ADVERTISEMENT

1865-ൽ മഹാരാഷ്ട്രയിൽ ജനിച്ച ആനന്ദിബായ് ജോഷിയുടെ ജീവിതം ഒരു പോരാട്ടത്തിന്റെ കഥയാണ്. പത്താം വയസ്സിൽ വിവാഹിതയായ ആനന്ദിയുടെ ജീവിതം മാറിമറിയുന്നതു തന്റെ പത്തു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വിയോഗത്തിലൂടെയാണ്.

ശരിയായ ചികിത്സ  ലഭിക്കാതെ കുഞ്ഞു മരിച്ചപ്പോൾ, ആ വേദനയിൽ തളരാതെ ‘മറ്റൊരു അമ്മയ്ക്കും ഈ ഗതി വരരുത്’ എന്ന ഉറച്ച തീരുമാനത്തിൽ അവർ  വൈദ്യശാസ്ത്രം പഠിക്കാൻ തീരുമാനിച്ചു.

ADVERTISEMENT

കടൽ കടന്നുള്ള യാത്രകൾ പാപമായി കരുതിയിരുന്ന കാലത്തു കടുത്ത സാമൂഹിക എതിർപ്പുകൾ അവർക്കു നേരിടേണ്ടി വന്നു. എന്നാൽ, ‘എന്റെ രാജ്യത്തെ സഹോദരിമാർക്കു ചികിത്സ  നൽകാൻ ഒരു വനിതാ ഡോക്ടറെ ആവശ്യമാണ്, അതിനായി ഞാൻ സ്വയം സമർപ്പിക്കുന്നു’ എന്ന ആനന്ദിയുടെ മറുപടി വിമർശകരുടെ വായടപ്പിച്ചു. 1883-ൽ അമേരിക്കയിലേക്കു പുറപ്പെട്ട അവൾ, 1886-ൽ പെൻസിൽവാനിയ വുമൺസ് മെഡിക്കൽ കോളജിൽ നിന്ന് എം.ഡി ബിരുദം നേടി.

പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളെയും അമേരിക്കൻ മെഡിക്കൽ സാഹിത്യത്തെയും ആധാരമാക്കി 'Obstetrics among Aryan Hindus' എന്ന വിഷയത്തിലായിരുന്നു ആനന്ദിബായ് തന്റെ തീസിസ് സമർപ്പിച്ചത്.

ADVERTISEMENT

ആ ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ പ്രശസ്ത സാമൂഹിക പരിഷ്കർത്താവ് പണ്ഡിത രമാബായിയും അവിടെ എത്തിയിരുന്നു. ആനന്ദിയുടെ ഈ അപൂർവ്വ നേട്ടത്തെ അന്നത്തെ വിക്ടോറിയ രാജ്ഞി പോലും നേരിട്ട് അഭിനന്ദിച്ചു.

വൈദ്യശാസ്ത്ര മേഖലയിലെ ആനന്ദിയുടെ സംഭാവനകൾ കണക്കിലെടുത്ത് Institute of Research and Documentation in Social Sciences (IRDS) അവരുടെ പേരിൽ അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മഹാരാഷ്ട്ര സർക്കാർ യുവതികൾക്കായി ആനന്ദിബായ് ജോഷി ഫെല്ലോഷിപ്പും നൽകിവരുന്നു. നിർഭാഗ്യവശാൽ, 21-ാം വയസ്സിൽ ക്ഷയരോഗം ബാധിച്ച് ആ ജ്വാല അണഞ്ഞുപോയി.

ADVERTISEMENT

എന്നാൽ, ആനന്ദിബായ് തുറന്നിട്ടതു മാറ്റത്തിന്റെ വലിയൊരു വാതിലായിരുന്നു. ഇന്നു മെഡിക്കൽ രംഗം സ്വപ്നം കാണുന്ന ഓരോ, പെൺകുട്ടിക്കും പരിമിതികളെ മറികടന്നു മുന്നേറാനുള്ള പ്രതീക്ഷയുടെ വാതിൽ.  

English Summary:

Anandibai Joshi's life story is one of struggle and resilience. Driven by the tragedy of losing her infant child due to a lack of adequate medical care, she defied societal norms and embarked on a journey to become a physician. Anandibai Joshi became the first Indian woman to complete her medical degree in the United States, paving the way for future generations of women in medicine.

ADVERTISEMENT