സ്ട്രോക്ക് വന്നാൽ ആദ്യം ചെയ്യേണ്ടത് എന്താണ്?
നിങ്ങളുടെ മാതാപിതാക്കൾക്കോ പങ്കാളിക്കോ സഹപ്രവർത്തകർക്കോ ബന്ധുക്കൾക്കോ അല്ലെങ്കിൽ നിങ്ങൾക്ക് ചുറ്റുമുള്ള ആർക്കെങ്കിലുമോ പെട്ടെന്ന് പക്ഷാഘാതം (സ്ട്രോക്ക്) ഉണ്ടായേക്കാം. രോഗി ജീവിതത്തിലേക്ക് തിരിച്ചുവരുമോ, വീണ്ടും പഴയപോലെ നടന്നു തുടങ്ങുമോ എന്നതെല്ലാം ആദ്യത്തെ 10 മിനിറ്റിനുള്ളിൽ നിങ്ങൾ എടുക്കുന്ന നിർണായക തീരുമാനത്തെ ആശ്രയിച്ചിരിക്കും.
ലോകമെമ്പാടും ഏറ്റവും കൂടുതൽ വൈകല്യത്തിന് കാരണമാകുന്ന രോഗങ്ങളിൽ ഒന്നാണ് പക്ഷാഘാതം. എന്നാൽ ഏറ്റവും പ്രതീക്ഷ നൽകുന്ന സത്യം - സമയത്ത് ശരിയായ ചികിത്സ ലഭിച്ചാൽ രോഗിയെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയും. പക്ഷേ, അതിന് ഒരു വ്യവസ്ഥയുണ്ട്.
ആദ്യം സ്ട്രോക്ക് ഉടനടി തിരിച്ചറിയണം!
ഓർക്കൂ: BE FAST
B – Balance: പെട്ടെന്ന് ബാലൻസ് നഷ്ടപ്പെടുന്നുണ്ടോ?
E – Eyes: ഒരു കണ്ണിലോ രണ്ടു കണ്ണിലോ കാഴ്ച മങ്ങുന്നുണ്ടോ?
F – Face: മുഖം ഒരു വശത്തേക്ക് കോടിയോ?
A – Arm: ഒരു കൈ ഉയർത്താൻ കഴിയുന്നില്ലേ? ബലക്കുറവുണ്ടോ?
S – Speech: സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടോ? വാക്കുകൾ കുഴയുന്നുണ്ടോ?
T – Time: ഒരു നിമിഷം പോലും പാഴാക്കരുത്.
ആദ്യ ശുശ്രൂഷ എന്താണ്?
പലരും കരുതുന്നതു പോലെ വീട്ടുവൈദ്യമോ, മരുന്നോ, വെള്ളമോ, കാപ്പിയോ, പഞ്ചസാരയോ അല്ല ആദ്യ ശുശ്രൂഷ. ഏറ്റവും പ്രധാനപ്പെട്ട ആദ്യ ശുശ്രൂഷ- രോഗിയെ കഴിയുന്നത്ര വേഗത്തിൽ ഒരു സമ്പൂർണ Stroke Unit ഉള്ള ആശുപത്രിയിൽ എത്തിക്കുക എന്നതാണ്.
സ്ട്രോക്കിനുള്ള അത്യാവശ്യ ചികിത്സ സാധാരണയായി നാലര മണിക്കൂറിനുള്ളിൽ ആരംഭിക്കണം. ഇതിൽ യാത്രാസമയവും, അടിയന്തര എംആർഐ (Emergency MRI) ഉൾപ്പെടെ പക്ഷാഘാതം സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനാ സമയവും ഉൾപ്പെടുന്നു. ഓർക്കുക- Earlier is Better. എത്ര നേരത്തെയാകുന്നുവോ അത്രയും നല്ലത്. ഓരോ മിനിറ്റും ലക്ഷക്കണക്കിന് മസ്തിഷ്കകോശങ്ങൾ നഷ്ടപ്പെടാം.
സ്ട്രോക്ക് സംശയിക്കുന്ന രോഗിയെ സമയം നഷ്ടപ്പെടുത്തി ചെറിയ ക്ലിനിക്കുകളിലോ സ്ട്രോക്ക് ചികിത്സ സൗകര്യമില്ലാത്ത ആശുപത്രികളിലോ കൊണ്ടുപോകുന്നത് ചികിത്സ വൈകിപ്പിച്ചേക്കാം. സാധ്യമെങ്കിൽ നേരിട്ട് Stroke Unit ഉള്ള ആശുപത്രിയിലേക്കാണ് എത്തിക്കേണ്ടത്.
ട്രാൻസിയന്റ് ഇസ്കെമിക് അറ്റാക്ക് (TIA) - ആക്രമിക്കുന്നതിന് മുൻപ് മുന്നറിയിപ്പ് നൽകുന്ന ചെറിയ പക്ഷാഘാതം
ശരീരം നൽകുന്ന അവസാന മുന്നറിയിപ്പ് ഒരിക്കലും അവഗണിക്കരുത്. പെട്ടെന്ന് സംസാരിക്കാൻ കഴിയാതെ വരുകയോ, ഒരു കൈയ്ക്ക് ബലക്കുറവ് അനുഭവപ്പെടുകയോ, അല്ലെങ്കിൽ ഒരു കണ്ണിലെ കാഴ്ച നഷ്ടപ്പെടുകയോ ചെയ്യുന്നതായി സങ്കൽപ്പിക്കുക. എന്നാൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ എല്ലാം സാധാരണ നിലയിലാകുന്നു. മിക്ക ആളുകളും ആശ്വാസത്തോടെ അത് അവഗണിക്കുകയാണ് പതിവ്. അത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായി മാറിയേക്കാം..!
ഇതിനെ ട്രാൻസിയന്റ് ഇസ്കെമിക് അറ്റാക്ക് (TIA) എന്ന് വിളിക്കുന്നു. ഇത് പലപ്പോഴും മിനി- സ്ട്രോക്ക് (ചെറിയ പക്ഷാഘാതം) എന്നും അറിയപ്പെടുന്നു. തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തയോട്ടം താൽക്കാലികമായി തടസ്സപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. രക്തയോട്ടം പുനഃസ്ഥാപിക്കപ്പെടുന്നതിനാൽ ലക്ഷണങ്ങൾ സാധാരണയായി നിമിഷങ്ങൾക്കോ മിനിറ്റുകൾക്കോ ഉള്ളിൽ അപ്രത്യക്ഷമാകുമെങ്കിലും, അപകടം ഒഴിഞ്ഞുപോയിട്ടില്ല.
TIA നിസ്സാരമായ ഒരു സംഭവമല്ല - ഇത് തലച്ചോറിന്റെ അടിയന്തര മുന്നറിയിപ്പ് സന്ദേശമാണ്. വരും മണിക്കൂറുകളിലോ ദിവസങ്ങളിലോ ഒരു വലിയ പക്ഷാഘാതം (major stroke) ഉണ്ടായേക്കാം എന്ന് ഇത് നിങ്ങളെ അറിയിക്കുന്നു.
ലക്ഷണങ്ങൾ തിരിച്ചറിയുക, ഉടൻ തന്നെ നടപടിയെടുക്കുക. BE FAST ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ - അവ പൂർണ്ണമായും അപ്രത്യക്ഷമായാൽ പോലും - പക്ഷാഘാത ചികിത്സയ്ക്കായി പ്രത്യേക വിഭാഗമുള്ള (Stroke Unit) ആശുപത്രിയിൽ ഉടൻ തന്നെ ചികിത്സ തേടുക.
നേരത്തെയുള്ള പരിശോധനയും ചികിത്സയും വഴി മാരകമായ പക്ഷാഘാതമോ, സ്ഥിരമായ അംഗവൈകല്യം ഒഴിവാക്കാനോ, അല്ലെങ്കിൽ ജീവൻ തന്നെ രക്ഷിക്കാനോ സാധിക്കും. ലക്ഷണങ്ങൾ അപ്രത്യക്ഷമായതിൽ ആശ്വസിക്കുകയല്ല വേണ്ടത്; മറിച്ച്, പക്ഷാഘാതം തടയാൻ കഴിഞ്ഞു എന്ന് ഉറപ്പാക്കിയ ശേഷം മാത്രം ആശ്വസിക്കുക.
ചെയ്യരുതാത്ത കാര്യങ്ങൾ
- ഭക്ഷണമോ വെള്ളമോ കൊടുക്കരുത്.
- രോഗി "കുറച്ച് കഴിഞ്ഞാൽ ശരിയാകും" എന്ന് പറഞ്ഞാലും കാത്തിരിക്കരുത്.
- സ്വയം വാഹനമോടിക്കാൻ അനുവദിക്കരുത്.
- ലക്ഷണങ്ങൾ മാറിയാലും അവഗണിക്കരുത്.
ഓർക്കുക...
മസ്തിഷ്കത്തെ സംരക്ഷിക്കുന്നതിൽ സമയം അങ്ങേയറ്റം വിലപ്പെട്ടതാണ്. സ്ട്രോക്കിൽ ഓരോ മിനിറ്റും ലക്ഷക്കണക്കിന് മസ്തിഷ്കകോശങ്ങൾ നഷ്ടപ്പെടുന്നു. ചികിത്സ തുടങ്ങുന്നതിൽ ഒരു മണിക്കൂർ വൈകുന്നത് പോലും രോഗമുക്തിക്കുള്ള സമയം വർഷങ്ങളോളം നീളാൻ കാരണമായേക്കാം.
"സ്ട്രോക്ക് വന്ന ഒരാളുടെ ജീവിതം പലപ്പോഴും ഡോക്ടറുടെ കൈകളിൽ എത്തുന്നതിന് മുമ്പേ തീരുമാനിക്കപ്പെടുന്നു. ആ തീരുമാനം എടുക്കുന്നത് നിങ്ങളായിരിക്കാം. ഇന്ന് നിങ്ങൾ പഠിക്കുന്ന BE FAST, നാളെ ഒരാളുടെ ചിരിയും സംസാരവും നടത്തവും ജീവിതവും തിരികെ നൽകാൻ സഹായിച്ചേക്കാം. അതുകൊണ്ട് ഈ അറിവ് എല്ലാവരിലും എത്തണം.
എഴുത്ത്: Dr Arun Oommen, Neurosurgeon