കൈ വിറയ്ക്കുന്നു… ഇത് പാർക്കിൻസോണിസം (Parkinsonism) തന്നെയാണോ? കൈയിലെ വിറയലിനപ്പുറം, തലച്ചോർ നൽകുന്ന ആ ചെറിയ മുന്നറിയിപ്പുകൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
“കൈ വിറയ്ക്കുന്നു… നടക്കുമ്പോൾ കാലുകൾ പതുക്കെയാകുന്നു… എഴുത്ത് ചെറുതാകുന്നു… ശബ്ദം കുറഞ്ഞുവരുന്നു…”, ഇതെല്ലാം പ്രായത്തിന്റെ സ്വാഭാവിക മാറ്റങ്ങളായി കരുതി അവഗണിക്കേണ്ടതില്ല.
എന്താണ് പാർക്കിൻസോണിസം ?
പാർക്കിൻസോണിസം ഒരു രോഗത്തിന്റെ പേര് മാത്രമല്ല; ചലനം മന്ദഗതിയാകുക (bradykinesia), പേശികളുടെ മുറുക്ക് (rigidity), വിശ്രമാവസ്ഥയിലെ വിറയൽ (resting tremor), ബാലൻസ് പ്രശ്നങ്ങൾ തുടങ്ങിയ ഉണ്ടാകാവുന്ന ലക്ഷണങ്ങളുടെ കൂട്ടമാണ്.
ഇതിന്റെ ഏറ്റവും സാധാരണമായ കാരണം പാർക്കിൻസൺസ് രോഗം (Parkinson’s disease) ആണ്. എന്നാൽ ചില മരുന്നുകൾ (medications), തലച്ചോറിലെ രക്തക്കുഴൽ രോഗങ്ങൾ (vascular diseases), മറ്റ് നാഡീകോശങ്ങളുടെ ക്ഷയരോഗങ്ങൾ (neurodegenerative disorders) എന്നിവയും പാർക്കിൻസോണിസത്തിന് (Parkinsonism) കാരണമാകാം.
എന്താണ് പാർക്കിൻസൺസ് രോഗത്തിൽ സംഭവിക്കുന്നത്?
തലച്ചോറിലെ സബ്സ്റ്റാൻഷ്യ നൈഗ്ര (Substantia nigra) എന്ന ഭാഗത്തുള്ള ഡോപ്പമിൻ ഉൽപ്പാദിപ്പിക്കുന്ന നാഡീകോശങ്ങൾ (dopamine-producing neurons) ക്രമേണ നശിച്ചുപോകുന്നു. ഇതോടെ ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ നാഡീവ്യൂഹങ്ങളിൽ (brain circuits) ഡോപ്പമിന്റെ അളവ് കുറയുകയും ചലനങ്ങൾ മന്ദഗതിയിലാകുകയും ചെയ്യുന്നു.
മിക്ക കേസുകളിലും കൃത്യമായ ഒരൊറ്റ കാരണം കണ്ടെത്താനാകില്ല. പ്രായം (age), ജനിതക സാധ്യത (genetic susceptibility), ചില പാരിസ്ഥിതിക ഘടകങ്ങൾ (environmental factors) എന്നിവയ്ക്ക് പങ്കുണ്ടാകാം.
തുടക്കത്തിൽ ശ്രദ്ധിക്കേണ്ട സൂചനകൾ
കൈ വിറയൽ മാത്രമല്ല പാർക്കിൻസൺസിന്റെ ആദ്യ സൂചന.
• ഒരു കൈയുടെ ചലനവും നടക്കുമ്പോഴുള്ള സ്വാഭാവിക ആട്ടവും (arm swing) കുറയുക
• എഴുത്ത് ചെറുതാകുക — (micrographia)
• ദൈനംദിന കാര്യങ്ങൾ ചെയ്യുന്നത് മന്ദഗതിയാകുക
• മുഖഭാവവും ശബ്ദത്തിന്റെ ശക്തിയും കുറയുക
• ചെറിയ ചുവടുകളോടെ നടക്കുക
• വിശ്രമാവസ്ഥയിലെ വിറയൽ (resting tremor)
• ഗന്ധം തിരിച്ചറിയാനുള്ള കഴിവ് കുറയുക
• മലബന്ധം (constipation)
• ഉറക്കത്തിൽ സ്വപ്നം “അഭിനയിക്കുന്ന” പോലുള്ള പെരുമാറ്റം — REM ഉറക്ക പെരുമാറ്റ വൈകല്യം (REM sleep behaviour disorder)
ചില ചലനേതര ലക്ഷണങ്ങൾ (non-motor symptoms), ചലനലക്ഷണങ്ങൾക്ക് (motor symptoms) മുമ്പുതന്നെ പ്രത്യക്ഷപ്പെടാം.
പാർക്കിൻസോണിസവുമായി ബന്ധപ്പെട്ട 15 സാധാരണ ചോദ്യങ്ങൾ — ചുരുക്കത്തിൽ
1. പാർക്കിൻസോണിസം = പാർക്കിൻസൺസ് രോഗമാണോ?
അല്ല. പാർക്കിൻസൺസ് രോഗം (Parkinson’s disease) പാർക്കിൻസോണിസത്തിന്റെ (Parkinsonism) പ്രധാന കാരണങ്ങളിലൊന്നാണ്.
2. കൈ വിറച്ചാൽ പാർക്കിൻസൺസ് ആണോ?
അല്ല. എസൻഷ്യൽ ട്രെമർ (Essential tremor), മരുന്നുകളുടെ പാർശ്വഫലങ്ങൾ, ഹൈപ്പർതൈറോയിഡിസം (Hyperthyroidism), ഡിസ്റ്റോണിയ (Dystonia) ഉൾപ്പെടെ പല കാരണങ്ങളുണ്ടാകാം. Parkinsonian tremor സാധാരണയായി വിശ്രമാവസ്ഥയിലാണ് കൂടുതലായി കാണുന്നത്.
3. Parkinson’s-ൽ വിറയൽ ഇല്ലാതിരിക്കുമോ?
തീർച്ചയായും. ചിലരിൽ ചലനം മന്ദഗതിയാകൽ (bradykinesia), പേശികളുടെ മുറുക്ക് (rigidity) എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
4. പ്രായമായവർക്കു മാത്രമാണോ ഇത്?
അല്ല. ചെറുപ്പത്തിലും പാർക്കിൻസൺസ് രോഗം ഉണ്ടാകാം.
5. ഇത് പാരമ്പര്യമാണോ?
മിക്ക കേസുകളും നേരിട്ട് പാരമ്പര്യമായി ലഭിക്കുന്നതല്ല. എന്നാൽ ചിലരിൽ ജനിതക ഘടകങ്ങൾക്ക് (genetic factors) പങ്കുണ്ട്.
6. എങ്ങനെ നേരത്തെ കണ്ടെത്താം?
ഒറ്റ രക്തപരിശോധന (blood test) കൊണ്ട് രോഗം സ്ഥിരീകരിക്കാനാവില്ല. ന്യൂറോ ഡോക്ടർന്റെ വിശദമായ പരിശോധന (clinical examination) ആണ് പ്രധാനപ്പെട്ടത്. ആവശ്യമായപ്പോൾ MRI, DaT-SPECT തുടങ്ങിയ പരിശോധനകളും സഹായിക്കും.
7. സംസാരത്തെയും ബാധിക്കുമോ?
അതെ. ശബ്ദം താഴ്ന്നുപോകുകയും സംസാരത്തിന്റെ വ്യക്തത കുറയുകയും ചെയ്യാം.
8. നടത്തത്തിൽ മാറ്റമുണ്ടാകുമോ?
ചെറിയ ചുവടുകൾ, കൈകളുടെ സ്വാഭാവിക ആട്ടം (arm swing) കുറയുക, തിരിയാൻ ബുദ്ധിമുട്ട്, പിന്നീട് നടക്കുമ്പോൾ കാലുകൾ മരവിക്കുന്നതുപോലെ തോന്നൽ (freezing of gait) എന്നിവ ഉണ്ടാകാം.
9. ഓർമ്മശക്തിയെ ബാധിക്കുമോ?
ചിലരിൽ പിന്നീട് ബുദ്ധിശക്തിയിലും ഓർമ്മയിലും കുറവ് (cognitive impairment), ഡിമെൻഷ്യ (dementia) എന്നിവ ഉണ്ടാകാം. എന്നാൽ ഓർമ്മക്കുറവ് മാത്രം ഉണ്ടായാൽ Parkinson’s എന്ന് കരുതരുത്.
10. മലബന്ധവും ഇതിന്റെ ഭാഗമാണോ?
അതെ. മലബന്ധം (constipation), ഗന്ധം തിരിച്ചറിയാനുള്ള കഴിവ് കുറയുക (reduced smell), ചില ഉറക്കവൈകല്യങ്ങൾ എന്നിവ ചലനേതര ലക്ഷണങ്ങളാണ് (non-motor symptoms).
11. പൂർണ്ണമായി സുഖപ്പെടുത്താനാകുമോ?
നിലവിൽ പൂർണ്ണമായ രോഗമുക്തിക്കുള്ള ചികിത്സയില്ല. എന്നാൽ മരുന്നുകളും വ്യായാമവും ഫിസിയോതെറാപ്പിയും (physiotherapy) സ്പീച്ച്/ഒക്കുപ്പേഷണൽ തെറാപ്പിയും (speech/occupational therapy) വഴി ലക്ഷണങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാം.
12. Levodopa രോഗം വഷളാക്കുമോ?
ഇല്ല. ഇത് ഏറെക്കാലമായി നിലനിൽക്കുന്ന ഒരു തെറ്റിദ്ധാരണയാണ്. ചലനലക്ഷണങ്ങൾ നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ മരുന്നുകളിലൊന്നാണിത്.
13. മരുന്നുകൾ മതിയാകാതെ വന്നാൽ?
തിരഞ്ഞെടുത്ത രോഗികളിൽ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (Deep Brain Stimulation – DBS) പരിഗണിക്കാം.
14. എപ്പോഴാണ് DBS പരിഗണിക്കുന്നത്?
മരുന്നുകൾ കൊണ്ട് നല്ല ഫലം ലഭിക്കുന്നുണ്ടെങ്കിലും ചലനത്തിലെ ഏറ്റക്കുറച്ചിലുകൾ (motor fluctuations), അനിയന്ത്രിത ചലനങ്ങൾ (dyskinesia) അല്ലെങ്കിൽ മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര വിറയൽ (disabling tremor) ഉണ്ടാകുമ്പോൾ, അനുയോജ്യരായ രോഗികളിൽ DBS പരിഗണിക്കാം.
15. വ്യായാമം സഹായിക്കുമോ?
തീർച്ചയായും. ഏറോബിക് വ്യായാമം (aerobic exercise), പേശീബല പരിശീലനം (strength training), ബാലൻസ് പരിശീലനം (balance training) എന്നിവ ചലനശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ സഹായിക്കും.
ഏറ്റവും പ്രധാനപ്പെട്ട കാര്യം…
പാർക്കിൻസോണിസം = കൈവിറയൽ മാത്രമല്ല.
ഒരു കൈയുടെ സ്വാഭാവിക ആട്ടം കുറയുന്നു…
എഴുത്ത് ചെറുതാകുന്നു…
ചലനങ്ങൾ പതുക്കെയാകുന്നു…
ശബ്ദം താഴ്ന്നുപോകുന്നു…
നടത്തത്തിൽ മാറ്റം വരുന്നു…
ഇവയെല്ലാം ശരീരം നൽകുന്ന ചെറിയ മുന്നറിയിപ്പുകളായിരിക്കാം.
അതുകൊണ്ട്,
“കൈ വിറയ്ക്കുന്നു = 'പാർക്കിൻസൺസ് ' എന്നതും തെറ്റ്.
“വിറയൽ ഇല്ല = 'പാർക്കിൻസൺസ് ' ഇല്ല” എന്നതും തെറ്റ്.
ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയുക.
കാരണം കൃത്യമായി കണ്ടെത്തുക.
ശരിയായ സമയത്ത് ചികിത്സ ആരംഭിക്കുക.
കാരണം പാർക്കിൻസൺസിനെ നേരിടുന്നതിലെ ആദ്യ വിജയം- രോഗത്തെ നേരത്തെ തിരിച്ചറിയുന്നതിലാണ്.
എഴുത്ത്: Dr. Arun Oommen, Neurosurgeon