നാൽപതുകളിലെ ശരീരവേദനകൾക്കും മൂഡ് സ്വിങ്സിനും പിന്നിൽ പെരിമെനോപോസ് ആണോ... അറിയാം ലക്ഷണങ്ങളും പരിഹാരവും
Mail This Article
ആർത്തവവിരാമം ഉണ്ടാകുന്നതിനു വർഷങ്ങൾക്കു മുൻപേ വിരാമത്തിന്റേതായ ചില ലക്ഷണങ്ങൾ കാണാറുണ്ട്. ഈ അവസ്ഥയെയാണ് പെരിമെനോപോസ് എന്നു പറയുന്നത്.
ആർത്തവവിരാമം സംഭവിക്കുന്നതിന് ഏകദേശം ഒരു വർഷം മുൻപാണ് പെരിമെനോപോസ് സ്റ്റേജ് ആരംഭിക്കുക എന്നായിരുന്നു ധാരണ. എന്നാൽ, ഇപ്പോഴതു മാറി. മുപ്പതുകളുടെ അവസാനത്തോടെ തന്നെ പല സ്ത്രീകളിലും പെരിമെനോപോസ് ലക്ഷണങ്ങൾ കാണാറുണ്ട്. ചിലർക്ക് അൻപതുകളിലാകാം ഈ കാലഘട്ടം. പെരിമെനോപോസിൽ എന്തെല്ലാം ലക്ഷണങ്ങൾ വരാം, എത്രനാൾ നീണ്ടുനിൽക്കാം എന്നിങ്ങനെയുള്ളവ ഓരോരുത്തരിലും വ്യത്യസ്തമാണ്.
പാരമ്പര്യം ഇതിൽ പ്രധാന ഘടകമാണ്. അമ്മ, സഹോദരിമാർ, അമ്മയുടെ അമ്മ എന്നിവർക്ക് എപ്പോഴാണോ ആർത്തവവിരാമവും അതിനു മുന്നോടിയായുള്ള ലക്ഷണങ്ങളും വന്നുതുടങ്ങിയത്, ഏറെക്കുറെ ആ പ്രായത്തിലാകും നിങ്ങൾക്കും മെനോപോസ് ഘട്ടങ്ങൾ. എല്ലാവർക്കും അങ്ങനെയാകണമെന്നുമില്ല.
ലക്ഷണങ്ങളെ നാലായി തിരിക്കാം
യൂറോ ജനൈറ്റൽ പ്രശ്നങ്ങൾ: യോനീമുഖം ചുരുങ്ങുക, യോനിയിൽ വരൾച്ചയും അസ്വസ്ഥതയും, മൂത്രമൊഴിക്കുമ്പോൾ വേദന, പുകച്ചിൽ, വജൈനൽ ഡിസ്ചാർജ്, ഇതു മൂലമുള്ള ഫംഗസ് ബാധ, ലൈംഗിക താൽപര്യക്കുറവ്, ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന.
ശാരീരിക ബുദ്ധിമുട്ടുകൾ : ഉറക്കത്തിൽ വിയർക്കുക, പെട്ടെന്നു ചൂടും പുകച്ചിലും വിയർപ്പും അനുഭവപ്പെടുക (ഹോട്ട് ഫ്ലഷ്), പലവിധ ശരീരവേദനകൾ.
പ്രൊജസ്ട്രോണിന്റെ അളവു കൂടുന്നതിനാൽ വയറ്റിൽ അസ്വസ്ഥത, ബ്ലോട്ടിങ് തുടങ്ങിയവ വരാം. വാട്ടർ റിറ്റെൻഷൻ മൂലവും മെറ്റബോളിക് റേറ്റ് കുറയുന്നതിനാലും വണ്ണം വയ്ക്കാം. ഈസ്ട്രജൻ ഹോർമോൺ കുറയുന്നതിനാൽ സാന്ദ്രത നഷ്ടപ്പെട്ട് എല്ലുകൾ ദുർബലമാകുന്ന ഓസ്റ്റിയോപൊറോസിസ് വരാം. 30 വയസ്സിനുശേഷം കാൽസ്യം കുറയുന്നതും കാരണമാണ്. കാർഡിയോ വാസ്കുലർ രോഗങ്ങളുടെ റിസ്കും കൂടുന്നു.
മാനസിക ഇടർച്ചകൾ : ഹോർമോൺ വ്യതിയാനമാണു മാനസിക പ്രശ്നങ്ങളിലേക്കു നയിക്കുന്നത്. മൂഡ് സ്വിങ്സ്, ഉറക്കക്കുറവ്, ഉറക്കത്തിനിടയിൽ എഴുന്നേറ്റു കഴിഞ്ഞാൽ പിന്നീട് ഉറങ്ങാനാകാതെ വരിക, ആശങ്ക, ഉത്കണ്ഠ, വിഷാദം സങ്കീർണമായ അവസ്ഥയിൽ ആത്മഹത്യാ പ്രവണത വരെ ചിലർക്ക് ഉണ്ടാകാം.
ആർത്തവ സംബന്ധമായവ : മുൻപു മാസത്തിൽ ഒന്ന് എന്നായിരുന്നു ആർത്തവത്തിന്റെ കണക്ക്. ഇപ്പോൾ മൂന്നാഴ്ചയിൽ ഒന്ന് എന്ന രീതിയിലേക്കു മാറിയിട്ടുണ്ട്. പെരിമെനോപോസിൽ ആർത്തവക്രമക്കേടുകൾ വരാം. ആർത്തവത്തിന്റെ ഇടവേള ചിലർക്കു കൂടാം, ചിലർക്കു കുറയാം. രക്തസ്രാവത്തിന്റെ അളവിലും ഏറ്റക്കുറച്ചിൽ വരാം. ഏറെ നാൾ ആർത്തവം വരാതിരുന്നശേഷം അമിത രക്തസ്രാവം വരുന്ന രീതിയും കാണാറുണ്ട്.
ചികിത്സ വേണോ ?
പെരിമെനോപോസിനു പ്രത്യേകിച്ചു ചികിത്സയില്ല. കാരണം ഇതു തികച്ചും സ്വാഭാവികമായ മാറ്റമാണ്. ‘ഏജിങ് ഗ്രേസ്ഫുള്ളി’ എന്ന ചിന്തയോടെ മാറ്റത്തെ ഉൾക്കൊണ്ടു മുന്നോട്ടു പോകുക.
വൈകാരികമായ പിന്തുണയാണു സ്ത്രീക്ക് ഈ ഘട്ടത്തിൽ ആവശ്യം. കുടുംബത്തിൽ നിന്നും ജോലിസ്ഥലത്തു നിന്നും സ്ത്രീയുടെ മാനസിക ശാരീരിക മാറ്റങ്ങൾ മ നസ്സിലാക്കിയുള്ള പെരുമാറ്റം തന്നെ വലിയ കരുതലാണ്.
ജീവിതചര്യയും ഭക്ഷണക്രമവും
ലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാൻ ഭക്ഷണത്തിലും ജീവിതചര്യയിലും ചില മാറ്റങ്ങൾ വരുത്താം.
∙ കാർബോഹൈഡ്രേറ്റിന്റെ അളവു കുറയ്ക്കുക. കുറച്ചു ചോറും ഏറെ കറികളും എന്ന രീതിയിലേക്കു മാറാം. ഓരോ നേരത്തെ ഭക്ഷണത്തിലും പ്രോട്ടീൻ ഉൾപ്പെടുത്തുക. മുട്ട, കൊഴുപ്പില്ലാത്ത ഇറച്ചി, ചെറുമീനുകൾ, നട്സ്, പനീർ, കട്ടത്തൈര്, പയറുവർഗങ്ങൾ എന്നിവയിൽ പ്രോട്ടീനുണ്ട്. പച്ച, ചുവപ്പ് നിറത്തിലുള്ള പച്ചക്കറികൾ കഴിക്കുക. പഞ്ചസാരയും മൈദയും ഒഴിവാക്കിയാൽ നല്ലത്.
∙ മൂന്നു നേരമായി ഭക്ഷണം കഴിക്കാതെ ചെറിയ ഇടവേളയിൽ ചെറിയ അളവിൽ കഴിക്കാം. അത്താഴം ഏഴു മണിക്കപ്പുറം പോകരുത്.
∙ വ്യായാമം ശീലമാക്കുക. ദിവസവും 30 മിനിറ്റ് അല്ലെങ്കിൽ ആഴ്ചയിൽ മൂന്നു മണിക്കൂർ വ്യായാമത്തിനായി മാറ്റി വയ്ക്കാം. നടത്തം നല്ലതാണ്. മുട്ടുവേദന അലട്ടുന്നുവെങ്കിൽ കിടന്നുകൊണ്ടുള്ള വ്യായാമം ചെയ്യുക. റഷ്യൻ ട്വിസ്റ്റ്, ക്രഞ്ചസ്, പിലാറ്റിസ് എന്നിവ പരീക്ഷിക്കാം.
∙ സമപ്രായക്കാരായ, സമാന പ്രശ്നങ്ങളുള്ളവരുമായി ചേർന്നു യോഗ, സുംബ എന്നിവ ചെയ്യാം. പരസ്പരം ബുദ്ധിമുട്ടുകൾ തുറന്നു സംസാരിക്കാനും ശ്രമിക്കുക.
∙ അമിതമായി ഭാരമുയർത്തിയുള്ള വ്യായാമം ഈ പ്രായത്തിൽ അധികം വേണ്ട. ആർത്തവവിരാമത്തിനു ശേഷം സ്ക്വാട്ടിങ് പോലുള്ളവയും കുറയ്ക്കാം.
∙ ഇഷ്ടമുള്ള കാര്യങ്ങൾക്കായും സുഹൃത്തുക്കളുമായി പുറത്തുപോകാനും മീ ടൈം കണ്ടെത്താം. പങ്കാളിക്കൊപ്പം കപ്പിൾ ആക്ടിവിറ്റികളിലൂടെ ജീവിതം ആഘോഷമാക്കാം.
∙ മൾട്ടി വൈറ്റമിൻ, കാൽസ്യം, ഐസോഫ്ലേവോൻസ്, ഫൈറ്റോ ഈസ്ട്രജൻ എന്നിവയുടെ സപ്ലിമെന്റസ് ഡോക്ടുടെ നിർദേശത്തോടെ കഴിക്കാം.
വിവരങ്ങൾക്കു കടപ്പാട് : ഡോ. വിന്നി വിജയൻ, സീനിയര്‍ കൺസൽറ്റന്റ് ഒബ്സ്ടട്രിക്സ് & ഗൈനക്കോളജി വിഭാഗം, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റൽ, കോഴിക്കോട്
