പൊക്കിൾകൊടിക്ക് 50-60 സെന്റിമീറ്റർ നീളമുള്ളതുകൊണ്ടും കുഞ്ഞു നിരന്തരം അനങ്ങുന്നതുകൊണ്ടും കുഞ്ഞിന്റെ തലയിലും കഴുത്തിലും ശരീരത്തിലും പൊക്കിൾകൊടി ചുറ്റാറുണ്ട്. ഏകദേശം 25 ശതമാനം കുഞ്ഞുങ്ങളുടെയും കഴുത്തിൽ ഒന്നോ അതിലധികമോ തവണ പൊക്കിൾകൊടി ചുറ്റിയിരിക്കുന്നതായി ജനനസമയത്തു കാണാം. ഗർഭകാലത്തിന്റെ അവസാനത്തോടെ ചെയ്യുന്ന സ്കാനിങ്ങിലും ഇങ്ങനെ കാണാറുണ്ട്.
പൊക്കിൾകൊടി കഴുത്തിൽ ചുറ്റിയ കുഞ്ഞു പ്രസവസമയത്തു താഴേക്കു നീങ്ങുമ്പോൾ പൊക്കിൾകൊടി വലിയാനും ഞെരുങ്ങാനും സാധ്യതയുണ്ട്. ഇതു മൂലം കുഞ്ഞിലേക്കുള്ള രക്തയോട്ടം കുറയുകയും ഓക്സിജൻ ലഭിക്കാതെ വരികയും ചെയ്യും. കുഞ്ഞിന്റെ ഹൃദയമിടിപ്പിനെ ദോഷകരമായി ബാധിച്ച് അപകടം സംഭവിക്കാം. ഒന്നിൽ കൂടുതൽ തവണ പൊക്കിൾകൊടി മുറുകെ ചുറ്റിയിരിക്കുകയോ പൊക്കിൾകൊടിക്കു നീളം കുറവോ ആണെങ്കിലാണ് ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത കൂടുതൽ.
പൊക്കിൾകൊടി കഴുത്തിൽ ചുറ്റാതിരിക്കാൻ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയുമെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഗർഭകാലത്തിന്റെ അവസാനത്തോടെ ചെയ്യുന്ന സ്കാനിങ്ങിൽ പൊക്കിൾകൊടി ചുറ്റിയിരിക്കുന്നതായി കണ്ടാൽ കുഞ്ഞിന്റെ അനക്കം സസൂക്ഷ്മം ശ്രദ്ധിക്കുക എന്നതാണ് അമ്മയ്ക്കു ചെയ്യാൻ കഴിയുന്ന മുൻകരുതൽ. അതുപോലെതന്നെ പ്രസവസമയത്തു കുഞ്ഞിന്റെ ഹൃദയമിടിപ്പു സൂക്ഷ്മതയോടെ നിരീക്ഷിച്ചാണ് ഡോക്ടർമാർ പ്രസവം നടത്തുക.
പൊക്കിൾകൊടി ചുറ്റിയാൽ സിസേറിയൻ തന്നെ ചെയ്യണമെന്നു യാതൊരു മാർഗനിർദേശവുമില്ല. സാധാരണ പ്രസവവും സാധ്യമാണ്. മറ്റേതൊരു പ്രസവത്തിലും ഉണ്ടാകാവുന്ന കോംപ്ലിക്കേഷൻ പോലെ കുഞ്ഞിന്റെ ഹൃദയമിടിപ്പു കുറയുകയോ മറ്റോ ചെയ്താൽ എമർജൻസി സിസേറിയൻ വേണ്ടി വന്നേക്കാം.
വിവരങ്ങൾക്കു കടപ്പാട് : ഡോ. ജിജി എ, അസോ. പ്രഫസർ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഗവ. ടി.ഡി മെഡിക്കൽ കോളജ്, ആലപ്പുഴ