ഇന്നലെ വരെ നല്ല പയറുമണി പോലെ നടന്നു ഞങ്ങളോടൊക്കെ മിണ്ടിയും പറഞ്ഞുമിരുന്ന മനുഷ്യനാ... ദേ, ഇന്നു സ്ട്രോക്ക് വന്ന് ആശുപത്രിയിലായെന്ന്. വിശ്വസിക്കാൻ പറ്റണില്ല.’’ ചായകുടിക്കിടെ സഹപ്രവർത്തകർക്കിടയിൽ കൂട്ടാളിക്ക് വന്ന സ്ട്രോക്കായി ചർച്ച. ‘‘എന്നാലുമൊരു മുന്നറിയിപ്പുമില്ലാതല്ലേ ഇതൊക്കെ വരുന്നേന്ന് ഓർക്കുമ്പോ ഒരാധി!’’ കൂട്ടുകാരന്റെ വിധിയോടുള്ള ഈ പ്രതികരണം നമ്മളിൽ പലരും മനസ്സിൽ സൂക്ഷിക്കുന്ന ആശങ്ക തന്നെയാണ്.
എന്താണു യഥാർഥത്തിൽ സ്ട്രോക്?
തലച്ചോറിലെ അല്ലെങ്കിൽ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളുടെ തകരാറു മൂലം തലച്ചോറിന്റെ പ്രവർത്തനം തടസ്സപ്പെടുന്ന അവസ്ഥയ്ക്കാണു സ്ട്രോക് എന്നു പറയുന്നത്. സ്ട്രോക് എന്നു പറയുമ്പോൾ മലയാളത്തിൽ പക്ഷാഘാതം എന്നൊരർഥമാണു വരുന്നത്. എന്നാൽ, എല്ലാ പ ക്ഷാഘാതവും സ്ട്രോക്ക് അല്ല, എല്ലാ സ്ട്രോക്കും പക്ഷാഘാതവുമല്ല.
ശരീരം തളർന്നു പോകുന്ന അവസ്ഥ ഓക്സിജൻ കുറയുക, ഷുഗർ കുറയുക, സോഡിയം കുറയുക, ബ്രെയിൻ ട്യൂമർ ഇവ കൊണ്ടെല്ലാം വരാം.
സ്ട്രോക് എന്നാൽ പക്ഷാഘാതം മാത്രമല്ല, ഒരാളുടെ സംസാരം കുഴയുക, ചുണ്ട് കോടിപ്പോവുക, പെട്ടെന്നു കാഴ്ച നഷ്ടപ്പെടുക, തലകറക്കം വരിക, പെട്ടെന്നു ബാലൻസ് തെറ്റുക, പെട്ടെന്നു കേൾവിക്കുറവു വരിക, ഒരു കണ്ണ് അടഞ്ഞു പോവുക തുടങ്ങിയ പല ലക്ഷണങ്ങളും സ്ട്രോക്കിന്റെ ഭാഗമായി വരാം. ഒരു വശം തളർന്നു പോകുന്നതു മാത്രമല്ല അത്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളുടെ പ്രശ്നം കൊണ്ടല്ലാതെ സ്ട്രോക്കിന്റെ ലക്ഷണം കാണി ക്കുന്ന ചില സന്ദർഭങ്ങളെ സ്ട്രോക്– മിമിക്സ് (സ്ട്രോക്കിന്റെ അപരന്മാർ) എന്നാണ് പറയുക. ലക്ഷണങ്ങളുടെ ദൈർഘ്യം 24 മണിക്കൂർ ആയാലാണ് അതിനെ സ്ട്രോക് എന്ന് പറയുക.
കാരണങ്ങൾ രണ്ടു തരം
പ്രധാനമായും രണ്ടു തരം കാരണങ്ങൾ കൊണ്ടാണു സ്ട്രോക് വരുന്നത്. മോഡിഫൈയബിളും നോൺ–മോഡി ഫൈയബിളും. സ്ട്രോക് എന്നതു ഹൃദയാഘാതവും രക്താതിമർദവും പ്രമേഹവും കൊളസ്ട്രോളും പോലെ ഒരു ജീവിതശൈലി രോഗമാണ്.
പ്രായം കൂടുംതോറും സ്ട്രോക് സാധ്യതയും കൂടും. 30 വയസ്സു കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും സ്ട്രോക് വരാമെങ്കിലും 75വയസ്സു കഴിയുമ്പോഴാണു സാധ്യത ഏറെ. സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരിലാണ് സ്ട്രോക് സാധ്യതയേറെ. എന്നാൽ, ആർത്തവ വിരാമം കഴിഞ്ഞ സ്ത്രീകളിൽ ഇതു വരാനുള്ള സാധ്യത കൂടുന്നുണ്ട്. അമിത വണ്ണം ഒരു കാരണമാണ്.
കുടുംബത്തിൽ ആർക്കെങ്കിലും സ്ട്രോക് വന്നിട്ടുണ്ടെങ്കിൽ നമുക്കും വരാനുള്ള സാധ്യത ഒന്നര മുതൽ രണ്ടര ഇരട്ടിയാണ്. ഇവയൊക്കെയാണു നോൺ – മോഡിഫൈയബിൾ കാരണങ്ങൾ. അതായതു നമ്മളെ കൊണ്ടു മാറ്റം വരുത്താൻ പറ്റാത്ത കാര്യങ്ങൾ.
അടുത്തതാണു മോഡിഫൈയബിൾ റിസ്ക് ഫാക്റ്റേഴ്സ്. അതിൽ ഒന്നാമതാണു രക്താതിമർദം. സാധാരണ വ്യക്തിയേക്കാൾ രക്താതിമർദമുള്ളയാൾക്കു സ്ട്രോക് വരാനുള്ള സാധ്യത മൂന്നരയിരട്ടിയാണ്.
രണ്ടാമത്തെ കാരണം പ്രമേഹമാണ്. പ്രമേഹമുള്ളവർക്ക് അതില്ലാത്തവരെ അപേക്ഷിച്ചു സ്ട്രോക് വരാനുള്ള സാധ്യത രണ്ടിരട്ടി കൂടുതലാണ്.
പുകവലിക്കുന്ന ഒരാൾക്ക് വലിക്കാത്ത ഒരാളേക്കാൾ സ്ട്രോക് വരാനുള്ള സാധ്യത രണ്ടിരട്ടിയാണ്. അതുപോലെ തന്നെയാണ് മദ്യപാനം. രണ്ട് പെഗ് കഴിക്കുന്നവരിൽ പോലും ഹൃദയാഘാതവും പക്ഷാഘാതവും വരാനുള്ള സാധ്യത കൂടുതലാണ്.
കോവിഡ് ബാധയും പക്ഷാഘാതത്തിനു കാരണമാകുന്നുണ്ട്. കോവിഡ് ൈവറസ് രക്തക്കുഴലുകളുടെ വ്യാസത്തെ കുറയ്ക്കുകയും വീക്കമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. അവ തലച്ചോറിന്റെ ഞരമ്പുകളെ ബാധിക്കുന്നതും ഒ രു കാരണമാണ്.
ഇതോടൊപ്പം അമിതവണ്ണവും വ്യായാമമില്ലായ്മയും പക്ഷാഘാതം വരുത്തുന്നതിനു കാരണമാണ്. 45 വയസ്സിനു താഴയുള്ളവർക്കു വരുന്ന സ്ട്രോക്കിനെ‘യങ് സ്ട്രോക്കെ’ന്നാണു വിളിക്കുന്നത്. മൈഗ്രേൻ, അരിവാള്‍ രോഗം (സിക്കിൾ സെൽ അനീമിയ) ഇവ വരുന്ന ആളുകളിലും സ്ട്രോക് സാധ്യത കാണാറുണ്ട്. കഴുത്തിനടുത്തുള്ള, തലച്ചോറിലേക്കു രക്തചംക്രമണം നടത്തുന്ന രക്തക്കുഴലുകൾക്കു തടസ്സം വരുമ്പോഴും സ്ട്രോക് വരാം.
ലക്ഷണങ്ങളെ നിരീക്ഷിക്കാം
∙ ഏറ്റവും പ്രധാനമായി കാണുന്നതു ശരീരത്തിന്റെ ഒരു വശം തളർന്നു പോകുക എന്നതാണ്. കയ്യും കാലും ഒരുമിച്ചു തളർന്നു പോകുക, കൈ പൊക്കാൻ പറ്റാതിരിക്കുക, നടക്കാൻ പറ്റാതെയാകുക ഒക്കെയായി ഇതു വരാം.
∙ ശരീരത്തിന്റെ ഒരു വശത്തുള്ള മരവിപ്പും തരിപ്പും.
∙ പെട്ടെന്ന് ഒരു കണ്ണിലോ രണ്ടിലുമോ ഉണ്ടാകുന്ന അന്ധത. അസുഖം വന്നതിനോ അണുബാധയുണ്ടായതിനു ശേഷമോ ഒന്നുമല്ലാതെ ഒരു കാരണവുമില്ലാതെയാകും കാഴ്ച നഷ്ടപ്പെടുന്നത്.
∙ നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുക. ഒരു വശത്തേക്കു വേച്ചു വേച്ചു പോകുക. നേർരേഖയിൽ നടക്കാൻ പറ്റാതാവുക.
∙ മലവും മൂത്രവും നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയും അറിയാതെ മലവും മൂത്രവും പോകുന്ന അവസ്ഥയും ഉ ണ്ടാകാം.
∙ നാക്ക് കുഴച്ചിൽ, പറയുന്നതു വ്യക്തമാകാതെ വരിക, ചോദ്യം മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ, അതു മനസ്സിലാക്കാൻ സാധിക്കാതെ മറ്റെന്തെങ്കിലും മറുപടി നൽകുന്ന കോംപ്രിഹെൻഷൻ പ്രശ്നങ്ങൾ ഇവയും ഉണ്ടാകാം
∙ തലകറക്കം, തലചുറ്റൽ, ഛർദി, ഓക്കാനം. (തലച്ചോറിന്റെ പുറകു വശത്തുള്ള സെറിബെല്ലത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നം വരുമ്പോഴാണ് ഇവ വരിക.)
∙ ചിലർക്കു ചെവിയിൽ മണിയടിക്കും പോലെ തോന്നും. കേൾവി നഷ്ടപ്പെടും.
∙ഒരു വസ്തുവിനെ രണ്ടായി കാണുക.
∙ ചിരിക്കുമ്പോഴോ സംസാരിക്കുമ്പോഴോ ചുണ്ട് കോടിപ്പോകുക.
∙ വൈകി വരുന്നൊരു ലക്ഷണമാണ് അപസ്മാരം. ക്രമേണ ബോധം മറഞ്ഞു കോമയിലേക്ക് പോകാം.
സൂചനകൾ അറിഞ്ഞു പരിചരിക്കാം
∙ ആരെങ്കിലും കയ്യിൽ തരിപ്പു വരുന്നു എന്നൊക്കെ പറഞ്ഞാൽ ഉടനെ തടവിയാൽ/ ഉറങ്ങിയാൽ/ നാരങ്ങാവെള്ളം കുടിച്ചാൽ മാറിക്കോളും എന്നൊക്കെ പറയാതെ ആളുകളെ കുറച്ചു നേരത്തേക്കു നിരീക്ഷിക്കുക. തരിപ്പു വന്ന് ഒരു വശം തളരുന്ന പോലെ വന്നാൽ ഉടനെ വൈദ്യസഹായം ലഭ്യമാക്കണം.
∙ അത്രയും നേരം സ്വാഭാവികമായി പെരുമാറിയിരുന്ന ഒരാൾ പെട്ടെന്ന് അസ്വാഭാവികമായ രീതിയിൽ പെരുമാറുന്നു എങ്കിൽ ശ്രദ്ധിക്കുക.
∙ എന്തെങ്കിലും ചോദിക്കുമ്പോൾ ഒരു മറുപടിയും തരാതെ കണ്ണു മിഴിക്കുക.
∙ അതുവരെ തലവേദന കാര്യമായി വരാത്തൊരാൾക്ക് പെട്ടന്നു ശക്തമായി തലവേദനിക്കുന്നു എന്നൊക്കെ പറഞ്ഞാൽ ശ്രദ്ധിക്കുക.
ഇത്തരം സൂചനകളൊന്നും ലളിതമായി കാണരുത്. പൊടിക്കൈകൾ കൊണ്ടു പരിഹരിക്കാമെന്നും കരുതരുത്. ഉടനെ തന്നെ ഡോക്ടറുടെ അടുക്കലെത്തിക്കുകയോ അതു സാധ്യമായില്ലെങ്കിൽ ഡോക്ടറെ ഫോണിൽ വിളിച്ചു ചെയ്യേണ്ട കാര്യങ്ങൾ ചോദിക്കുകയോ വേണം. .
അറിയാം പ്രതിരോധ ശീലങ്ങൾ
ഒരു കുഞ്ഞു വളരുമ്പോൾ തന്നെ ആരോഗ്യശീലങ്ങളോടെ വളരാനുള്ള സാഹചര്യം ഒരുക്കുക. എപ്പോഴും ഫാസ്റ്റ് ഫൂഡും പാക്കേജ്ഡ് ഭക്ഷണവും കാർബണേറ്റഡ് പാനീയങ്ങളും കൊടുത്തു ശീലിപ്പിക്കുമ്പോൾ വണ്ണം വയ്ക്കാനുള്ള ഒരു പ്രക്രിയ അവിടുന്നേ തുടങ്ങുന്നുണ്ട് എന്നു മനസ്സിലാക്കുക.
പലരും കുഞ്ഞിനെ ലാളിക്കുന്നതും സ്നേഹം കാണിക്കുന്നതു പോലും കുഞ്ഞിന് ഇത്തരം ഭക്ഷണങ്ങളും പാനീയങ്ങളും വാങ്ങി നൽകിയാണ്. തെറ്റായ ജീവിതശൈലി അവിടുന്നേ കുട്ടികൾ ശീലിച്ചു തുടങ്ങുന്നു. ഇതു മുതിരുമ്പോൾ മാറ്റിയെടുക്കുന്നതു പ്രയാസകരമാണ്. അതുകൊണ്ടു കഴിവതും നേരത്തെ തന്നെ ആരോഗ്യ ജീവിത രീതി ശീലിപ്പിക്കുക.
∙ ചെറുപ്പം മുതലേ വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക. ഓരോ പ്രായത്തിന് അനുയോജ്യമായ വ്യായാമങ്ങൾ ചെയ്തു പോരുക. കളിക്കാൻ വിടുക, സൈക്ലിങ് പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ചെയ്യാം.
∙ കുട്ടികൾ സമീകൃതമായ ആഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. അതുവഴി നല്ല പ്രതിരോധശേഷിയുള്ള ആരോഗ്യകരമായ ശരീരം ഉണ്ടായിവരും.
∙ 30 വയസ്സു മുതൽ ബി. പി., പ്രമേഹം, കൊളസ്ട്രോൾ മുതലായവ കൃത്യമായി പരിശോധിക്കുക. ഇവയിലേതെങ്കിലുമുണ്ടെങ്കിൽ ചികിത്സ ആദ്യം മുതലേ ചെയ്യുക.
∙ ഡോക്ടറോട് ചോദിക്കാതെ മരുന്നിന്റെ അളവുകൾ കൂട്ടുക – കുറയ്ക്കുക മുതലായ പ്രവണതകൾ ദോഷം ചെയ്യും. അത്തരം കാര്യങ്ങൾ പൂർണമായി ഒഴിവാക്കാം. വൈദ്യനിർദേശപ്രകാരമല്ലാതെ മരുന്നുകൾ കഴിക്കരുത്.
∙ കഴിവതും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താ ൻ ശ്രമിക്കുക.
∙ ആരോഗ്യത്തെ അവതാളത്തിലാക്കുന്ന സ്വഭാവങ്ങളിൽ നിന്നു വിട്ടു നിൽക്കുക. പുകവലി, മദ്യപാനം, ലഹരി ഉപയോഗം എന്നിവ നിങ്ങളെ മാനസികമായും ശാരീരികമായും അപകടത്തിലാക്കും.
സ്ട്രോക്കിന് പ്രഥമ ചികിത്സയുണ്ടോ?
വീട്ടിലോ, ജോലി സ്ഥലത്തോ എവിടെ വച്ചും സ്ട്രോക് വരാം. അതുകൊണ്ടു സ്ട്രോക്കിനെ കുറിച്ചുള്ള അവബോധം ജനങ്ങളിലുണ്ടാക്കുകയാണു പ്രധാനം. ടിവി, റേഡിയോ, ഫോൺ, സാമൂഹിക മാധ്യമങ്ങൾ, പൊതു ഇടങ്ങളിൽ, ജോലി സ്ഥലത്തെ നോട്ടീസ് ബോർഡുകളിൽ ഒക്കെ സ്ട്രോക്കിനെ കുറിച്ചുള്ള പോസ്റ്ററുകൾ/ വിവരങ്ങൾ നൽകാം. കുറച്ചു പേരെങ്കിലും ഇതൊക്കെ ശ്രദ്ധിക്കും. മറ്റുള്ളവരിലേക്ക് അറിവു പകരുകയും ചെയ്യും.
∙ സ്ട്രോക് സംശയിച്ചാൽ കഴിവതും വേഗത്തിൽ വൈദ്യസഹായത്തിനായി വിളിക്കുക. അത് ആംബുലൻസ് ആ കാം. പാലിയേറ്റിവ് കെയറിലെ ആളുകളുടെ സഹായമോ ഒക്കെ ആകാം.
∙ബി. പിയും പ്രമേഹവും പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഇന്ന് മിക്ക വീടുകളിലുമുണ്ട്. അവയുണ്ടെങ്കി ൽ പരിശോധിച്ച് അളവുകൾ നോക്കി അടയാളപ്പെടുത്തി വയ്ക്കാം. വ്യതിയാനം ശ്രദ്ധയിൽപെടുന്ന സാഹചര്യത്തി ൽ ഡോക്ടറെ കാണാൻ വൈകരുത്.
∙ സ്ട്രോക്ക് വരുന്ന 80 ശതമാനം ആളുകളും വീഴുക പ തിവാണ്. വീണു പരുക്കു പറ്റിയ അവസ്ഥയുണ്ടെങ്കിൽ രോഗിയെ ബുദ്ധിമുട്ടിക്കാതെ ആ പരുക്കിനെ പരിചരിക്കാം. വീണു കിടക്കുന്ന രോഗി കഴിച്ച ഭക്ഷണം പിറകിലേക്കു വന്നു ശ്വാസകോശത്തിലേക്കു നീങ്ങാനിടയുണ്ട്. അതുകൊണ്ട് രോഗിയെ ഇടത്തോട്ടോ വലത്തോട്ടോ ചരിച്ചു കിടത്തുക.
∙ നമ്മുടെ കയ്യുടെ പുറകു വശം രോഗിയുടെ മൂക്കിലും വായിലും സ്പർശിച്ചു ശ്വാസോച്ഛ്വാസം പരിശോധിക്കാം. രോഗിക്കു സ്വയം ശ്വാസോച്ഛ്വാസം ചെയ്യാന്‍ കഴിയുന്നില്ലെങ്കിൽ സിപിആർ കൊടുക്കാം.
∙ പലപ്പോഴും നാക്കു കുഴഞ്ഞു പുറകിലേക്കു പോയി അ ന്നനാളത്തിന്റെയും ശ്വാസനാളത്തിന്റെയും ഇടയിൽ പെട്ടു തടസ്സം സൃഷ്ടിക്കാറുണ്ട്. അങ്ങനെ വന്നാൽ രോഗിയുടെ നാക്ക് സാവകാശം ഗ്ലൗസ് ഇട്ട കൈകൊണ്ടു നേരേയാക്കുക. ഊരിപ്പോരുന്ന തരം വെപ്പുപല്ലോ മറ്റോ രോഗിയുടെ വായിലുണ്ടെങ്കിൽ അതും ഉടനെ മാറ്റുക.
∙ അപകടസാധ്യത ഏറെയുള്ള സ്ഥലത്തു വച്ചാണ് (ഉയരമുള്ളിടം, വണ്ടിയോടിക്കുന്നതിനിടെ, രാസവസ്തുക്കൾക്കിടയിലാണെങ്കിൽ, വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനിടെയൊക്കെ...) സ്ട്രോക് ലക്ഷണം കാണിക്കുന്നതെങ്കിൽ അവരെയുടൻ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റുക എന്നതാണ് ആദ്യപടി.
രോഗി വളരെയധികം മാനസിക സമ്മർദത്തിലായിരിക്കും. അതിനിടയ്ക്ക് നമ്മൾ കരയുകയോ വെപ്രാളപ്പെടുകയോ ചെയ്യാതെ അവരെ സമാധാനിപ്പിക്കുക. രോഗിയെ പരിചരിക്കുന്നവര്‍ സംയമനം പാലിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ആ സമയം രോഗിക്ക് ബി. പി. കൂടുന്നത് അപകടകരമാണ്. വൈദ്യസഹായം ലഭ്യമാകും വരെ അത് കുറച്ച് വയ്ക്കുക എന്നത് നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
നിർണായകമായ ആദ്യ നാലര മണിക്കൂർ
തലച്ചോറിലെ കോശങ്ങളെ ന്യൂറോൺസ് എന്നാണ് വിളിക്കുക. ഇത്തരം ദശലക്ഷക്കണക്കിന് ന്യൂറോണുകളുണ്ട്. ഇവയ്ക്കു നിലനിൽക്കണമെങ്കിൽ തുടർച്ചയായി ഓക്സിജനും ഗ്ലൂക്കോസും വേണം. മൂന്നു രക്തവാഹിനി ആർട്ടറികളാണ് അതെത്തിക്കുക. അതിനെന്തെങ്കിലും തടസ്സം വരുമ്പോഴാണ് സ്ട്രോക് വരുന്നത്.
സ്ട്രോക് വരുമ്പോൾ ഈ മൂന്ന് ആർട്ടറികളിലേക്കുള്ള രക്തസഞ്ചാരം കുറഞ്ഞ് ന്യൂറോണുകൾ നശിക്കുന്നു. ഒപ്പം അവയ്ക്കുള്ളിൽ വിഷലിപ്തമായ രാസവസ്തുക്കൾ അടിഞ്ഞും കൂടും.
ഒരിക്കൽ നശിച്ച കോശങ്ങൾ ചികിത്സിച്ചാലും വീണ്ടെടുക്കാൻ സാധിക്കില്ല. പക്ഷേ, നാലര മണിക്കൂർ വരെ ഈ കോശങ്ങളെ സംരക്ഷിച്ചു വയ്ക്കാൻ സാധിക്കും എന്നു പഠനങ്ങൾ പറയുന്നു. ഒരു രോഗിക്ക് സ്ട്രോക് വന്നു നാലര മണിക്കൂറിൽ ബ്ലോക് മാറ്റാൻ സാധിച്ചാൽ തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി വീണ്ടെടുക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.
ത്രോംബോളിട്ടിക് തെറപി എന്നാണ് സ്ട്രോക്കിനു കാരണമായ ബ്ലോക്കുകളെ മാറ്റുന്ന പ്രക്രിയയ്ക്ക് പറയുന്നത്. ഇതു സമയത്തു ചെയ്താൽ 90 ശതമാനത്തോളം രോഗിയെ പഴയപടിയാക്കാം.
തയാറാക്കിയത്: ശ്യാമ, വിവരങ്ങൾക്ക് കടപ്പാട്: ഡോ. ഹരികൃഷ്ണൻ ആർ., പ്രഫസർ, ഇന്റേണൽ മെഡിസിൻ ആന്റ് ഹേമറ്റോളജി, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം