലാശയ കാൻസറടക്കമുള്ള മറ്റു രോഗങ്ങളുടെ ലക്ഷണവുമാകാം ഇത്. സ്വന്തമായി രോഗനിർണയം നടത്താതെ അശാസ്തീയ ചികിത്സകൾക്കു പുറകെ പോകാതെ വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടുകയാണു വേണ്ടത്. പൈൽസിന് ശസ്ത്രക്രിയ അല്ലാതെ പുതിയ ചികിത്സാരീതികളും ലഭ്യമാണ്.
മാറിയ ജീവിതശൈലിയും പൈൽസും
ഭക്ഷണശീലങ്ങളിലുണ്ടായ മാറ്റങ്ങളും ദീർഘനേരം ഇരുന്നുള്ള ജോലിയും ചെറുപ്പക്കാരുടെയിടയിൽ പോലും പൈൽസിന്റെ സാധ്യത വർധിപ്പിക്കുന്നുണ്ട്. അമിതമായി മാംസാഹാരം കഴിക്കുന്നതും നാരുകളടങ്ങിയ പഴങ്ങളും പച്ചക്കറികളും ഒഴിവാക്കുന്നതും മലബന്ധത്തിനും തുടർന്ന് പൈൽസിനുമിടയാക്കാം. ഗർഭിണികൾ, ദീർഘനേരം ടോയ്‌ലറ്റിൽ ഇരിക്കുന്നവർ, പ്രായമേറിയവർ തുടങ്ങിയവർക്കും പൈൽസിനു സാധ്യത കൂടുതലാണ്. പ്രായമേറുമ്പോൾ മലദ്വാരത്തിനു ചുറ്റുമുള്ള ഏനൽ കുഷ്യനുകളെ താങ്ങി നിർത്തുന്ന പേശികൾക്കുണ്ടാകുന്ന ബലക്ഷയമാണ് പൈൽസുണ്ടാകാൻ കാരണം. തുടർന്ന് മലവിസർജന സമയത്ത് ഈ കുഷ്യനുകൾ പുറത്തേക്ക് തള്ളിവരികയും വിള്ളലുണ്ടായി രക്തസ്രാവമുണ്ടാകുകയും ചെയ്യുന്നു.
പൈൽസിന്റെ വിവിധ ലക്ഷണങ്ങൾ
വേദനയില്ലാതെയുള്ള രക്തസ്രാവമാണു പൈൽസിന്റെ പ്രധാന ലക്ഷണം. മലം പോയതിനുശേഷമായിരിക്കും കടും ചുവപ്പു നിറത്തിലുള്ള രക്തസ്രാവം. മലം പോകുമ്പോൾ വേദന, മലദ്വാരത്തിനു ചുറ്റുമുള്ള ചൊറിച്ചിൽ, മ ലം പോകുന്നതു നിയന്ത്രിക്കാൻ പറ്റാതെ വരിക തുടങ്ങിയ പ്രശ്നങ്ങളുമുണ്ടാകാം.
പൈൽസിനു പ്രധാനമായും നാലു ഘട്ടങ്ങളുണ്ട്. അവ ഏതെന്നു മനസ്സിലാക്കാം.
ഒന്നാം ഘട്ടം: മലം പോയിക്കഴിഞ്ഞതിനുശേഷമുണ്ടാകുന്ന രക്തസ്രാവമാണ് പ്രധാന ലക്ഷണം. വേദനയില്ല. ഏ നൽ കുഷ്യൻ പുറത്തേക്കു തള്ളി വരില്ല.
രണ്ടാം ഘട്ടം: മല വിസർജനത്തോടൊപ്പം ഏനൽ കുഷൻ പുറത്തേക്കു തള്ളി വരികയും തുടർന്നു താനേ ഉള്ളിലേക്കു പോവുകയും ചെയ്യുന്നു.
മൂന്നാം ഘട്ടം: പുറത്തേക്കു തള്ളി വരുന്ന ഏനൽ കുഷനെ തള്ളി അകത്തിടേണ്ടി വരും.
നാലാം ഘട്ടം: പൈൽസ് സ്ഥിരമായി പുറത്തേക്കു തള്ളി നിൽക്കുന്ന അവസ്ഥ. വേദനയുമുണ്ടാകും.
ചികിത്സാരീതികൾ
ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലുമുള്ള പൈൽസിന് ബാൻഡിങ് മതിയാകും. അർശസ് മുഴകളെ റബർ ബാൻഡിട്ട് കെട്ടുന്നു. ഒപിയായി ചികിത്സ നടത്താം. രക്തക്കുഴലിലേക്ക് മരുന്നു കുത്തിവച്ച് രക്തപ്രവാഹം തടസ്സപ്പെടുത്തുന്ന രീതിയാണ് സ്ക്ലീറോ തെറപ്പി. സ്റ്റേപ്പിൾഡ് ഹെമറോയിഡക്ടമി പുതിയ ചികിത്സാരീതിയാണ്. ഏനൽ കുഷനിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്ന ഈ ചികിത്സാരീതിയിൽ ശസ്ത്രക്രിയയെ അപേക്ഷിച്ചു വേദന കുറവാണ്. മൂന്നാം ഘട്ടത്തിലും നാലാം ഘട്ടത്തിലുമുള്ള രോഗികൾക്കാണു ശസ്ത്രക്രിയ വേണ്ടത്.
നാരു കൂടുതലുള്ള ഭക്ഷണം കഴിക്കുക, ടോയ്‌ലറ്റിൽ പോകാൻ കൃത്യസമയം പാലിക്കുക, പ്രതിദിനം രണ്ടു – മൂന്നു ലീറ്റർ വെള്ളം കുടിക്കുക, അധികനേരം ക്ലോസറ്റിൽ ഇരിക്കാതിരിക്കുക തുടങ്ങിയവ പൈൽസിനെ പ്രതിരോധിക്കാൻ സഹായകരമാകും.
