ജീവൻ രക്ഷിക്കാൻ വേണ്ടതു ഭയമല്ല; രോഗത്തെപ്പറ്റി ശരിയായ അറിവും നേരത്തെയുള്ള കണ്ടെത്തലും കൃത്യസമയത്തെ ചികിത്സയുമാണ്. ഒക്ടോബർ– സ്തനാർബുദ ബോധവൽക്കരണ മാസം.
പരസ്പരം പങ്കുവയ്ക്കപ്പെടുന്ന കുടുംബകഥകളിൽ ചിലപ്പോഴെങ്കിലും സ്തനാർബുദം പോലുള്ള രോഗാനുഭവങ്ങളും കടന്നുവരാറുണ്ട്. അമ്മയ്ക്കോ സഹോദരിക്കോ അമ്മായിക്കോ അമ്മൂമ്മയ്ക്കോ ഒക്കെ സ്തനാർബുദം വന്നിട്ടുണ്ടെങ്കിൽ പലരുടെയും ഉള്ളിൽ ആശങ്ക ഉയരും, ‘എനിക്കും ഇത് വരുമോ?’
കുടുംബത്തിൽ ആർക്കെങ്കിലും രോഗം വന്നതുകൊണ്ട് നിങ്ങൾക്കും അതു വരണമെന്നില്ല. എന്നാൽ, ഈ കുടുംബചരിത്രം പൂർണമായി തള്ളിക്കളയാനും കഴിയില്ല. രോഗസാധ്യത തിരിച്ചറിയാനും, കൃത്യസമയത്ത് സ്ക്രീനിങ്, ജനിതക കൗൺസലിങ്, പരിശോധനകൾ എന്നിവ തിരഞ്ഞെടുക്കാനും ഈ ആശങ്ക പ്രേരകമാകും. രോഗസാധ്യതയെക്കുറിച്ച് അറിയുന്നതു ഭയപ്പെടാനല്ല, മറിച്ച് ആവശ്യമായ ജാഗ്രതയോടെ മുൻകരുതലെടുക്കാനാണ്.
കുടുംബത്തിൽ ആർക്കെങ്കിലും രോഗം വന്നിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, ഓരോ സ്ത്രീക്കും സ്തനാർബുദ സാധ്യതയുണ്ട്. ജീവൻ രക്ഷിക്കാൻ വേണ്ടതു ഭയമല്ല; ശരിയായ അറിവും നേരത്തെയുള്ള കണ്ടെത്തലും കൃത്യസമയത്തെ ചികിത്സയുമാണ്.
സ്തനാർബുദങ്ങളിൽ ഭൂരിഭാഗവും യാദൃച്ഛികമായി സംഭവിക്കുന്നതാണെങ്കിലും,അഞ്ച് മുതൽ 10% വരെ സാഹചര്യങ്ങളിൽ ഇതിനു കാരണം പാരമ്പര്യ ജനിതക മാറ്റങ്ങളാണ്. അതുകൊണ്ടുതന്നെ, കുടുംബപശ്ചാത്തലവും ജനിതക സാധ്യതകളും മുൻകൂട്ടി തിരിച്ചറിഞ്ഞ് കൃത്യമായ പരിശോധന ശീലമാക്കുന്നത് ആരോഗ്യകരമായ ജീവിതം നയിക്കാൻ സഹായിക്കും.
കുടുംബചരിത്രം, പാരമ്പര്യ സ്തനാർബുദം, ജനിതക പരിശോധനകൾ, ഓരോരുത്തരുടെയും രോഗസാധ്യതയ്ക്കനുസരിച്ചുള്ള സ്ക്രീനിങ് രീതികൾ എന്നിവയെപ്പറ്റിയുള്ള യാഥാർഥ്യം നമുക്ക് അടുത്തറിയാം.
എപ്പോഴും പാരമ്പര്യമാകില്ല
സ്തനാർബുദം എപ്പോഴും പാരമ്പര്യമായി വരുന്ന ഒന്നല്ല. രോഗം കണ്ടെത്തുന്ന 90 ശതമാനത്തിലധികം സ്ത്രീകളുടെയും കുടുംബത്തിൽ മുൻപ് ആർക്കും ഈ അസുഖം വരണമെന്നില്ല. പക്ഷേ, പാരമ്പര്യമായി ഉയർന്ന ജനിതക സാധ്യതയുള്ളവർ നേരത്തെയുള്ള പരിശോധനകളും ജനിതക കൗൺസിലിങ്ങും വൈകിക്കരുത്. ഈ വ്യത്യാസം തിരിച്ചറിയുന്നതു സ്വന്തം ആരോഗ്യത്തിൽ ശരിയായ തീരുമാനങ്ങളെടുക്കാനും കൃത്യസമയത്ത് വൈദ്യസഹായം തേടാനും സഹായിക്കും.
തെറ്റിധാരണകളും യാഥാർഥ്യവും
തെറ്റിധാരണ: അമ്മയ്ക്ക് സ്തനാർബുദം വന്നിട്ടുണ്ടെങ്കിൽ ഉറപ്പായും എനിക്കും വരും.
യാഥാർഥ്യം: കുടുംബപാരമ്പര്യം രോഗസാധ്യത കൂട്ടാമെങ്കിലും സ്തനാർബുദം ഉറപ്പായും വരുമെന്ന ഭയം വേണ്ട. പാരമ്പര്യസാധ്യതകളുള്ള ഭൂരിഭാഗം സ്ത്രീകൾക്കും ഈ രോഗം വരാറില്ല.
തെറ്റിധാരണ: സ്തനാർബുദം വരുന്നതു പ്രധാനമായും പാരമ്പര്യം കൊണ്ടാണ്.
യാഥാർഥ്യം: അഞ്ച് മുതൽ 10 ശതമാനം സ്തനാർബുദങ്ങൾക്കേ പാരമ്പര്യവുമായി ബന്ധമുള്ളൂ; ബാക്കി 90 ശതമാനത്തിലധികവും യാദൃച്ഛികമായ കാരണങ്ങളാൽ സംഭവിക്കുന്നതാണ്.
തെറ്റിധാരണ: കുടുംബത്തിൽ ആർക്കും കാൻസർ വന്നിട്ടില്ല, അതുകൊണ്ട് എനിക്ക് രോഗം വരില്ല.
യാഥാർഥ്യം: സ്തനാർബുദം സ്ഥിരീകരിക്കുന്ന 90 ശതമാനത്തിലധികം സ്ത്രീകൾക്കും ഇത്തരം രോഗപശ്ചാത്തലം ഉണ്ടാകാറില്ല. കുടുംബത്തിൽ ആർക്കും കാൻസർ വന്നിട്ടില്ല എന്നു കരുതി പരിശോധനകൾ ഒഴിവാക്കരുത്.
തെറ്റിധാരണ: സ്തനാർബുദ സാധ്യത അറിയാൻ എല്ലാവരും ജനിതക പരിശോധന ചെയ്യണം.
യാഥാർഥ്യം: ഇതൊരു പൊതുപരിശോധനയല്ല. പ്രായം, കാൻസറിന്റെ സ്വഭാവം, കുടുംബത്തിൽ ഒന്നിലധികം പേർക്ക് രോഗം വന്ന പശ്ചാത്തലം തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച് ഡോക്ടർ നിർദേശിക്കുന്നവർ മാത്രം ചെയ്യേണ്ട ഒന്നാണ്.
തെറ്റിധാരണ: BRCA പരിശോധന പോസിറ്റീവായാൽ കാൻസർ ഉറപ്പായിക്കഴിഞ്ഞു.
യാഥാർഥ്യം: ഭാവിയിൽ സ്തനാർബുദത്തിനുള്ള സാധ്യത മറ്റുള്ളവരേക്കാൾ കൂടുതലാണെന്ന മുന്നറിയിപ്പ് മാത്രമാണിത്; ഇപ്പോൾ കാൻസർ ഉണ്ടെന്നോ, ഉറപ്പായും വരും എന്നോ ഇതിനർഥമില്ല.
വേണം കൂടുതൽ ജാഗ്രത
താഴെ പറയുന്ന പശ്ചാത്തലം കുടുംബത്തിലുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെക്കണ്ട് ഉപദേശം തേടണം:
∙ കുടുംബത്തിൽ ഒന്നിലധികം പേർക്ക് സ്തനാർബുദം വന്നിട്ടുണ്ടെങ്കിൽ
∙ 50 വയസ്സിനു മുൻപ് ആർക്കെങ്കിലും സ്തനാർബുദം കണ്ടെത്തിയിട്ടുണ്ടെങ്കിൽ
∙ കുടുംബത്തിൽ ആർക്കെങ്കിലും അണ്ഡാശയ അർബുദം (Ovarian cancer) ഉണ്ടായിട്ടുണ്ടെങ്കിൽ
∙ കുടുംബത്തിലെ പുരുഷന്മാർക്ക് ആർക്കെങ്കിലും സ്തനാർബുദം വന്നിട്ടുണ്ടെങ്കിൽ
∙ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും പാൻക്രിയാറ്റിക് അർബുദം (Pancreatic cancer) ഉണ്ടായിട്ടുണ്ടെങ്കിൽ
∙ അടുത്ത ബന്ധുക്കൾക്ക് ഉയർന്ന തീവ്രതയുള്ള പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ചിട്ടുണ്ടെങ്കിൽ
∙ ഒന്നിലധികം തലമുറകളിലായി കാൻസർ ബാധിച്ചിട്ടുണ്ടെങ്കിൽ
∙ കുടുംബത്തിൽ ആർക്കെങ്കിലും ജനിതക മാറ്റങ്ങൾ (BRCA mutation) ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെങ്കിൽ
ഓർക്കുക: സ്തനാർബുദ സാധ്യത വിലയിരുത്തുമ്പോൾ അമ്മയുടെ കുടുംബപശ്ചാത്തലം പോലെതന്നെ പ്രധാനമാണ് അച്ഛന്റെ കുടുംബപശ്ചാത്തലവും.
ആരൊക്കെയാണു ജനിതക കൗൺസലിങ്ങും പരിശോധനയും തേടേണ്ടത്?
താഴെ പറയുന്ന സാഹചര്യങ്ങളുള്ളവർ ജനിതക കൗൺസലിങ്ങിന് വിധേയരാകുകയും ആവശ്യമെങ്കിൽ ജനിതക പരിശോധന നടത്തുകയും വേണം:
∙ ചെറുപ്പത്തിൽത്തന്നെ സ്തനാർബുദം സ്ഥിരീകരിച്ചവർ (50 വയസ്സിനു താഴെ)
∙ ട്രിപ്പിൾ നെഗറ്റീവ് സ്തനാർബുദമോ (Triple-negative breast cancer) മറ്റ് ഉയർന്ന അപകടസാധ്യതയുള്ള അർബുദങ്ങളോ ബാധിച്ചവർ
∙ കുടുംബത്തിൽ പുരുഷന്മാർക്ക് ആർക്കെങ്കിലും സ്തനാർബുദം വന്നിട്ടുണ്ടെങ്കിൽ
∙ ഏറ്റവും അടുപ്പമുള്ള രക്തബന്ധമുള്ളവരിൽ (അമ്മ, സഹോദരി, മകൾ പോലുള്ള ഫസ്റ്റ് ഡിഗ്രി റിലേറ്റീവ്സ്) രണ്ടോ അതിൽക്കൂടുതലോ പേർക്കു സ്തനാർബുദം ബാധിച്ചിട്ടുണ്ടെങ്കിൽ
∙ കുടുംബത്തിൽ ആർക്കെങ്കിലും അണ്ഡാശയ അർബുദം (Ovarian cancer) ഉണ്ടായിട്ടുണ്ടെങ്കിൽ
∙ രക്തബന്ധമുള്ളവരിൽ ആർക്കെങ്കിലും പാരമ്പര്യ കാൻസർ ജനിതക മാറ്റങ്ങൾ (Hereditary mutation) ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ
പ്രത്യേകം ശ്രദ്ധിക്കുക: ജനിതകപരിശോധനയ്ക്ക് മു ൻപും പരിശോധനാഫലം വന്ന ശേഷവും വിദഗ്ധനായ ഒ രു ഡോക്ടറുടെയോ ജനറ്റിക് കൗൺസലറുടെയോ കൃത്യമായ കൗൺസലിങ് നിർബന്ധമാണ്.
ബിആർസിഎ (BRCA) ജീനുകൾ
നമ്മുടെ ശരീരത്തിലെ കോശങ്ങൾക്കും ഡിഎൻഎയ്ക്കും ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിച്ച് കാൻസർ വരാതെ കാവൽനിൽക്കുന്ന സ്വാഭാവികരക്ഷാകവചങ്ങളാണ് BRCA1, BRCA2 എന്നീ ജീനുകൾ. എന്നാൽ, ഈ ജീനുകളി ൽ ദോഷകരമായ ജനിതക മാറ്റങ്ങൾ സംഭവിക്കുമ്പോൾ സ്തനാർബുദത്തിനുള്ള സാധ്യത വർധിക്കും.
അണ്ഡാശയ അർബുദസാധ്യതയും കൂടും. അതുകൊണ്ടു കൃത്യമായ തുടർനിരീക്ഷണങ്ങളും വിദഗ്ധമായ പ്രതിരോധമാർഗങ്ങളും അനിവാര്യമാണ്. ഓർക്കുക; BRCA ജീനിലെ വ്യതിയാനം എന്നതു ഭാവിയിൽ കാൻസർ വരാനുള്ള സാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പ് മാത്രമാണ്; കാൻസറുണ്ട് എന്നതിന്റെ സ്ഥിരീകരണമല്ല.
ജനിതകപരിശോധന സ്തനാർബുദ പ്രതിരോധത്തി ൽ നിങ്ങൾക്കൊരു വഴികാട്ടിയാകും. ജനിതക പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിൽ, 25 വയസ്സു മുതൽ ക്ലിനിക്കൽ സ്തനപരിശോധന (CBE), എംആർഐ തുടങ്ങിയ രോഗനിർണയ മാർഗങ്ങൾ ആരംഭിക്കാൻ കഴിയും.
BRCA 1/2 ഫലം പോസിറ്റീവ് ആകുന്നത് രണ്ടു സ്തനങ്ങളിലും കാൻസർ വരാനുള്ള ഉയർന്ന സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ, മുൻകരുതൽ എന്ന നിലയിൽ ഇരു സ്തനങ്ങളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിനെക്കുറിച്ചും, ആവശ്യമെങ്കിൽ പുനർനിർമിക്കുന്നതിനെക്കുറിച്ചും ഡോക്ടറുമായി ചർച്ച ചെയ്യാൻ ഇത് സഹായിക്കും.
BRCA 1/2 പോസിറ്റീവ് ആകുന്നത് അണ്ഡാശയ കാൻസറിനുള്ള ഉയർന്ന സാധ്യത കൂടിയാണ് കാണിക്കുന്നത്. അതിനാൽ, ഡോക്ടറുടെ നിർദേശപ്രകാരം അനുയോജ്യമായ പ്രായത്തിൽ അണ്ഡാശയങ്ങളും ഫെല്ലോപിയൻ ട്യൂബുകളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത് പരിഗണിക്കാൻ സാധിക്കും.
കാൻസർ സാധ്യത കുറയ്ക്കുന്നതിനായി ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്താനും ഇതു സഹായിക്കും (ഉദാഹരണത്തിന്: ചിട്ടയായ വ്യായാമം, ആ രോഗ്യകരമായ ശരീരഭാരം നിലനിർത്തൽ, മുലയൂട്ടൽ, മദ്യപാനം പരമാവധി ഒഴിവാക്കൽ). രോഗസാധ്യത കുറയ്ക്കുന്നതിനായി മുൻകൂട്ടി മരുന്നുകൾ ഉപയോഗിക്കുന്ന രീതി (കീമോപ്രിവൻഷൻ) പരിഗണിക്കാൻ സഹായിക്കും.
നിങ്ങളൊരു സ്തനാർബുദ രോഗിയാണെങ്കിൽ, ഇതിനുപുറമെ താഴെ പറയുന്ന കാര്യങ്ങൾക്കും ഈ പരിശോധന സഹായിക്കും:
∙ സുരക്ഷിതമായ ശസ്ത്രക്രിയകൾ: സ്തനാർബുദ ചികിത്സയ്ക്കായുള്ള പ്രധാന ശസ്ത്രക്രിയയ്ക്കൊപ്പം (Primary surgery ഭാവിയിലെ അപകടസാധ്യതകൾ ഒഴിവാക്കുന്നതിന് അണ്ഡാശയങ്ങളും ഫെല്ലോപിയൻ ട്യൂബുകളും കൂടി നീക്കം ചെയ്യുന്ന കാര്യവും ഡോക്ടറുമായി മുൻകൂട്ടി ചർച്ച ചെയ്ത് തീരുമാനിക്കാൻ സാധിക്കും.
∙ നൂതന ചികിത്സകൾ: Her2 നെഗറ്റീവ് (Her2 Negative) കാൻസർ ഉള്ളവരിൽ, അർബുദ കോശങ്ങളെ കൃത്യമായി ലക്ഷ്യം വയ്ക്കുന്ന നൂതനമായ 'പാർപ്പ് ഇൻഹിബിറ്ററുകൾ' (PARP inhibitors) ഉപയോഗിച്ചുള്ള ചികിത്സ പരിഗണിക്കാൻ കഴിയും.
∙ കീമോതെറപ്പിയിലെ കൃത്യത: കൂടുതൽ ഫലപ്രദമായ പ്ലാറ്റിനം അടിസ്ഥാനമാക്കിയുള്ള കീമോതെറപ്പി (Platinum-based chemotherapy) നൽകി ചികിത്സാ വിജയം വേഗത്തിൽ ഉറപ്പാക്കാനും ഈ പരിശോധന വഴിയൊരുക്കുന്നു.
∙സ്തനങ്ങളിലെ ഉയർന്ന കോശസാന്ദ്രത (Dense Breasts):
സ്തനങ്ങളിൽ കൊഴുപ്പിനേക്കാൾ ഗ്രന്ഥികളുടെയും (Glan dular tissue) നാരുകളുടെയും (Fibrous tissue) അളവ് കൂടുതലായ അവസ്ഥയാണു സ്തനങ്ങളിലെ ഉയർന്ന കോശസാന്ദ്രത. ഉയർന്ന കോശസാന്ദ്രതയുള്ളവരിൽ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്:
∙ കൂടുതൽ രോഗസാധ്യത: സ്തനാർബുദത്തിനുള്ള സാധ്യത താരതമ്യേന കൂടുതലായിരിക്കും.
∙ രോഗനിർണയത്തിലെ ബുദ്ധിമുട്ട്: മാമോഗ്രാം പരിശോധനയിൽ ഇത്തരം കോശങ്ങൾക്കും അർബുദ മുഴകൾക്കും ഒരേപോലെ വെള്ളനിറമാണ്. അതിനാൽ മുഴകൾ മാത്രം വേർതിരിച്ചു കണ്ടു കൃത്യമായ രോഗനിർണയം നടത്തുന്നതു ദുഷ്കരമാക്കുന്നു.
മറക്കരുത് ഇക്കാര്യങ്ങൾ
∙ 18 വയസ്സു മുതൽ സ്വന്തം സ്തനാരോഗ്യത്തിൽ ജാഗ്രത പുലർത്തുക.
∙ നിർദേശിക്കപ്പെട്ടിട്ടുള്ള ഇടവേളകളിൽ വിദഗ്ധരെക്കൊണ്ടുള്ള ക്ലിനിക്കൽ സ്തനപരിശോധന (CBE) നടത്തുക.
∙ അനുയോജ്യമായ പ്രായത്തിൽ ഡോക്ടറുടെ നിർദേശപ്രകാരം മാമോഗ്രഫി ചെയ്യുക.
∙ രോഗസാധ്യത കൂടുതലുള്ള സ്ത്രീകൾ എംആർഐ പരിശോധനയോ കൂടുതൽ സൂക്ഷ്മമായ നിരീക്ഷണങ്ങളോ ആവശ്യാനുസരണം നടത്തേണ്ടതാണ്.
∙ സ്തനാർബുദത്തിനെതിരെയുള്ള ശക്തമായ ആയുധം, രോഗം പ്രാരംഭത്തിലേ കണ്ടെത്തുക എന്നതാണ്.
സ്തനാർബുദം നേരത്തെ കണ്ടെത്തിയാൽ ജീവിതം തിരിച്ചുപിടിക്കാം. ജനിതക സാധ്യതകളെക്കുറിച്ചുള്ള യാഥാർഥ്യം മനസ്സിലാക്കി ആവശ്യമായ പരിശോധനകൾ ചെയ്തു സ്വന്തം ആരോഗ്യത്തിന്റെ കാവലാളാകാൻ ഓരോ സ്ത്രീയും മുന്നോട്ടുവരണം.
കുടുംബ പശ്ചാത്തലം പല കാരണങ്ങളിൽ ഒന്ന്
കുടുംബത്തിൽ രോഗപശ്ചാത്തലം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഓരോ സ്ത്രീയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വസ്തുതയാണിത്.
സ്തനാർബുദ സാധ്യതയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്:
∙ പ്രായം കൂടുന്നത് ∙ അമിതഭാരവും പൊണ്ണത്തടിയും
∙ വളരെ ചെറുപ്പത്തിലേയുള്ള ആർത്തവാരംഭം (ഋതുമതിയാകൽ) ∙ വൈകിയുള്ള പ്രസവം ∙ പ്രസവിക്കാതിരിക്കുക (കുട്ടികളില്ലാത്ത അവസ്ഥ) ∙ ക്രമം തെറ്റിയ ആർത്തവചക്രം ∙ മാറിടത്തിലെ ഉയർന്ന കോശസാന്ദ്രത (Dense breasts) ∙ മുൻപ് സ്തനങ്ങളിൽ നടത്തിയ ബയോപ്സിയിലെ അസ്വാഭാവിക മാറ്റങ്ങൾ (Atypical breast biopsies) ∙ വ്യായാമമില്ലായ്മയും ശാരീരിക അധ്വാനക്കുറവും ∙ മദ്യപാനശീലം ∙ കുടുംബത്തിലെ രോഗപാരമ്പര്യം ∙ ജനിതക മാറ്റങ്ങൾ (Genetic mutations)
അതുകൊണ്ടുതന്നെ, സ്വന്തം സ്തനാരോഗ്യത്തിൽ എപ്പോഴും ജാഗ്രത പുലർത്തുകയും പ്രായത്തിനനുസരിച്ചുള്ള സ്ക്രീനിങ് പരിശോധനകളിൽ കൃത്യമായി പങ്കെടുക്കുകയും ചെയ്യുക.
രോഗസാധ്യത അടിസ്ഥാനമാക്കിയുള്ള സ്ക്രീനിങ് നിർദേശങ്ങൾ
പ്രത്യേക രോഗസാധ്യതകളോ പാരമ്പര്യമോ ഇല്ലാത്തവർ (Average Risk)
∙ 20–29 വയസ്സ്: ഒന്നു മുതൽ മൂന്നു വർഷത്തിലൊരിക്കൽ ക്ലിനിക്കൽ സ്തനപരിശോധന (CBE).
∙ 30–75 വയസ്സ്: 6 മുതൽ 12 മാസത്തിലൊരിക്കൽ CBE.
∙ 50–70 വയസ്സ്: 3 മുതൽ 5 വർഷത്തിലൊരിക്കൽ മാമോഗ്രാം.
∙ എല്ലാ പ്രായക്കാരും: സ്തനാരോഗ്യ ജാഗ്രത ; സ്വന്തം സ്തനങ്ങളെക്കുറിച്ചു കൃത്യമായ ബോധ്യമുണ്ടായിരിക്കുക (Breast self-awareness); മാറിടത്തിൽ എന്തെങ്കിലും വ്യത്യാസങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി വിദഗ്ധ ഡോക്ടറെക്കണ്ട് പരിശോധിക്കുക
ഉയർന്ന രോഗസാധ്യത ഉള്ളവർ (High Risk)
∙ 20–25 വയസ്സ്: 1 മുതൽ 3 വർഷത്തിലൊരിക്കൽ ക്ലിനിക്കൽ സ്തനപരിശോധന (CBE).
∙ 25–75 വയസ്സ്: 4 മുതൽ 6 മാസത്തിലൊരിക്കൽ CBE.
∙ എംആർഐ / മാമോഗ്രാം: ഓരോരുത്തരുടെയും രോഗസാധ്യതയ്ക്കനുസരിച്ച് വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം.
∙ ഏത് പ്രായത്തിലും: വിദഗ്ധരുടെ സഹായത്തോടെ കൃത്യമായ രോഗസാധ്യതാ നിർണയം (Professional risk assessment) നടത്തുക.
Credits: ഡോ. പോൾ അഗസ്റ്റിൻ, സീനിയർ കൺസൽറ്റന്റ്, സർജിക്കൽ ഓങ്കോളജി (മുൻ ഡിപാർട്മെന്റ് ഹെഡ്, ആർസിസി, തിരുവനന്തപുരം), ഡോ. റജി പോൾ, ഡയറക്ടർ, സ്നേഹിത, കൺസൽറ്റന്റ് പ്രിവന്റിവ് ഓങ്കോളജി, പ്രഫ. കമ്യൂണിറ്റി മെഡിസിൻ, ശ്രീഗോകുലം മെഡിക്കൽ കോളജ്.