എനിക്ക് 20 വയസ്സ്. ആർത്തവം നീട്ടി വയ്ക്കാൻ കഴിക്കുന്ന ഗുളികകൾക്ക് സൈഡ് ഇഫക്ട്സ് ഉ ണ്ടോ? എത്ര ഇടവേളയിൽ ഉപയോഗിക്കാം?- ശുഭ, കൊച്ചി
അത്യാവശ്യ ഘട്ടങ്ങളിൽ മാസമുറ നീട്ടി വയ്ക്കാനായി ഹോർമോൺ ഗുളികകളാണ് കഴിക്കുന്നത്. ഒരുതരം സിന്തറ്റിക് പ്രൊജസ്ട്രോൺ ഹോർമോണാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ആർത്തവം വരുന്ന തീയതിക്കു മൂന്നു ദിവസം മുൻപു മുതൽ അഞ്ച് മില്ലിഗ്രാം ഗുളികകൾ ഓരോന്നു വീതം മൂന്നുനേരം കഴിച്ചു തുടങ്ങണം. കൃത്യസമയത്തു മുടങ്ങാതെ കഴിക്കുകയും വേണം. പരമാവധി 20 ദിവസം വരെ ഗുളിക കഴിക്കാം. അതായത് മാക്സിമം 17 ദിവസം വരെ ആർത്തവം നീട്ടി വയ്ക്കാം. അത്രയും ദിവസം ആവശ്യമില്ലെങ്കിൽ ആവശ്യമുള്ള ദിവസം വരെ കഴിച്ചാൽ മതി. ഗുളിക നിർത്തി മൂന്നു ദിവസത്തിനുള്ളിൽ ആർത്തവം വരും.
ഇതു ഗർഭനിരോധന ഗുളികയല്ല. ഗർഭം തടയാനായി മറ്റു മാർഗങ്ങൾ ഉപയോഗിക്കണം. ഗുളിക കഴിക്കുന്നതു നിർത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും മെൻസസ് വന്നില്ലെങ്കിൽ ഗർഭിണിയാണോ എന്നു പരിശോധിക്കണം.
തലവേദന, മാറിടത്തിനു വേദന, വാട്ടർ റിട്ടെൻഷൻ, ഭാ രം കൂടുക, മുഖക്കുരു തുടങ്ങിയവ പാർശ്വഫലങ്ങളായി വ രാം. വളരെ അപൂർവമായി ത്രോംബോസിസ് (രക്തം കട്ടപിടിക്കുന്ന അവസ്ഥ) ഉണ്ടാകാം. കാലിലോ, ശ്വാസകോശത്തിലോ, രക്ത ധമനികളിലോ ഒക്കെ രക്തം കട്ട പിടിക്കാം. രക്തം കട്ടപിടിക്കുന്ന അവസ്ഥ മുൻപു വന്നിട്ടുള്ളവർ ആർത്തവം നീട്ടിവയക്കാനുള്ള ഗുളിക കഴിക്കാൻ പാടില്ല. ഗർഭിണികളും മുലയൂട്ടുന്നവരും ഇതുപയോഗിക്കരുത്.
പതിവായി മരുന്നു കഴിച്ച് മെൻസസ് നീട്ടിവയ്ക്കുന്നത് നല്ലതല്ല. ആർത്തവത്തിന്റെ കൃത്യത നഷ്ടമാകാം, ഓവുലേഷൻ നടക്കുന്നതിൽ ക്രമക്കേടു വരാം. അമിതമായി ഉപയോഗിക്കുന്നവരിൽ ത്രോംബോസിസ് റിസ്ക് കൂടുകയും ചെയ്യും.
ഗൈനക്കോളജിസ്റ്റിനെ കണ്ട് റിസ്ക് ഫാക്ടേഴ്സ് മനസ്സിലാക്കി, ഡോക്ടർ നിർദേശിക്കുന്ന മരുന്ന് അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് അബോർഷൻ ചെയ്യണമെങ്കിൽ എന്തെല്ലാം നടപടികളിലൂടെ കടന്നു പോകണം?- ശ്രീധന്യ, കാര്യവട്ടം
ഇന്ത്യയിൽ സുരക്ഷിതമായ ഗർഭഛിദ്രം നടപ്പാക്കുന്നതിനായി MTP (Medical Termination of Pregnancy) act 1971 amended in 2021 ഗൈഡ് ലൈൻ ആണ് ഫോളോ ചെയ്യുന്നത്. ഇതു പ്രകാരം ഗവൺമെന്റ് നിഷ്കർഷിച്ചിട്ടുള്ള സർക്കാർ ആശുപത്രികൾ, സ്വകാര്യ ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ എന്നിവടങ്ങളിൽ 24 ആഴ്ച വരെയുള്ള ഗർഭം അബോർഷൻ ചെയ്യാം. 20 ആഴ്ച വരെയുള്ള എംടിപിക്ക് ഒരു റജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷനറിന്റെയും 20 - 24 ആഴ്ച വരെയുള്ള അഡ്വാൻസ്ഡ് പ്രഗ്‌നൻസിക്ക് രണ്ടു മെഡിക്കൽ പ്രാക്ടീഷനർമാരുടെയും അഭിപ്രായം എടുക്കേണ്ടതുണ്ട്.
എംടിപി കൺസെന്റ് എങ്ങനെയെന്നു നോക്കാം.
∙ 18 വയസ്സ് പൂർത്തിയായ സ്ത്രീക്ക് എംടിപി ചെയ്യാൻ അവരുടെ പൂർണസമ്മതം വേണം. ഭർത്താവിന്റെ കൺസെന്റ് ആവശ്യമില്ല.
∙ 18 വയസ്സിനു താഴെയുള്ളവർക്കും മാനസികപരിമിതിയുള്ളവർക്കും രക്ഷകർത്താവിന്റെ റിട്ടൺ കൺസെന്റ് വേണം.
∙ Form Cയിലാണ് കൺസെന്റ് രേഖപ്പെടുത്തേണ്ടത്.
∙ എംടിപി ചെയ്യുന്ന സ്ത്രീയുടെ സ്വകാര്യത സംരക്ഷിച്ചിരിക്കണം
ഏതൊക്കെ ഘട്ടങ്ങളിൽ എംടിപി അനുവദിക്കാം ?
∙ ഗർഭം തുടരുന്നതു മൂലം സ്ത്രീയുടെ ശാരീരികമോ മാനസികമോ ആയ ആരോഗ്യത്തിനു ഗുരുതരമായ പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ട്. ഉദാഹരണം ഹൃദ്രോഗം.
∙ ജനിക്കാൻ പോകുന്ന കുഞ്ഞിനു മാനസികമോ ശാരീരികമോ ആയ ഗുരുതരവൈകല്യങ്ങൾ ഉണ്ടെങ്കിൽ
∙ റേപ്പിലൂടെ ഗർഭം ധരിച്ചെങ്കിൽ.
∙ ഗർഭനിരോധന മാർഗം ഉപയോഗിച്ചിട്ടും ഗർഭിണിയായെങ്കിൽ (Contraceptive Failure).
∙ ഡിവോഴ്സ് ആകുക, ഭർത്താവ് മരണപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിൽ ഗർഭം തുടരുന്നതു കടുത്ത മാനസിക സംഘർഷമുണ്ടാക്കുകയും മാനസികാരോഗ്യത്തെ ദോഷമായി ബാധിക്കുമെന്നും ഗർഭിണിക്കു തോന്നിയാൽ
വിവാഹിതരായ സ്ത്രീകൾക്കും അവിവാഹിതർക്കും എംടിപി ചെയ്യാം. എംടിപിക്കു മുൻപ് ഡോക്ടർ പരിശോധനകൾ നടത്തുകയും റിസ്ക് ഫാക്ടേഴ്സ് ഉണ്ടെങ്കിൽ അവ ബോധ്യപ്പെടുത്തുകയും ചെയ്യും.പരിപൂർണ സമ്മതപത്രം വാങ്ങി, വേണ്ടത്ര മുൻകരുതലുകൾ എടുത്ത്, ഗർഭത്തിന്റെ കാലയളവ് അനുസരിച്ച് ഒപിയായോ ഐപിയായോ എംടിപി ചെയ്യാവുന്നതാണ്.