ADVERTISEMENT

കേരളത്തില്‍ ഷിഗെല്ല വൈറസ് കണ്ടെത്തിയതു ആശങ്ക പടര്‍ത്തുന്നു. കോഴിക്കോട് നാലര വയസ്സുകാരി രോഗം ബാധിച്ച് മരിച്ചിരുന്നു. ചികിത്സയിലിരുന്ന പുറമേരി, പന്തീരാങ്കാവ് എന്നിവിടങ്ങളിലെ രണ്ടു കുട്ടികള്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ മറ്റ് കേസുകളില്ലെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 

മലിനമായ കുളങ്ങളിലോ കിണറുകളിലോ ഉള്ള ജലം കുടിക്കുന്നതിലൂടെയും കുളിക്കുന്നതിലൂടെയും രോഗബാധയ്ക്ക് സാധ്യതയുളളതിനാൽ കിണറുകൾ സൂപ്പർ ക്ലോറിനേഷൻ നടത്താന്‍ നിർദേശിച്ചിട്ടുണ്ട്. മലവിസർജനത്തിൽ രക്തം കാണുകയോ വയറിളക്കം, കടുത്ത പനി, ഛർദി തുടങ്ങിയവ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ADVERTISEMENT

എന്താണ് ഷിഗെല്ല വൈറസ്? ഷിഗെല്ല എങ്ങനെ തിരിച്ചറിയാം? എന്തൊക്കെയാണ് ലക്ഷണങ്ങൾ?

ഷിഗല്ല ഒരു ബാക്ടീരിയയാണ്. ഷിഗല്ല മൂലമുണ്ടാകുന്ന വയറിളക്കത്തിന് സാധാരണ വയറിളക്കത്തിൽ നിന്നും ചില വ്യത്യാസങ്ങളുണ്ട്. ഷിഗല്ല മൂലമുള്ള വയറിളക്കത്തിന് അതിസാരം എന്നാണു പറയുക. വയറിളക്കത്തോടൊപ്പം മലത്തിൽ രക്തത്തിന്റെയോ കഫത്തിന്റെയോ അംശങ്ങൾ കൂടി കണ്ടെത്തുമ്പോഴാണ് അതിന് അതിസാരം എന്നു പറയുന്നത്. സാധാരണ വയറിളക്ക രോഗങ്ങളെ അപേക്ഷിച്ച് അവശതയും മരണവും ഉണ്ടാക്കാനുള്ള സാധ്യത അതിസാരത്തിനു കൂടുതലാണ്.

ADVERTISEMENT

ഷിഗല്ല വൻകുടൽ ഭിത്തിയിലുണ്ടാക്കുന്ന ക്ഷതങ്ങളാണ് വിസർജ്യത്തിൽ രക്തത്തിന്റെ അംശം ഉണ്ടാകുന്നതിനുള്ള പ്രധാനകാരണം. രോഗകാരികളായ അണുജീവികൾ ഷിഗാട്ടോക്സിൻ എന്ന വിഷവസ്തു രക്തത്തിലേക്കു കലർത്തുന്നത് രോഗിയിൽ ശക്തമായ ക്ഷീണത്തിനും തളർച്ചയ്ക്കും കാരണമാകുന്നു. അപൂർവമായി വൃക്കരോഗത്തിലേക്കും ഈ അവസ്ഥ നയിക്കാം.

ലക്ഷണങ്ങൾ

ADVERTISEMENT

മലിനമാക്കപ്പെട്ട വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് രോഗാണു ഉള്ളിൽ കടക്കുന്നത്. മറ്റ് വയറിളക്ക- അതിസാര രോഗങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് അണുജീവികൾ ഉള്ളിലെത്തിയാൽ മതി രോഗമുണ്ടാകാൻ. വയറിളക്കം, പനി, തളർച്ച, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് ആരംഭത്തിൽ കാണുക. വിസർജ്യത്തിൽ രക്തമോ കഫമോ കലർന്നിട്ടുണ്ടെങ്കിൽ രോഗം ഉറപ്പിക്കാം.

ചികിൽസ

ആന്റിബയോട്ടിക്ക് ചികിത്സയാണ് നൽകുക. ഒആർഎസ് ലായനി, കരിക്കിൻ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയ ലവണങ്ങൾ കലർന്ന വെള്ളം ധാരാളം കുടിക്കുക. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണം കഴിക്കുക എന്നിവ നിർജലീകരണവും ക്ഷീണവും തടയും.

തിളപ്പിച്ചാറിയെ വെള്ളം കുടിക്കുകയും ഭക്ഷണപാനീയങ്ങൾ മൂടിസൂക്ഷിക്കുകയും വേണം. പുറത്തുനിന്നു ഭക്ഷണം കഴിക്കുമ്പോൾ ശുചിത്വമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുക. പച്ചവെള്ളം കൊണ്ടു തയാറാക്കിയ പാനീയങ്ങൾ കുടിക്കാതിരിക്കുക എന്നിവയിലൂടെ രോഗവ്യാപനം തടയാം.

Understanding Shigella Virus in Kerala:

Shigella virus is causing concern in Kerala following a reported death of a child. The infection, characterized by severe diarrhea with blood, is primarily spread through contaminated water and food, and prompt medical attention is advised for symptoms like fever, vomiting, and blood in stool.

ADVERTISEMENT