ADVERTISEMENT

മകളുടെ ഭാവിയെക്കുറിച്ചുള്ള ആകുലതയുമാണ് ആ അമ്മ ഡോക്ടറുടെ അടുത്ത് എത്തിയത്. ‘മകൾക്ക് 20 വയസ്സുണ്ട്. നാലു വർഷമായി പിസിഒഡി ഉള്ളതിനാൽ മൂന്നു മാസം കൂടുമ്പോൾ മരുന്നു കഴിച്ചാണ് ആർത്തവം വരുത്തുന്നത്. ഭാവിയിൽ ഗർഭിണി ആകുന്നതിനും മറ്റും ഇതു പ്രശ്നങ്ങളുണ്ടാക്കുമോ ?’

‘ചെറുപ്പക്കാരെയാണ് പിസിഒഡി അധികമായി ബാധിക്കുക. 70% പിസിഒഡി രോഗികളിലും ഏതെങ്കിലും തരത്തിൽ ചികിത്സ  എടുക്കേണ്ടതായി വരാറുണ്ട്. ആർത്തവം വരാത്തവർക്കു മൂന്നു മാസം കൂടുമ്പോൾ ഹോർമോൺ ഗുളികകൾ നൽകി ആർത്തവം വരുത്തേണ്ടത് ആവശ്യവുമാണ്.’ ആ അമ്മയുടെ ടെൻഷൻ അലിയിച്ചുകൊണ്ട് ഡോക്ടർ വിശദീകരിച്ചു.

ADVERTISEMENT

‘പിസിഒഡി ഉള്ളവരിൽ ഹോർമോൺ വ്യതിയാനങ്ങൾ പ്രത്യേകിച്ച് പുരുഷ ഹോർമോണുകളുടെ അളവു കൂടുകയും ഇൻസുലിൻ റസിസ്റ്റൻസ് എന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യാം. അപ്പോൾ അണ്ഡോൽപാദനം ക്രമം തെറ്റുകയും ചിലപ്പോൾ അണ്ഡോൽപാദനം തന്നെ നടക്കാതിരിക്കുകയും ചെയ്യും. ഈ അവസ്ഥ വന്ധ്യതയിലേക്കു നയിക്കുന്ന ഒരു പ്രധാന കാരണമാണ്. എന്നാൽ ചികിത്സിച്ചാൽ ഏറ്റവും മികച്ചതായി പരിഹരിക്കാവുന്നതുമാണ്.
പിസിഒഡി ഉള്ളവരിൽ പുരുഷ ഹോർമോണിന്റെ അളവ് കൂടുതലായതിനാൽ അണ്ഡോൽപാദനം നടന്നാൽ പോലും അണ്ഡത്തിന്റെ ഗുണമേന്മ കുറയാം. മാത്രമല്ല ഇംപ്ലാന്റേഷനേയും (ഭ്രൂണം ഗർഭപാത്രത്തിൽ പറ്റിപ്പിടിച്ച് ഗർഭം നടക്കുന്ന ഘട്ടം) ചിലപ്പോൾ പ്രതികൂലമായി ബാധിക്കാം. ഗർഭം അലസാനുള്ള സാധ്യതയുമുണ്ട്. ഗർഭാവസ്ഥയിൽ പ്രമേഹം വരാനും ഇടയാക്കാം.
കൃത്യമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, ജീവിതശൈലിയിലെ മാറ്റങ്ങൾ, വേണ്ടിവന്നാൽ മരുന്നുകൾ എന്നിവയിലൂടെ പിസിഒഡി നിയന്ത്രണവിധേയമാക്കാം. ഓവുലേഷൻ നടക്കാത്തവരിൽ മരുന്നുകൾ നൽകി അണ്ഡോൽപാദനം നടത്തി ഗർഭധാരണം സാധ്യമാക്കാനാകും. ഇതിൽ ഫലം കാണാത്തവരിൽ IUI, IVF തുടങ്ങിയ മാർഗങ്ങൾ ചിലപ്പോൾ വേണ്ടി വന്നേക്കാം.’

shewellness

വിവരങ്ങൾക്കു കടപ്പാട് : ഡോ. റിങ്കു ജി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഗവ.മെഡിക്കൽ കോളജ്, കൊല്ലം

ADVERTISEMENT

ഗൈനക്കോളജി സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടിയുമായി ഷീ വെൽനസ് പംക്തി. വായിക്കാം വനിതയിൽ.

Fertility Concerns with PCOD: What You Need to Know:

PCOD (Polycystic Ovary Disease) is a common condition affecting young women, characterized by hormonal imbalances and irregular ovulation that can impact fertility. Fortunately, PCOD is treatable through lifestyle changes, medication, and advanced reproductive technologies when necessary.

ADVERTISEMENT
ADVERTISEMENT