ADVERTISEMENT

നേരം പുലർന്നു വരുന്നതേയുള്ളൂ. കടലിലെ ഒാളങ്ങളിൽ ആടിയുലഞ്ഞാണു വള്ളങ്ങൾ കരയിലേക്കു വരുന്നത്. ആ കാഴ്ചയിൽ നിന്നു മീൻ അടുക്കളയിലെത്താൻ പിന്നെയും സമയം കുറേയാകും. കടലിനോടു കവിളുരുമ്മി കിടക്കുന്ന നാടായതു കൊണ്ടാകാം മലയാളികൾക്ക് സീഫൂഡിനോട് ഇത്ര പ്രിയം.

പക്ഷേ, അടുത്തകാലത്തു റിപ്പോർട്ട് ചെയ്ത ചില സംഭ വങ്ങൾ പലരിലും പേടിയുണ്ടാക്കിയിട്ടുണ്ട്. കടൽവിഭവങ്ങളിൽ നിന്നുണ്ടായ അലർജി മരണകാരണമായ സംഭവങ്ങളും ഉണ്ടായി. കൊച്ചിയിൽ, ഞണ്ടുകറി കഴിച്ച ശേഷം അലർജി അനുഭവപ്പെട്ട യുവാവാണു മരണത്തിനിരയായത്. ചൊറിച്ചിലും ശ്വാസതടസ്സവുമായിരുന്നു ലക്ഷണങ്ങൾ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിനു മുൻപ് തിരുവനന്തപുരം വിഴിഞ്ഞത്ത് ഒരു കുടുംബത്തിലെ രണ്ടുപേർക്ക്  സീഫൂഡിൽ നിന്ന് അലർജിയുണ്ടായി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  ജീവൻ നിലനിർത്താനുള്ള ശ്രമങ്ങൾ വിഫലമായി. അലർജി മൂലമുള്ള രണ്ടുപേരുടെ  മരണവാർത്ത പുറത്തുവന്നതോടെ ബോധവൽക്കരണ ശ്രമങ്ങളും സജീവമായി.

ADVERTISEMENT

പല കേസുകളിലും പൊതുവായ വില്ലൻ ഷെൽ ഫിഷ് ആണ്. ചെമ്മീൻ, സ്ക്വിഡ്, മീൻമുട്ട, കക്കയിറച്ചി തുടങ്ങിയ വിഭവങ്ങൾ അലർജി ഉണ്ടാക്കിയ സംഭവങ്ങൾ ഏറെ. സീഫൂഡ് അലർജി കേസുകളിൽ പൊതുവേ ഛർദ്ദിയും ചൊറിച്ചിലും പോലുള്ള ലക്ഷണങ്ങൾ പ്രകടമാകും.  

അലർജി എങ്ങനെ തിരിച്ചറിയാം?

ADVERTISEMENT

‘എനിക്കു മീൻ കഴിച്ചാൽ ചൊറിയും’– എന്നു പറയുന്ന ഒരാളെയെങ്കിലും ജീവിതത്തിൽ കണ്ടിട്ടുണ്ടാകും.  ‘സീഫൂഡ് അലർജി’ എന്നതു ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ ചില സമുദ്ര വിഭവങ്ങളിലെ പ്രോട്ടീനുകളെ ‘ശത്രുവായി’ തെറ്റിദ്ധരിച്ചു പ്രതികരിക്കുന്ന അവസ്ഥയാണ്.

അലർജിയുടെ ലക്ഷണങ്ങൾ ഒാരോരുത്തരിലും വ്യത്യസ്തമാകാം. ഭക്ഷണശേഷം ചെറിയ ചൊറിച്ചിൽ, ചർമത്തിൽ ചുവന്ന പാടുകൾ, കണ്ണു  നിറയൽ തുടങ്ങിയ ലഘു ലക്ഷണങ്ങൾ മാത്രമേ ചിലരിൽ ദൃശ്യമാകൂ.  മറ്റു ചിലർക്കു ശ്വാസതടസ്സം, കഴുത്തു മുറുകൽ, തലചുറ്റൽ തുടങ്ങി ബോധക്ഷയം വരെ സംഭവിക്കാം. ഏറ്റവും ഗുരുതരമായ അവസ്ഥയായ അനഫിലാക്സിസ് (anaphylaxis) ജീവൻ അ പകടത്തിലാക്കുന്ന ഒന്നാണ്. ഈ സാഹചര്യത്തിൽ ഉടൻ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്.

ADVERTISEMENT

സീ ഫൂഡ് അലർജി പൂർണമായി മാറ്റാൻ കഴിയുമോ?

സീഫൂഡ്  അലർജി പൂർണമായി ചികിത്സിച്ചു മാറ്റാനാകില്ല. ഇമ്യൂണോ  തെറപി പോലുള്ള അലർജൻ ചികിത്സകളും ഇക്കാര്യത്തിൽ ഫലപ്രദമാകാറില്ല.

ചികിത്സയുടെ കാര്യത്തിൽ ‘ഒഴിവാക്കൽ’ തന്നെയാണു പ്രധാനമാർഗം. അലർജി ഉണ്ടാക്കുന്ന ഭക്ഷണം  ഒഴിവാക്കുക. ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുമ്പോൾ ഒരേ പാത്രത്തിൽ പല വിഭവങ്ങളും പാചകം ചെയ്യുന്നതിനാൽ ക്രോസ് കണ്ടാമിനേഷൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

സീഫൂഡ് രണ്ടു തരത്തിലുണ്ട്—മത്സ്യങ്ങളും ഷെൽഫിഷും. ചെമ്മീൻ, ഞണ്ട്, കല്ലുമ്മക്കായ് എന്നിവ ഉൾപ്പെടുന്ന ഷെൽഫിഷ് അലർജികൾ താരതമ്യേന കൂടുതലാണ്. ഒരിക്കൽ ഇത്തരം അലർജി ആരംഭിച്ചാൽ, അതു ജീവിതകാലം മുഴുവൻ തുടരാൻ സാധ്യതയുണ്ട്.

“മീൻ കഴിച്ചപ്പോൾ അസ്വസ്ഥത തോന്നി” എന്നൊരു തോന്നലാകാം പലപ്പോഴും തുടക്കം. ഡോക്ടർമാർ സാധാരണയായി സ്കിൻ പ്രിക് ടെസ്റ്റ് അല്ലെങ്കിൽ രക്തപരിശോധനകൾ (IgE test) നിർദേശിക്കും. ഇതുവഴി ഏതു തരത്തിലുള്ള സീഫൂഡിനോടാണു ശരീരത്തിനു പ്രതികരണം ഉണ്ടാകുന്നത് എന്നു വ്യക്തമായി മനസ്സിലാക്കാം.

ഗുരുതര ലക്ഷണങ്ങൾ കണ്ടാൽ എന്താണു ചെയ്യേണ്ടത്?

മറ്റു ഭക്ഷണങ്ങളിൽ മറഞ്ഞിരുന്നും സീഫൂഡിന്റെ അംശങ്ങൾ ശരീരത്തിലെത്താം. ചില സോസുകൾ, പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ തുടങ്ങി ചില നാടൻ മരുന്നുകളിൽ വരെ സമുദ്ര വിഭവങ്ങളിലെ  ഘടകങ്ങൾ കണ്ടെന്നു വരാം.  ലേബലുകൾ ശ്രദ്ധാപൂർവം വായിക്കേണ്ടത് അത്യാവശ്യമാണ്. സീഫൂഡ് അലർജി ഉള്ളവർക്ക് എപ്പിനെഫ്രിൻ ഇൻജെക്‌ഷൻ പോലുള്ള അടിയന്തര മരുന്നുകൾ ഡോക്ടർ നിർദേശിച്ചേക്കാം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇതിന്റെ  ഉപയോഗം അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഗുരുതര പ്രതികരണങ്ങൾ ഉണ്ടാകുമ്പോൾ ജീവൻ രക്ഷിക്കാൻ ഇതു സഹായിക്കും.

ശ്വാസനാളിയില്‍ വീക്കമുണ്ടായി ശ്വസനം വളരെ വിഷമകരമാകുന്ന അവസ്ഥ വരാറുണ്ട്. അനഫലാക്റ്റിക് ഷോക്ക് എന്നാണിതിനു പേര്. ഈയവസ്ഥയിൽ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കണം.

സീ ഫൂഡ് അലർജി പാരമ്പര്യമായി വരുന്ന അവസ്ഥയാണോ?

പാരമ്പര്യം ഒരു ഘടകമാണ്. സെൻസിറ്റീവായ രോഗപ്രതിരോധ സംവിധാനം പാരമ്പര്യമായി ലഭിക്കുന്നതാണ്. അലർജി ഹിസ്റ്ററിയുള്ള കുടുംബങ്ങളിലും അലർജിയില്ലാത്തവരുണ്ട്. അതുകൊണ്ട് പാരമ്പര്യഘടകങ്ങൾ കൊണ്ടു മാത്രം സീ ഫൂഡ് അലർജി ഉണ്ടാകുമെന്നു പറയാനാകില്ല. അലർജിയില്ലാത്തവരിലും കാലക്രമേണ സീ ഫൂഡ് അലർജി ഉണ്ടാകാറുണ്ട്.

മാനസികസമ്മർദം രോഗപ്രതിരോധ സംവിധാനത്തെ സ്വാധീനിക്കാം. സൂക്ഷ്മജീവികൾ (ഡസ്റ്റ് മൈറ്റ്) മൂലമുള്ള  അലർജി ഉണ്ടാകുന്നവരിൽ സീ ഫൂഡ് അലർജി കൂടുതലായി കാണപ്പെടാറുണ്ട്.

ഭക്ഷണം പോഷക സന്തുലിതമാക്കാൻ              സീഫൂഡിനു പകരം എന്തു കഴിക്കണം?

സീഫൂഡ്  ഒഴിവാക്കിയാലും  പോഷകസമൃദ്ധമായ ഭക്ഷണക്രമം ഉറപ്പു വരുത്താൻ കഴിയും. പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയ്ക്കായി മറ്റു പലതും ലഭ്യമാണ്.  പയർ വർഗങ്ങൾ, വിത്തുകൾ എന്നിവയെല്ലാം കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

രുചികളുടെ വലിയ കലവറയാണ് സമുദ്രവിഭവങ്ങൾ നമുക്കു നൽകുന്നത്. പക്ഷേ, എല്ലാവരുടെയും ശരീരം അ തിനെ ഒരേ രീതിയിൽ സ്വീകരിക്കണമെന്നില്ല. അതുകൊണ്ടു തന്നെ, ശരീരം നൽകുന്ന സൂചനകൾ ശ്രദ്ധിക്കുക, ആവശ്യമായ മുൻകരുതലുകൾ എടുക്കുക.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. പി. ഇ. എബ്രഹാം, സ്പെഷലിസ്റ്റ് ഇൻ ആസ്മ &അലർജിക് ഡിസീസസ്, ഡോ. എബ്രഹാംസ് അലർജി റിസർച്ച് സെന്റർ, കൊച്ചി, കോട്ടയം

Understanding Seafood Allergy: Symptoms and Risks:

Seafood allergy is a concerning health issue where the body's immune system mistakenly identifies proteins in marine dishes as harmful. While seafood is beloved in regions like Kerala, recent incidents of severe allergic reactions and even fatalities due to consuming shellfish like shrimp and crab highlight the need for awareness and caution.

ADVERTISEMENT