നിശബ്ദ പകർച്ചവ്യാധിയാണു ഹെപ്പറ്റൈറ്റിസ് ബി. ചികിത്സ ലഭിച്ചില്ലെങ്കിൽ കരൾ കാൻസർ, സിറോസിസ് എന്നീ ഗുരുതര രോഗങ്ങളായി അതു മാറാം...
ലോകത്തിലെ ഏറക്കുറേ സാധാരണവും എന്നാൽ ഗുരുതരവുമായ കരൾ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് ബി. നിങ്ങളുടെ ശരീരം ഒരു വാഹനമാണെങ്കിൽ കരളാണ് അതിന്റെ എൻജിൻ. കരളിന്റെ പ്രവർത്തനത്തകരാർ ശരീരത്തിന്റെ പ്രവർത്തനത്തെ പരാജയത്തിലേക്കു നയിക്കും.
ഹെപ്പറ്റൈറ്റിസ് ബി യഥാസമയത്ത് ചികിത്സിച്ചില്ലെങ്കിൽ അതു കരളിൽ സിറോസിസ്, കരൾ കാൻസർ എന്നീ ഗുരുതര രോഗങ്ങളായി മാറാം. പ്രതിരോധിക്കാനും ചികിത്സിക്കാനും കഴിയുന്നതാണെങ്കിലും ഓരോ വർഷവും പത്തുലക്ഷത്തോളം ആളുകൾ ഹെപ്പറ്റൈറ്റിസ് ബി മൂലം മരിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്.
രോഗം വരും വഴി
രോഗബാധിതരായ ആളുകളുടെ രക്തവുമായോ ശ രീരദ്രവങ്ങളുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് ഹെപ്പറ്റൈറ്റിസ് ബി പകരുന്നത്.
ഏറ്റവും സാധാരണമായി ഹെപ്പറ്റൈറ്റിസ് ബി പകർന്നു കാണുന്നത് ലൈംഗിക ബന്ധത്തിലൂടെയാണ്. ര ക്തമോ രക്തസംബന്ധമായ വസ്തുക്കളോ ശരീരത്തിലേക്ക് കടത്തി വിടുന്നതിലൂടെയും അമ്മയിൽ നിന്നു ഗർഭസ്ഥ ശിശുവിലേക്കും നവജാത ശിശുവിലേക്കും അണുവിമുക്തമല്ലാത്ത മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഇൻജെക്‌ഷനുകളിലൂടെയും ഇതു പകരാം.
ബാർബർ ഷോപ്പുകൾ, ടാറ്റൂ സെന്ററുകൾ, മൂക്ക് കാത് എന്നിവ കുത്തുന്നയിടങ്ങൾ എന്നീ സ്ഥലങ്ങളിൽ നിന്നും ഉപകരണങ്ങൾ അണുവിമുക്തമല്ലാത്തതിനാൽ ഹെപ്പറ്റൈറ്റിസ് ബി ബാധിക്കാറുണ്ട്.
ഷേവിങ് റേസറുകൾ, ടൂത്ത് ബ്രഷുകൾ, നഖം വെട്ടുന്ന ഉപകരണങ്ങൾ, ആഭരണങ്ങൾ എന്നീ വ്യക്തിഗത വസ്തുക്കൾ പങ്കിടുന്നതിലൂടെയും പകരാനുള്ള സാധ്യതയുണ്ട്.
ഹെപ്പറ്റൈറ്റിസ് ബി നിശബ്ദ പകർച്ചവ്യാധിയാണ്. ലക്ഷണങ്ങൾ പലപ്പോഴും രോഗം ഗുരുതരമാകുന്നതു വരെ പ്രകടമായെന്നു വരില്ല. അതിനാൽ തന്നെ വൈറസ് മറ്റുള്ളവരിലേക്ക് അറിയാതെ പടരാം. രക്തത്തിൽ ഹെപ്പറ്റൈറ്റിസ് ബി വൈറസിന്റെ സാന്നിധ്യത്തിനു തെളിവായ ഹെപ്പറ്റൈറ്റിസ് ബി സർഫസ് ആന്റിജൻ (HBsAg) എന്ന പ്രോട്ടീൻ ഉണ്ടോ എന്നാണു പരിശോധിക്കുക.
ഹെപ്പറ്റൈറ്റിസ് ബി ഉണ്ടോ എന്നറിയാനുള്ള ഏക മാർഗം പരിശോധിച്ച് ഉറപ്പാക്കുകയാണ്. സ്ഥിരമായി രക്തദാനം ചെയ്യുന്നവർ, എയിഡ്സ് രോഗബാധിതർ, ലൈംഗിക തൊഴിലാളികൾ, ലൈംഗിക രോഗങ്ങളുള്ളവർ, രക്തവും രക്താനുബന്ധ വസ്തുക്കളും ഇടയ്ക്കിടെ സ്വീകരിക്കേണ്ടി വരുന്നവർ, ഇവരെല്ലാം ഇടയ്ക്കിടെ എച്ച്‌ബി പോസിറ്റിവിറ്റി പരിശോധിച്ച് ഇല്ലെന്ന് ഉറപ്പാക്കേണ്ടതാണ്.
ഡയാലിസിസ് മെഷീൻ പങ്കിട്ട് ഉപയോഗിക്കേണ്ടി വരുന്നവരും ഹെപ്പറ്റൈറ്റിസ് ബി പരിശോധന ചെയ്യണം. രോഗബാധയുള്ളവർക്കു പ്രത്യേകം ഡയാലിസിസ് മെഷീൻ നൽകേണ്ടി വരും. 1992 നു ശേഷം എച്ച്‌ബി സ്ക്രീനിങ്ങിന് ശേഷമേ ഭാരതത്തിൽ രക്തം വ്യക്തികൾക്ക് ട്രാൻസ്ഫ്യൂഷൻ വഴി നൽകാറുള്ളു.
ആർക്കെങ്കിലും ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവ് ആണെങ്കിൽ അവരുടെ അടുത്ത കുടുംബാംഗങ്ങൾ (അച്ഛൻ/ അമ്മ/ സഹോദരങ്ങൾ/ ഭാര്യ/ മക്കൾ) ഉടനടി എച്ച്‌ബി പരിശോധന നടത്തണം. പോസിറ്റീവ് ആണ് എന്നു കണ്ടെത്തിയാൽ ഉടനടി ചികിത്സിക്കുക. നെഗറ്റീവ് ആണെങ്കിൽ നിർബന്ധമായും ഹെപ്പറ്റൈറ്റിസ് ബി വാക്സീനെടുക്കുക.
ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനം സുരക്ഷിതമായ ലൈംഗിക ബന്ധമാണ്. കോണ്ടം ഉപയോഗിക്കുക. ഇൻജെക്‌ഷന്‍ എടുക്കുമ്പോൾ ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാവുന്ന ഡിസ്പോസിബിൾ നീഡിൽ ഉപയോഗിക്കുക. ശരീരം തുളച്ച് ആഭരണങ്ങളിടുമ്പോഴും മറ്റും ഉപകരണങ്ങൾ അണുവിമുക്തമാണെന്ന് ഉറപ്പു വരുത്തുക. ഗർഭിണികളായവർ സ്ഥിരമായി എച്ച്‌ബി ചെക്കപ്പും ചെയ്യുക. വാക്സീൻ എടുക്കുന്നതിലൂടെ രോഗം പ്രതിരോധിക്കാം.ഇരുപതു കൊല്ലമാണു ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷന്റെ ഫലപ്രാപ്തി നീണ്ടു നിൽക്കുന്ന കാലയളവ്.
ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തേണ്ടി വരുമ്പോഴും, ഏ തെങ്കിലും ശസ്ത്രക്രിയകൾക്കു വിധേയരാകേണ്ടി വരുമ്പോഴും സ്ഥിരമായി ചെയ്യുന്ന ഹെൽത്ത് ചെക്കപ്പിന്റെ ഭാഗമായും ഹെപ്പറ്റൈറ്റിസ് ബി സ്ക്രീനിങ് ചെയ്യാറുണ്ട്.
കരളിന്റെ ടെസ്റ്റുകളിൽ അനാരോഗ്യകരമായ അവസ്ഥയുള്ളതായി കണ്ടെത്തിയാലും ലിവർ സിറോസിസ് ഉള്ളവരിലും മഞ്ഞപ്പിത്തം ഉള്ളതായി കണ്ടെത്തിയാലും ഡോക്ടർ ഹെപ്പറ്റൈറ്റിസ് ബി പരിശോധന നിർദേശിക്കും.
രോഗബാധയുണ്ടെങ്കിൽ എന്തു ചെയ്യണം
ഹെപ്പറ്റൈറ്റിസ് എന്ന വാക്കിന്റെ അർഥം കരളിന്റെ വീക്കം എന്നാണ്. വൈറസ് കാരണമുണ്ടാകുന്ന കരൾ വീക്കമാണ് ഹെപ്പറ്റൈറ്റിസ് ബി രോഗബാധ. കരൾ സംബന്ധമായ അസുഖങ്ങളുടെ വിദഗ്ധ ചികിത്സ ചെയ്യുന്ന വിഭാഗമാണു ഹെപ്പറ്റോളജി. ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവ് ആയ വ്യക്തി കാണേണ്ടത് ഹെപ്പറ്റോളജിസ്റ്റിനെയാണ്. അതു സാധ്യമല്ലാത്ത അവസരങ്ങളിൽ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റിനെ കാണാവുന്നതാണ്.
ഹെപ്പറ്റൈറ്റിസ് ബി വൈറസിന് നമ്മുടെ ശരീരത്തിലെ ജനിതക ഘടനയിലേക്കു കടന്നു കയറാൻ സാധിക്കും. ആ സ്ഥിതിയിലേക്കെത്തിയാൽ ഗുരുതര ഹെപ്പറ്റൈറ്റിസ് ബി രോഗാവസ്ഥയായി കണക്കാക്കുന്നു. ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി രോഗബാധയിൽ രോഗവിമുക്തി അസാധ്യമായേക്കാം. ഏതു സ്ഥിതിയിലാണ് ഹെപ്പറ്റൈറ്റിസ് രോഗാണു ബാധ എന്നത് ചികിത്സയിൽ പ്രധാനമാണ്. മുൻപ് രോഗം വന്നിട്ടില്ലാത്ത ഒരാൾക്കു രോഗം വരുമ്പോൾ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ബി എന്ന അവസ്ഥയാണ് സാധാരണ ഉണ്ടാകുക.
വിശപ്പില്ലായ്മ, ക്ഷീണം, ഛർദി, അതിനു ശേഷം പനി, പിന്നീടു മഞ്ഞപ്പിത്തം എന്ന നിലയിലായിരിക്കും രോഗം കാണുക. മഞ്ഞപ്പിത്തം എന്ന അവസ്ഥയിലെത്തുമ്പോൾ മൂത്രം മഞ്ഞ നിറത്തിൽ പോകുകയും കണ്ണുകൾ മഞ്ഞ നിറമാകുകയും ചെയ്യും. സന്ധി വേദനയും കാണാം.
രോഗം ബാധിക്കുന്ന പ്രായം രോഗത്തെ ഗുരുതരാവസ്ഥയിലെത്തിക്കുന്നതിൽ പങ്കു വഹിക്കുന്നുണ്ട്. 18 വയസ്സിന് മുൻപ് ഹെപ്പറ്റൈറ്റിസ് ബി ബാധിക്കുന്ന കുട്ടികളിൽ രോഗം ഗുരുതരമാകാനുള്ള (ക്രോണിക്) സാധ്യത മുതിർന്നവരെക്കാൾ കൂടുതലാണ്.
18 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ഹെപ്പറ്റൈറ്റിസ് ബി ബാധ ശരീരത്തിന്റെ പ്രതിരോധശേഷിയുടെ ശക്തി മൂലം തനിയേ തന്നെ മാറിപ്പോയേക്കാം. കണ്ടുപിടിക്കപ്പെട്ടാൽ തന്നെ കാര്യമായ ചികിത്സ വേണ്ടി വന്നേക്കില്ല. അപൂർവം സാഹചര്യങ്ങളിലേ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ബി ബാധയിൽ ഉയർന്ന ചികിത്സ ആവശ്യം വരാറുള്ളു.
ഒരിക്കൽ കടന്നു കയറിയാൽ ദീർഘകാലം ശരീരത്തി ൽ തുടരുന്ന ഒന്നാണ് ഈ വൈറസ്. പ്രവർത്തന രഹിതമായാണു നിലനിൽക്കുകയെങ്കിലും ഏതു സമയത്തും അവ സജീവമായേക്കാം. രണ്ടാമത് വരുമ്പോൾ അതു ക്രോണിക് ഹെപ്പറ്റൈറ്റിസ് (ഗുരുതരമായ രോഗബാധ) ആയേക്കാം ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി ബാധയിൽ ലക്ഷണങ്ങൾ കാണുന്നത് തീരെ കുറവായിരിക്കും എന്നത് രോഗത്തെ ഗൗരവതരമാക്കുന്നു.
രോഗബാധ ഗുരുതരമായി അനുബന്ധ രോഗങ്ങളിലേക്ക് കടക്കുമ്പോൾ അതിന്റെ ലക്ഷണങ്ങളായിരിക്കും പലപ്പോഴും കാണുക. അതിനാൽ ഒരു തവണ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചവർക്ക് മെഡിക്കൽ ഫോളോ അപ് വേണ്ടി വരും.
രോഗബാധയ്ക്കു മുൻപു തന്നെ വാക്സീനെടുത്തു രോഗത്തെ ഒഴിവാക്കുക എന്നത് ഏറ്റവും പ്രധാനമാകുന്നതും ഇക്കാരണങ്ങൾ കൊണ്ടു തന്നെ. ഹെപ്പറ്റൈറ്റിസ് ബി ബാധിതർ വാക്സീൻ എടുക്കുന്നതു പ്രയോജനം ചെയ്യില്ല. ഹെപ്പറ്റൈറ്റിസ് ബി മഞ്ഞപ്പിത്തം വന്നു മാറിയവർ വാക്സീൻ എടുക്കേണ്ട ആവശ്യമില്ല. അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ബാധയിലുള്ള വ്യക്തിയിൽ മഞ്ഞപ്പിത്തം എന്ന അവസ്ഥ ഒന്നര മാസത്തിനുള്ളിൽ മാറിയാലും ഹെപ്പറ്റൈറ്റിസ് ബി വൈറസ് ബാധ മാറുന്നതിന് ആറു മാസമെങ്കിലും പിടിക്കും.
ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി ബാധയിൽ പൂർണമായും രോഗമുക്തി സാധ്യമല്ല. പിന്നീടതിനെ നിയന്ത്രിക്കാനേ കഴിയൂ. അത്തരക്കാർക്കു ജീവിതകാലം മുഴുവൻ ചികിത്സ ആവശ്യമായി വന്നേക്കാം. അതു കൃത്യമായി ചെയ്തില്ലെങ്കിൽ ലിവർ സിറോസിസ്, ലിവർ കാൻസർ എന്നിവയിലേക്കു പരിണമിക്കാം.
രണ്ടാംഘട്ട പ്രതിരോധം
ഒരിക്കൽ ഹെപ്പറ്റൈറ്റിസ് ബി വന്നവരെ വീണ്ടും രോഗം ബാധിക്കുന്നത് പ്രതിരോധശേഷി ദുർബലമാകുമ്പോഴാണ്. അതിനാൽ ഒരിക്കൽ രോഗബാധയുണ്ടായവർ പ്രതിരോധ ശേഷി നിലനിർത്താൻ വളരെയധികം ശ്രദ്ധിക്കണം.
ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്ന സാഹചര്യങ്ങളോ പ്രതിരോധശേഷി കുറയ്ക്കുന്ന തരം ചികിത്സകളായ സ്റ്റിറോയിഡ് ചികിത്സകളോ, കീമോ തെറാപ്പിയോ ചികിത്സകളും വേണ്ടി വന്നാൽ തീർച്ചയായും സ്ക്രീനിങ് ചെയ്യേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളിൽ ടോട്ടൽ ആന്റി എച്ച്ബിസി എന്ന പരിശോധനയാണ് ചെയ്യേണ്ടത്.
വാക്സീൻ വഴി സുരക്ഷിതത്വം ഉറപ്പാക്കാം
ജീവിതകാലം മുഴുവൻ ഹെപ്പറ്റൈറ്റിസ് ബിയിൽ നിന്നും സംരക്ഷണം ഉറപ്പാക്കാൻ വാക്സിനേഷനിലൂടെ കഴിയും. കയ്യിലെ മസിലിലാണു വാക്സീൻ എടുക്കേണ്ടത്. ജനനസമയത്തും കുട്ടികൾ 18 വയസ്സുവരെയുള്ള കാലയളവിലും അണുബാധാ സാധ്യതയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരും രോഗബാധിത പ്രദേശങ്ങളിൽ ഉള്ളവരും വാക്സീനെടുക്കേണ്ടത് അത്യാവശ്യമാണ്. മുന്നു ഡോസായി പേശികളിൽ ആണു വാക്സീൻ ഇൻജെക്‌ഷൻ എടുക്കേണ്ടത്.
ആദ്യ ഡോസ് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ് രണ്ടാമത്തെ ഡോസും ആറു മാസം കഴിഞ്ഞ് മൂന്നാം ഡോസും എടുക്കണം. രോഗബാധിതരായ അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആദ്യ 12 മണിക്കൂറിനുള്ളിൽ തന്നെ വാക്സീൻ എടുക്കണം. ഇന്ന് കേരളത്തിൽ എല്ലാ നവജാത ശിശുക്കൾക്കും യൂണിവേഴ്സൽ ഇമ്യൂണൈസൈഷൻ പ്രോഗ്രാമിന്റെ ഭാഗമായി ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ നൽകുന്നുണ്ട്.
ഇന്ത്യയിൽ നാലുകോടി പേർക്കു ഹെപ്പറ്റൈറ്റിസ് ബി
ഹെപ്പറ്റൈറ്റിസ് ബി വ്യാപന തോത് അടിസ്ഥാനമാക്കി ലോകത്തെ മൂന്നു വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ജനസംഖ്യയുടെ എട്ടു ശതമാനത്തിൽ കൂടുതൽ ആളുകൾക്ക് രോഗബാധയുണ്ടെങ്കിൽ ആ ഇടങ്ങൾ ഹൈ പ്രിവലൻസ് വിഭാഗത്തിൽ പെടുന്നു.
എട്ട് ശതമാനത്തിനും രണ്ടു ശതമാനത്തിനും ഇടയിലാണെങ്കിൽ ഇന്റർമീഡിയറ്റ് പ്രിവലൻസ് എന്നും രണ്ടു ശതമാനത്തിൽ താഴെ മാത്രം പേർക്ക് രോഗബാധയുണ്ടെങ്കിൽ ലോ പ്രിവലൻസ് എന്നും കണക്കാക്കുന്നു. ഇന്ത്യയിൽ ഏകദേശം നാലു ശതമാനം പേർക്കു ഹെപ്പറ്റൈറ്റിസ് ബി പോസിറ്റിവിറ്റി ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് എന്നതിനാൽ ഇന്ത്യ ഇന്റർമീഡിയറ്റ് പ്രിവലൻസ് ഏരിയ ആണ്. ഇന്ത്യയിൽ നാലു കോടി പേ ര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി അണുബാധയുണ്ടെന്നു കണക്കാക്കപ്പെടുന്നു.
കേരളത്തിൽ ഹെപ്പറ്റൈറ്റിസ് ബി ചിലയിടങ്ങളിൽ കൂട്ടം അഥവാ ക്ലസ്റ്റർ ആയാണ് കാണപ്പെടുന്നത്. ഇ ങ്ങനെ രേഖപ്പെടുത്തുന്ന സ്ഥലങ്ങളിലെ ആളുകൾ പ്രതിരോധമാർഗങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ. ജോൺ മേനാച്ചേരി, സീനിയർ കൺസൽറ്റന്റ് ഹെപ്പറ്റോളജി & ട്രാൻസ്പ്ലാന്റ് ഹെപ്പറ്റോളജി, രാജഗിരി ഹോസ്പിറ്റൽ, കൊച്ചി