ADVERTISEMENT

“ഓർമ്മക്കുറവ് വെറും പ്രായത്തിന്റെ ഭാഗമോ? അതോ ഡിമെൻഷ്യയുടെ (Dementia) ആദ്യ മുന്നറിയിപ്പോ?”

“ശോ! പേര് ഓർമ്മ വരുന്നില്ല… എന്റെ നാവിൻതുമ്പിലുണ്ട്!”

ADVERTISEMENT

“എന്തിനാണ് മുറിയിൽ വന്നതെന്ന് മറന്നുപോയി!”

“താക്കോൽ എവിടെ വച്ചെന്ന് ഓർമ്മയില്ല…”

ADVERTISEMENT

ഇവയിൽ ചിലത് സാധാരണ പ്രായാധിഷ്ഠിത മറവിയായിരിക്കാം.

പക്ഷേ, എപ്പോഴാണ് മറവി ഒരു മുന്നറിയിപ്പായി മാറുന്നത്?എല്ലാ മറവിയും ഡിമെൻഷ്യയല്ല.

ADVERTISEMENT

അതാണ് നമ്മൾ തിരിച്ചറിയേണ്ടത്.

വിവിധ തരം ഡിമെൻഷ്യകളുണ്ട്. ഡിമെൻഷ്യയിൽ ഏറ്റവും സാധാരണമായത് അൽഷിമേഴ്സ് (Alzheimers) ആണ്.

സാധാരണ മറവിയോ അതോ മുന്നറിയിപ്പോ?

സാധാരണ പ്രായാധിഷ്ഠിത മറവി…

“അയ്യോ… ആ പേര് എന്തായിരുന്നു?”

പരിചിതനായ ഒരാളുടെ പേര് ഓർമ്മിക്കാൻ കുറച്ച് നിമിഷങ്ങൾ എടുക്കുന്നു. പേര് നാവിൻതുമ്പിലുണ്ട്, പക്ഷേ പറയാൻ കഴിയുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ—

“ഓ… ഇപ്പോൾ ഓർമ്മ വന്നു!”

താക്കോൽ എവിടെ വച്ചെന്ന് മറന്നുപോകുന്നു. വീട്ടിലാകെ തിരയുന്നു. ഒടുവിൽ അത് കണ്ടെത്തുകയും ചെയ്യും.

ഇടയ്ക്കൊക്കെ ഒരേ ചോദ്യം വീണ്ടും ചോദിച്ചേക്കാം. പക്ഷേ മറുപടി പറഞ്ഞാൽ കാര്യം മനസ്സിലാകുകയും പിന്നീട് ഓർമ്മിക്കുകയും ചെയ്യും.

ഏറ്റവും പ്രധാനമായി, ദൈനംദിന ജീവിതത്തിലെ പതിവ് കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ കഴിയും. പണം കൈകാര്യം ചെയ്യാനും, മരുന്നുകൾ കൃത്യമായി കഴിക്കാനും, വീട്ടിലെ കാര്യങ്ങൾ നോക്കിനടത്താനും, സാധാരണ തീരുമാനങ്ങൾ എടുക്കാനും ബുദ്ധിമുട്ടുണ്ടാകില്ല.

ഇത്തരം ചെറിയ മറവികൾ പ്രായം കൂടുന്നതിനൊപ്പം ഉണ്ടാകാം. പലപ്പോഴും വ്യക്തിക്ക് സ്വന്തം മറവിയെക്കുറിച്ച് ബോധവുമുണ്ടാകും.

പക്ഷേ… കഥ ഇവിടെ മാറുന്നു!

“ ആ വ്യക്തിയുടെ പേര് എന്തായിരുന്നു?”

ഒരിക്കൽ വളരെ പരിചിതമായിരുന്ന പേരുകൾ പോലും വീണ്ടും വീണ്ടും മറക്കാൻ തുടങ്ങുന്നു. വാക്കുകൾ ഓർമ്മയിൽ നിന്ന് പതുക്കെ മാഞ്ഞുപോകുന്നു.

താക്കോൽ എവിടെ വെച്ചെന്ന് മറക്കുന്നത് മാത്രമല്ല…താക്കോൽ എന്തിനാണ് ഉപയോഗിക്കുന്നത് എന്നുപോലും മറക്കാൻ തുടങ്ങാം.

ഒരേ ചോദ്യം വീണ്ടും വീണ്ടും ചോദിക്കുന്നു.

ഒരേ കഥ… ഒരേ സംഭാഷണം… പലതവണ ആവർത്തിക്കുന്നു—ഓരോ തവണയും അത് ആദ്യമായിട്ടെന്ന പോലെ.

പതിവായി ചെയ്തിരുന്ന കാര്യങ്ങൾ പോലും ബുദ്ധിമുട്ടാകുന്നു.

പണം കൈകാര്യം ചെയ്യാൻ പ്രയാസം.

മരുന്നുകൾ കൃത്യമായി കഴിക്കാൻ മറക്കുന്നു.

പരിചിതമായ പാചകരീതി പോലും പിന്തുടരാൻ കഴിയാതെ വരുന്നു.

പതുക്കെ തീരുമാനമെടുക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ബുദ്ധിമുട്ട് തുടങ്ങുന്നു.

ഒരിക്കൽ സ്വതന്ത്രമായി ചെയ്തിരുന്ന ദൈനംദിന കാര്യങ്ങൾക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമായി വരുന്നു.

പലപ്പോഴും ഈ മാറ്റങ്ങൾ ആദ്യം തിരിച്ചറിയുന്നത് രോഗിയല്ല…

അടുത്തുള്ള കുടുംബാംഗങ്ങളായിരിക്കും.

ഇതാണ് സാധാരണ പ്രായാധിഷ്ഠിത മറവിയിൽ നിന്ന് പ്രധാനമായും വ്യത്യസ്തമാകുന്നത്.

ഏറ്റവും പ്രധാനപ്പെട്ട മുന്നറിയിപ്പ്

പ്രായം കൂടുമ്പോൾ ചെറിയ മറവികൾ സ്വാഭാവികമായേക്കാം.

പക്ഷേ മറവി ജീവിതത്തെ നിയന്ത്രിക്കാൻ തുടങ്ങുമ്പോൾ, അത് വെറും വാർദ്ധക്യമാണെന്ന് കരുതി അവഗണിക്കരുത്.

പ്രധാനമായി ശ്രദ്ധിക്കേണ്ടത് മറവിയുടെ അളവല്ല; അത് ദൈനംദിന ജീവിതത്തെ എത്രമാത്രം ബാധിക്കുന്നു എന്നതാണ്.

“താക്കോൽ എവിടെ വെച്ചെന്ന് മറന്നു” എന്നത് സാധാരണ മറവിയായിരിക്കാം.

പക്ഷേ, “താക്കോൽ എന്തിനാണ് ഉപയോഗിക്കുന്നത്?” എന്നത് പോലും മറക്കാൻ തുടങ്ങുന്നത് കൂടുതൽ ഗൗരവമായി കാണേണ്ടതാണ്.

അതുപോലെ, പരിചിതമായ സ്ഥലങ്ങളിൽ വഴിതെറ്റുക, പതിവ് ജോലികൾ ചെയ്യാൻ കഴിയാതെ വരിക, വ്യക്തിത്വത്തിലോ പെരുമാറ്റത്തിലോ വ്യക്തമായ മാറ്റം ഉണ്ടാകുക, അടുത്തിടെ നടന്ന കാര്യങ്ങൾ തുടർച്ചയായി മറക്കുക,  തുടങ്ങിയവയുണ്ടെങ്കിൽ  അൽഷിമേഴ്‌സ് ഉൾപ്പെടെയുള്ള ഡിമെൻഷ്യയ്ക്കുള്ള വിലയിരുത്തൽ ആവശ്യമാണ്.

ഡിമെൻഷ്യ എന്നാൽ ഓർമ്മക്കുറവ് മാത്രം അല്ല. ഓർമ്മയ്‌ക്കൊപ്പം ചിന്താശേഷി, ഭാഷ, ശ്രദ്ധ, തീരുമാനമെടുക്കൽ, പ്രശ്നപരിഹാരം, പെരുമാറ്റം, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയിലും ക്രമേണ മാറ്റങ്ങൾ ഉണ്ടാകാം.

“ഓർമ്മക്കുറവ് ഉണ്ടെന്ന് കരുതി ഉടൻ ഡിമെൻഷ്യ എന്ന് തീരുമാനിക്കരുത്. ചിലപ്പോൾ കാരണം കണ്ടെത്തി ചികിത്സിച്ചാൽ ഓർമ്മയും ചിന്താശേഷിയും മെച്ചപ്പെടാം.”

മറവിക്ക് ഡിമെൻഷ്യ മാത്രമല്ല കാരണം. ചില മരുന്നുകൾ, ഉറക്കപ്രശ്നങ്ങൾ, വിഷാദം, അമിതമായ സമ്മർദ്ദം, മദ്യപാനം, ലഹരിവസ്തുക്കളുടെ ദുരുപയോഗം,  തൈറോയ്ഡ് പ്രശ്നങ്ങൾ, നിർജ്ജലീകരണം, ചില മെറ്റബോളിക് പ്രശ്നങ്ങൾ  ( Metabolic Dissorders) , അണുബാധകൾ, NPH പോലുള്ള ചില മസ്തിഷ്ക പ്രശ്നങ്ങൾ,  ചില പോഷകക്കുറവുകൾ തുടങ്ങിയ ചികിത്സിക്കാവുന്ന കാരണങ്ങളും ഉണ്ടാകാം.

ഒരു ചോദ്യം സ്വയം ചോദിക്കൂ…

“ഞാൻ ചില കാര്യങ്ങൾ മറക്കുന്നതാണോ…

അതോ ഈ മറവി എന്റെ ജീവിതത്തെ മാറ്റിത്തുടങ്ങിയോ?”

മറവി കൂടിവരുകയോ, ദൈനംദിന ജീവിതത്തെ ബാധിക്കുകയോ ചെയ്യുന്നുവെങ്കിൽ “ഇത് പ്രായത്തിന്റെ ഭാഗമാണ്” എന്ന് കരുതി കാത്തിരിക്കരുത്.

മറവിയെ ഭയക്കേണ്ടതില്ല.

പക്ഷേ അതിന്റെ മുന്നറിയിപ്പുകളെ അവഗണിക്കരുത്.

നേരത്തെ തിരിച്ചറിയുന്നത് ചികിത്സയ്ക്കും പിന്തുണയ്ക്കും മാത്രമല്ല—സ്വാതന്ത്ര്യവും ആത്മാഭിമാനവും ജീവിതനിലവാരവും കഴിയുന്നത്ര കാലം സംരക്ഷിക്കാനുള്ള അവസരവുമാണ്.

“ഓർമ്മകൾ മങ്ങിത്തുടങ്ങുമ്പോൾ കാത്തിരിക്കരുത്...കാരണം ചിലപ്പോൾ നേരത്തെയുള്ള ഒരു തിരിച്ചറിവ്… ഒരു ജീവിതത്തിന്റെ ശേഷിക്കുന്ന വർഷങ്ങളെ തന്നെ മാറ്റിമറിച്ചേക്കാം.”

 എഴുത്ത്: Dr. Arun Oommen, Neurosurgeon

Memory Loss: Ageing or Early Dementia Sign?:

Dementia symptoms are often mistaken for normal age-related memory loss, but it's crucial to distinguish between the two. While occasional forgetfulness like misplacing keys or struggling to recall a name is common with aging and doesn't impede daily life, dementia presents a more severe decline. This can involve forgetting familiar names repeatedly, losing track of the purpose of objects, incessant questioning, and difficulty with routine tasks such as managing finances or cooking. Early recognition of these signs, which often impacts daily functioning significantly, is vital. Not all memory loss indicates dementia; treatable causes like medication side effects, stress, or nutritional deficiencies can also be responsible. Prompt medical evaluation can lead to timely treatment, preserving independence and quality of life.

ADVERTISEMENT