‘സ്വന്തം മക്കളെ പോലും തിരിച്ചറിയാൻ വയ്യ, മറവി രോഗം വലയ്ക്കുന്നു’; ഡിമൻഷ്യ, സംശയങ്ങൾക്കുള്ള ഉത്തരം അറിയാം Types of Dementia and Their Symptoms
Mail This Article
രാവിലെ മുതൽ അമ്മ സന്തോഷത്തിലാണ്. വീട്ടിൽ മക്കളെല്ലാം ഒത്തുകൂടിയാൽ അമ്മയുടെ പ്രസരിപ്പും കൂടും. അതാണു പതിവ്. അന്നു വൈകുന്നേരമായപ്പോഴാണ് കഥ മാറിയത്. ‘ഞാനെന്റെ വീട്ടിൽ പോകട്ടെ. മക്കൾ കാത്തിരിക്കും’ എന്നായി അമ്മ . ‘ഇതല്ലേ അമ്മയുടെ വീട്?’ മകളുടെ ചോദ്യത്തിനു ‘കുട്ടിയേതാ?’ എന്ന മറുചോദ്യമാണുയർന്നത്.
ഏറ്റവും അടുപ്പമുള്ള സ്വന്തം മകളെ തിരിച്ചറിയാൻ കഴിയാത്ത ആ അവസ്ഥ മറവി രോഗമാണെന്നു കുടുംബാംഗങ്ങൾ പെട്ടെന്നു തിരിച്ചറിഞ്ഞു. നമ്മുടെ നാട്ടിൽ മറവി രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.
കേരളത്തിൽ 60 വയസ്സിലേറെ പ്രായമുള്ളവരിൽ 8.27 ശതമാനം പേർക്കു ഡിമൻഷ്യയുണ്ടാകാമെന്നാണു ലോംഗിച്യൂഡിനൽ ഏജിങ് സ്റ്റഡി ഓഫ് ഇന്ത്യ നടത്തിയ പഠനങ്ങൾ പറയുന്നത്. നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എ ൻഎസ്ഒ) 2021 ലെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 60 വയസ്സിലേറെ പ്രായമുള്ളവരുടെ എണ്ണം ഏകദേശം 58 ലക്ഷണത്തിലേറെയാണ്. ഇങ്ങനെ വിലയിരുത്തുമ്പോൾ കേരളത്തിൽ നാലു ലക്ഷത്തിലേറെ ഡിമൻഷ്യ രോഗികളുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ലോകത്ത് 550 ലക്ഷത്തിലേറെ പേർക്കു ഡിമൻഷ്യ ഉണ്ടെന്നു ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പറയുന്നു.
ഡിമൻഷ്യയെക്കുറിച്ചും മറവി രോഗമുള്ളവരെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിദഗ്ധർ നൽകുന്ന നിർദേശങ്ങളറിയാം.
എന്താണ് ഡിമൻഷ്യ ?
ഡിമൻഷ്യ ഒരു പ്രത്യേക രോഗമല്ല. പലതരം രോഗലക്ഷണങ്ങൾ ഉൾപ്പെടുന്ന അവസ്ഥയാണ്. ചില രോഗങ്ങൾ മൂലം തലച്ചോറിലെ പ്രത്യേക ഭാഗങ്ങളിലെ ഞരമ്പുകൾക്കു ശോഷണമുണ്ടാകും. ഓർമശക്തി, ചിന്താശേഷി, ബൗദ്ധികശേഷി തുടങ്ങിയവയെയെല്ലാം ഈ അവസ്ഥ ദോഷകരമായി ബാധിക്കും. ഓർമയ്ക്കു മങ്ങലേൽക്കുക മാത്രമല്ല, പെരുമാറ്റത്തിലും മാറ്റങ്ങളുണ്ടാകാം. കാലങ്ങളായി ദിനവും നാം ചെയ്തിരുന്ന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അ വസ്ഥയുണ്ടാകും. ഇതോടെ ജീവിതത്തിന്റെ തന്നെ താളം നഷ്ടപ്പെട്ടു തുടങ്ങും.
60 കഴിഞ്ഞവരിലാണു കൂടുതലായും ഡിമൻഷ്യ കണ്ടുവരുന്നത്. അതേസമയം ഡിമൻഷ്യയുടെ ഭാഗമായുണ്ടാകുന്ന അൽസ്ൈഹമേഴ്സ് രോഗം 70 കഴിഞ്ഞവരിലാണു പൊതുവേ കാണപ്പെടുന്നത്. പ്രായമായവരിൽ മാത്രമാണു ഡിമൻഷ്യ എന്നു കരുതേണ്ട. 60 വയസ്സിനു താഴെയുള്ളവരിൽ പ്രിസെനൈൽ ഡിമൻഷ്യ എന്ന അവസ്ഥ കാണപ്പെടാറുണ്ട്.
എല്ലാ മറവിയുടെയും കാരണം ഡിമൻഷ്യയല്ല. അതേസമയം ഡിമൻഷ്യയുള്ള മിക്കവാറും എല്ലാവരിലും മറവി കാണും. തലച്ചോറിന്റെ പല ഭാഗങ്ങളിലെ നാഡീകോശങ്ങളുടെ ചുരുക്കത്തിനനുസരിച്ചു ഡിമൻഷ്യ പലതരമുണ്ട്.
അൽസ്ഹൈമേഴ്സ് ഡിമൻഷ്യ
ഡിമൻഷ്യയിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്ന വിഭാഗമാണ് ഇത്. 70 ശതമാനം ഡിമൻഷ്യ രോഗികളും ഈ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
പുതിയ ഓർമകൾ തലച്ചോറിൽ റജിസ്റ്റർ ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ് ഈ അവസ്ഥയുടെ തുടക്കത്തിലെ ലക്ഷണം. ഹിപ്പോകാമ്പസ് എന്ന പ്രത്യേക ഭാഗത്തെ ഓർമകളുടെ നാഡീകോശങ്ങൾക്കുണ്ടാകുന്ന അമിതമായ ശോഷണമാണ് കാരണം.
പഴയ കാര്യങ്ങളെല്ലാം ഓർമയുണ്ടാകും. എന്നാൽ ദിവസങ്ങൾക്കോ ആഴ്ചകൾക്കോ മുൻപുള്ള ഓർമകൾ നഷ്ടപ്പെടും. ഇതാണു തുടക്കത്തിലെ ലക്ഷണം. വ്യക്തികളുടെ പേരുകൾ മറന്നു പോകുക, സാധനങ്ങൾ വച്ച സ്ഥലം ഓ ർമയില്ലാതാകുക തുടങ്ങിയവയുമുണ്ടാകാം.
അടുത്ത ഘട്ടമെത്തുമ്പോഴേക്കും പരിചിതമായ വഴിക ൾ മാറിപ്പോകാം. ഇത്തരം ചില രോഗികളിൽ പിന്നീട് വിഭ്രാന്തി, ഇല്ലാത്തതു കാണുക (ഹാലൂസിനേഷൻ), വിഷാദം, വ്യക്തിശുചിത്വം പാലിക്കാൻ കഴിയാതെ വരുന്ന അവസ്ഥ, ഭക്ഷണത്തിൽ താൽപര്യം നഷ്ടപ്പെടുക, ക്രമേണ കിടപ്പിലാകുക എന്നിവയുമുണ്ടാകാം.
വാസ്കുലാർ ഡിമൻഷ്യ
തലച്ചോറിലെ ഓർമകൾ നിയന്ത്രിക്കുന്ന ഭാഗങ്ങളിലുണ്ടാകുന്ന സ്ട്രോക്ക് (മസ്തിഷ്കാഘാതം) മൂലമാണ് ഈ അവസ്ഥയുണ്ടാകുന്നത്. അൽസ്ഹൈമേഴ്സ് രോഗം പോലെ മെല്ലെയല്ല, പെട്ടെന്നാണു മറവി പിടിമുറുക്കുക.
ഈ രോഗം പലതവണ സ്ട്രോക്ക് പിടിപെടുന്നതിന്റെ ഭാഗമായി ഘട്ടംഘട്ടമായി മൂർച്ഛിക്കുകയും ചെയ്യും.
ഫ്രോണ്ടോ ടെംപറൽ ഡിമൻഷ്യ
നാഡീകോശങ്ങളുടെ ശോഷണം കൊണ്ടുണ്ടാകുന്ന അവസ്ഥയാണിത്. രോഗം വരുന്നതിനു മുൻപ് ഇത്തരക്കാരിൽ ചിലർക്കു കാര്യങ്ങൾ ആസൂത്രണം ചെയ്യാനുള്ള കഴിവ് കൂടുതലായി കണ്ടേക്കാം. എന്നാൽ രോഗം പിടിമുറുക്കുന്ന ഘട്ടത്തിൽ സമൂഹത്തിൽ നിന്നുള്ള ഉൾവലിയൽ, വിഷാദം എന്നിവ വളരെ പ്രകടമാകും. രോഗിയുടെ ചലനം സാവധാനമാകുകയും മല– മൂത്ര വിസർജനം സ്വയം നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു.
െചറിയ തോതിലെ മറവി
ചെറിയ തോതിലെ ഓർമക്കുറവ് (മൈൽഡ് കോഗ്‌നിറ്റീവ് ഇംപെയർമെന്റ്) പലരും അവഗണിക്കാറുണ്ട്. മറവിയുടെ തുടക്കമാണിത്. ദൈനംദിനജീവിതത്തിനോ സ്വയംപര്യാപ്തത നിലനിർത്തുന്നതിനോ ഈ അവസ്ഥ തടസ്സമാകില്ല. ചെറിയ തോതിലെ മറവിയുള്ളവരിൽ പത്തു ശതമാനം പേർ വർഷം തോറും അൽസ്ഹൈമേഴ്സ് രോഗത്തിന് അടിപ്പെടുന്നതായാണു കാണുന്നത്.
കായികവിനോദം, വാദ്യോപകരണങ്ങളുടെ ഉപയോഗം, പുസ്തക വായന, പുതിയ ഭാഷ പഠിക്കുക തുടങ്ങിയവ ചെറിയ തോതിലെ മറവി മൂർച്ഛിക്കുന്നതു തടയാൻ ഗുണകരമാണ്.
ഈ കാര്യങ്ങൾ ഡിമൻഷ്യയുണ്ടാക്കാം
പ്രായമേറുമ്പോൾ മറവി മാത്രമല്ല, എല്ലാത്തരം ഡിമൻഷ്യയും വരാനുള്ള സാധ്യത കൂടിവരും. പാരമ്പര്യം, അമിത മദ്യപാനം, പുകവലി, പ്രമേഹം, രക്താതിമർദം, രക്തത്തിൽ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് ഇവയെല്ലാം ഡിമൻഷ്യ സാധ്യത കൂട്ടും. പുരുഷന്മാരിലും ഏകാന്തജീവിതം നയിക്കുന്നവരിലും ഡിമൻഷ്യ കൂടുതലായി കണ്ടുവരാറുണ്ട്.
രോഗലക്ഷണങ്ങൾ
കൂടിക്കൂടി വരുന്ന മറവി തന്നെയാണു പ്രധാന രോഗലക്ഷണം. വീട്ടിലും മറ്റിടങ്ങളിലും സാധനങ്ങൾ മറന്നു വയ്ക്കുക, വച്ച സ്ഥലം ഓർക്കാൻ കഴിയാതെ വരിക, ആളുകളുടെ പേരുകൾ ഓർമിച്ചെടുക്കാനാകാത്ത അവസ്ഥ, സ്ഥലങ്ങൾ മാറിപ്പോകുക എന്നിവ ഡിമൻഷ്യ, പ്രത്യേകിച്ചും അൽസ്ഹൈമേഴ്സ് ഡിമൻഷ്യയുടെ തുടക്കത്തിലെ ല ക്ഷണങ്ങളാണ്.
രോഗം മൂർച്ഛിക്കുമ്പോൾ ഇല്ലാത്തതു കാണുക (ഹാലൂസിനേഷൻസ്), ഉറക്കം കുറയുക, ദേഷ്യം, പിടിവാശി എ ന്നീ ലക്ഷണങ്ങളുമുണ്ടാകാം.
രോഗത്തിന്റെ മൂർധന്യാവസ്ഥയിൽ ഭക്ഷണം വേണ്ടാതാകുക, വ്യക്തിശുചിത്വം പാലിക്കാൻ കഴിയാതിരിക്കുക, നടക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക എന്നിവയും കാണാം. പ്രായമായാൽ മറവിയുണ്ടാകുക സ്വാഭാവികമാണെന്നാണു നമ്മൾ കരുതാറ്. അതുകൊണ്ടു തന്നെ ഡിമൻഷ്യയുടെ ലക്ഷണങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകാം.
∙ ബുദ്ധിപരമായ കഴിവുകൾ കുറയുക, പെരുമാറ്റം, പ്രകൃതം തുടങ്ങിയ കാര്യങ്ങളിലെ പ്രകടമായ മാറ്റം ഇവ കണ്ടാൽ ഡിമൻഷ്യയുണ്ടോ എന്നു സംശയിക്കാം.
∙ പഴയതിൽ നിന്നു കാര്യമായ മാറ്റമുണ്ടായാൽ ശ്രദ്ധിച്ചോളൂ. ഇതാണു ഡിമൻഷ്യയിൽ പ്രകടമാകുക. ഈ മാറ്റങ്ങൾ തുടരുകയോ കൂടുതൽ പ്രകടമാകുകയോ ചെയ്യും.
∙ ഭക്ഷണം കഴിച്ച് കുറച്ചു മണിക്കൂർ കഴിയുമ്പോൾ ആ കാര്യം മറന്നു പോകും. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ നടന്ന കാര്യങ്ങൾ മറക്കുന്നതും ലക്ഷണമായി കരുതണം.
∙ചിലരുടെ സാമൂഹികമായ പെരുമാറ്റത്തിൽ പ്രകടമായ മാറ്റം കാണാം. പണ്ടില്ലാത്ത രീതിയിൽ കൂടുതൽ പേരുമായി സംസാരിക്കാൻ ഇവർ ശ്രമിച്ചേക്കും. അമിതമായി ചിന്തകളിൽ മുഴുകുന്നതും കാണാം. ചിലരാകട്ടെ, മറ്റുള്ളവരുമായുള്ള സമ്പർക്കവും ഇടപഴകലുകളും കഴിവതും ഒഴിവാക്കുകയോ സ്വയം ഒറ്റപ്പെടലിലേക്കു ചുരുങ്ങുകയോ ചെയ്യും. ഇത്തരം മാറ്റങ്ങളും ശ്രദ്ധിക്കണം.
∙ ഡിമൻഷ്യ പിടിമുറുക്കുമ്പോൾ ചിലരിലെ വൈകാരിക പ്രകടനങ്ങൾ സാധാരണയിൽ നിന്നു വ്യത്യസ്തമാകും. ദേഷ്യം, സങ്കടം ഇവ പ്രകടിപ്പിക്കുന്നതു സ്വതസിദ്ധമായ രീതിയിലാകില്ല. ഇത്തരം പെരുമാറ്റരീതികൾ പ്രിയപ്പെട്ടവരെ ആശയക്കുഴപ്പത്തിലാക്കാനിടയുണ്ട്. ഈ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചാൽ രോഗികൾ ദേഷ്യപ്പെടാനും രൂക്ഷമായി പ്രതികരിക്കാനും സാധ്യതയുണ്ട്. ഇത്തരം ഘട്ടത്തിൽ അനുതാപത്തോടെ പെരുമാറും.
രോഗനിർണയവും ചികിത്സയും
കൃത്യസമയത്തു രോഗം നിർണയിക്കേണ്ടതു വളരെ പ്രധാനമാണ്. രോഗലക്ഷണങ്ങൾ പ്രകടമായാൽ പ്രായാനുസൃതമായ മാറ്റം, ചെറിയ അളവിലുള്ള ബൗദ്ധികശേഷിക്കുറവ്, ഡിമൻഷ്യ ഈ മൂന്നു സാധ്യതകളിൽ ഏതാണ് എന്നതാണ് ആദ്യം വിലയിരുത്തേണ്ടത്.
പ്രായമേറുമ്പോൾ ബൗദ്ധികശേഷിയിൽ മാറ്റമുണ്ടാകുക സാധാരണമാണ്. 10– 15 ശതമാനം വയോജനങ്ങളിലും െചറിയ തോതിൽ ബൗദ്ധികശേഷിക്കുറവ് കാണാം. ഇ തിൽ ഒരു ശതമാനം പേർ ഒരു വർഷത്തിനുള്ളിൽ ഡിമൻഷ്യ ബാധിതരായേക്കാം.
രോഗലക്ഷണങ്ങൾ കണ്ടാൽ തുടക്കത്തിൽത്തന്നെ വിദഗ്ധചികിത്സ തേടാൻ ശ്രദ്ധിക്കണം. ഡിമൻഷ്യ ഏതു തരത്തിലുള്ളതാണെന്നതിനെ ആശ്രയിച്ചാണ് ചികിത്സ തീരുമാനിക്കുക. രക്തപരിശോധനകൾക്കു പുറമേ തലച്ചോറിന്റെ സ്കാൻ, പ്രത്യേകിച്ച് എംആർെഎ സ്കാൻ രോഗം നിർണയിക്കാൻ സഹായകമാകും.
അൽസ്ൈഹമേഴ്സ്, ഫ്രോണ്ടോ ടെംപറൽ ഡിമൻഷ്യ എന്നിവ ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടാണ്. തൈറോയ്ഡ് ഹോർമോണിന്റെ കുറവ്, വൈറ്റമിൻ ബി 12 ന്റെ അപര്യാപ്തത എന്നിവ മൂലമുള്ള ഡിമൻഷ്യയും വിഷാദരോഗത്തോടനുബന്ധിച്ചുണ്ടാകുന്ന ഡിമൻഷ്യയും ചികിത്സിച്ചു മാറ്റാനാകും.
അൽസ്ഹൈമേഴ്സ് പൂർണമായി സുഖപ്പെടുത്താവുന്ന മരുന്നുകൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ചില മരുന്നുകൾ രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. ചിലതരം മരുന്നുകൾ രോഗചികിത്സയ്ക്കു ഗുണകരമാണെന്നു പുതിയ പരീക്ഷണങ്ങൾ തെളിയിക്കുന്നുണ്ട്.
രക്തധമനികളിലെ തടസ്സം കൊണ്ടുണ്ടാകുന്ന വാസ്കുലാർ ഡിമൻഷ്യ അൽസ്ഹൈമേഴ്സ് രോഗത്തെ അ പേക്ഷിച്ചു ചികിത്സയോടു കൂടുതൽ നന്നായി പ്രതികരിക്കാറുണ്ട്.
കുടുംബാംഗങ്ങൾ ശ്രദ്ധിക്കേണ്ടവ
∙േരാഗി പെരുമാറുന്ന ചുറ്റുപാടുകൾ കഴിവതും മാറ്റാതിരിക്കുക. ടൂത്ത് ബ്രഷ്, പേസ്റ്റ് എന്നിവ വയ്ക്കുന്ന സ്ഥലം, വസ്ത്രങ്ങൾ വയ്ക്കുന്ന അലമാര തുടങ്ങിയവ അതതു സ്ഥലങ്ങളിൽ തന്നെ വയ്ക്കണം.
∙ രാത്രിയാകുമ്പോൾ ഇവരിൽ അസ്വസ്ഥതകൾ കൂടുന്നതായി കാണാം. ഉറക്കം മുറിയുക, ഇല്ലാത്തവ കാണുക എ ന്നിവ ഉണ്ടാകാം. രോഗിയോടു സഹാനുഭൂതിയോടെ പെരുമാറുകയും അവരോടു കയർക്കാതിരിക്കുകയും ചെയ്യുക. ഏറ്റവും അടുപ്പമുള്ളവരോടാകും േരാഗി കൂടുതൽ ദേഷ്യപ്പെടുക.
∙ വ്യക്തിശുചിത്വം പാലിക്കാൻ സഹായിക്കുകയും ഭക്ഷണം, മരുന്നുകൾ എന്നിവ കൃത്യമായി ലഭിക്കുന്നുവെന്ന് ഉ റപ്പു വരുത്തുകയും ചെയ്യുക.
∙ ഡിമൻഷ്യയുള്ളവരെ പരിചയമുള്ള അന്തരീക്ഷത്തിൽ (കഴിവതും സ്വന്തം വീടുകളിൽ) തന്നെ ജീവിക്കാനനുവദിക്കുക. ഇതു രോഗികളിലെ പിരിമുറുക്കം കുറയ്ക്കാൻ സ ഹായിക്കും.
∙ വ്യായാമം, ഉല്ലാസയാത്രകൾ, പൂന്തോട്ടകൃഷി, ഉദ്യാനപാലനം തുടങ്ങിയ ചെറിയ േജാലികൾ ചെയ്യൽ എന്നിവ രോഗികളുടെ മാനസികോല്ലാസത്തിനു സഹായകമാണ്.
ദിനചര്യ ലളിതവും എളുപ്പമുള്ളതുമാക്കാൻ ശ്രദ്ധിക്കണം.
∙ രോഗത്തിന്റെ വൈകിയ ഘട്ടങ്ങളിൽ ഇന്ദ്രിയങ്ങളെ ല ളിതമായ വഴികളിലൂടെ ഉത്തേജിപ്പിക്കാം ഇഷ്ടമുള്ളതരം സംഗീതം കേൾപ്പിക്കുന്നതും പാട്ടു പാടിക്കൊടുക്കുന്നതും ഗുണം ചെയ്യും. പുസ്തകമോ കവിതയോ ഉറക്കെ വായിച്ചു കൊടുക്കുന്നതു നല്ലതാണ്.
∙ സ്പർശനം – കയ്യിലെടുക്കാനോ ഉപയോഗിക്കാനോ ക ഴിയുന്ന മൃദുവായ വസ്തുക്കൾ നൽകുക. അവ തൊട്ടും തലോടിയും കുറച്ചു സമയം ചെലവഴിക്കട്ടെ.
∙ കാഴ്ച – വെട്ടിത്തിളങ്ങുന്ന നിറങ്ങൾ, വ്യക്തമായി വരച്ച ബന്ധുക്കളുടെ ചിത്രങ്ങൾ, പഴയ ഫോട്ടോകൾ ഇവയിലൂടെ കാഴ്ചയെ ഉത്തേജിപ്പിക്കാം.
∙ ഗന്ധം – പാചകം ചെയ്യാൻ േരാഗികളെ അനുവദിക്കാം. ഭക്ഷണത്തിന്റെയും മസാലകളുടെയും സുഗന്ധവസ്തുക്കളുടെയും പരിചിതഗന്ധങ്ങൾ ഓർമയുണർത്തും.
∙ ഡിമൻഷ്യ ഉള്ളവർക്കു പരുക്കേൽക്കാനും അപകടമുണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുവീട് പരമാവധി സുരക്ഷിതമാക്കാൻ ശ്രദ്ധിക്കണം. അപകടസാധ്യതയുള്ള സാഹചര്യങ്ങൾ തിരിച്ചറിയാനോ ഒഴിവാക്കാനോ രോഗിക്കു കഴിഞ്ഞെന്നു വരില്ല.
∙ രോഗിയുടെ കാഴ്ച, കേൾവി ഇവയ്ക്കൊന്നും പ്രശ്നമില്ലെന്ന് ഉറപ്പു വരുത്തുക. കണ്ണടകൾ യഥാസമയം മാറുകയും ശ്രവണയന്ത്രത്തിനു തകരാറില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം.
∙ വീട് വിട്ടു പുറത്തു പോയാൽ എങ്ങനെ മടങ്ങി വരണമെന്ന് അറിയാത്ത അവസ്ഥ വരാം. അത്തരം സാഹചര്യങ്ങളിൽ നിയന്ത്രണങ്ങളേർപ്പെടുത്താം. മുറ്റമോ പൂന്തോട്ടമോ ഉണ്ടെങ്കിൽ അവിടെ പോകാനനുവദിക്കുക. ആ ഭാഗത്തു ചുറ്റിത്തിരിയാൻ സൗകര്യമൊരുക്കുക.
∙ ദിനചര്യകൾക്കു ചിട്ട വേണം. എല്ലാത്തിനും കൃത്യമായതോ ഏകദേശമോ സമയവും സാഹചര്യവും മുൻകൂട്ടി തീരുമാനിക്കുക. ഡിമൻഷ്യയുള്ള വ്യക്തിക്കു ദിനചര്യ സുരക്ഷിതത്വബോധമേകുമെന്നതിനാൽ സാധാരണ രീതി തുടരാൻ അനുവദിക്കുക. ഡിമൻഷ്യ ബാധിക്കുന്നതിനു മുൻപുണ്ടായ ജീവിതരീതിയോടു സമാനമായ രീതിയിൽ ദിനചര്യകൾ ക്രമീകരിക്കുന്നതാണു നല്ലത്.
∙ എല്ലാ കാര്യങ്ങളും കഴിയുന്നത്ര ലളിതമാക്കാൻ ശ്രദ്ധിക്കണം. തിരഞ്ഞെടുക്കാനുള്ള സാധ്യതകൾ വളരെ കൂടുതൽ നൽകരുത്. എളുപ്പമുള്ള രീതികൾ പിന്തുരടാൻ സഹായിക്കാം.
∙ കഴിയാവുന്നത്ര കാലം സ്വയം കാര്യങ്ങൾ െചയ്യാൻ അവരെ പ്രോത്സാഹിപ്പിക്കണം. ഇത് ഡിമൻഷ്യ രോഗികളിൽ ആത്മാഭിമാനവും സ്വയംമതിപ്പും നിലനിർത്താൻ സഹായിക്കും. പരിചരിക്കുന്നവരുടെ സമ്മർദം കുറയുകയും ചെയ്യും. രോഗികൾക്കു സ്വന്തം കാര്യങ്ങൾ ചെയ്യാൻ തീരെ കഴിയാതെ വരുമ്പോൾ മാത്രം അവരെ സഹായിക്കാം.
∙ രോഗിയുടെ സാന്നിധ്യത്തിൽ അവരുടെ അവസ്ഥ ചർച്ച െചയ്യുന്നത് ഒഴിവാക്കുക. വാക്കുകളും പ്രവൃത്തിയും അവരെ മുറിവേൽപിക്കുന്നതാകാതെ ശ്രദ്ധിക്കണം. സന്ദർശകരായെത്തുന്നവരും രോഗികളുടെ മനസ്സിന് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ പെരുമാറരുത്.
∙ ഡിമൻഷ്യ രോഗികളുടെ ആരോഗ്യം ഉറപ്പാക്കാൻ വേണ്ട ശ്രദ്ധ നൽകണം. സമീകൃതാഹാരം ഉറപ്പാക്കണം. വിദഗ്ധ നിർദേശ പ്രകാരം വ്യായാമങ്ങൾ ചെയ്യാം.
പരിചരണം കഠിനമാകുമ്പോൾ
∙ഡിമൻഷ്യ ബാധിച്ചവരെ പരിചരിക്കുന്ന ചുമതല കൂടുതലും സ്ത്രീകളാണ് ഏറ്റെടുക്കേണ്ടി വരിക. ഇത്തരം സ്ത്രീകൾക്കു ചെറിയ പ്രായത്തിലുള്ള മക്കൾ കൂടിയുണ്ടെങ്കിൽ ഈ പരിചരണം അധികഭാരമായി മാറും. കുട്ടികളെയും രോഗബാധിതരായ മാതാപിതാക്കളെയും പരിചരിക്കേണ്ടി വരുമ്പോൾ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുണ്ടാകുക സ്വാഭാവികമാണ്.
മാനസിക സമ്മർദമേറുന്നതായി തോന്നുമ്പോൾ മറ്റുള്ളവരുടെ സഹായം തേടണം. മടി കൂടാതെ ഈ കാര്യം അംഗീകരിക്കാനും തുറന്നു പറയാനും സഹായം തേടാനും സ്വീകരിക്കാനും തയാറാകണം.
∙ ദേഷ്യക്കൂടുതൽ, ഉറക്കക്കുറവ്, അമിതമായ ക്ഷീണം, ഒന്നിലും താൽപര്യമില്ലായ്മ, വിഷാദം തുടങ്ങിയ ലക്ഷണം മാനസികസമ്മർദത്തിന്റെ പ്രതിഫലനങ്ങളാണ്.
പരിചരണത്തിന്റെ ഭാരം താങ്ങാനാകുന്നതിലുമേറെയാകുന്നു എന്ന സൂചനയാണിത്. ഇത്തരം സാഹചര്യങ്ങളിൽ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ സഹായം തേടണം. ഡിമൻഷ്യ പരിചരണത്തിലേർപ്പെട്ടിരിക്കുന്നവരെ സഹായിക്കുന്ന സംഘടനകളുമുണ്ട്.
∙ സ്വന്തം ആരോഗ്യവും വ്യക്തിജീവിതവും പ്രധാനമാണ്. പരിചരണത്തിൽ മുഴുകി ഇവ അവഗണിക്കരുത്. സ്വന്തം കാര്യത്തിനു വേണ്ടി അൽപസമയം നീക്കി വയ്ക്കാം.
∙ സേവനസംവിധാനങ്ങൾ അറിവും പിന്തുണയും തേടാൻ സഹായിക്കും.
വയോമിത്രം, ഓർമത്തോണി, മറ്റ് ആരോഗ്യസേവന സംവിധാനങ്ങൾ ഇവയുമായി ബന്ധപ്പെട്ടു സഹായം, പരിചരണത്തിനാവശ്യമായ അറിവ് തുടങ്ങിയ കാര്യങ്ങൾ തേടാൻ മടിക്കരുത്.
ചെറുപ്പക്കാരിലെ മറവി
മറവി പ്രശ്നമുണ്ടെന്നു പരാതിപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുതലാണ്. അമിതമായ മറവി അലട്ടുന്നുണ്ടെങ്കിൽ തൈറോയ്ഡ് ഹോർ മോൺ, വൈറ്റമിൻ ബി 12 ഇവയുടെ കുറവ്, ക രൾ – വൃക്ക സംബന്ധമായ രോഗങ്ങൾ, മസ്തിഷ്കാഘാതം, മസ്തിഷ്കത്തിലെ ട്യൂമറുകൾ എന്നിവയില്ലെന്നു പരിശോധനകളിലൂടെ ഉറപ്പു വരുത്തേണ്ടതുണ്ട്.
ഭൂരിഭാഗം ചെറുപ്പക്കാരിലും ഉത്കണ്ഠ, വിഷാദം എന്നിവയുടെ ഭാഗമായാണു മറവിയുണ്ടാകുന്നത്. തിരക്കിട്ട ജീവിതത്തിൽ പലതും കയ്യെത്തിപ്പിടിക്കാനുള്ള നെട്ടോട്ടം, അതിൽ വിജയിക്കുമോ എന്ന ആശങ്ക, േജാലി സംബന്ധമായ പ്രതിസന്ധികൾ തുടങ്ങിയവ പലപ്പോഴും െചറുപ്പക്കാരിലെ മറവിക്കു കാരണമാകുന്നുണ്ട്. ഇവ ഒരിക്കലും മറവിരോഗത്തിലേക്കു നയിക്കില്ല.
മറവി – പ്രതിരോധം
∙ പയർവർഗങ്ങൾ, കശുവണ്ടിപ്പരിപ്പ്, മത്സ്യം, ബീൻസ്, ബ്ലൂബെറി, ഇലക്കറികൾ, തക്കാളി, ധാന്യങ്ങൾ, ചുവന്ന കാബേജ് എന്നിവ മറവിയെ പ്രതിരോധിക്കാൻ സഹായിക്കും.
∙ കൃത്യമായ വ്യായാമം പരിശീലിക്കണം. ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും അരമണിക്കൂർ വീതം നടക്കാൻ സമയം കണ്ടെത്തുന്നതു നല്ലതാണ്.
∙ വിവിധ കൂട്ടായ്മകളിലെ പങ്കാളിത്തം (സാമൂഹിക സംഘടനകൾ, കുടുംബയോഗങ്ങൾ എ ന്നിവ) ഓർമക്കുറവ് ചെറുക്കും.
∙ സുഡോക്കു (പദപ്രശ്നം), ചെസ് എന്നീ കളികൾ, മറ്റു മെമ്മറി ഗെയിമുകൾ എന്നിവ ഓർമശക്തി നിലനിർത്തുന്നതിനു ഗുണകരമാണ്.
വിഷാദവും മറവിയും
പ്രായമായവരിൽ കടുത്ത വിഷാദരോഗമുണ്ടാകുമ്പോൾ ഡിമൻഷ്യയോടു സാദൃശ്യമുള്ള ചി ല ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. ഡിപ്രസ്സീവ് സ്യൂഡോ ഡിമൻഷ്യ എന്നാണ് ഈ അവസ്ഥയെ വിളിക്കുക.
ശരിയായ ഡിമൻഷ്യയിൽ നിന്ന് ഈ അവസ്ഥ വേർതിരിച്ചറിയാൻ ബുദ്ധിമുട്ട് നേരിടാറുണ്ട്. നിരാശയും വിഷാദവുമുള്ള ഇവർ ഓർമക്കുറവിനെപ്പറ്റി എപ്പോഴും പരാതിപ്പെടും.
വിശദമായ പരിശോധനയിൽ ഇവരുടെ ഓർമശക്തിയിൽ ഒരു തകരാറുമില്ലെന്നു കണ്ടെത്തുകയും ചെയ്യും. മാനസികപ്രവർത്തനങ്ങൾക്കു താൽകാലികമായുണ്ടാകുന്ന മാന്ദ്യവും ഓർമശക്തി കുറഞ്ഞു വരുന്നു എന്ന തെറ്റിധാരണയുമാണ് പ്രശ്നം. വിഷാദരോഗത്തിനുള്ള ചികിത്സ നൽകുമ്പോൾ ഈ അവസ്ഥ ഭേദമാകും.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. വി.ജി. പ്രദീപ് കുമാർ, സീനിയർ കൺസൽറ്റന്റ്, ന്യൂറോളജിസ്റ്റ്, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്. ഡോ. കെ.എസ്. ഷാജി, ഡീൻ, ഗവേഷണ വിഭാഗം, കേരള ആരോഗ്യശാസ്ത്ര സർവകലാശാല
