‘ഗർഭാശയത്തിലെ എല്ലാ സിസ്റ്റുകളും തനിയെ ചുരുങ്ങി പോകുന്നവയല്ല’; കീ ഹോൾ സർജറി പേടിക്കേണ്ട! Understanding Dermoid Cysts and Keyhole Surgery
Mail This Article
എനിക്ക് ഓവറിയിൽ ഡെർമോയിഡ് സിസ്റ്റ് ഉണ്ട്. കീ ഹോൾ സർജറിയിലൂടെ നീക്കം ചെയ്യാമെന്നാണ് ഡോക്ടർ നിർദേശിച്ചത്. കീ ഹോൾ സർജറി ചെയ്താൽ പിന്നീടു വായുസംബന്ധമായ പ്രശ്നങ്ങൾ അലട്ടും എന്നു പറയുന്നതു ശരിയാണോ ?
-ശ്രീചിത്ര, കൊട്ടാരക്കര
ഡെർമോയിഡ് സിസ്റ്റ് തനിയെ ചുരുങ്ങിപ്പോകുന്ന തരം സിസ്റ്റ് അല്ല. സർജറിയിലൂടെ നീക്കം ചെയ്യാനേ കഴിയൂ. കീ ഹോൾ സർജറി അഥവാ ലാപ്രോസ്കോപിക് സർജറിയാണ് ഇതിന് ഏറ്റവും യോജിച്ചത്.
രോഗിക്കു ഏറെ ഗുണങ്ങളുള്ള ചികിത്സാമാർഗമാണിത്. വലിയ മുറിവ് ഉണ്ടാക്കുന്നില്ല. അതുകൊണ്ടു തന്നെ വേദനയും ബ്ലീഡിങ്ങും കുറവാണ്. സർജറിയുടെ അടുത്ത ദിവസം തന്നെ ഡിസ്ചാർജ് ചെയ്യും. രണ്ടാഴ്ചത്തെ വിശ്രമത്തിനുശേഷം ജോലിയിൽ പ്രവേശിക്കാനും പതിവു ജീവിതചര്യകളിലേക്കും മടങ്ങിപ്പോകാനും സാധിക്കും.
കീ ഹോൾ സർജറിയിൽ ഒരു ചെറിയ സുഷിരത്തിലൂടെ കാർബൺഡൈഓക്സൈഡ് (CO2) കടത്തി വയറു വീർപ്പിച്ചു വച്ചശേഷം സമാനമായ ദ്വാരങ്ങളിലൂടെ ലാപ്രോസ്കോപി സ്പെഷൽ ഇൻസ്ട്രമന്റ് കടത്തി സിസ്റ്റ് നീക്കം ചെയ്യും. സർജറിയുടെ അവസാനം ഈ CO2 ദ്വാരങ്ങളിലൂടെ തന്നെ പുറത്തേക്കു കളയും. എന്നിരുന്നാലും അൽപം CO2 വയറ്റിൽ കെട്ടിക്കിടക്കാനും നേരിയ അസ്വസ്ഥതകൾ മൂന്നു – നാലു ദിവസം നിലനിൽക്കാനും സാധ്യതയുണ്ട്. തോൾ വേദന, വയർ കമ്പിച്ചിരിക്കുന്നതായി അനുഭവപ്പെടുക, വായു ഉരുണ്ടു കയറുന്നപോലുള്ള വേദന എന്നിവ വരാം. ദിവസങ്ങൾക്കുള്ളിൽ CO2 സ്വാഭാവികമായി തന്നെ ആഗിരണം ചെയ്തു പ്രയാസങ്ങൾ മാറും.
അസ്വസ്ഥതകൾ കുറയ്ക്കുന്നതിനും വഴികളുണ്ട്. കീ ഹോള്‍ സർജറിക്ക് ശേഷം വലിയ വിശ്രമം ആവശ്യമില്ല. പിറ്റേന്നു മുതൽ ക്ഷീണം വരാത്ത രീതിയിൽ മെല്ലെ നടക്കാം. ഗ്യാസ് ട്രബിൾ ഉണ്ടാക്കുന്ന പയറുവർഗങ്ങൾ, കാബേജ്, ബ്രോക്ക്‌ലി തുടങ്ങിവ ഒഴിവാക്കുക. കാർബണേറ്റഡ് പാനീയങ്ങൾ കുടിക്കരുത്. ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കാം. വയറിൽ ചൂടു പിടിക്കാം.
എന്റെ മകൾക്ക് 12ാം വയസ്സിൽ ആർത്തവം തുടങ്ങി. പക്ഷേ, എല്ലാ മാസവും കൃത്യമായി ആർത്തവം വരുന്നില്ല. ഇതു സ്വാഭാവികമാണോ ?
-ദീപ്തി, ആലുവ
പെൺകുട്ടികളിൽ എട്ടു – 13 വയസ്സു വരെയുള്ള കാലത്താണ് ബാല്യത്തിൽ നിന്നു കൗമാരത്തിലേക്കുള്ള ശാരീരികവും മാനസികവുമായുള്ള പരിണാമങ്ങള്‍ സംഭവിക്കുക. ഇതാണ് പ്യുബേർട്ടി പിരിയഡ്. ഈ മാറ്റങ്ങൾ സങ്കീർണമായ പ്രക്രിയയിലൂടെയാണു നടക്കുന്നത്. തലച്ചോറിലുള്ള ഹൈപോതലാമസ്, പിറ്റ്യൂറ്ററി ഗ്രന്ഥികളും അവ ഉൽപാദിപ്പിക്കുന്ന GnRH, FSH, LH ഹോർമോണുകളും അണ്ഡാശയങ്ങൾ ഉൽപാദിപ്പിക്കുന്ന ഈസ്ട്രജൻ ഹോർമോണുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയുടെയെല്ലാം പ്രവർത്തനഫലമായി ഗർഭപാത്രത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ ഫലമാണ് മാസമുറ (menstruation).
ആദ്യമായി മാസമുറ ഉണ്ടാകുന്നതിനെ menarche എ ന്നാണ് പറയുന്നത്. 10–12 വയസ്സിലാണ് ഇപ്പോൾ മിക്ക പെൺകുട്ടികളിലും ആർത്തവം തുടങ്ങുന്നത്. ഗർഭപാത്രം ഗർഭധാരണത്തിനു സജ്ജമായി എന്നു മാത്രമാണ് Menarche സൂചിപ്പിക്കുന്നത്. നേരത്തേ പറഞ്ഞ Hypothalamo – Pituitary, Ovarian Axis (HPO Axis) ഇപ്പോഴും പൂർണമായും പ്രവർത്തനക്ഷമമായിട്ടില്ല. ഇതിന് ആറു മാസം മുതൽ രണ്ടു വർഷം വരെ സമയമെടുത്തേക്കാം. അതിനു ശേഷമേ മാസമുറ കൃത്യമായി വരൂ, അണ്ഡോൽപാദനവും (Ovulation) കൃത്യമാകൂ. അതിനാൽ ആദ്യ മാസമുറയ്ക്കു ശേഷം രണ്ടു വർഷം വരെ ആർത്തവം ക്രമം തെറ്റി വരുന്നതു കൊണ്ട് ഉൽക്കണ്ഠപ്പെടേണ്ട കാര്യമില്ല.
PCOD, തൈറോയ്ഡ് പ്രശ്നങ്ങൾ, ശരീരഭാരം വളരെയധികം കുറയുക, അമിത കായികാഭ്യാസം, സ്ട്രെസ് തുടങ്ങിയ കാരണങ്ങളാലും ആർത്തവ വ്യതിയാനം വരാം. ഇതൊന്നുമില്ലെങ്കിൽ, 90 ശതമാനത്തിലധികം പേരിലും ഇങ്ങനെ ക്രമം തെറ്റി വരുന്ന ആർത്തവം സാധാരണമാണ്.